India

ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴിയിൽ പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴവങ്ങാടിയിലാണ് അപകടമുണ്ടായത്.

അപകടം കണ്ടുനിന്നവർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ നിർമലയും മരിച്ചു.

കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഇവർ വീട്ടിലേക്കു മടങ്ങും വഴി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡിനു കുറുകേ കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളിൽ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ദമ്പതിമാരെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല.

ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവർ പറയുന്നത്. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പോലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഡെനീല, ഡയാൻ എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മക്കൾ. സംസ്‌കാരം വെള്ളിയാഴ്ച നാലിന് നോർത്ത് മൈലക്കാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയിൽ.

വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ കുടുങ്ങിയ യുവാവ് മരിച്ചു. കനകമല പാപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം.

വെള്ളം കുടിക്കുന്നതിനൊപ്പം വെപ്പുപല്ല് ഇളകി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തു.

ശേഷമുണ്ടായ അണുബാധയാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്‍. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.

ലണ്ടൻ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കി യുകെ. തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് (രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ) ക്വാറന്റൈൻ ഇല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തിയവർക്കാണ് ഈ ഇളവ്. കോവിഷീൽഡിന് അം​ഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അം​ഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു യുകെ. ഇതേ തുടർന്ന് ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയും ക്വാറന്റൈൻ നിർബന്ധമാക്കി.

ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുകെ ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കോവാക്സിൻ സ്വീകരിച്ച യാത്രക്കാർ തുടർന്നും ക്വാറന്റൈൻ പാലിക്കേണ്ടി വരും. യുകെയുമായുള്ള സഹകരണത്തിന് ഇന്ത്യൻ സർക്കാരിന് എല്ലിസ് നന്ദി പറഞ്ഞു. അതേസമയം 47 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിൽ നിന്ന് യുകെ ഒഴിവാക്കി.

പനാമ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോർ, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവ മാത്രമാണ് ഇപ്പോൾ റെഡ് ലിസ്റ്റിൽ ഉള്ളത്. ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് സഞ്ചാരികൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്നു. സ്‌കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവർ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം ഏഴായി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനം പുറത്തുവന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള ബുക്കിങ്ങിലും വലിയ വർദ്ധനവ് രേഖപ്പെടുത്തി.

നെടുമ്പാശ്ശേരി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ മരിയയ്ക്ക് വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി.

വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. യുവതിയുമായി അടിയന്തരമായി ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ കാത്ത് അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

 

 

ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.

ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.

യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.

ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.

സമരം ചെയ്യുന്ന കർഷകരുടെ പിന്നിലൂടെ എത്തി അവരുടെ ശരീരത്തിലൂടെ വണ്ടി അതിവേഗം ഓടിച്ച് കയറ്റുന്ന വിഡിയോയുടെ പൂർണരൂപം പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. 46 സെക്കൻഡുകളുള്ള വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതിൽ വാഹനം സമാധാനമായി പ്രതിഷേധിച്ച് മുന്നോട്ടുപോകുന്ന കർഷകരുടെ പിന്നിലൂടെ പാഞ്ഞ് കയറുകയാണ്.നിലത്ത് വീണവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പോയ വാഹനം അൽപം മുന്നോട്ടുപോയി നിൽക്കുന്നതും കാണാം. പ്രതിഷേധക്കാർ ചിതറി ഓടുന്നതും വിഡിയോയിൽ കാണാം. അൽപം കഴിഞ്ഞ് വടികളുമായി വാഹനത്തിന് സമീപത്തേക്ക് കർഷകർ വരുന്നുണ്ട്.

വൻപ്രതിഷേധമാണ് രാജ്യത്ത് ഇതിനെതിരെ ഉയരുന്നത്. കോൺഗ്രസ് സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ വിഷയത്തിൽ സജീവമായി ഇടപെടുകയാണ്. പ്രിയങ്കയും രാഹുലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ യാത്ര പുറപ്പെട്ടു കഴിഞ്ഞു.
യോഗി സര്‍ക്കാരിന്റെ വിലക്കുകള്‍ മറികടന്ന് ലഖിംപുരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്

ലഖ്നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ലഖിംപുര്‍ സംഘര്‍ഷവും കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകന്‍ ആശിഷ് മിശ്രക്കും എതിരായആരോപണങ്ങളും പരമാവധി ആയുധമാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിന് പിന്നാലെ ലഖിംപുര്‍ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. നിരോധനാജ്ഞയുടെ കാരണം പറഞ്ഞ് യുപി സര്‍ക്കാര്‍ വിലക്കുമെന്നറിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയും പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും അടക്കം അഞ്ച് പേരടങ്ങുന്നസംഘം യാത്രാനുമതി തേടി. യുപി പൊലീസ് അനുമതി നിഷേധിച്ചിട്ടും യാത്ര ആരംഭിച്ചു. യാത്രക്ക് മുന്പായി രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ കര്‍ഷക വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചത്.

വിഡിയോ കാണാം.

കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.

ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.

മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

മംഗളുറു: (www.kvartha.com 06.10.2021) നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിൽ തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈഷ്ണവി എക്സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭുവിന്റെ മകൻ സുധീന്ദ്ര പ്രഭു (15) ആണ് മരിച്ചത്. വിവരമറിഞ്ഞ് ഹൃദയാഘാതമുണ്ടായ രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കളും ആശുപത്രി അധികൃതരും തമ്മിൽ ധാരണയായിട്ടുണ്ട്.

തൊഴിലാളിക്ക് നേരെ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ മകൻ സുധീന്ദ്രയുടെ തലക്ക് കൊള്ളുകയായിരുന്നു എന്ന് മംഗളുറു സൗത് പൊലീസ് പറഞ്ഞു. പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹന ഡ്രൈവർ ചന്ദ്രു, ക്ലീനർ അശ്‌റഫ് എന്നീ ചെറുപ്പക്കാർ അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോൾ രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചതായും ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ രാജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മകൻ മരിച്ചതിനാൽ കേസിന്റെ വകുപ്പുകൾ മാറ്റും.

2022ൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയും പുരുഷ, വനിതാ ഹോക്കി ടീമുകൾ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് യുകെ അംഗീകാരം നൽകാത്തത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് യുകെ അറിയിച്ചത്. 2022 ജൂലായിൽ ബർമിങ്ങാമിൽ വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.

അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിന്മാറ്റമെന്നും സൂചനയുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ബിജെപി വിട്ട തൃണമൂല്‍ എംഎല്‍എ ആശിഷ് ദാസ് തലമുണ്ഡനം ചെയ്തു. ‘ദുഷ്പ്രവര്‍ത്തികള്‍ക്കുള്ള പ്രായശ്ചിത്തം’ എന്നായിരുന്നു തലമുണ്ഡനം ചെയ്തതിനുള്ള കാരണമെന്ന് ആശിഷ് ദാസ് പറഞ്ഞു. കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആശിഷ് ദാസ് തലമുടി വടിച്ചത്.

ഏറെ കാലമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവും സുര്‍മ മണ്ഡലത്തിലെ എംഎല്‍എയുമാണ് ആശിഷ് ദാസ്. ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാഷ്ട്രീയ അരാജകത്വമാണ്. സര്‍ക്കാരിന്റെ പ്രകടനത്തില്‍ ജനങ്ങള്‍ വളരെ അധികം അസ്വസ്ഥരാണ്. ഇതുകൊണ്ടൊക്കെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നാണ് എംഎല്‍എ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിയെ ആശിഷ് ദാസ് പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത എത്തണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. ആശിഷ് ദാസിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ബിജെപി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രായശ്ചിത്തമായി ഞാന്‍ ഇന്ന് എന്റെ തലമുണ്ഡനം ചെയ്യുകയാണ്. ഞാന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു, എന്റെ അടുത്ത നടപടി ഉടന്‍ തീരുമാനിക്കും. പക്ഷേ, ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കീഴില്‍ അരാജകത്വവും ദുര്‍ഭരണവുമാണ് ത്രിപുരയില്‍ നടക്കുന്നത്. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഈ തെറ്റായ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനായിരുന്നു. ഞാന്‍ പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണ്’. ആശിഷ് ദാസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved