പതിനേഴുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വൈദികന്‍ കസ്റ്റഡിയില്‍. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പോക്‌സോ കേസില്‍ പൊലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ ലൈംഗികാതിക്രമം. പരാതി പ്രകാരം കേസെടുത്ത പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
ജാപ്പനീസ് (Japanese) വാഹന നിര്‍മാതാക്കളായ ടൊയോട്ട (Toyota) ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (എഫ്സിഇവി) ആയ ‘ടൊയോട്ട മിറായി’ ആണ് കമ്പനി അവതരിപ്പിച്ചത്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി ആണ് വാഹനം പുറത്തിറക്കിയത്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബുധനാഴ്‍ച ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്.
ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആമുഖവും അവലംബവും ഇന്ത്യയുടെ ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവി സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഗഡ്‍കരി അഭിപ്രായപ്പെട്ടു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐസിഎടി) ചേർന്ന് ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്‌സിഇവി ടൊയോട്ട മിറായ് പഠിക്കാനും വിലയിരുത്താനുമുള്ള ഒരു പൈലറ്റ് പ്രോജക്‌റ്റാണ് നടത്തുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്, ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ടൊയോട്ട മിറായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ വാഹനത്തിന് 650 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. എഫ്സിഇവി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്നും മലിനജലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും ഗഡ്‍കരി പറഞ്ഞു. മലിനജലം ശേഖരിക്കുകയും ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് ഹരിതവാതകമായ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലുടനീളം നെറ്റ്-സീറോ കാര്‍ബണ്‍ എമിഷൻ കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട പറഞ്ഞു. നേരത്തെ, അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്കായി രാജ്യം വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ തേടുകയാണെന്ന് നിതിന്‍ ഗഡ്‍കരി പറഞ്ഞിരുന്നു.
2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായി പ്രദര്‍ശനത്തിന് എത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് രാജ്യാന്തര വിപണികളില്‍ എത്തിയിരുന്നു. 48,000 ഡോളറാണ് മിറായിയുടെ വിദേശ വിപണിയിലെ വില. അതേസമയം, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്.
മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവയാണ് മിറായിയുടെ രണ്ടാം തലമുറ മോഡലിനെ ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്‍തമാക്കുന്നത്. വലിപ്പത്തിലും മുന്‍മോഡലിനെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ വിപണിയിലുള്ള മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
മറ്റ് രാജ്യാന്തര വിപണികളില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മിറായ് കാറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇന്നാണ് വാഹനം അവതരിപ്പിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരി അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും കമ്പനി ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് ലാത്തിവീശി. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചിഴച്ചു. മുന്‍നിരയില്‍ നിന്നിരുന്ന പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം കല്ലിടല്‍ തുടരുകയാണ്.
ജോസഫ് എം പുതുശേരിക്കും വിജെ ലാലിക്കും ഉൾപ്പെടെ പോലീസ് ആക്രമണത്തിൽ പരുക്കേറ്റു
നോട്ടീസ് പോലും നല്‍കാതെയാണ് സ്വകാര്യ ഭൂമിയില്‍ കയ്യേറി കല്ലിടുന്നതെന്ന് ജോസഫ് എം. പുതുശേരി പറഞ്ഞു. നനാട്ടുകാരെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സംഘഠര്‍ഷത്തില്‍ പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനം പാലിക്കേറ്റ പോലീസ് പ്രശ്‌നം വഷളാക്കുകയാണെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.
രാവിലെ മുതല്‍ മനുഷ്യമതില്‍ തീര്‍ത്താണ് കക്ഷി ഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ശക്തമായ ചെറുത്തുനില്‍പ്പാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് അധികൃതര്‍ നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സര്‍വേ സംഘത്തെ തടയുകയും കല്ലുമായി വന്ന വാഹനം തടഞ്ഞിടുകയും ചെയ്തിരുന്നു.
ഹോളി ദിനത്തില്‍ നരബലി നടത്തുന്നതിനായി ഏഴ് വയസ്സുകാരിയെ തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഛിജാര്‍സി ഗ്രാമത്തിലെ സോനു ബാല്‍മികി, കൂട്ടാളി നീതു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
മാര്‍ച്ച് 13നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ബാഗപത് ജില്ലയിലെ സോനുവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ നരബലിയ്ക്കായാണ് കുട്ടിയ തട്ടിയെടുത്തതെന്ന് പ്രതികള്‍ സമ്മതിച്ചു. ഹോളി ദിനത്തില്‍ കുട്ടിയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.
കുട്ടിയുടെ അയല്‍വാസിയാണ് സോനു. ഇയാള്‍ വളരെ നാളുകളായി വിവാഹം നടക്കാത്തതിനാല്‍ അതീവ ദുഖിതനായിരുന്നുവെന്നും ഇതിന് പരിഹാരമെന്ന നിലയ്ക്ക് പ്രതികളിലൊരാളായ സതേന്ദ്ര നരബലി നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. സതേന്ദ്രയുള്‍പ്പടെ മൂന്ന് പേരാണ് ഒളിവിലുള്ളത്. പ്രതികളെ കണ്ടെത്താന്‍ സഹായിച്ച പ്രദേശവാസികള്‍ക്ക് 50000 രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് കമ്മിഷണര്‍ അലോക് സിങ് അറിയിച്ചിട്ടുണ്ട്.
കൊല്ലം ഭരണിക്കാവിൽ വെച്ച് റോഡിൽ വീണ യുവാവിന് മുകളിൽ വാഹനങ്ങൾ കയറിയിറങ്ങിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാർ ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സ്വകാര്യബാറിന് മുന്നിലെ റോഡിൽ വീണ പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി 10.30ന് ആണ് ഭരണിക്കാവ് ജങ്ഷന് സമീപത്തുവെച്ച് നിസാം അപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ച നിസാമിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാർ തിരക്കേറിയ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു.
തുടർന്ന് അവശനായ നിസാം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ റോഡിന് നടുവിൽ വീണെങ്കിലും ജീവനക്കാർ കാഴ്ചക്കാരായി നോക്കിനിന്നു. ആദ്യമെത്തിയ കാർ വെട്ടിച്ച് കടന്നുപോയെങ്കിലും പ്രദേശത്ത് ഇരുട്ടായതിനാൽ ശ്രദ്ധയിൽപ്പെടാതെ പിന്നാലെയെത്തിയ രണ്ട് വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് റോഡിൽ വീണ് കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ നോക്കിനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വണ്ടന്‍മേടില്‍ സുഹൃത്തിനെ തന്ത്രപൂര്‍വ്വം മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.
പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ പ്രതി എല്ലാം തുറന്നു പറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി.
ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.
രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.
ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ ഹർജിക്കാരായ പെൺകുട്ടികൾ. അടിസ്ഥാനപരമായ അവകാശമാണ് തങ്ങൾക്ക് നിഷേധിച്ചതെന്നും സ്വന്തം രാജ്യത്താൽ ചതിക്കപ്പെട്ടതു പോലെയാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഹിജാബ് വിലക്കിനെതിരെ ഹർജി സമർപ്പിച്ച ഉഡുപ്പിയിലെ അഞ്ച് വിദ്യാർത്ഥിനികളാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിധിയിലെ അതൃപ്തി തുറന്നടിച്ചത്. ഹിജാബ് ധരിക്കാതെ കോളേജിൽ പോവില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനികൾ ഇസ്ലാം മതപ്രകാരം ഹിജാബ് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
‘ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബില്ലാതെ ഞങ്ങൾ കോളേജിൽ പോവില്ല. ഖുറാനിൽ പെൺകുട്ടി അവളുടെ മുടിയും മാറും മറയ്ക്കണം എന്ന് പറയുന്നുണ്ട്. ഖുറാനിൽ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളിത് ധരിക്കില്ലായിരുന്നു,’ വാർത്താ സമ്മേളനത്തിൽ പരാതിക്കാരിലൊരാളായ പെൺകുട്ടി പറഞ്ഞു.അതേസമയം കോടതി വിധിയുടെ പേരിൽ കോളേജ് ഉപേക്ഷിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
താഴേത്തട്ടിൽ തീരേണ്ട ഒരു പ്രശ്നം ഇന്ന് രാഷ്ട്രീയമായും വർഗീയമായും ഉപയോഗിക്കപ്പെടുന്നെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ തള്ളിയത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.ഹൈക്കോടതി വിധിയെ കര്‍ണാടക സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിധി എല്ലാവരും സ്വീകരിക്കണമെന്നും സമാധാനവും സാഹോദര്യവും പുലരട്ടെയെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇത് കുട്ടികളുടെ ഭാവിയുടെ വിഷയമാണ് മറ്റൊന്നും അതിനേക്കാള്‍ പ്രധാനപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂണിഫോം എന്നത് എല്ലാ വിദ്യാര്‍ത്ഥികളിലും സമത്വ ബോധം ഉണ്ടാവാന്‍ വേണ്ടിയുള്ളതാണെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. ജാംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങിയെങ്കിലും. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന്റെ മുൻതൂക്കം നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചിരുന്നു.
രണ്ടാം പാദ സെമി മത്സരത്തിന്റെ 18 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും സ്കോർ ഉയർത്താനായില്ല. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ പ്രണോയ് ഹാൽദർ നേടിയ ഗോളിൽ ജാംഷ്ഡ്പൂർ ഒപ്പം പിടിച്ചു. പിന്നീട് നിരവധി തവണ ജാംഷഡ്പൂർ ഗോളിനടുത്തെത്തിയെങ്കിലും നിർണായകമായ ലീഡ് നേടാനായില്ല.
2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, ഐ.എസ്.എൽ കിരീടം ഇതുവരെയായിട്ടും ഷോകേസിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എ.ടി.കെ-ഹൈദരാബാദ് മത്സര വിജയികളെ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.
ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറിനുള്ളില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലാണ് 40 വയസുള്ള സ്ത്രീയുടെയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്.
എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്. മൂന്നു പേരുടെ മരണത്തില്‍ ആര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്ന് മേജര്‍ ക്രൈം ഡിവിഷന്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.
ഉച്ചയ്ക്ക് 11.45-നാണ് കാറിനു തീപിടിച്ചതായുള്ള വിവരം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനു ലഭിക്കുന്നത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും കാറിന്റെ പിന്‍സീറ്റില്‍ മൂന്നു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കാറില്‍ തീ ആളിക്കത്തുന്നത് കണ്ടതായും പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ ശബ്ദങ്ങള്‍ കേട്ടതായും ഒരു സാക്ഷി പറഞ്ഞു.
ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും പ്രദേശത്ത് പരിശോധന നടത്തി ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍നിന്നു തീ പടര്‍ന്നതായാണ് പോലീസ് നിഗമനം. കത്തിയ കാറിനുള്ളില്‍ ഒരാള്‍ മരിച്ചെന്നാണ് ആദ്യം പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടികളുടെ പിതാവ് ഞായറാഴ്ച രാത്രിയാണ് പെര്‍ത്തില്‍നിന്നു വിദേശത്തേക്കു യാത്ര തിരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതായും ഇപ്പോള്‍ പെര്‍ത്തിലേക്ക് മടങ്ങിയെന്നും ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.