നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ജൂലൈ 23വരെ രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്ത്യയിലേക്ക് നീലചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ് പറഞ്ഞു.
നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്തുവരികയുമായിരുന്നു ഇവരുടെ രീതി. രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന് ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്‍റെ ഉടമകളാണ് കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാൻ ഇൻഡസ്ട്രീസ് വഴിയാണെന്ന് ജോയിന്‍റ് കമീഷണർ മിലിന്ദ് ബരാംബെ പറയുന്നു.
രണ്ട് ബിസിനസ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പുകൾ, ഇമെയിലുകൾ, അക്കൗണ്ടിങ് വിവരങ്ങൾ, നീല ചിത്രങ്ങൾ തുടങ്ങിയവ രാജ് കുന്ദ്രയുടെ മുംബൈയിലെ ഓഫിസിൽനിന്ന് കണ്ടെത്തിയിരുന്നു.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഇവരുടെ പതിവ്. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്നയായി ഓഡീഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ െപാലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് മുംബൈ പൊലീസ് കമീഷണർ ഹേമന്ദ് നഗ്രാലെ പറഞ്ഞു.
വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 18 മാസം മുമ്പാണ് കുന്ദ്ര ബിസിനസ് ആരംഭിച്ചതെന്ന് ജോയിന്‍റ് കമീഷണർ മിലിന്ദ് ബരാംബെ മാധ്യമങ്ങളോട് പറഞ്ഞു. നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക് അയച്ചുനൽകും. അവിടെനിന്ന് ആപ്പുകളിൽ അപ്േലാഡ് ചെയ്യും. ഒരു ആപ്പ് വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.
ലോക്ഡൗണിൽ ബിസിനസ് പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ ആസ്ഥാനമായ അടുത്ത ബന്ധുവായ പ്രദീപ് ബക്ഷിയുടെ കെന്‍ റിൻ ലിമിറ്റഡുമായി പങ്കാളിത്തത്തിലേർെപ്പട്ടായിരുന്നു പിന്നീടുള്ള പ്രവർത്തനം. രാജ് കുന്ദ്ര വിഡിയോകൾ ഇന്ത്യയിൽനിന്ന് ആപ്പുകളിൽ അപ്ലോഡ് ചെയ്തിരുന്നില്ല. വിട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചുനൽകുകയും അവിടെവെച്ച് ആപ്പുകളിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. വിഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വെച്ചായിരുന്നു.
അതേസമയം അശ്ലീല ചിത്ര നിര്‍മാണവുമായി നടി ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. കേസില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് നിലപാട്. സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ശില്‍പ ഷെട്ടി കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ശില്‍പക്ക് പകരം കരിഷ്മ കപൂറായിരിക്കും ഷോയില്‍ പങ്കെടുക്കുക.
ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം. ഇന്ത്യയില്‍ കോവിഡ് 19 മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റ് എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ഗവേഷകരായ അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സാന്‍ഡേഫര്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്.
രാജ്യത്ത് ഇതുവരെ 4.18 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ മരണസംഖ്യ. എന്നാല്‍ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ മരണ സംഖ്യ 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പഠനം പറയുന്നത്.
2020ല്‍ ശക്തമായ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വലിയതോതില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപകമായതോടെ രാജ്യത്തിന്റെ ചികിത്സാ സംവിധാനം നിറഞ്ഞുകവിഞ്ഞു. മേയ് മാസത്തില്‍ മാത്രം 1,70,000 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നുണ്ടെന്ന് പഠനം പറയുന്നു.
ഇന്ത്യയിലെ മരണനിരക്ക് സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഡാറ്റയാണ് പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് മുന്‍പ് രാജ്യത്തെ മരണനിരക്കുമായി താരതമ്യം ചെയ്താണ് കോവിഡ് മരണങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. നിലവില്‍ വിലയിരുത്തപ്പെടുന്നതിനേക്കാള്‍ രൂക്ഷമാണ് കോവിഡിന്റെ ആദ്യ തരംഗത്തിലെ മരണനിരക്കെന്നാണ് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പഠനം പറയുന്നു.
പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കുണ്ടറയിലെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം . പാര്‍ട്ടി തര്‍ക്കമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും നിയമനടപടികള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി .
പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന് ശശീന്ദ്രന്‍റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയേ പ്രതിരോധത്തിലാക്കുന്നത്. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് . പാര്‍ട്ടി തര്‍ക്കമെന്ന് വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍സിപി നേതാക്കള്‍ക്കെതിരെ ഇന്നലെ രാത്രിയോടെ കുണ്ടറ പൊലീസ് കേസ് എടുത്തു.
ഈ കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ,ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും. ശശീന്ദ്രനെതിരെ പൊലീസ് കേസ് എടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ കുടുബത്തിന് കോടതിയെ സമീപക്കാനാവും . കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കേസില്‍ പ്രതിയായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാവും . ശശീന്ദ്രന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതി എന്‍ സി പി അന്വേഷിക്കുന്നുണ്ട് . മാത്യൂസ് ജോര്‍ജ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും പാര്‍ട്ടി തീരുമാനമെടുക്കുക.
എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയാതെ മുഖ്യമന്ത്രി ശശീന്ദ്രനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍ . എന്നാൽ കഴിഞ്ഞ മന്ത്രി സഭയുടെ കാലത്തും ശശീന്ദ്രന്‍ വിവാദങ്ങളിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ പകരം മന്ത്രിയായതു കുട്ടനാട്ടിൽ നിന്നും ഉള്ള തോമസ് ചാണ്ടി ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം പകരം കുട്ടനാട്ടിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുത്ത എൻസിപി അംഗം തോമസ് കെ തോമസിന് ആയിരിക്കും ഇത്തവണ ശശീന്ദ്രന്‍റെ സ്ഥാനം തെറിച്ചാൽ മന്ത്രി സ്ഥാനത്തിന് നറുക്കു വീഴുക.
ജനിതകരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ബാലന് ഇമ്രാന് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ ആരിഫിന്റെ മകനാണ്.
ഇമ്രാന്റെ രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിന് 18 കോടി രൂപ ആവശ്യമായിരുന്നു. തുടര്‍ന്ന് പണം സ്വരൂപിച്ചുകൊണ്ടിരിക്കെയാണ് കുട്ടി മരിച്ചത്. 16.5 കോടി രൂപയോളം കണ്ടെത്തിയിരുന്നു.
കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇമ്രാന് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശരീരത്തിലെ പേശികള്‍ ശോഷിക്കുന്ന എസ്എംഎ എന്ന അപൂര്‍വ രോഗമാണ് ഇമ്രാനെ ബാധിച്ചത്. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം കുട്ടിയില്‍ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആരിഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഇമ്രാന്റെ ജീവൻ പിടിച്ചു നിർത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുടുംബവഴക്കിനിടെ യുവതി തലയ്ക്കടിയേറ്റു മരിച്ചു. കാഞ്ഞിരത്തിങ്കല്‍ കൊറത്തിക്കുണ്ട് കോളനിയിലെ അരുണ്‍ എന്ന അനില്‍കുമാറിന്റെ ഭാര്യ സുമിത(23)യാണു മരിച്ചത്. സംഭവത്തിൽ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ അനില്‍കുമാര്‍ സുമിതയുമായി വഴക്കുണ്ടാക്കിയിരുന്നു. അടുത്ത ബന്ധുവായ മറ്റൊരു യുവാവുമായി സുമിതയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഇതിനിടയില്‍ സുമിതയെ മര്‍ദിക്കുകയും മുറിക്കകത്തിട്ട് പൂട്ടുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീണ്ടും വാക്കേറ്റം മൂര്‍ച്ഛിക്കുകയും അനില്‍കുമാര്‍ സുമിതയെ വിറകുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇയാള്‍തന്നെയാണ് മുറി തുറന്ന് പുറത്തിറങ്ങി കുടുംബാംഗങ്ങളെ വിവരമറിയിച്ചത്. സുമിതയുടെ അമ്മ ജാനകിയും അനിൽകുമാറിന്റെ വല്യമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ സുമിതയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാസര്‍ഗോഡ് ആര്‍ഡിഒ അതുല്‍ എസ്. നാഥിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബേക്കല്‍ ഡിവൈഎസ്പി സി.കെ. സുനില്‍ കുമാര്‍, ബേഡകം സിഐ ടി. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കുണ്ടംകുഴി വാവടുക്കത്തെ കുമാരന്റെയും ജാനകിയുടെയും മകളായ സുമിതയും അനില്‍കുമാറും നാലുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായതായിരുന്നു. രണ്ടുവയസുള്ള അതുല്‍ദേവ് ഏക മകനാണ്.
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പാലത്തിന്റെ കൈവരിയില്‍ കണ്ടെത്തി. ഡിയോറിയ ജില്ലയിലെ രാംപുര്‍ കാര്‍ഖാന പ്രദേശത്താണ് സംഭവം.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ നേഹ പസ്വാന്(17)ആണ് മരിച്ചത്. അമ്മാവന് അരവിന്ദിന്റെ വസ്ത്രം കഴുകിയതിന് അദ്ദേഹം നേഹയെ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന് പോലീസിനോടു പറഞ്ഞു. മര്‍ദനത്തില്‍ നേഹയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നേഹ മരിച്ചുവെന്നും മൃതദേഹം ബന്ധുക്കള്‍ പുഴയിലേക്ക് എറിഞ്ഞുവെന്നും എന്നാല്‍ മൃതദേഹം പാലത്തിന്റെ കൈവരിയില്‍ കുടുങ്ങി കിടന്നതാണെന്നും സഹോദരന് വിവേക് പോലീസിനോടു പറഞ്ഞു.
നേഹയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
കോവിഡ് ബാധിച്ച് അയല്‍വാസി മരണപ്പെട്ടതിന്റെ ആഘാതത്തില്‍ പുറത്തിറങ്ങാതെ ഒരു കുടുംബം വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നരവര്‍ഷം.ആന്ധ്രപ്രദേശിലെ റസോളിലാണ് സംഭവം. കോവിഡ് ഭീതിയെ തുടര്‍ന്ന് അമ്മയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബം കഴിഞ്ഞ 15 മാസമായി വീടിന് പുറത്തിറങ്ങിയിട്ടില്ല.
അവശ്യ വസ്തുക്കള്‍ വാങ്ങാനായി മാത്രം അച്ഛന്‍ പുറത്തേക്കിറങ്ങാറുണ്ട്. ഒരു ചെറിയ ഇരുണ്ട മുറിയില്‍ അടച്ചിരുന്ന മൂന്ന് സ്ത്രീകളെയും പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. മാസങ്ങളായി വീട്ടിലെ സ്ത്രീകള്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകരാണ് പോലീസില്‍ വിവരം അറിയിച്ചത്.
കോവിഡ് ഭീതിയെ തുടര്‍ന്ന് മാസങ്ങളായി മൂന്ന് സ്ത്രീകള്‍ ഒരു മുറിയില്‍ അടച്ചിക്കുകയാണെന്നും അവരുടെ പിതാവ് മാത്രമാണ് വീട്ടില്‍ നിന്ന് പുറത്തുപോകുന്നതെന്നും ഞങ്ങള്‍ക്ക് ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വിവരം ലഭിക്കുകയായിരുന്നു,” പോലീസ് ഉദ്യോഗസ്ഥനായ കൃഷ്ണാചാരി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരുമായാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ വിഷാദ രോഗാവസ്ഥയിലായിരുന്നു. മൂന്ന് സ്ത്രീകളെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു
മകന്‍ അഭിനന്ദിനെയും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി കെകെ രമ എംഎല്‍എ.
കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയില്‍ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങള്‍ പഠിപ്പിച്ചത്. ടിപി ചന്ദ്രശേഖരന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാര്‍ട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിപിയുടെ ജീവനെടുത്തത്.
മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികള്‍ കൊണ്ട് ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദര്‍ശിച്ചു തന്നെയാണ് ഈ വഴി തെരഞ്ഞെടുത്തത്. ക്വട്ടേഷന്‍ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല, നിലപാടുകള്‍ക്കായി ജീവന്‍ കൊടുക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഈ മണ്ണില്‍ തെളിയിക്കുക തന്നെ ചെയ്യുമെന്ന്
കെകെ രമ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
‘ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ്. എൻ വേണുവിനും എന്റെ മകൻ അഭിനന്ദിനും നേരെ വധഭീഷണിയുമായി എം.എൽ.എ ഓഫീസിന്റെ മേൽവിലാസത്തിൽ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയിൽ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങൾ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ടി.പി.ചന്ദ്രശേഖരന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും, വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാർട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണല്ലോ ടി.പി.യുടെ ജീവനെടുത്തത്.
മകൻ അഭിനന്ദിനും അതായിരിക്കും വിധി എന്നാണ് ഭീഷണി. എൻ വേണുവിനെയും കൊലപ്പെടുത്തുമെന്നും സി പി എം നേതാക്കളിരിക്കുന്ന ചാനൽ ചർച്ചകളിൽ കണ്ടു പോവരുതെന്നും കത്ത് തുടരുന്നു.
ജീവന്റെ പാതിയല്ല, ജീവൻ തന്നെ പകുത്തു നൽകിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളത്. 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതിൽ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആർ.എം.പി.ഐ
എന്ന പാർട്ടിയുടെ ചെങ്കൊടിത്തണലിൽ നിലയുറപ്പിച്ചിട്ടുള്ള ഓരോ സഖാക്കളും. പരസ്പരം പകർന്ന ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആർ.എം.പി.ഐ യുടെ ഇതുവരെയുള്ള മുന്നോട്ട് പോക്ക്.
ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങൾക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല. അവസാനത്തേതുമായിരുന്നില്ല.
ആറോളം സഖാക്കൾക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളുടെ തുടർച്ചയിലാണ് ടി.പി. കൊല്ലപ്പെടുന്നത്. അതോടെ താൽക്കാലിക വിരാമമായ ആക്രമണ പരമ്പരകൾ 2016ലെ സി.പി.എംന്റെ അധികാര ലബ്ധിയോടെ വീണ്ടും തുടങ്ങുകയുണ്ടായി.
കടുത്ത പ്രതിസന്ധികളിലും പതറാതെ, ഒട്ടും മനസ്സാന്നിദ്ധ്യം ചോർന്നു പോവാതെ ഞങ്ങളുടെ പ്രസ്ഥാനത്തെ നയിച്ച നേതൃത്വധീരതയാണ് സഖാവ് എൻ. വേണു.
ഇതര മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്നുനിന്ന് സ്വൈര്യ ജീവിതത്തിന്റെ സാമൂഹ്യാന്തരീക്ഷം ഒഞ്ചിയത്തും ഏറാമലയിലുമൊക്കെ ഒരു പരിധിവരെയെങ്കിലും തിരികെപ്പിടിക്കാൻ കഴിഞ്ഞതും സഖാവ് വേണുവിന്റെ നേതൃപാടവം കൊണ്ടുതന്നെയാണ്. തെരെഞ്ഞെടുപ്പു വിധികളിലൂടെ ഒഞ്ചിയത്തും വടകരയിലും നിരന്തരമായി ജനത തങ്ങളെ തള്ളിക്കളയുന്നതിന്റെ ജാള്യം സി.പി.എംന് മറച്ചു വയ്ക്കാൻ സാധിക്കുന്നില്ല. അത്തരമൊരു അന്തരീക്ഷം രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കു വഹിക്കുന്ന സഖാവ് എൻ വേണുവിനോടും ആർ.എം.പി.ഐ യോടുമുളള സി.പി.എം നേതൃത്വത്തിന്റെ വിദ്വേഷവികാരം മനസ്സിലാക്കാം. എന്നാൽ മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികൾ കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദർശിച്ചു തന്നെയാണ് ഞങ്ങളീ വഴി തെരഞ്ഞെടുത്തത്.
പി.ജെ. ബോയ്സ് , റെഡ് ആർമി തുടങ്ങിയ പേരുകളിൽ കണ്ണൂരിൽ നിന്നുള്ളവർ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. പി.ജെ ആർമിയുടെയും കണ്ണൂരിലെ സി.പി.എംന്റെ സൈബർ വിംഗുകളുടെയും നെടുനായകരായിരുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുമൊക്കെ കേരളത്തിൽ പടുത്തുയർത്തിയ സമാന്തര അധോലോക സമ്പദ് സാമ്രാജ്യങ്ങൾ ഭയാനകമാണ്. അതിനെ തുറന്ന് കാട്ടിയതാണ് ഇപ്പോഴത്തെ ഭീഷണിയുടെ ചേതോവികാരം . ഒഞ്ചിയത്ത് പിജെ ആർമിയുടെ പേരിൽ ഒരു വണ്ടി സി.പി.എംന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതൊക്കെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.
പോലീസിനോട് ചിലതു പറയാനുണ്ട്. അജ്ഞാത ഭീഷണിയുടെ നിഴലിലുള്ള ഞങ്ങളെ സുരക്ഷയുടെ പേരിൽ നിങ്ങളുടെ വലയത്തിൽ വെയ്ക്കുകയല്ല, നിങ്ങളുടെ ആഭ്യന്തര വകുപ്പുമായി രാഷ്ട്രീയ ബന്ധമുള്ള ഈ ക്രിമിനൽ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും തുറുങ്കിലടയ്ക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. പൊതു ജനങ്ങളിൽ ആശങ്ക പടർത്തി, ഞങ്ങളുടെ പ്രവർത്തകരുടെ ആത്മവിശ്വാസം തകർത്ത് ജനങ്ങളിൽ നിന്നകന്ന് സുരക്ഷാ വലയത്തിൽ ഒതുങ്ങി നിൽക്കാൻ എന്തായാലും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായതാണ് സഖാക്കാൾ കെ.കെ.ജയനും പുതിയടുത്ത് ജയരാജനും നേരെ നടന്ന ആക്രമണം. ഇത്രയും കാലം കഴിഞ്ഞിട്ടും അതിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത നിങ്ങളുടെ സവിശേഷ പരിമിതി തുടരുന്നിടത്തോളം ഇത്തരക്കാർ പെരുകുക തന്നെ ചെയ്യും.
ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വധഭീഷണിക്കത്ത് വരികയുണ്ടായി. പ്രതിപക്ഷ ശബ്ദങ്ങളെ ഇങ്ങനെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കി നമ്മുടെ ജനാധിപത്യ പ്രക്രിയ തന്നെ റദ്ദ് ചെയ്തു കളയുന്ന ഇത്തരം ഗൂഡ ശ്രമങ്ങളെ ജനകീയ ജാഗ്രതകൊണ്ട് ചെറുത്തു തോല്പിക്കേണ്ടതുണ്ട്.
ക്വട്ടേഷൻ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല., നിലപാടുകൾക്കായി ജീവൻ കൊടുക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഞങ്ങളീ മണ്ണിൽ തെളിയിക്കുക തന്നെ ചെയ്യും’.
കെ.കെ രമ
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്.
ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അനന്യ ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌തത്. ശസ്‍ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാമോ ചുമക്കാനോ തുമ്മാനോ കഴിയുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഡി.എസ്.ജെ.പി. സ്ഥാനാര്‍ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുസ്ലിം ആഘോഷമാണ് ബക്രീദ്. ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ എന്നും ഈദ് അല്‍ അദാ എന്ന പേരിലും ബക്രീദ് ആഘോഷിക്കുന്നു. ‘അദാ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ബലി’ എന്നാണ്. ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദിനെ വിശേഷിപ്പിക്കുന്നത്. ബലി പെരുന്നാള്‍ എന്ന വാക്കില്‍ നിന്ന് ‘വലിയ പെരുന്നാള്‍’ എന്ന പേരും ഈ ആഘോഷത്തിന് ലഭിച്ചു. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നാണ് അറവുമാടുകളെ ബലികൊടുക്കുന്നത്.
ദൈവത്തിന്റ കല്‍പന അനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി ആദ്യ പുത്രനായ ഇസ്മായിലിനെ ബലികൊടുക്കാന്‍ തീരുമാനിച്ചു. അതിലൂടെ അദ്ദേഹം ദൈവത്തിന്റെ പരീക്ഷണത്തെ വിജയിച്ചു. ബലി നല്‍കുന്ന സമയത്ത് ദൈവദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ എന്നാണ് വിശ്വാസം.
ദൈവപ്രീതിക്കായി മനുഷ്യരെ ബലി നല്‍കരുതെന്ന സന്ദേശവും ഈ സംഭവം നമുക്ക് മനസിലാക്കിത്തരുന്നു. 400 ഗ്രാം സ്വര്‍ണ്ണത്തില്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീം വിശ്വാസിയും ബലി നല്‍കണം എന്നാണ് നിയമം. ഇത് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഭാഗമായി കാണുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ത്ഥന. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ല. പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.
ഒത്തുചേരലില്ലാതെ കോവിഡിന്റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷിക്കുക. പള്ളികളില്‍ 40 പേര്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാം. ഇത് സാമൂഹിക അകലം പാലിച്ചായിരിക്കണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല.വീടുകളില്‍ ഇരുന്ന് ആഘോഷങ്ങളില്‍ പങ്കെടുത്ത് കോവിഡിനെതിരെയുള്ള പോരാട്ടം കൂടിയാണ് ഈ പെരുന്നാള്‍.
അതേ സമയം പെരുന്നാളിന് കിട്ടിയ ഇളവില്‍ കച്ചവട സ്ഥാപനങ്ങള്‍ സജീവമായിരുന്നു. ഇളവു ലഭിച്ച രണ്ടു ദിവസവും അത്ര തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും ഇന്ന് മിഠായിത്തെരുവ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ നിറഞ്ഞു.