India

കോഴിക്കോട്: ഭാര്യയ്ക്ക് എതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ടി.സിദ്ദിഖ് എം.എല്‍.എ. സ്ഥാപനത്തില്‍നിന്ന് 2022-ല്‍ രാജിവെച്ച ആള്‍ക്കെതിരെ 2024-ല്‍ കേസെടുത്തത് ഗൂഢാലോചനയാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നുകണ്ടാണ് അവിടെനിന്ന് ഭാര്യ രാജിവെച്ചത്. ഇക്കാര്യം രാജിക്കത്തില്‍ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്ന് ഭാര്യ രാജിവെച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിപ്പുനടന്ന കാലയളവില്‍ ഭാര്യ അവിടെ പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിനെയും പരാതിക്കാരിയെയും സിദ്ദിഖ് വെല്ലുവിളിച്ചു. കേസിനാസ്പദമായ സംഭവം നടന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നത് 2023 മാര്‍ച്ച് 16-ഉം ഏപ്രില്‍ 19-ഉം ആണ്. എന്നാല്‍ 2022 ഡിസംബര്‍ എട്ടിന് ഭാര്യ ഔദ്യോഗികമായി രാജിവെച്ചിരുന്നു. ഇതിനുശേഷം അവിടേയ്ക്ക് തിരികെ പോയിട്ടുമില്ല. സ്ഥാപനത്തില്‍ സിസിടിവിയുണ്ടെന്നും എന്തും പോലീസ് പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളക്കേസെടുത്തും വ്യാജമായ പേരുകള്‍ എഴുതി ചേര്‍ത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പോലീസ് മാറി. അങ്ങനെയൊന്നും കീഴടക്കാനും കരിവാരി തേക്കാനും ശ്രമിച്ചാല്‍ അത് വിലപോകില്ലെന്ന് കേരളത്തിന്റെ ഭരണകൂടത്തോടും പോലിസിനോടും സിപിഎമ്മിനോടും പറയാന്‍ ആഗ്രഹിക്കുന്നായും അദ്ദേഹം പറഞ്ഞു.

നിധി ലിമിറ്റഡിനു കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഷറഫുന്നീസ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഷറഫുന്നീസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി.

സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്, വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കാതിരിക്കുകയും ചെയ്തെന്നാണ് പരാതി. രണ്ടുഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് പതിമൂന്നര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെമാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.

കൊച്ചി: കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്.

കൂടാതെ വിമത വിഭാ​ഗത്തിനെ വിമർശിച്ചും മാർ റാഫേൽ തട്ടിൽ സംസാരിച്ചു. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇപ്പോൾ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പ്രാർത്ഥനകൾ എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെയും കെഎസ്‍യു പ്രവര്‍ത്തകനെയും ആംബുലന്‍സില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി പരിക്കേറ്റവരെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണം നടത്തിയത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്നത്. പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലേക്ക് രണ്ടുപേര്‍ അതിക്രമിച്ച് കയറുന്നതും പിന്നീട് ക്രൂരമായി മര്‍ദിക്കുന്നതിന്‍റെയും നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ആക്രമണത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും മര്‍ദനമേറ്റു.

ആംബുലന്‍സിനുള്ളില്‍ വെച്ച് പൊലീസുകാരന്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായ നന്ദകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ബിലാല്‍ ആരോപിച്ചു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഫ്രറ്റേണിറ്റി,കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപിച്ചു.രാത്രിയിലെ ആക്രമണ സംഭവത്തിന് പിന്നാലെ കോളേജില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയരീതിയിലുള്ള സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാലിനും കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും പരിക്കേല്‍ക്കുന്നത്. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അവിടെനിന്നും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയുടെ ചില്ല് അടിച്ചുപൊളിച്ച സംഭവം അടക്കം ഉണ്ടായെന്നും ആരോപണമുണ്ട്.ഇതിനിടെ, എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

അതേസമയം, എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഒരു വനിതാ വിദ്യാർത്ഥി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്‍റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുളളത്. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.

ഇസ്ലാമാബാദ് : ഇറാനുള്ളിൽ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘർഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. പാകിസ്താന്റെ ബലൂച് മേഖലയിൽ അപ്രതീക്ഷിതമായി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാൻ- ഇറാൻ ബന്ധം വഷളായത്.

ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെതാവളങ്ങൾ തകർത്തുവെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയാണ് പാകിസ്ഥാൻ പ്രതികരിച്ചത്. പിന്നാലെയാണ് തിരിച്ചടിയായി. ഇറാനിൽ ഏഴിടത്ത് പാക് സൈന്യം  മിസൈൽ ആക്രമണം നടത്തിയത്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ലിബറേഷൻ ആർമി എന്നീ  വിഘടനവാദി ഗ്രൂപ്പുകളുടെ താവളം തകർത്തു എന്നാണു പാക് അവകാശവാദം. എന്നാൽ, ആക്രമണത്തിൽ സ്ത്രീകൾ അടക്കം നിരപരാധികൾ കൊല്ലപ്പെട്ടെന്ന് ഇറാൻ പറയുന്നു.

ദേശ താല്പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാൻ പ്രതിരോധ മന്ത്രിമുഹമ്മദ് റേസ വ്യക്തമാക്കിയതോടെ സംഘർഷം പടരുമോയെന്ന ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്നത്തിൽ കരുതലുളള പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുളളത്. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾസ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു

കൊച്ചി: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥിനി അടക്കം പതിനഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. വധശ്രമം അടക്കം ഒൻപതുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെഎസ്‌യു – ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികൾ.

ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്‌ഐആറിലുള്ളത്. സാരമായി പരിക്കേറ്റ അബ്ദുൾ റഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധ രാത്രിയോടെയായിരുന്നു സംഭവം. നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.ആക്രമണത്തിൽ അബ്ദുൾ റഹ്‌മാന്റെ വയറിനും കൈകാലുകൾക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവ മറ്റുള്ളവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്.

അറബിക് വിഭാഗത്തിലെ അദ്ധ്യാപകനും നിലമ്പൂർ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. അറബിക് മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രട്ടേണിറ്റി പ്രവർത്തകനുമായ മുഹമ്മദ് റാഷിദാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. അദ്ധ്യാപകന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. സുഹൃത്തിനെ സസ്പൻഡ് ചെയ്ത സംഭവത്തിന് കാരണക്കാരനെന്ന് ആരോപിച്ചാണ് ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ കത്തി പോലുള്ള ആയുധം കാട്ടി കൊല്ലുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നീങ്ങിയ അദ്ധ്യാപകന്റെ പുറകെയെത്തി ആയുധത്തിന്റെ പിൻഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ മർദ്ദിക്കുകയും ചെയ്തു.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന അക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്‌മാൻ ആരോപിച്ചു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു.

തിരുവനന്തപുരം: 8 ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.

രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു.

ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.ഏറ്റവും ഒടുവിലായി ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

ഡിഎന്‍എഫ്ടിയെന്ന പുതിയ വരുമാനസ്രോതസ്

  • ഒടിടി റൈറ്റ്‌സ് വില്‍ക്കുന്നതു പോലെ ഡിഎന്‍എഫ്ടി റൈറ്റ്‌സ് വിറ്റും ഇനി നിര്‍മാതാക്കള്‍ക്ക് വരുമാനം നേടാം

  • ഡിഎന്‍എഫ്ടി സ്വന്തമാക്കുന്ന നിങ്ങൾക്കും വരുമാനം നേടാം
  • യുകെ മലയാളി തുടങ്ങിയ പുതുസംരംഭം ശ്രദ്ധേയമാകുന്നു

സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസ് കൂടി തുറക്കുകയാണ്. ഒടിടി റൈറ്റ്‌സും സാറ്റ്‌ലൈറ്റ് റൈറ്റ്‌സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്‌സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം.  സിനിമാ വ്യവസായത്തിന് അധികവരുമാന സ്രോതസായി മാറുന്ന സാങ്കേതികവിദ്യയാണിത്. അതോടൊപ്പം എല്ലാ സിനിമ പ്രേമികൾക്കും സിനിമ കാണുന്നതോടൊപ്പം ഒരു വരുമാനം ഉണ്ടാക്കുവാനുള്ള അവസരം കൂടിയാണ് ഡിഎന്‍എഫ്ടി ഒരുക്കുന്നത്. എന്താണ് ഡിഎന്‍എഫ്ടി എന്നല്ലേ?

കലാമൂല്യവും സാമ്പത്തിക മൂല്യവും

ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കൺ അഥവാ ഡിഎന്‍എഫ്ടി അധിഷ്ഠിതമായി ലോകത്ത് ആദ്യമായി ഒരു പ്ലാറ്റ്‌ഫോം തുടങ്ങുകയാണ് സുഭാഷ് മാനുവല്‍ എന്ന മലയാളി സംരംഭകന്‍. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനാണ് പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ആദ്യ ചിത്രം.  ഒടിടി റൈറ്റ്‌സ് പോലെ, പ്രൊമോഷണല്‍ വീഡിയോസിന്റെയും സ്റ്റില്‍സിന്റെയുമെല്ലാം എന്‍എഫ്ടി റൈറ്റ്‌സാണ് ഞങ്ങള്‍ വാങ്ങുന്നത്. ഇതിലൂടെ സിനിമാ പ്രേമികളുടെ കമ്യൂണിറ്റിയുണ്ടാക്കുക എന്നതാണ് ലക്ഷ്യം. മലൈക്കോട്ടൈ വാലിബന്റെ സ്റ്റില്‍സിന്റെയും പ്രൊമോഷണല്‍ വിഡിയോസിന്റെയും എന്‍എഫ്ടി റൈറ്റ്‌സാണ് ഞങ്ങള്‍ വാങ്ങിയിരിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് അധിക വരുമാനസ്രോതസാണ് ഇത്-സുഭാഷ് മാനുവല്‍ പറയുന്നു.

എന്‍എഫ്ടികളെ കുറിച്ച് നമ്മള്‍ മുമ്പ് കേട്ടിട്ടുണ്ടാകും. എന്‍എഫ്ടികളില്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ടെക് ബാങ്ക് മൂവീസ് ലണ്ടനാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി ഈ വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

വലിയ ബിസിനസ് സാധ്യതകള്‍

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും ക്രിപ്‌റ്റോകറന്‍സിയും ഉപയോഗപ്പെടുത്തി ഡിഎന്‍എഫ്ടിയിലൂടെ ആഗോള സിനിമാ വ്യവസായത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ട്. സിനിമാ നിര്‍മാതാക്കള്‍ക്കും സിനിമ പ്രേമികൾക്കും ഒരുപോലെ പുതിയ വരുമാനസ്രോതസ് തുറക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒടിടി അവകാശത്തിന് സമാനമായി നിര്‍മാതാക്കള്‍ക്ക് ഡിഎന്‍എഫ്ടി അവകാശം വില്‍ക്കാം എന്നതിനപ്പുറത്തേക്ക് സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കാം.

ഡിഎന്‍എഫ്ടി അധിഷ്ഠിത വിനോദ ബിസിനസില്‍ ക്രിപ്‌റ്റോകറന്‍സിയും വാലറ്റുമെല്ലാം ഏറ്റവും നിര്‍ണായകമാണ്.  ഇന്ത്യയില്‍ 11.5 കോടി ക്രിപ്റ്റോ നിക്ഷേപകരുണ്ടെന്നാണ് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ കുകോയിന്റെ 2022ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാധ്യതകളും സിനിമാ വ്യവസായത്തിന് ഉപയോഗപ്പെടുത്താം.

മലൈക്കോട്ടൈ വാലിബന്‍ എത്തുമ്പോള്‍

ലിജോ ജോസ് പല്ലിശേരി-മോഹന്‍ലാല്‍ ടീമിന്റെ  മലൈക്കോട്ടേ വാലിബന്റെ ഡിഎന്‍എഫ്ടി കമ്പനി സ്വന്തമാക്കി കഴിഞ്ഞു.  ചിത്രത്തിലെ ചില സവിശേഷമായ ഉള്ളടക്കങ്ങളുടെയും സ്റ്റില്‍സിന്റെയും നിര്‍മാണ വിഡിയോകളുടെയുമെല്ലാം അവകാശം ഇതില്‍ ഉള്‍പ്പെടും. ഡിഎന്‍എഫ്ടി പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നവര്‍ക്ക്, മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താം. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ടെക് ബാങ്ക് മൂവീസാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. ആദ്യം പണം നല്‍കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഈ ഉള്ളടക്കങ്ങള്‍ ലഭിക്കുക. ഡിഎന്‍എഫ്ടി സ്വന്തമാക്കുന്നതിലൂടെ സിനിമയുടെ ഭാഗമായ പല ഇവന്റുകളിലും പങ്കെടുക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.

ഡിഎന്‍എഫ്ടി പ്രോഡക്ടുകള്‍ വാങ്ങുന്നവരുടെയും അതില്‍ താല്‍പ്പര്യമുള്ളവരുടെയുമെല്ലാം ശൃംഖല ബ്ലോക്കുകളായി ലഭ്യമാകും. വാങ്ങുന്നവര്‍ക്ക് അത് വിറ്റ് കാശുണ്ടാക്കാനും സാധിക്കും.  വിനോദ പരിപാടികള്‍,  താരങ്ങള്‍ക്കൊപ്പമുള്ള ഇന്ററാക്ഷന്‍ തുടങ്ങിയവയ്ക്കുള്ള പ്രത്യേക പ്രവേശന പാസ് ആയും ഈ പ്രോപ്പര്‍ട്ടി ഉപയോഗിക്കാമെന്ന് സുഭാഷ് പറയുന്നു.  ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎന്‍എഫ്ടി പ്രോപ്പര്‍ട്ടിയുടെ നിലവിലെ വിലയില്‍ നിന്നും കുറയും.  കുറയുന്ന തുക ബാക്കിയുള്ള ഡിഎന്‍എഫ്ടികളുടെ അസറ്റ് ബാക്കിങും വാല്യുവും കൂട്ടുകയും ചെയ്യും.

ഈ വര്‍ഷം മലയാളത്തിനു പുറമെ പ്രശസ്ത താരങ്ങളുടെ ഹിന്ദി,  തമിഴ്,  തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് സുഭാഷിന്റെ കമ്പനിയുടെ നീക്കം.

സ്വന്തം ലേഖകൻ 

കൊച്ചി: സിനിമാ ആരാധകർ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ അവസരമൊരുക്കി ഡിഎൻഎഫ്ടി. ജനുവരി 18ന് ബോൾഗാട്ടി പാലസിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കിയ ആളുകൾക്ക് ദൃശ്യ വിരുന്നിൽ പ്രവേശനം നൽകുന്നു. ഇതിനായി www.dnft.global എന്ന വെബ്സൈറ്റിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കാം.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎൻഎഫ്ടി. വെർച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കാനുള്ള മാർഗമാണ് ഡിഎൻഎഫ്ടി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഡിഎൻഎഫ്ടിയാണ് ലോകത്താദ്യമായി ഡിഎൻഎഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റിൽസും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടൻ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിലെ ചില പോസ്റ്ററുകൾ ചിത്രങ്ങൾ, നിർമ്മാണ വീഡിയോ എന്നിവയും മറ്റു ചില പതിപ്പുകളും ഏതാനും ചിലർക്ക് മാത്രം ഒരു നിശ്ചിത വിലയിൽ സ്വന്തമാക്കാം.

ഈ ഡിഎൻഎഫ്ടി പ്രോഡക്ടുകൾ വാങ്ങുന്നവരുടെയും ആവശ്യക്കാരുടെയും ചെയിൻ ബ്ലോക്കുകളിൽ ലഭ്യമാകും. അവ മറ്റേതു പ്രൊഡക്റ്റുകളെയും പോലെ കൈമാറ്റം ചെയ്യുവാനും ലാഭമുണ്ടാക്കാനും സാധിക്കും. കൂടാതെ ഡിഎൻഎഫ്ടിയുടെ അനേകം വിനോദ പരിപാടികൾ, താരങ്ങൾക്കൊപ്പമുള്ള പ്രത്യേക ഇന്ററാക്ഷൻ തുടങ്ങിയവയ്ക്കുള്ള പ്രവേശന പാസ്സ് ആയും ഈ പ്രോപ്പർട്ടി ഉപയോഗിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎൻഎഫ്ടി പ്രോപ്പർട്ടിയുടെ നിലവിലെ വിലയിൽ നിന്നും കുറയും.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ് എന്ന കമ്പനിയാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യ കരാറാണ് മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബനുമായി നടത്തിയത്. ചിത്രത്തിലെ എക്സ്‌ക്ലൂസ്സീവ് കണ്ടന്റുകളാണ് ഡിഎൻഎഫ്ടിയിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ ഓസ്‌കാർ ഒഫീഷ്യൽ എൻട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകർപ്പവകാശങ്ങൾക്ക് പിന്നാലെ മറ്റൊരു സാമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വർഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് ഡിഎൻഎഫ്ടി നീക്കം.

സ്വന്തം ലേഖകൻ 

മൊറോക്കോ : വഴികാട്ടി ജി20 യോഗം ,  ക്രിപ്റ്റോ വിപണിയിൽ സംഭവിച്ചതെന്ത് ?, എല്ലാം മാറ്റിമറിച്ച് മൊറോക്കോ യോഗം. ചെറിയൊരു ഇടവേളയിലെ അനിശ്ചിതത്വത്തിനു ശേഷം ക്രിപ്റ്റോ കറൻസികളെല്ലാം തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുകയാണ്. ക്രിപ്റ്റോയെ ലോകം പൂർണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ക്രിപ്റ്റോ കറൻസി മേഖലയിൽ നിന്ന് അനിശ്ചിതത്വങ്ങളും ആശങ്കകളും ഒഴിയുകയാണോ? വിശദമായി പരിശോധിക്കാം…

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം തുടക്കത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് എതിരായിരുന്നു. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി നോക്കി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർ ബി ഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. അവസാനം സുപ്രീം കോടതി തന്നെ ക്രിപ്റ്റോ കറൻസിക്കെതിരെയുള്ള നിരോധനം എടുത്തു കളഞ്ഞു. അങ്ങനെ ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി.

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമില്ല, പണത്തിന് രൂപമില്ല, ഊഹക്കച്ചവടം, ചൂതാട്ടം… ക്രിപ്റ്റോ നാണയങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒട്ടേറെയാണ്. ഇതിന്റയെല്ലാം മുൻപിൽ അടിപതറിയെങ്കിലും ക്രിപ്റ്റോ നാണയങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ. സമീപകാലത്തില്ലാത്ത സ്ഥിരത പ്രകടിപ്പിച്ചുകൊണ്ട് ക്രമാനുഗതമായി മുന്നേറുകയാണ് എല്ലാ ക്രിപ്റ്റോ നാണയങ്ങളും.

എന്താണ് ക്രിപ്റ്റോ കറൻസിയുടെ ഈ തിരിച്ചുവരവിന് പിന്നിൽ?

ക്രിപ്റ്റോ വിപണിയിൽ കഴിഞ്ഞുപോയത് ഒരു ‘ഒക്ടോബർ വിപ്ലവ’മാണെന്നു പറയാം. ലോകമാകെയുള്ള  വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണി പതുക്കെ മുന്നേറുന്നുണ്ടായിരുന്നെങ്കിലും ഒക്ടോബറിലെ പെട്ടെന്നുള്ള ശക്തിപ്രകടനത്തിന്റെ കാരണം മൊറോക്കോയിൽ നടന്ന ഒരു യോഗമാണ്. ജി20 ഉച്ചകോടിയുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്കുകളുടെ തലവന്മാരും ചേർന്നതായിരുന്നു ആ യോഗം. ക്രിപ്റ്റോ കറൻസികൾക്കായി ഒരു സമവായരൂപരേഖ ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസികളെ നിരോധിക്കുകയല്ല, കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്ന് അതിൽ അടിവരയിട്ടു പറയുന്നു. ഇത് ക്രിപ്റ്റോ വിപണിക്ക് സമ്മാനിച്ചത് മികച്ച ഉണർവാണ്.

ഇന്റർനെറ്റിന്റെ മൂന്നാം യുഗമായ വെബ്–3യിൽനിന്ന് ക്രിപ്റ്റോ നാണയങ്ങളെ അകറ്റിനിർത്താനാവില്ല എന്ന യാഥാർഥ്യം എല്ലാ ഭരണകൂടങ്ങളും തിരിച്ചറിഞ്ഞതോടു കൂടിയാണ് ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിച്ചത്.

ഒക്ടോബർ 13ന് മൊറോക്കോയില്‍ നടന്ന യോഗത്തിൽ ക്രിപ്റ്റോയ്ക്ക് അനുകൂലമായ തീരുമാനം വന്നതും, ക്രിപ്റ്റോ വിപണിക്ക് പ്രതീക്ഷയേകുന്ന ചില വാർത്തകൾ യുഎസിൽനിന്നു പുറത്തുവന്നതും ക്രിപ്റ്റോയുടെ കുതിപ്പിന് കരുത്തേകി. ഇതോടെ സംശയത്തോടെ ക്രിപ്റ്റോയെ കണ്ട എല്ലാ രാജ്യങ്ങളും ക്രിപ്റ്റോയിലേയ്ക്ക് കടന്നു വന്നതും ഇവയുടെ വിശ്വാസ്യതയും മൂല്യവും വർദ്ധിപ്പിച്ചു. അങ്ങനെ ഇടക്കാലത്തു മാറിനിന്ന നിക്ഷേപകർ മുഴുവനും ക്രിപ്റ്റോയിലേയ്ക്ക്  തിരിച്ചെത്തുകയും എല്ലാ ക്രിപ്റ്റോ നാണയങ്ങൾക്കും ഒരേപോലെ മികച്ച വളർച്ച ഉണ്ടാവുകയും ചെയ്തു.

അതോടൊപ്പം ക്രിപ്റ്റോ കറൻസിയെ നയിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിന് ദിനംപ്രതി വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമായി ക്രിപ്റ്റോ കറൻസികൾ മാറുമെന്നാണ് വിദഗ്ധർ കരുതുന്നത് . അതുകൊണ്ട് തന്നെ 2024 ൽ  വ്യക്തമായ ക്രിപ്റ്റോ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനുള്ള അവസാന മിനുക്ക് പണികളിലാണ് മിക്ക ലോകരാജ്യങ്ങളും. അത് നടപ്പിലാക്കി കഴിഞ്ഞാൽ ക്രിപ്റ്റോയെ ലോകം പൂർണ്ണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രവാസികൾ എല്ലാവരും തന്നെ വർഷത്തിൽ ഒന്നിലേറെ തവണ വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ്. ആദ്യകാല വിമാന യാത്രകളിൽ എയർഹോസ്റ്റസുമാർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ പിന്നെ പിന്നെ അത് ഒരു ചടങ്ങു മാത്രമായി കാണുകയും അത്ര ഗൗനിക്കാതിരിക്കുകയും ചെയ്യുകയാണ് നമ്മുടെ പതിവ്. മറ്റ് യാത്രാ മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിമാനയാത്രയുടെ അപകട നിരക്ക് താരതമ്യേന കുറവാണ്. എന്നാൽ കഴിഞ്ഞദിവസം ജപ്പാനിലെ ടോക്കിയോയിലെ ഹനേസ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് വിമാനം ജപ്പാൻ എയർലൈൻ വിമാനവുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചത് വീണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ചർച്ചയാകാൻ കാരണമായിരിക്കുകയാണ്. കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരിൽ 5 പേരും മരിച്ചെങ്കിലും യാത്രാ വിമാനത്തിലെ 379 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി രക്ഷിക്കാൻ സാധിച്ചത് യാത്രക്കാരും ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുമ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന ഭാവമാണ് പലർക്കും . എന്നാൽ ഏതൊരു സുരക്ഷാ വീഴ്ചയും എത്രമാത്രം വലിയ ദുരന്തമാണ് വരുത്തി വയ്ക്കുക എന്നത് പ്രവചനാതീതമാണ്. ഫ്ലൈറ്റിലെ ചില സുരക്ഷാനിർദേശങ്ങളും അവയുടെ പ്രാധാന്യവും എന്താണെന്ന് പരിശോധിക്കാം.

ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ്ങിന്റെ സമയത്തും സീറ്റുകൾ നേരെയാക്കാൻ തരുന്ന നിർദ്ദേശത്തിന്റെ കാരണമെന്ത്? പലപ്പോഴും നമ്മൾ ഉള്ളിൽ ചോദിക്കുന്ന ചോദ്യമാണിത്. ടേക്ക് ഓഫിലും ലാൻഡിങ്ങിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ്. അടിയന്തിര സാഹചര്യത്തിൽ ഒഴിപ്പിക്കലിന്റെ ഘട്ടത്തിൽ നിങ്ങളുടെ സീറ്റ് ചെരിഞ്ഞിരുന്നാൽ പിന്നിലിരിക്കുന്ന ആൾക്ക് വേഗത്തിൽ അവരുടെ സീറ്റിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല. ഇതിന് സമാനമായ അവസ്ഥയാണ് ട്രേ റ്റേബിൾ മടക്കി വെച്ചിട്ടില്ലങ്കിലത്തെ അവസ്ഥ കൊണ്ട് സംജാതമാകുന്നത്. അടിയന്തിര സാഹചര്യത്തിൽ നിരയിലെ മറ്റ് യാത്രക്കാർക്ക് നിങ്ങളുടെ ട്രേ ടേബിൾ തടസം സൃഷ്ടിക്കും.


ടേക്ക് ഓഫിന്റെയും ലാൻഡിങ്ങിന്റെയും സമയത്ത് വിൻഡോ ബ്ലൈൻഡ് തുറന്നു വയ്ക്കണമെന്ന് പറയുന്നതിനും വളരെ പ്രാധാന്യമുണ്ട്. വിൻഡോ ബ്ലൈൻഡ് തുറന്നിരുന്നാൽ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും എൻജിൻ തീ പോലുള്ള പ്രശ്നങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കും . അടിയന്തിര ഒഴിപ്പിക്കൽ ഘട്ടങ്ങളിൽ വിമാനത്തിനകത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വിൻഡോ ബ്ലൈൻഡ് തുറന്നു വയ്ക്കുന്നത് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യും.

ലാൻഡിങ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും ഫ്ലൈറ്റുകളിലെ ലൈറ്റുകൾ ഡിം ചെയ്യുന്നതും സുരക്ഷാകാരണങ്ങൾ മൂലമാണ്. പുറത്തെ വെളിച്ചവുമായി പൊരുത്തപ്പെടാനും നന്നായി കാഴ്ച ലഭിക്കാനും വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തുന്ന വരെ ഇത് സഹായിക്കും.

2013 മുമ്പ് ടേക്ക് ഓഫിനും ലാൻഡിങ് സമയത്തും മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡിൽ ആയിരിക്കണമെന്ന കർശന നിർദേശം നൽകപ്പെട്ടിരുന്നു. ഫ്ലൈറ്റിന്റെ സിഗ്നൽ സംവിധാനവും എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിൽ ഫോൺ സിഗ്നലുകൾ തടസ്സം സൃഷ്ടിച്ചേക്കാം എന്ന അപകടകരമായ സാഹചര്യം ഉള്ളതിനാലാണ് ഈ മാർഗ്ഗദർശനം നൽകപ്പെട്ടിരുന്നത് . എന്നാൽ പിന്നീട് ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള രീതിയിലേക്ക് ഫ്ലൈറ്റ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും സാഹചര്യത്തിൽ ഫോൺ സിഗ്നലുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് ഇപ്പോഴും മിക്കവാറും ഫ്ലൈറ്റുകളിലും ഫ്ലൈറ്റ് മോഡ് നിർദ്ദേശം നൽകപ്പെടുന്നത്.

അടിയന്തിര ഒഴിപ്പിക്കൽ ഘട്ടത്തിൽ യാത്രക്കാർക്ക് ഹാൻഡ് ലഗേജ് എടുക്കരുതെന്ന് നിർദ്ദേശിക്കാറുണ്ട്. ഒരുപക്ഷേ നമ്മുടെ ഹാൻഡ് ബാഗ് മറ്റൊരാളുടെ രക്ഷാമാർഗ്ഗം തടയുകയോ ,കുരുക്ക് സൃഷ്ടിക്കുകയോ, ഇടിക്കുകയോ ചെയ്തേക്കാം. എല്ലാത്തിനും ഉപരിയായി മറ്റൊരാൾക്ക് രക്ഷപ്പെടാൻ ഉപകരിക്കപ്പെട്ട വിലപ്പെട്ട സ്ഥലം നമ്മുടെ ബാഗ് തന്നെ അപഹരിച്ചേക്കാം.

അടുത്ത ഫ്ലൈറ്റ് യാത്രയിൽ ഈ കാര്യങ്ങൾ മനസ്സിൽ കരുതണം . ജീവൻറെ വിലയുള്ള ജാഗ്രത നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കും.

RECENT POSTS
Copyright © . All rights reserved