India

ശ്മശാനത്തിലേക്ക് തകർന്ന് വീണ വിമാനത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. ട്രോളുകളിലും അക്കഥ പാടി നടക്കുന്നവരെയും കാണാം. ഇന്നലെ ബിജെപി നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ സംസാരിക്കുമ്പോഴാണ് വിമാനത്തിന്റെ കഥ പറഞ്ഞത്. മുൻപ് അദ്ദേഹം പെട്രോൾ വില വർധനവിനെ കുറിച്ച് പറഞ്ഞ ന്യായീകരണം ഇതുപോലെ വൈറലായിരുന്നു.

‘വിമാനം തകർന്ന് ശ്മശാനത്തിൽ വീണു. പിന്നീട് അവിടെ നിന്ന് ആളുകൾ തപ്പിയെടുത്തു. രണ്ടായിരം മൃതദേഹങ്ങൾ കിട്ടി. ആ രണ്ടായിരം ബോഡികൾ വിമാനത്തിലുള്ളവരുടെ ആണെന്നാണോ അതിന്റെ അർഥം. ആരുടെയെങ്കിലും കയ്യിൽ നിന്നും പണം കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം ധർമരാജന്റെ ആണെന്ന് എങ്ങനെയാ തെളിയിക്കുന്നത്.’ ഇതായിരുന്നു മുരളീധരന്റെ വാദം.

ഇതിന് പിന്നാലെ പഴയ പെട്രോൾ സിദ്ധാന്തത്തിന്റെ അത്രപോരെന്നും ബംഗാളിൽ പോയിട്ട് വന്ന ശേഷമുള്ള മാറ്റങ്ങളുമാണ് ഇതെല്ലാമെന്നും ട്രോളുകൾ നിറയാൻ തുടങ്ങി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ ഡയലോഗ് പോലെ തോന്നുന്നു എന്നും ട്രോളുന്നവരെയും കാണാം.

 

കോവിഡ്‌ വ്യാപനത്തോത് പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടി. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകും.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ആശുപത്രികൾക്ക്‌ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സഹായം നൽകും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.

വാഹന ഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറക്കാം. മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല. ഹൈക്കോടതി നിർദേശ പ്രകാരം അഭിഭാഷകരെയും അവിടുത്തെ മറ്റ്‌ ഉദ്യോഗസ്ഥരെയും വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ്‌ തൊഴിലാളികൾക്കും മുൻഗണന നൽകും.

വയോജനങ്ങളുടെ വാക്‌സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്‌. അവശേഷിക്കുന്നവർക്ക്‌ കൂടി ഉടൻ കൊടുത്തു തീർക്കും. സി കാറ്റഗറി കോവിഡ്‌ രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്‌പിറേറ്ററി തെറപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാൻ വിദഗ്‌ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടികളിലെ കോവിഡ്‌ ബാധയെപ്പറ്റി ശാസ്ത്രീയമായി പരിശോധിക്കും. വിദേശ രാജ്യങ്ങളിൽ കോവാക്‌സിന്‌ അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട്‌ ഡോസ്‌ കോവാക്‌സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത്‌ ചെയ്യാനാകുമെന്ന്‌ പരിശോധിക്കും.

നീറ്റ്‌ പരീക്ഷയ്ക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യു ഓഫിസുകളിൽ പോയി വാങ്ങേണ്ടതുണ്ട്‌. സർട്ടിഫിക്കറ്റുകൾ ഇ ഡിസ്‌ട്രിക്റ്റ്‌ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക്‌ ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി. എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് 10 ലക്ഷം നൽകിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്ന് അവകാശപ്പെട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത രംഗത്ത്. സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഫോൺ സംഭാഷണങ്ങളുടെ കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്നും തന്നെ അവഹേളിക്കാൻ ശ്രമിച്ചാൽ ഈ ശബ്ദ രേഖകളെല്ലാം പുറത്തു വിടുമെന്നും പ്രസീത ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സികെ ജാനുവിനു ബിജെപി സംസ്ഥാന അധ്യക്ഷൻ പണം നൽകിയതുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തൽ നടത്തിയതോടെ ബിജെപിക്കാർ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും പ്രസീത ആരോപിക്കുന്നു. ഇനിയും ഉപദ്രവിച്ചാൽ കൂടുതൽ രേഖകൾ പുറത്തു വിടുമെന്നാണ് പ്രസീത പറയുന്നത്. സരിത 2.0 എന്നു വിശേഷിപ്പിച്ചാണു സന്ദേശങ്ങൾ അയയ്ക്കുന്നത്. ഇതിനെതിരെ നിയമവഴി തേടുമെന്നും പ്രസീത പറഞ്ഞു.

‘ജെആർപി-എൻഡിഎയുടെ ഭാഗമാവുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളുടെയും സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടും പ്രചാരണ നാളുകളിലുമെല്ലാം ബിജെപി നേതാക്കളുമായി സംസാരിച്ചതിന്റെയുമെല്ലാം ശബ്ദരേഖകൾ കൈവശമുണ്ട്. കൂടുതൽ പ്രകോപിപ്പിക്കാനും അവഹേളിക്കാനുമാണു ബിജെപി നേതാക്കളുടെ ശ്രമമെങ്കിൽ ഇവയെല്ലാം പുറത്തുവിടേണ്ടിവരും. പിന്നെ ആദർശംപറഞ്ഞ് തലയുയർത്തി നടക്കാൻ അവർക്കു കഴിഞ്ഞെന്നുവരില്ല,’-പ്രസീത പറഞ്ഞതിങ്ങനെ.

നേരത്തെ, 10 കോടി രൂപയാണു സികെ ജാനു സ്ഥാനാർത്ഥിയാകാനായി ആവശ്യപ്പെട്ടതെന്നും ഇതിന്റെ ആദ്യഘഡുവായിട്ടാണു പത്ത് ലക്ഷം രൂപ നൽകിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്. പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ മാർച്ച് ആറിന് തിരുവനന്തപുരത്തു വന്നാൽ പണം നൽകാമെന്നും തെരഞ്ഞെടുപ്പു സമയം ആയതിനാൽ പണം കൊണ്ടുനടക്കാൻ കഴിയില്ലെന്നായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞ്.

18 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ സൗജന്യമായി കേന്ദ്രസർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ വാക്‌സിൻ നയം പരിഷ്‌കരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യും. വിദേശത്തുനിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

75 ശതമാനം വാക്‌സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും. 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികളിലൂടെയായിരിക്കും വിതരണം ചെയ്യുക. ഇതിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യം രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചു. 23 കോടി വാക്‌സിൻ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളിൽ വാക്‌സിൻ വിതരണം വർധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികളാണ് വിവിധ വാക്‌സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് വാക്‌സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്.

കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്‌സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വർധിച്ചു. ഓക്‌സിജൻ എത്തിക്കാൻ അടിയന്തര നടപടികളാണ് സ്വീകരിച്ചതെന്നും രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ഉത്പാദനം പത്തിരട്ടിയാക്കി വർധിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോളാണ്. കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്‌സിൻ. ലോകത്ത് വാക്‌സിൻ നിർമാണം കുറവാണ്. ലോകത്തിന്റെ ആകെ ആവശ്യത്തിന് ആനുപാതികമായി ലോകത്ത് വാക്‌സിൻ നിർമാതാക്കളില്ലെന്നും നമുക്ക് വാക്‌സിൻ ഇല്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി എന്താവുമായിരുന്നെന്നും മോഡി ആശങ്ക പങ്കുവെച്ചു.

തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ഇയാളുടെ യഥാര്‍ത്ഥ പേര് വിവരങ്ങള്‍ സംഘടന പുറത്ത് വിട്ടിട്ടില്ല. നോ യുവര്‍ മാര്‍ട്ടിയേഴ്‌സ് എന്ന ഐ.എസിന്റെ രേഖകളില്‍ ക്രിസ്ത്യാനിയായിരുന്ന ഇയാള്‍ മതംമാറി അബൂബേക്കര്‍ അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ചതായും വെളിപ്പെടുത്തുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ഇന്ത്യന്‍ രക്തസാക്ഷി എന്നാണ് ഇയാളെ കുറിച്ച് സംഘടന വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ യഥാര്‍ത്ഥ പേരും മറ്റും വിവരങ്ങളും രേഖയില്‍ ഇല്ല. എന്നാല്‍ നേരത്തേ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും മറ്റും ഇവര്‍ പുറത്ത് വിട്ടിരുന്നു.

ഗള്‍ഫിലേക്ക് വരുന്നതിന് മുമ്പ് കൊല്ലപ്പെട്ട വ്യക്തി ബംഗളൂരുവിലാണ്് ജോലി ചെയ്തിരുന്നത്. നിരവധി എന്‍ജിനിയര്‍മാരുളള ഒരു സമ്പന്ന കുടുംബത്തിലാണ് ഇയാള്‍ ജനിച്ചതെന്നാണ് തീവ്രവാദ സംഘടന വെളിപ്പെടുത്തുന്നത്. സുരക്ഷാ ഏജന്‍സികള്‍ ഇതു വരെ അബൂബേക്കര്‍ അല്‍ ഹിന്ദി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണെന്നും വ്യക്തമല്ല. അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും സുരക്ഷാ താവളങ്ങള്‍ നഷ്ടപ്പെട്ടതോടെ ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തനം ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് രഹസ്യാനേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014 ല്‍ ഐ.എസ് ഭീകരര്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

നിരവധി ഹിറ്റ് സിനിമകൾക്ക് തൂലികയിലൂടെ ജന്മം നൽകി മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ എസ്.എന്‍ സ്വാമി തനിക്ക് സംഭവിച്ച ഒരു പരാജയ സിനിമയെക്കുറിച്ച് പറയുകയാണ്.

2013-ലെ മോഹന്‍ലാലിന്‍റെ ആദ്യ റിലീസായി പുറത്തിറങ്ങിയ ‘ലോക്പാല്‍’ എന്ന സിനിമയെക്കുറിച്ചാണ് എസ്.എന്‍ സ്വാമിയുടെ തുറന്നു പറച്ചില്‍. മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്ന സിനിമയുടെ പ്രധാന പോരായ്മ തന്റെ തിരക്കഥയായിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ എസ്.എന്‍ സ്വാമി പറയുന്നു.

“ജോഷി സംവിധാനം ചെയ്തു ഞാന്‍ രചന നിര്‍വഹിച്ച ‘ലോക്പാല്‍’ എന്ന സിനിമ ഇറങ്ങും മുന്‍പേ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു. പക്ഷേ മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല. എന്റെ തിരക്കഥയുടെ പോരായ്മ തന്നെയാകാം അതിന്റെ കാരണം. ഒരു റൈറ്റര്‍ എന്ന നിലയില്‍ ആ സിനിമയുടെ പരാജയത്തിനു ഞാനും ഒരു പ്രധാനകാരണക്കാരനാണ്. ചില സിനിമകളുടെ വിധി അങ്ങനെയാണ്”. എസ്.എന്‍ സ്വാമി പറയുന്നു

കുഴൽപ്പണ വിവാദത്തിലും മറ്റും ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ തോല്‍വി ബിജെപി ദേശീയ നേതൃത്വത്തിന് വലിയ നിരാശയുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മൂന്നംഗ സമിയെ നിയോഗിച്ചിരിക്കുന്നത്. പരാജയം വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത ബിജെപി നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും നിലനില്‍ക്കെ ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കൊടകര കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.

നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുമെന്നതിനാല്‍ ലോക്ഡൗണുകളിൽ ഇളവുകൾ നൽകിത്തുടങ്ങാമെന്ന നിർദേശവും ചർച്ച ചെയ്യും.

കടുത്ത നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. മരണങ്ങളുടെ എണ്ണം കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും സര്‍ക്കാര്‍ തീരുമാനം

മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം.

പയ്യാവൂർ ചുണ്ടക്കാമ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവർ നിധിൻ രാജ് ഒ വി ( 40 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ബെന്നിയെന്നയാൾ ചികിത്സയിലാണ്.

ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

കോവിഡ് രോഗം ബാധിച്ചതോടെ മുമ്പ് കോവിഡിനെ നിസാരമാക്കി പുച്ഛിച്ചതൊക്കെ തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണയുടെ തുറന്ന് പറച്ചിൽ.

ജലദോഷപ്പനി പോലെയാണ് കോവിഡ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമാകുന്ന സമയത്ത് ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പറയുന്നു. കോവിഡിന്റെ കാര്യത്തിൽ രോഗമുക്തിയ്ക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നമ്മളെ തേടിവരികയെന്നും അങ്ങനെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും കങ്കണ വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് രോഗികൾക്ക് എതിരേയും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളേയും അവഹേളിക്കുന്ന തരത്തിൽ നിരവധി പ്രസ്താവനകൾ നടത്തിയ കങ്കണയുടെ തുറന്നുപറച്ചിലും ഇപ്പോൾ ചർച്ചയാവുകയാണ്.

‘കോവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിൽ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാൽ രോഗം ഭേദമാകുന്ന ഘട്ടത്തിൽ എനിക്കുണ്ടായ അനുഭവങ്ങൾ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു. ഏതെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാൽ അവയ്‌ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കും എന്നാൽ കൊറോണയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് നടക്കുക.’

രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണമെന്നും വൈറസ് ശരീരത്തെ തളർത്തുന്ന സമയമാണ് അതെന്നും കങ്കണ വീഡിയോയിൽ പറയുന്നു.

‘രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ ബോധത്തോടെ നമ്മൾ പ്രവർത്തിക്കുമ്പോൾ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. എനിക്ക് രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവർത്തിക്കുകയും ചെയ്തു.’-കങ്കണ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

Copyright © . All rights reserved