വിവാദ പ്രകൃതി ചികിത്സകൻ ചേര്‍ത്തല മോഹനന്‍ വൈദ്യന്‍ (65) നിര്യാതനായി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിലേക്ക്​ മാറ്റി.

ശ്വാസം മുട്ടൽ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. വൈദ്യശാസ്​ത്ര സംബന്ധമായ നിരവധി പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച ഇദ്ദേഹം, കോവിഡ് 19നു വ്യാജ ചികിത്സ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.

സംസ്​ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക്​​ വൈദ്യർ ചികിത്സ നടത്തിയിരുന്നു. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെ കോവിഡ്​ ചികിത്സയുടെ പേരിലാണ്​ കഴിഞ്ഞ വർഷം അറസ്റ്റ്ിലായത്​. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന്​ കേസെടുത്തത്​.

മാരരോഗങ്ങൾക്കുള്ള മരുന്ന് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടെന്നും അർബുദം എന്നത് വെറും പൊള്ളയായ രോഗമാണെന്നും മോഹനൻ വൈദ്യർ അവകാശപ്പെട്ടിരുന്നു. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സാരീതികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ”വീട്ടുമുറ്റത്ത് നിൽക്കുന്ന പച്ചമരുന്ന് കൊണ്ട് മാറ്റാനാകുന്ന രോഗമാണ് ക്യാൻസർ. എന്നാൽ ആധുനിക ചികിത്സാ രീതി ക്യാൻസറിനെ മാരക രോഗമായി ചിത്രീകരിച്ച് മനുഷ്യ ശരീരത്തിനു ഏറെ ദോഷകരമായ കീമോതെറാപ്പി പോലുള്ള ചികിത്സയിലൂടെ സൂക്ഷ്മകണങ്ങൾ പ്രവഹിപ്പിക്കുന്നു. യഥാർത്ഥത്തിൽ കീമോ ചെയ്യുന്നതാണ് ക്യാൻസർ രോഗത്തിനു അടിമയാക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞിരുന്നു.