മലേറിയയില്‍ നിന്നും ഡെങ്കിപ്പനിയില്‍ നിന്നും കൊറോണ വൈറസില്‍ നിന്നും രോഗമുക്തി നേടിയ രാജസ്ഥാനിലെ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ പാമ്പ് കടിച്ചു. രാജവെമ്പാലയാണ് കടിച്ചത്. എന്നാല്‍ ഇതില്‍ നിന്നും ഇയാന്‍ ജോണ്‍സ് എന്ന ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞ ദിവസം ഡിസ് ചാര്‍്ജ്ജ് ചെയ്തിരുന്നു. മേഖലയിലെ ഒരു ഗ്രാമത്തില്‍ വച്ച് പാമ്പുകടിയേറ്റ ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ കോവിഡ് പോസിറ്റീവ് ആയി പിന്നീട് രോഗമുക്തി നേടിയിരുന്ന ഇവാന്‍ ജോണ്‍സ് വീണ്ടും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കി. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇയാന്‍ ജോണ്‍സിന് ഇന്ത്യയില്‍ വച്ച് മലേറിയയും കോവിഡ് 19നും ബാധിച്ചിരുന്നതായി മകന്‍ സെബ് ജോണ്‍സ് പറഞ്ഞു.
ദക്ഷിണ ഇംഗ്ലണ്ടിലാണ് ഇവരുടെ സ്വദേശം. കോവിഡ് മൂലം നാട്ടിലേയ്ക്ക് മടങ്ങാതെ ഇന്ത്യയില്‍ സന്നദ്ധപ്രവര്‍ത്തനവുമായി തുടരുകയായിരുന്നു ഇയാന്‍ ജോണ്‍സ്. രാജസ്ഥാനില കരകൗശല വസ്തു നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ ഇംഗ്ലണ്ടില്‍ വില്‍ക്കാന്‍ ഇയാന്‍ ജോണ്‍സ് ഗ്രാമീണര്‍ക്ക് സഹായം നല്‍കിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് കിഫ്ബിയുടെ മസാല ബോണ്ടിനെകുറിച്ചും അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐയില്‍നിന്ന് തേടിയതായാണ് സൂചന. മസാല ബോണ്ടുമായി ബന്ധപ്പെട്ട സിഎജി യുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇത്.
മസാലാ ബോണ്ട് വാങ്ങിയ നടപടിയെ സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സിഎജിയുടെ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇതില്‍ സിഎജി ഭാഗമാകുന്നുവെന്ന വിമര്‍ശനമാണ് കേരള സര്‍ക്കാര്‍ ഉയര്‍ത്തിയത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാലബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിക്കുകയും ആ പണം വിവിധ കിഫ്ബി പദ്ധതികള്‍ക്കായി ചിലവാക്കുകയും ചെയ്തിരുന്നു.
ആര്‍ബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാന്‍ പറ്റില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത്. ഇതോടെ സിഎജിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിരാക്ഷേപ പത്രം മാത്രമാണ് ആര്‍ബിഐ നല്‍കിയതെന്നാണ് മറ്റൊരു വാദം
വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങി ലൈഫ് മിഷനിലും കെ ഫോണിലും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പല നിര്‍ണായക പദ്ധതികളിലും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയിലേക്കും അതിന്റെ പ്രധാന വരുമാനമാര്‍ഗമായ മസാല ബോണ്ടിലേക്കും കേന്ദ്ര ഏജന്‍സികള്‍കളുടെ അന്വേഷണം നീളുന്നത്.
യു.പിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് കൃത്യം നടത്തിയത്.
കൊലപാതകം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറഞ്ഞ പ്രതിയെ പൊലിസ് പിടികൂടി.
കേബിള്‍ ടി.വി ടെക്‌നീഷ്യനാണെന്ന് പറഞ്ഞാണ് പ്രതി വീട്ടില്‍ കയറിയതെന്നും കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലിസ് നിഗമനം. നിഷയെ കൊലപ്പെടുത്തുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്ത ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടില്‍ തങ്ങിയതായും പൊലിസ് പറഞ്ഞു.
ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നെന്നും യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.
മസ്കത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിന് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കെ.വി. സന്ദീവിനെയാണ് (47) അല്‍ ഹെയില്‍ ഭാഗത്ത് പൊതുസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സന്ദീവിനെ കാണാതാവുകയായിരുന്നു. തൂങ്ങിമരിച്ചതായാണ് ലഭിച്ച വിവരമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഒമാനില്‍തന്നെ സംസ്കരിക്കാനാണ് ഒരുങ്ങുന്നത്. മുലദയില് കഴിഞ്ഞ എട്ടുവര്‍ഷമായി വര്‍ക്ക്ഷോപ് മെക്കാനിക് ആയി ജോലി ചെയ്തുവരുകയായിരുന്നു സന്ദീവ്. സഹപ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.
നാട്ടില്‍നിന്ന് വിളി വരുമ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന വിവരം സഹപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നത്. അന്വേഷണത്തില്‍ സന്ദീവ് ബോര്‍ഡിങ് പാസ് സ്വീകരിച്ചിട്ടില്ലെന്നും വിമാനത്തില്‍ കയറിയിട്ടില്ലെന്നും മനസ്സിലായി. പിന്നീട് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെ. സുധാരകന് എം.പി ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചിരുന്നു.
സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം രംഗത്ത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നുമാണ് ഭാര്യ മിനിയുടെ കുടുംബത്തിന്റെ പരാതി.
സി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മകള്‍ മിനികൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങി കൃഷ്ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടുമെന്ന് അമ്മ സികെ വിജയകുമാരി പറഞ്ഞു.
ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു. അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ പറഞ്ഞു.
അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചു.
വിഷയം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ കുടുംബപ്രശ്നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് തിരിച്ചുചോദിച്ചു. കൃഷ്ണകുമാര്‍ ദ്രോഹിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോടും ആര്‍എസ്എസ് നേതാവ് സുഭാഷ് ജിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് സിനി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച കൊവിഡ് വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ സിഇഒ അറിയിച്ചു. ഈ നിരക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ വാക്‌സിന് ഒരു ഡോസിന് 1,854 രൂപമുതല്‍ 2595 വരെ വിലയാകും.
അതേസമയം 25 ഡോളര്‍ നിരക്കില്‍ വാക്സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളില്‍ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാല്‍ യൂറോപ്പിലേക്ക് വാക്സിന്‍ എത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിവരികയാണെന്നുമാണ് കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്‌സിന്‍ 94.5% ഫലപ്രദമാണെന്ന് കമ്പനിയുടെ അവകാശവാദം. ഫൈസറിന് ശേഷം കൊവിഡ് വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനി കൂടിയാണ് മൊഡേര്‍ണ.
മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫും കുടുംബവും. ജോ ജോസഫിന്റെ മരണത്തില്‍ നിരവധി പേരാണ് നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചത്. വെള്ളിയാഴ്ചയായിരുന്നു ജോ ജോസഫ് അന്തരിച്ചത്.
ജോ ജോസഫിന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഹോദരി യമുന ജോസഫ് ഇപ്പോള്‍. ‘ജോക്കുട്ടനുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്ന തലവാചകത്തോടെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ജോ ജോസഫ് പാടുന്ന ദൃശ്യങ്ങളാണ് യമുന പോസ്റ്റുചെയ്തിരിക്കുന്നത്.
1978ല്‍ റിലീസായ ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലെ പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് വീഡിയോയില്‍ പാടുന്നത്. നിങ്ങള്‍ക്കായി ജോക്കുട്ടന്‍ അന്താക്ഷരി കളിക്കുന്നതില്‍ നിന്ന് ചില നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പും യമുന വീഡിയോയൊടൊപ്പം ചേര്‍ക്കുന്നു.
സഹോദരങ്ങളായ അപ്പു ജോണ്‍ ജോസഫ്, ആന്റണി ജോസഫ് എന്നിവരെ ടാഗുചെയ്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 34 വയസ്സായിരുന്നു.
42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം ലണ്ടനില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് 42 വര്‍ഷം മുമ്പ് വിഗ്രഹങ്ങള്‍ മോഷണം പോയത്.
ലണ്ടനില്‍നിന്ന് കണ്ടെടുത്ത വിഗ്രഹം കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചു. വിഗ്രഹങ്ങള്‍ ചെന്നൈയില്‍ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു.1978-ലാണ് നാല് വെങ്കല വിഗ്രഹങ്ങള്‍ – പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്.
സീതാ-രാമ-ലക്ഷ്മണ-ഹനുമാന്‍ വിഗ്രഹങ്ങളാണ് അന്ന് മോഷണം പോയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ തിരിച്ചു കിട്ടിയത്. ഹനുമാന്‍ വിഗ്രഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്നാല്‍ വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് 1978ല്‍ പൊരയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ വിവരത്തെത്തുടര്‍ന്ന്, മോഷ്ടിച്ച നാല് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം ഈ വര്‍ഷം സെപ്റ്റംബറില്‍ ലണ്ടനിലെ ഒരു പുരാതന കളക്ടറില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് മൂന്ന് വിഗ്രഹങ്ങള്‍ (രാമ, ലക്ഷ്മണ, സീത) ഇന്ത്യന്‍ എംബസിക്ക് കൈമാറുകയായിരുന്നു. വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഈ ആഴ്ച ആദ്യം തമിഴ്നാട് സര്‍ക്കാരിന് കൈമാറി. വെള്ളിയാഴ്ച മുഖ്യമന്ത്രി കെ പളനിസ്വാമി ചെന്നൈയിലെ വിഗ്രഹങ്ങള്‍ പരിശോധിച്ച് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരേശ്വരിക്ക് കൈമാറി.
2020 ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെരഞ്ഞെടുപ്പ് കാലത്തേക്ക് വെള്ളാപ്പള്ളി നടേശന്റെ തിരിഞ്ഞ് നോട്ടം. 1962 ല്‍ നടന്ന സംഭവം പ്രമുഖ മാധ്യമ റിപ്പോർട്ട് ചെയുന്നു.
1962 ല്‍ മാരാരിക്കുളംവടക്ക് ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റുവെന്നും പിന്നീട് രാഷ്ട്രീയ മത്സരങ്ങള്‍ക്കു മുതിര്‍ന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
അതൊരു പ്രത്യേക ലോകമാണ്. അച്ഛന്‍ വെള്ളാപ്പള്ളി കൃഷ്ണന്‍ കേശവനും കുടുംബവും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. ആ പിന്തുടര്‍ച്ചയില്‍, സ്‌കൂളില്‍ കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചെങ്കിലും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു സ്ഥാനാര്‍ഥിയായി. സ്ഥലത്തെ പ്രധാന സമ്പന്ന കുടുംബത്തില്‍പ്പെട്ടയാളായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി വിഎസ് അച്യുതാനന്ദന്‍. വിഎസും കെആര്‍ ഗൗരിയമ്മയും സുശീല ഗോപാലനും കാളിക്കുട്ടി ആശാട്ടിയും തകഴി ശിവശങ്കരപ്പിള്ളയുമൊക്കെ എനിക്കു വേണ്ടി പ്രചാരണത്തിനു വന്നു.
പക്ഷേ, ‘പയ്യന്‍ പഞ്ചായത്തില്‍ പോകേണ്ട’ എന്ന കോണ്‍ഗ്രസിന്റെ പ്രചാരണം ഏറ്റു. 16 വോട്ടിനു ഞാന്‍ തോറ്റു. അക്കാലത്ത് എനിക്ക് ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സ് പ്രായം. അക്കാലത്ത്, ഈ പ്രദേശത്ത് എന്റെ എതിര്‍സ്ഥാനാര്‍ഥിയായ സമ്പന്ന കുടുംബത്തിലെ ആള്‍ക്കെതിരെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെടുന്ന കാലമാണ്. വോട്ടു തേടി വീടുകളില്‍ കയറാന്‍ പോലും എന്നെ അനുവദിച്ചില്ല. ഓരോ വീടുകള്‍ക്കു മുന്നിലും എതിര്‍ സ്ഥാനാര്‍ഥിയുടെ ആള്‍ക്കാര്‍ കാവല്‍ നിന്നു ഞങ്ങളെ തടഞ്ഞു.
ഒടുവില്‍, വീടുകള്‍ക്കു മുന്നില്‍ ചെന്നു നിന്നു മെഗാഫോണിലൂടെ വോട്ടു തേടേണ്ട സ്ഥിതിയായി. അന്നു പോലീസ് വയര്‍ലെസ് സെറ്റുകളുമായി സ്ഥലത്തു ക്യാംപ് ചെയ്യുകയായിരുന്നു. വയര്‍ലെസ് സെറ്റുമായി പോലീസ് നില്‍ക്കുന്നത് അന്നു കൗതുകക്കാഴ്ചയായിരുന്നു. അത് എന്റെ പൊതുജീവിതത്തിലെ ആദ്യത്തെ തോല്‍വിയായിരുന്നു. അവസാനത്തെയും.
ഇപ്പോള്‍ എസ്എന്‍ഡപിയോഗം, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ച്ചയായി മൂന്നു തവണ എസ്എന്‍ഡിപി യോഗത്തിന്റെ മുഖ്യകാര്യനിര്‍വ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബര്‍ 10-ന് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് അദ്ദേഹത്തിന്റെ ജനനം. വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനറൽ മെഡിസിൻ ഫിസിഷ്യനായ ഡോക്ടർ അരുൺ എൻ മാധവനും സംഘവും നടത്തിയ വസ്തുതാപരമായ അന്വേഷണത്തിലാണ് കേരളം കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത്. പഠനസംഘം മാർച്ച് മുതൽ ഏഴ് പ്രാദേശിക പത്രങ്ങളും, 5 ന്യൂസ് ചാനലുകളും ജില്ലാതലത്തിൽ പഠനത്തിന് വിധേയമാക്കി കണക്കുകൾ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തുകയായിരുന്നു. എണ്ണം രേഖപ്പെടുത്താനുള്ള വളരെ കൃത്യവും സുതാര്യവുമായ മാർഗ്ഗമാണിതെന്ന്, ഇന്ത്യയുടെ അംബിഷ്യസ് മില്യൺ ഡെത്ത് സ്റ്റഡി നടത്തിയ ടോറോണ്ടോ യൂണിവേഴ്സിറ്റി പ്രൊഫസറായ പ്രഭാത് ജാ സാക്ഷ്യപ്പെടുത്തുന്നു.

അവരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 3,356 മരണങ്ങളാണ് നടന്നത്, എന്നാൽ മാർച്ച് മുതൽ നടന്ന മരണങ്ങളിൽ ഔദ്യോഗികമായി 1,969 എണ്ണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
ഇന്ത്യയിൽ 8.9 മില്യൺ വ്യക്തികൾക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞു, യുഎസിന് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ നില. ഇതുവരെ 130,000 മരണങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. അതായത് മരണനിരക്ക് 1.5 ശതമാനത്തിൽ കുറവ് മാത്രമാണ്. പക്ഷേ സംസ്ഥാനങ്ങൾ പൊതുവേ കോവിഡ് മരണത്തിന്റെ കണക്കുകൾ മറച്ചുവെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
” സംസ്ഥാനം കോവിഡ് മരണങ്ങളിൽ ഏറിയ പങ്കിനെയും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ” ഡോക്ടർ മാധവൻ പറയുന്നു. മരണത്തിന് തൊട്ടുമുൻപ് കോവിഡ് നെഗറ്റീവ് സ്ഥിതീകരിച്ചവരുടെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും കണക്കുകൾ കേരളം ഉൾപ്പെടുത്തുന്നില്ല. തന്റെ ക്ലിനിക് സന്ദർശിച്ച 65 നും 78 നും മധ്യേ പ്രായമുള്ള മൂന്ന് പേർക്ക് കോവിഡ് ബാധിച്ച് മരിച്ചെന്നും, ഔദ്യോഗികമായി അത് എണ്ണിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ എത്ര കേസുകൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവും.

കേരളം കണക്കുകളുടെ കാര്യത്തിൽ ശ്രദ്ധ വെക്കാൻ കഴിയാത്ത ഒരു സംസ്ഥാനമല്ല, മികച്ച ആരോഗ്യ സംവിധാനങ്ങളും ടെക്നോളജിയും ഭരണസംവിധാനങ്ങളും നിലനിൽക്കുന്ന സംസ്ഥാനത്ത്, 2018 ലെ നിപ്പ വൈറസ് ബാധയെ പോലും ഫലപ്രദമായി ചെറുത്തതാണ്. രാജ്യമൊട്ടാകെ കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോഴും ആദ്യപാദങ്ങളിൽ ചെറുത്തുനിൽക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു എന്നാൽ ഒക്ടോബറോടെ കേസുകളുടെ എണ്ണം അര ലക്ഷത്തിൽ കവിഞ്ഞു. ക്യാൻസർ ഹൃദയാഘാതം പോലെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നവർ മരിക്കുമ്പോൾ അത് കൊറോണ കേസുകളുടെ പരിധിയിൽ ഉദ്യോഗസ്ഥർ കണക്കാക്കുന്നില്ല. ഇത്തരത്തിൽ 30 % മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. പ്രാദേശിക ഇലക്ഷനുകൾ മുന്നിൽ നിൽക്കുമ്പോൾ കണക്കുകൾ മറച്ചുവെക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം.