എടത്വ:ജനിച്ച ഉടൻ അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ഓണക്കോടിയുമായി സൗഹൃദവേദി എത്തി.
അമ്മൂമ്മ വത്സലയുടെ ആശ്രയത്തിൽ കഴിയുന്ന എടത്വ സ്വദേശി ജയന്തൻ്റെയും വത്സലയുടെയും ഏകമകൾ ജയന്തിയുടെ പെൺകുഞ്ഞിനാണ് ഓണക്കോടിയുമായി സൗഹൃദവേദി എത്തിയത്.
വത്സലയുടെ ഭർത്താവിൻ്റെയും മകൾ വാസന്തിയുടെയും ജീവൻ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നതോടെ പിഞ്ചു കുഞ്ഞിൻ്റെ സംരക്ഷണത്തിന് വത്സല മാത്രമാണുള്ളത്. എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് വത്സല മകളെ വിവാഹം കഴിപ്പിച്ചത്. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വീടും സ്ഥലവും ഇല്ലാതെ ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി വാസന്തി ജീവിത ദുരിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. വാസന്തിയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ഫീസ് അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചിട്ടില്ല.ഭർത്താവ് മരപ്പണിക്കാരൻ ആയിരുന്നു .മകൻ്റ പഠനത്തിനും കുഞ്ഞിൻ്റെ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെ ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് ജീവിത പ്രതീക്ഷകൾക്ക് ചിറകു നൽകാൻ ‘അകലെയാണെങ്കിലും അരികിലുണ്ട് ‘ എന്ന സന്ദേശവുമായി എടത്വ സൗഹൃദ വേദി എത്തിയത്.
സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളായ രജീഷ് കുമാർ പി വി, പി ഡി സുരേഷ്, എൻ ജെ സജീവ് എന്നിവർ കഴിഞ്ഞ മാസം വത്സല താമസിക്കുന്ന പുറക്കാട്ട് എത്തിയത്.ദുരിതങ്ങളിൽ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് അവർ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും കൂടാതെ കുഞ്ഞിനുള്ള ഭക്ഷ്യവസ്തുക്കളും വത്സലയ്ക്കും മകനും ഉള്ള ഭക്ഷ്യകിറ്റും,മാസ്ക്കും സാനിറ്റൈസറും നൽകിയാണ് കഴിഞ്ഞ മാസം അവർ മടങ്ങിയത്.
കുഞ്ഞിന് ആവശ്യമായ ബേബിഫുഡും മറ്റ് കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ മുടങ്ങാതെ എത്തിക്കുമെന്ന് നല്കിയ വാഗ്ദാനമാണ് സൗഹൃദ വേദി ഭാരവാഹികൾ നിറവേറ്റിയത്.സുമനസ്സുകളുടെ സഹായത്തോടെ ഇവർക്ക് ഒരു വീട് നൽകാൻ പദ്ധതിയുണ്ടെന്നും ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസി (മനു) ൻ്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. കൂടാതെ വത്സലയുടെ മകന് കോളജിൽ അടയ്ക്കാൻ ള്ള 36000 രൂപയും നല്കും.
ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഓണ സമ്മാനമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ ഓണാശംസകള്‍
‘ഇന്ത്യയില്‍ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അതിനെ മറ്റുള്ളവരില്‍ നിന്നും അതുല്യമാക്കുന്നു. ഈ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വലിയ ആഘോഷമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു’ – മാര്‍ക്ക് മക്‌ഗൊവന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സാംസ്‌കാരിക വൈവിദ്യമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ മുഖമുദ്ര. അതില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ നമ്മുടെ സംസ്ഥാനത്തിന് നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവന രംഗത്ത് മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയ മലയാളി സമൂഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനായ മാവായുടെ (മലയാളി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും പ്രീമിയര്‍ പ്രശംസിച്ചു. മലയാളത്തില്‍ നന്ദിയും അര്‍പ്പിച്ചുകൊണ്ടാണ് മക്‌ഗൊവന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിനാണ് അനുമതി ലഭിച്ചത്.
സൂചി രഹിത വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുള്ള വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയിരുന്നു.
സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. അവസാനഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാവും സൈക്കോവ് ഡി.
നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
കാബൂള്‍ വിമാനത്താവളത്തിന് സമീപം 150 ഓളം ആളുകളെ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഇന്ത്യാക്കാരാണ് കൂടുതലെന്നും പ്രാദേശികമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
വ്യോമസേനാ വിമാനം 85 ഇന്ത്യക്കാരുമായി കാബൂള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍പ്പെട്ടവരെയാണ് തടഞ്ഞു വെച്ചതെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.
മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.
കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.
ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.
ബിജോ തോമസ് അടവിച്ചിറ
പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.
അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.
പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.
ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.
കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പോസ്റ്റർ പ്രതിഷേധം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ നിര്‍ദേശിച്ചതില്‍ വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി കൊടിക്കുന്നില്‍ നിർദേശിച്ചത് രാജേന്ദ്രപ്രസാദിനെയാണ്. ഇതിനെതിരെയാണ് പ്രവർത്തകർ രൂക്ഷ വിമർശനം ഉന്നയിച്ചത്.
പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നില്‍ തീരുമാനിക്കുന്ന തരത്തില്‍ തീറെഴുതാന്‍ തറവാട് സ്വത്തല്ലന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത ‘പോത്തന്‍കോടു ‘കാരന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് കാര്യമെന്നും പോസ്റ്ററിലൂടെ പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസം. രാജേന്ദ്രപ്രസാദ് പടുകിഴവനെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.
കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം. ‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?’യെന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സിനിമാതാരങ്ങൾ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പരിഹാസം. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സാധാരണക്കാർക്ക് പെറ്റിയടിക്കുന്ന പൊലീസ് സാമൂഹ്യ അകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.
‘സാമൂഹ്യ അകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ… കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് പോരെ…’- എന്നാണ് കോൺഗ്രസ് നേതാവ് കുറിച്ചത്.
കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാർത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്. മാസ്‌ക് ധരിക്കാതെ താരങ്ങൾ ഇറങ്ങി വരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ, കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.
ഫേസ്ബുക്കിലൂടെ മക്കയേയും സൗദി രാജാവിനേയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന കർണാടക സ്വദേശി മോചിതനായി നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ തടങ്കലിലായിരുന്ന ഹരീഷ് ബംഗേരയാണ് 20 മാസത്തിന് ശേഷമാണ് നാട്ടിലെത്തിയത്.
ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ ഭാര്യ സുമനയും മകൾ ഹനിഷ്‌കയും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. 2019 ഡിസംബർ 20നാണ് ഹരീഷിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഉടുപ്പിയിലെ കുന്ദപുർ സ്വദേശിയാണ്. ഭർത്താവിനെ തിരികെ എത്തിക്കാൻ സഹായിച്ചവർക്ക് ഭാര്യ സുമന നന്ദി അറിയിച്ചു. അങ്കണവാടി ടീച്ചറാണ് സുമന. ആറ് വർഷത്തോളമായി ഹരീഷ് സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദമാമിലെ ഒരു കമ്പനിയിൽ എസി ടെക്‌നീഷിന്യായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരീഷ് സൗദി പോലീസിന്റെ പിടിയിലാകുന്നത്.
അതേസമയം, കഴിഞ്ഞ വർഷം ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയിൽ രണ്ടു പേരെ ഉടുപ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹരീഷിന്റെ മോചനത്തിലേക്ക് നയിച്ചത്.