ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ ഒരു ട്രാന്‍സ് വുമണ്‍. ഒറ്റപ്പാലം സ്വദേശി അനീറ കബീർ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്സ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ പറഞ്ഞു.

ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. അനീറയുടെ സഹോദരൻ ദിവസങ്ങൾക്ക്‌ മുമ്പ് അപകടത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയുടെ ചുമതലയായി. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. ട്രാൻസ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി ലീഗൽ സർവീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.

മതിയായ യോഗ്യതയുണ്ടായിട്ടും തനിക്ക് ജോലിയില്‍ വിവേചനം നേരിട്ടെന്നും, സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്തോ വച്ചുകെട്ടിവന്നു എന്ന് സമൂഹം പരിഹസിക്കുകയാണെന്നും അനീറ പറയുന്നു. തന്‍റെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് തൊഴുതു പറയുകയാണെന്ന് ട്രാന്‍സ് വുമണ്‍ അനീറ പറയുന്നു. അനീറയുടെ ദുരിതം അറിഞ്ഞ വിദ്യാഭ്യാ മന്ത്രി വി ശിവന്‍കുട്ടി വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു.

അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അനീറ അറിയിച്ചതായും മന്ത്രി പറഞ്ഞു.