India

തിരുവനന്തപുരം തോന്നക്കലിലെ മണലകത്ത് 10 പേര്‍ക്ക് ഇടിമിന്നലേറ്റു. ഇവരില്‍ ഒമ്പത് പേര്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. പരുക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപകമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
08-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്. 09-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

 

പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡിവൈഎസ്പി പി.സി ഹരിദാസ്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖി(27)ന്റെ മരണകാരണമാണ് പൊലീസ് വ്യക്തമാക്കിയത്. മർദ്ദനത്തിൽ യുവാവിന്റെ താടിയെല്ല് തകർന്നിട്ടുണ്ടെന്നും അറിയിച്ചു. പ്രതികളായ ഗുരുവായൂരപ്പൻ, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിന് മർദനമേറ്റിരുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേർ നേരത്തെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. പതിനഞ്ചോളം പേർ റഫീഖിനെ മർദിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷിയായ ബിനു പറഞ്ഞിരുന്നു. അടിയേറ്റ് നിലത്തുവീണ യുവാവിനെ പ്രദേശവാസികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഇന്നലെ മുണ്ടൂർ കുമ്മാട്ടി ഉത്സവമായിരുന്നു. അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളിൽ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം. ബാറിൽ നിന്ന് 300 മീറ്റർ അകലെയാണ് പ്രതികൾ റഫീഖിനെ മർദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പ്രതികളിൽ മൂന്നു പേരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

മർദനം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിൽ താമസിക്കുന്ന ബിനു പറയുന്നതിങ്ങനെ- ‘ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ടു വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയതാണ്. അപ്പോൾ കുറേപ്പേർ കൂടിനിൽക്കുന്നതു കണ്ടു. പതിനഞ്ചോളം പേരുണ്ടായിരുന്നു. ഒരാളെ കൂടിനിന്നവർ അടിക്കുന്നതാണ് കണ്ടത്. അടിയേറ്റയാൾ നിലത്തുവീണതു കണ്ടു. അപ്പോൾത്തന്നെ പൊലീസിനെ വിളിച്ചു. 10 മിനിറ്റ് കൊണ്ട് പൊലീസ് വന്നു. അപ്പോഴേക്കും തല്ലിയവരിൽ കുറച്ചുപേർ തിരിച്ചുവന്നിരുന്നു. അടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വണ്ടി മോഷ്ടിച്ചതിനാണ് മർദിച്ചതെന്ന് പറയുന്നതുകേട്ടു’.

പ്രേക്ഷകർക്ക് ഇഷ്ടപെട്ട താര ജോഡികൾ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. ഒരു മകൾ ഉണ്ടായ ശേഷമാണ് ജീവിതത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അഭിനയത്തിൽ സജീവമാണ് ഇരുവരും ഇപ്പോഴും. അടുത്തിടെ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഉർവ്വശിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ കരണത്തെക്കുറിച്ചും മനോജ് കെ ജയൻ പറയുകയുണ്ടായി. ഇപ്പോൾ വീണ്ടും ആ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ. ഇരുവിവാഹങ്ങളെയും കുറിച്ച് മനോജ് കെ ജയന്‍ മനസ് തുറന്ന അഭിമുഖം ആണ് വൈറൽ ആകുന്നത്. എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട് തനിക്ക് എന്നും അഭിമുഖത്തിൽ മനോജ് കെ ജയൻ പറയുന്നുണ്ട്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷൻ സ്കൂളിലും.വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയാണ് എന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ മനോജ് പറയുന്നു.

‘ആരോടും ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി’ എന്നും മനോജ് വ്യക്തമാക്കിയിട്ടുണ്ട്. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു.

ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ് എന്നും മനോജ് വ്യക്തമാക്കി.അതേസമയം ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നാണ് താരം പറയുന്നത്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.

ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളതെന്ന് മനോജ് പറയുന്നു. പ്ലസ്ടു റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉർവശിയുടെ നന്പരിലേക്ക് ആശയുടെ ഫോണിൽ നിന്നുമാണ് മോൾ വിളിച്ചതെന്നും മനോജ് വ്യക്തമാക്കി, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ചെന്നൈയിൽ വന്നാൽ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.കാവ്യയെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്തായിട്ടുണ്ട്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.

ദിലീപിന്റെ ബന്ധു സൂരജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സൂരജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

കേസില്‍ ഇനിയും കാര്യങ്ങള്‍ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും. നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോന്‍ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടര്‍ ഹൈദരാലിയും സൂരജും തമ്മില്‍ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.

 

മാത്യൂ ചെമ്പുകണ്ടത്തിൽ

സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി നിന്നുകൊണ്ട് വീറോടെ വാദിച്ചത് സീറോ മലബാർ സഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു. പുരോഹിതരടക്കം എല്ലാ വിഭാഗം വിശ്വാസികളും ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിൻ്റെ ഭാഗമാകേണ്ടി വന്നു എന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പിരിമുറുക്കം നിറഞ്ഞു നിന്ന ഏതാനും മാസങ്ങൾക്കൊടുവിൽ, നോമ്പുകാലത്തെ 40-ാം വെളളിയുടെ തലേന്ന് പിതാക്കന്മാർ പുറപ്പെടുവിച്ച സർക്കുലർ അനേകായിരങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ ഫലമായിരുന്നു.

സീറോ മലബാർ സഭയുടെ തലവനും കർദ്ദിനാളുമായ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം. ഈയൊരു നിർണ്ണായക തീരുമാനത്തിലേക്ക് സഭയെ നയിച്ച പരിശുദ്ധാത്മാവിനെ നന്ദിനിറഞ്ഞ ഹൃദയത്തോടെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം സമാധാന ശ്രമങ്ങൾക്കായി മുന്നിട്ടിറങ്ങിയ പുരോഹിതരും അൽമായരുമായ എല്ലാവരേയും “ദൈവപുത്രന്‍മാ”രെന്നു പദവിയോടെ (മത്തായി 5:9) സ്വർഗ്ഗം പ്രതിഫലം നൽകി മാനിക്കട്ടെ എന്നും ആശംസിക്കുന്നു.

“ഞാൻ എൻ്റെ സഭയെ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്തായി 16:18) എന്ന് ഈശോ മിശിഹാ പ്രഖ്യാപിക്കുന്നത് റോമാ സാമ്രാജ്യത്തിൻ്റെ ശക്തിപ്രഭാവവും യഹൂദൻ്റ ആചാരതീക്ഷണതയും വിജാതീയ മതങ്ങളുടെ കിരാതമതബോധവും പ്രബലപ്പെട്ടു നിന്ന സമൂഹത്തിൽ നിന്നു കൊണ്ടായിരുന്നു. സാത്താൻ സർവ്വശക്തിയോടും കൂടെ സഭയുടെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും വ്യാപനത്തിനും തടസ്സങ്ങൾ സൃഷ്ടിച്ചു. സാമ്രാജ്യങ്ങളും ചക്രവർത്തിമാരും സൈന്യങ്ങളും സാത്താൻ്റെ ചട്ടുകങ്ങളായി നിന്നുകൊണ്ട് സഭയെ തകർത്തു കളയാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും വരണ്ട നിലത്ത് വളർന്നുതുടങ്ങിയ സഭ ലോകത്തെ മുഴുവൻ കീഴടക്കി നിത്യജീവൻ്റെ വാസനകളുടെ ഉറവിടമായി ഇന്നും നിലകൊള്ളുന്നു.

സഭയുടെ വളർച്ച കണ്ട് അത്ഭുതപ്പെടുമ്പോഴും ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്; ബാഹ്യശത്രുവിനു തകർക്കാൻ കഴിയാതിരുന്ന സഭ പലയിടത്തും ദുർബലമായത് ആന്തരിക സംഘർഷങ്ങളാലായിരുന്നു എന്ന യാഥാർത്യം. ഇതിൻ്റെ നൂറുകണക്കിന് ഉദാഹരണങ്ങൾ സഭാ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കും. ഇവിടെയും രസകരമായ ഒരു കാര്യമുണ്ട്, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള സഭാ നേതൃത്വത്തിൻ്റെ തർക്കങ്ങളേക്കാൾ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള വ്യത്യസ്ത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളുമായിരുന്നു ഈ വിഭാഗീയതകൾക്കെല്ലാം കാരണമായിത്തീർന്നത് എന്നതാണ്. സാധാരണ വിശ്വാസികൾക്ക് അധികം പങ്കാളിത്തമില്ലാത്ത ഈ മേഖലയിൽ, സഭയിലെ ഉന്നതസ്ഥാനീയർ തമ്മിലായിരുന്നു പരസ്പരം പോരടിച്ചത്. സീറോ മലബാർ സഭയിലെ കുർബാന വിവാദവും പ്രാരംഭത്തിൽ സാധാരണക്കാരുടെ വിഷയമായിരുന്നില്ല. സാധാരണ വിശ്വാസികൾ നിസ്സഹായരായി നോക്കി നിൽക്കുമ്പോൾ പുരോഹിതനേതൃത്വം പോരടിക്കുന്ന കാഴ്ച പരമ ദയനീയമായിരുന്നു. ക്രിസ്തുവിൽ ഏറ്റവും ചെറിയവനെ വിസ്മരിച്ചുകൊണ്ടുള്ള ദൈവശാസ്ത്ര തർക്കങ്ങൾ തെരുവിലേക്കു നീങ്ങുമ്പോൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുകയാണ് തങ്ങളെന്ന് യാഥാർത്ഥും പുരോഹിത വിഭാഗം മറന്നുപോയി. മോഷ്ടിക്കരുത് എന്ന് പഠിപ്പിക്കുകയും അമ്പലം കൊള്ളയടിക്കുകയും ചെയ്യുന്നതിന് തുല്യമാണ് സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കുന്നവർ പരസ്പരം വെല്ലുവിളിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത്. ആത്മീയ വളർച്ച ആത്മീയ പക്വതയിലേക്കുള്ള വളർച്ചയാണ്. കുർബാന വിഷയയത്തിൽ പുരോഹിതരിൽ പലരുടെയും പ്രതികരണങ്ങൾ വളരെ അപക്വമായിരുന്നു എന്ന് പറയാതെ വയ്യ.

“അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളയും”
(യോഹന്നാന്‍ 2:17) എന്ന് എഴുതപ്പെട്ടതു പോലെ സഭയോടുള്ള തങ്ങളുടെ തീക്ഷണതയും സ്നേഹവും പല വിശ്വാസികളെയും കീഴടക്കിയത് കുർബാന വിവാദത്തിൻ്റെ ദിനങ്ങളിലായിരുന്നു. സോഷ്യൽ മീഡിയാ പോസ്റ്റുകളും കമൻ്റുകളുമായി തങ്ങളുടെ സഭാ സ്നേഹം പലരും പ്രകടിപ്പിച്ചുവെങ്കിലും ചിലതെല്ലാം പരിധിവിട്ടതും ക്രൈസ്തവ ധാർമികതയ്ക്ക് നിരക്കാത്തതുമായിരുന്നു. പല കാരണങ്ങളാൽ സഭയിൽ ഭിന്നത രൂപപ്പെടാമെന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നുണ്ട്. ”നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്‌” (1 കോറിന്തോസ്‌ 11:19) എന്നൊരു തത്വം ബൈബിളിൽ കാണാം. ഈ ആത്മീയതത്വത്തിൻ്റെ അടിസ്ഥാനത്തിൽ, കുർബാന വിവാദത്തിൽ ഇടപെട്ട് ദൈവമുമ്പാകെ അയോഗ്യരായി എന്നു സ്വന്ത മന:സാക്ഷിയിൽ തിരിച്ചറിഞ്ഞവർക്ക് മാനസാന്തരപ്പൊടാനും പാപക്ഷമ യാചിക്കാനും ദൈവാത്മാവുമായി രമ്യതയിലാകുവാനും വലിയവാരത്തിലെ പാപപരിഹാര ദിനങ്ങളെ നമുക്ക് സമീപിക്കാം. സഭാവിരുദ്ധ ശക്തികൾ സഭയ്ക്കു ചുറ്റിലും തമ്പടിച്ചിരിക്കുന്ന ഇക്കാലത്ത് ആത്മാവിൻ്റെ ആയുധവർഗ്ഗം ധരിച്ചു കൊണ്ട് നമുക്ക് ഒരുമയോടെ മുന്നേറാം.

മനുഷ്യചരിത്രത്തിലേക്ക് ദൈവസ്നേഹം മനുഷാകാരംപൂണ്ട് ഇറങ്ങി വരികയും പീഡാസഹനങ്ങളിലൂടെയും മരണത്തിലൂടെയും ഈ സ്നേഹത്തിൻ്റെ ആഴം മനുഷ്യവംശത്തിന് നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്ന അതിവിശുദ്ധ സ്ഥലമാണ് മദ്ബഹ. മദ്ബഹയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയെ തർക്കത്തിൻ്റെയും വാഗ്വാദങ്ങളുടെയും ഇടമാക്കി മാറ്റുന്ന യാതൊന്നും ഇനി സീറോ മലബാർ സഭയിൽ സംഭവിച്ചുകൂട. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് (എഫേ 4:30) എന്ന തിരുവചനത്തെ അതിലംഘിക്കാൻ സാധ്യതയുള്ള യാതൊരു പരിഷ്കാരവും നമുക്കു വേണ്ട. സീറോ മലബാർ സഭയെ ദൈവം ഏൽപ്പിച്ചിരിക്കുന്ന പാരമ്പര്യങ്ങളുടെയും വിശ്വാസ സംവർദ്ധകമായ അനുഷ്ഠാനങ്ങളുടെയും സൂക്ഷിപ്പുകാരാണ് നമ്മൾ ഓരോരുത്തരും. ഈ വസ്തുത വിസ്മരിക്കാൻ നമുക്ക് ഇടയാകാതിരിക്കട്ടെ! വരുന്ന തലമുറയിലേക്ക് ഈ ബോധ്യങ്ങൾ പകർന്നു കൊടുത്തുകൊണ്ട് യേശുക്രിസ്‌തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന”
(ഫിലിപ്പി 3 :14) തീർത്ഥാടകരായി നമുക്ക് യാത്ര തുടരാം.

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ തീപ്പൊരി പരാമർശം നടത്തിയ സമാജ്വാദി പാർട്ടി എം.എൽ.എ. ഷാസിൽ ഇസ്‌ലാം അൻസാരിയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ഇടിച്ചുനിരപ്പാക്കി.

അൻസാരിയുടെ പരാമർശം വിവാദമായതിനുപിന്നാലെയാണ് ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ബുൾഡോസറുപയോഗിച്ച് അധികൃതർ പൊളിച്ചുമാറ്റിയത്. ബറേലി-ഡൽഹി ദേശീയപാതയ്ക്ക് സമീപമുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബറേലി വികസന അതോറിറ്റിയാണ് കടുത്ത നടപടിയെടുത്തത്.

പാർട്ടിപരിപാടിയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അൻസാരി ആഞ്ഞടിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നും യോഗി ഇനി ശബ്ദമുണ്ടാക്കിയാൽ എസ്.പി.യുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമാണ് അൻസാരി പറഞ്ഞത്. ഇതിന്റെപേരിൽ അദ്ദേഹത്തിന്റെപേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിച്ചെന്നാണ് ഇതേക്കുറിച്ച് അൻസാരിയുടെ പ്രതികരണം.

എന്നാൽ, ഈ പ്രസംഗം വൈറലായതോടെയാണ് പ്രതികാരനടപടിയെന്നോണം എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് നിലംപരിശാക്കിയത്. പമ്പ് ഇടിച്ചുനിരത്തുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമാക്കിയിട്ടുള്ള സിനിമകളിൽ പ്രധാനപ്പെട്ടതാണ്. മുട്ടത് വർക്കിയുടെ നോവലിനേ അടിസ്ഥാനമാക്കി ഹിറ്റ് മേക്കർ ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രമായി മമ്മൂട്ടി പകർന്നാട്ടം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായും കോട്ടയം കുഞ്ഞച്ചൻ മാറി. ആട് 2ന്റെ നൂറാം ദിന വിജയാഘോഷ വേളയിൽ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിന്റെ പോസ്റ്റർ വിജയ് ബാബുവും മമ്മൂട്ടിയിയും ചേർന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ പറ്റി മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനിടെ മിഥുൻ മാനുവൽ തോമസ് കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തിരുന്നു.

ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ കേരളത്തിലെ സിനിമാ പ്രേമികൾ തങ്ങളുടെ ഇഷ്ട്ട കഥാപാത്രം കോട്ടയം കുഞ്ഞച്ചന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നല്ല.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ ചെയ്യുന്നില്ലെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത് . കഥയോ തിരക്കഥയോ ശരിയായിട്ടില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു വ്യക്തമാക്കി.

ഇത്തരമൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ 100 ശതമാനവും തൃപ്തിയുള്ളൊരു തിരക്കഥയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ വായിച്ച തിരക്കഥ അത്തരത്തില്‍ ഒന്നായിരുന്നില്ലെന്നും വിജയ് ബാബു പറഞ്ഞു.

മമ്മൂക്കയുടെ ലൈഫിലെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചനെന്നും അപ്രോച്ച് ചെയ്യുമ്പോള്‍ 100 ശതമാനം കോണ്‍ഫിഡന്‍സ് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് അപ്രോച്ച് ചെയ്യാന്‍ പാടുള്ളുവെന്നും വിജയ് ബാബു പറയുന്നു.

ലോകയാൻ 2022നായി ഇന്ത്യൻ നാവികസേനയുടെ കടൽയാത്രാ പരിശീലന കപ്പൽ പുറപ്പെട്ടു. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തുനിന്ന് ഐഎൻഎസ് തരംഗിണിയാണ് ഇന്ത്യയുടെ യശസുയർത്തുന്ന ലോകപര്യടനത്തിനായി യാത്ര തിരിച്ചത്. ദക്ഷിണമേഖലാ മേധാവി റിയർ അഡ്മിറൽ ആന്റണി ജോർജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് മാസങ്ങൾ നീളുന്നതാണ് തരംഗിണിയുടെ യാത്ര.

ലണ്ടന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നതാണ് യാത്രയുടെ സുപ്രധാന ഭാഗം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണിത്. 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും. പുതുതായി എത്തുന്നവർക്ക് കടൽയാത്രാ പരിശീലനം നൽകുന്നതിനൊപ്പം പ്രശസ്തമായ ‘ടാൾ ഷിപ്പ് റേസിലും തരംഗിണി പങ്കെടുക്കുമെന്ന് റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു.

‘ദക്ഷിണ നാവിക കമാൻഡിന്റെ കപ്പൽ പരിശീലനക്കപ്പലായ ഐഎൻഎസ് തരംഗിണി, കടൽയാത്രാ പരിശീലനം നൽകുന്നതിനും ടാൾ ഷിപ്പ് റേസിൽ പങ്കെടുക്കുന്നതിനുമായി ഏഴ് മാസത്തെ നീണ്ട യാത്രയ്ക്കായി പുറപ്പെടുന്നു. കപ്പൽ 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ സന്ദർശിക്കും’ – റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു. ലണ്ടനിലെത്തുന്ന കപ്പൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവിടെ ദേശീയ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയ്ക്കും രാജ്യത്തിനും ഇതൊരു അഭിമാന നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് മാസത്തെ യാത്ര പൂർത്തിയാക്കി നവംബറിൽ ഐഎൻഎസ് തരംഗിണി മടങ്ങിയെത്തും.

എറണാകുളം കോതമംഗലത്ത് അർധരാത്രി കോഴിക്കുരുതിയും കൂടോത്ര പൂജയും. കഴിഞ്ഞ രാത്രിയാണ് കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കൂടോത്രപൂജ നടന്നത്.

അർധരാത്രി ഇതിലൂടെ വാഹനത്തിൽ പോയവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻകോഴിയും വിളക്കും വച്ചായിരുന്നു കവലയുടെ നടുവിൽ കുരുതിക്ക് നീക്കം. നാട്ടുകാരെ കണ്ടതതോടെ നീക്കം ഉപേക്ഷിച്ചു കൂടോത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാർ പോത്താനിക്കാട് പൊലീസിൽ അറിയിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് പൂവൻകോഴിയെയും കൂടോത്രത്തിന് ഉപയോഗിച്ച വസ്തുക്കളും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കടകളുടെയും സഹകരണ ബാങ്ക് ബ്രാഞ്ചിന്റെയും സിസിടിവി ദൃശ്യങ്ങളിൽനിന്ന് കൂടോത്രക്കാരനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വോഷണത്തിനു കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.

തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തരത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജിന്റെ ഫോണില്‍ നിന്നും പുതിയ വിവരങ്ങള്‍ ലഭിച്ചു. അതില്‍ ആക്രമണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതിനാല്‍ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

RECENT POSTS
Copyright © . All rights reserved