India

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ പുതിയതായി 92,605 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനവും രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 94,612 പേരാണ് രോഗമുക്തരായതെന്ന്ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ഇതോടെ ഇതുവരെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 80 ശതമാനത്തോട് അടുത്തു.

രാജ്യത്ത് ഇതുവരെ 54,00,619 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 10,10,824 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 1,133 പേര്‍ കൂടെ മരണപ്പെട്ടതോടെ ആകെ മരണം 86,752 ആയി. ഒരാഴ്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം 90,000 ത്തിനു മുകളിലാണ്. സെപ്റ്റംബര്‍ മാസം മാത്രം ഇതുവരെ 17 ലക്ഷം രോഗികളാണ് രാജ്യത്ത് ഉണ്ടായത്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 10.58 % നില്‍ക്കുകയാണ്.

ട്രക്കുകൾ തമ്മിൽ ചെറിയൊരു അപകടത്തെ തുടർന്നാണ് ചെയിസ് ആരംഭിച്ചത്. അപകടത്തിന് പിന്നാലെ പൊലീസ് എത്തി. പിടികൊടുക്കാതിരിക്കാൻ ട്രക്ക് ഡ്രൈവർ വണ്ടിയുമായി മുന്നോട്ട്. വിടാതെ പൊലീസും. നിർത്താതെ പോയ ട്രക്കിനെ പൊലീസ് ചെയിസ് ചെയ്തത് ഏകദേശം 70 കിലോമീറ്റർ. ഇതിൽ 40 കിലോമീറ്റർ ട്രക്ക് ഓടിയത് റിമ്മിലും. സിനിമയെ വെല്ലുന്ന ചെയ്സാണ് രാജസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

പൊലീസ് എത്തിയപ്പോൾ ട്രക്കുമായി കടന്നുകളയാൻ ഡ്രൈവർ ശ്രമിക്കുകയായിരുന്നു. തുടർന്ന് ലോറിയിലുള്ള സാധനങ്ങളെപ്പറ്റി പൊലീസിന് സംശയം തോന്നുകയും പിന്തുടരുകയുമായിരുന്നു.ബാരിക്കേഡു വച്ചു തടയൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താൻ ഡ്രൈവർ കൂട്ടാക്കിയില്ല. ട്രക്ക് കിലോമീറ്ററുകൾ താണ്ടിയത് വാഹന ടയറില്ലാതെ റിമ്മിലാണ് എന്നാണ് പൊലീസ് പറയുന്നത്. അവസാനം ബാരിക്കേഡിൽ ഇടിച്ച് വാഹനം നിന്നെന്നും ഡ്രൈവർക്കെതിരെ കേസെടുത്തെന്നുമാണ് പൊലീസ് പറയുന്നത്. വിഡിയോ കാണാം.

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ കരിമഷി പ്രയോഗം നടത്തിയത് സംസ്ഥാനത്ത് നിയമവ്യവസ്ഥ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നും സൈബര്‍ നിയമമില്ലാത്തത് കൊണ്ടാണെന്നും
നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും
സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സനയും. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവരുടെ പ്രതികരണം.

ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതി

വിഷയം: Dr. വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ

സംബന്ധിച്ച് സമർപ്പിക്കുന്ന പരാതി.
സർ,
vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഡബിംഗ് ആർട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുർഗ്ഗ എന്നിവരിൽ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവിൽ മുഴുവൻ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാൻ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീർക്കുകയുമാണ്.
കേരളത്തിലെ ഫെമിനിസ്റ്റുകൾ ഒക്കെ കെ എസ് ആർ ടി സി കക്കൂസ് പോലെ ആണെന്നും അവർ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാൾ പറഞ്ഞ് വെക്കുന്നത്.
മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളിൽ ‘അമ്മയുടെ കഴപ്പ് മാറ്റാൻ മകൻ’ , ‘രതിമൂർച്ഛ നൽകിയ മകൻ ‘ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകൾ ഒക്കെതന്നെ രണ്ട് ലക്ഷത്തിൽ അധികം ആൾക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളർന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കൾ ആയി മാത്രമായിരിക്കും.
സമൂഹീക വിപത്തായ ഇത്തരം വീഡിയോകൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.
ഈ വീഡിയോകൾ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.

മോദിസർക്കാരിനെതിരെ പരിഹാസവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും തന്റെ പക്കല്‍ സ്വത്തതൊന്നും ഇല്ലെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിനു പിന്നാലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നത്’ – പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

കണ്ണിറുക്കി ലോകം എമ്പാടും ആരാധകരെ സ്വന്തമാക്കിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലാണ് പ്രിയ വാര്യർ ആദ്യമായി അഭിനയിച്ചത്. സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയതോടെ പ്രിയ വാര്യർ ലോകം മുഴുവനും വൈറലാവുകയും പിന്നീട് ഇന്ത്യയിലെ ഏറെ സെൻസേഷണൽ താരമായി മാറുകയും ചെയ്തു.

വീഡിയോ ഒരുപാട് ആളുകളാണ് യൂട്യൂബിൽ കണ്ടത്. എന്നാൽ തിയേറ്ററിൽ സിനിമ എത്തിയപ്പോൾ വലിയ വിജയം കൈവരിച്ചില്ല. പാട്ട് ഇറങ്ങി പ്രിയ വൈറലായതോടെ പതിയെ പ്രിയയ്ക്ക് എതിരെ ഒരുപാട് ട്രോളുകളും പിന്നീട് അത് വിമർശനങ്ങളായി മാറുകയും ചെയ്തു. എന്നാൽ പ്രിയയെ തേടി അവസരങ്ങൾ ഒരുപാട് വന്നിരുന്നു. ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ എത്തി.

പ്രിയ വാര്യർ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിച്ച നടൻ സൽമാൻ ഖാന്റെ അനിയൻ അർബാസ് ഖാനും സിനിമയിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

കുറച്ചു നാളുകളായി ട്രോളുകളും വിമർശനങ്ങളും മാത്രം കേൾക്കേണ്ടി വന്നിട്ടുള്ള പ്രിയ വാര്യരുടെ ഈ ട്രൈലെറിന് പക്ഷേ സോഷ്യൽ മീഡിയയിൽ കൈയടിയാണ് ലഭിക്കുന്നത്. ബോളിവുഡിലെ പലരേക്കാളും പ്രിയ ആയിരം മടങ്ങ് മികച്ചതാണെന്നാണ് യൂട്യൂബിൽ വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകൾ. ബോളിവുഡിൽ നല്ലൊരു സ്ഥാനം നേടാൻ കഴിയട്ടെയെന്നും ചിലർ ആശംസിക്കുന്നുണ്ട്.

 

ഇന്നലെ പുലർച്ചെയാണ് നാടിനെ അമ്പരപ്പിച്ച വാർത്ത പുറത്ത് വരുന്നത്. തിരുവല്ലത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ക്രൂരതയിൽ വിട്ടുമാറാതെയാണ് നാട്ടുകാരും വീട്ടുകാരും. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമാണ് ദാരുണ കൊലപാതകം നടന്നത്. സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. എന്നാൽ കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് പിതാവ് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് തിരുവല്ലം പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണന്‍ 40 ദിവസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. തിരുവല്ലത്തുളള അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്.

കുഞ്ഞിനെ കാണാതായതോടെ,ട്രാഫിക് വാര്‍ഡന്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നൂല് കെട്ട് ദിനമായ ഇന്നലെ നെടുമങ്ങാട്ടുളള വീട്ടിലായിരുന്നു കുടുംബം. തുടര്‍ന്ന് അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് ഉണ്ണികൃഷ്ണന്‍ പോയത്. കൂടെ ഭാര്യയും ഉണ്ടായിരുന്നു. തിരുവല്ലത്തേയ്ക്കുളള യാത്രയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ അമ്മയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. കുറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയുടെ രണ്ടാം വിവാഹമാണിത്. ഉണ്ണികൃഷ്ണന്റെ വീട്ടുകാരുമായി കുഞ്ഞിന്റെ അമ്മയ്ക്ക് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. ഗര്‍ഭിണിയായതോടെ ഭാര്യയുമായി ഉണ്ണികൃഷ്ണന്‍ നല്ല സ്‌നേഹത്തിലായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞിനെയും എടുത്ത് പോയപ്പോള്‍ സംശയം തോന്നിയില്ലെന്ന് ഭാര്യയുടെ പരാതിയി്ല്‍ പറയുന്നു.

കുഞ്ഞിനെ കാണാതായ സമയത്ത് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണനെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നതെന്നും പൊലീസ് പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഉണ്ണികൃഷ്ണന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.12 വൈസ് പ്രസിഡന്റുമാരുടെ കൂട്ടത്തിലാണ് എ പി അബ്ദുള്ളക്കുട്ടിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി ജെ പിയുടെ ദേശീയ വക്താക്കൾ. മലയാളിയായ ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറി. പുതിയ ദേശീയ ഭാരവാഹികളെ ഇന്ന് ഉച്ചക്ക് ശേഷമാണ് ബി ജെ പി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ∙ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ സ്ഥിതിക്കു വ്യക്തമായി കഴിഞ്ഞതായി നിയമവിദഗ് ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സിബിഐ നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍ഐ) അനുസരിച്ച് ലൈഫ് ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്കു കഴിയില്ല. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-ാം വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. സഹായിച്ചവര്‍ക്കും ഇതേ ശിക്ഷയാണ്. ഇടപാടില്‍ 4.5 കോടി കമ്മിഷന്‍ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തലുകളും അന്വേഷണ പരിധിയില്‍വരും.

ലൈഫ് മിഷന്റെ 20.5 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടി രൂപയുടെ അഴിമതി നടന്നെന്നും മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ് ന, സരിത്, സന്ദീപ്, യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നുമാണ് അനില്‍ അക്കരെ എംഎല്‍എ സിബിഐ എസ് പിക്ക് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയോ, തദ്ദേശമന്ത്രിയെയോ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്താനിടയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ മൊഴികളില്‍ മന്ത്രി ജലീലിന്റെ പേരുവന്നതും, മതഗ്രന്ഥം താന്‍ സ്വീകരിച്ചെന്ന മന്ത്രിയുടെ പ്രസ് താവനയുമാണ് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യലിലേക്കു നയിച്ചത്.

ലൈഫ് കേസിന്റെ അവസാന ഘട്ടത്തിലായിരിക്കും മുഖ്യമന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും മൊഴിയെടുക്കുക. ചോദ്യങ്ങള്‍ അയച്ചു കൊടുക്കുന്ന രീതിയും സ്വീകരിക്കാം. കേന്ദ്രത്തിന്റെ അനുമതി തേടിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ് താവനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതി ചേര്‍ക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലാണിത് ചെയ്യുന്നത്.

പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണം സര്‍ക്കാര്‍ ഓഫിസുകളിലേക്കും നീളും. ലൈഫ് മിഷന്‍ സിഇഒ അറിയാതെ തിടുക്കപ്പെട്ട് കരാര്‍ തയാറാക്കിയ ഉദ്യോഗസ്ഥനാര്?, നിയമ വകുപ്പിന്റെ ഉപദേശം എന്തു കൊണ്ട് തള്ളി തുടങ്ങിയ കാര്യങ്ങള്‍ സിബിഐ പരിശോധിക്കും. പദ്ധതിയുടെ ഭാഗമായി കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്കു വന്ന പണമിടപാടുകളും പരിശോധിക്കും.

വെറും ഒരു കാർ മാത്രമുള്ള വ്യക്തി ആണെന്നുള്ള അനിൽ അംബാനിയുടെ യുകെ കോടതിയിലെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. പക്ഷേ അതിൽ ഏറെ ഇന്ത്യക്കാരെ ആശങ്കാകുലരാക്കുന്നത് ഇത്രയേറെ ദരിദ്രനായ ഒരു വ്യക്തിയെ റഫാലിൻറെ പരിപാലനം എങ്ങനെ ഏൽപ്പിക്കും എന്നുള്ളതാണ്. പരിപാലനത്തിനായി വലിയൊരു തുകയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇന്ത്യ ഗവണ്മെൻറ് നൽകേണ്ടത് .

തന്റെ കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത് എന്ന് അനില്‍ അംബാനി. അനില്‍ ദീരുഭായി അംബാനി ഗ്രൂപ്പ് ചെയര്‍മാനും ഒരു സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ പണക്കാരനുമായ അനില്‍ അംബാനി ലണ്ടന്‍ കോടതിയിലാണ് ഈ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ലണ്ടന്‍ കോടതിയിലായിരുന്നു അംബാനി ഈ കാര്യങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ മെയ് 22ന് ചെനീസ് ബാങ്കുകള്‍ക്ക് 5821 കോടിയും, കോടതി ചിലവായി 7 കോടിയും നല്‍കാന്‍ ലണ്ടന്‍ ബാങ്ക് വിധിച്ചിരുന്നു. ഇത് ജൂണ്‍ 12ന് നല്‍കാനായിരുന്നു വിധി. ഇത് അനില്‍ അംബാനി ലംഘിച്ചതോടെയാണ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വാദത്തിലാണ് ആഭരണം പോലും വിറ്റെന്ന് അനില്‍ അംബാനി വാദിക്കുന്നത്.

2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റെന്നും ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല, ഇത് നിയമ നടപടികള്‍ക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു.

എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത് അനില്‍ അംബാനി പറയുന്നു. മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഇന്‍ട്രസ്ട്രീയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക്, ഇക്‌സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അംബാനി നല്‍കിയ പേഴ്‌സണല്‍ ഗ്യാരണ്ടി ലോണിന്റെ കാര്യത്തില്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.

ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അനില്‍ അംബാനിക്കായി ലണ്ടനില്‍ കേസ് നടത്തുന്നത്. അതേ സമയം താനും ഭാര്യയും കുടുംബവും ചുരുങ്ങിയ ചിലവിലാണ് ജീവിക്കുന്നതെന്നും, ആഢംബരമായ ജീവിത രീതിയല്ല തങ്ങളുടെതെന്നും, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലെന്നും അനില്‍ അംബാനിക്ക് വേണ്ടി കോടതിയെ അഭിഭാഷകര്‍ അറിയിച്ചു. തന്റെ ബാക്കി കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അംബാനി പറയുന്നു.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് കാണിച്ചാണ് കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് 54 പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്.

അനുമതിയില്ലാതെ ബിനോയിയുടെ പേരിലുള്ള സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് കാണിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിനും ഇ.ഡി കത്ത് നല്‍കിയിട്ടുണ്ട്. ബിനോയിയുടെ സ്വത്തുക്കളുടെ കൈമാറ്റം ഇ.ഡി മരവിപ്പിച്ചിരിക്കുകയാണ്. യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് അന്വേഷിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഈ മാസം ഒമ്പതിന് ഇ.ഡി 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബംഗലൂരുവില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം പുറത്തുവന്നിരുന്നു. അനൂപിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിശദാംശങ്ങള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഇ.ഡിക്ക് കൈമാറിയിരുന്നു. ലഹരി മരുന്ന് കടത്ത് സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.

RECENT POSTS
Copyright © . All rights reserved