പ്രളയത്തിൽ മുങ്ങിയ വീടിനു സമീപം താമസിക്കുന്ന ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെളിയനാട് മുല്ലശേരിൽ ബാബുവിന്‍റെ മകൻ ബിബിൻ ബാബു(18)വിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്നും കണ്ടെത്തിയത്. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ വിദ്യാർഥിയായിരുന്നു ബിബിൻ.
വെളിയനാട് മുല്ലശേരിൽ മാത്യുവിന്‍റെ മകൻ ടിബി(26)ന് വേണ്ടി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബന്ധുക്കളായ മൂവർ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മുല്ലശേരിൽ ജിറ്റോ (32) നീന്തി രക്ഷപെട്ടിരുന്നു.
ചീരഞ്ചിറ ചന്പന്നൂർ ജോളി ജോസഫിന്‍റെ വീട്ടിലാണ് അപകടത്തിൽപെട്ടവർ ഉൾപ്പടെ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ജോളിയുടെ ഭാര്യ മോളിയുടെ സഹോദര·ാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്. കാണാതായ ടിബിൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പ്രളയത്തിനിടെ മലപ്പുറം മേലാറ്റൂരിൽ ഒൻപതുവയസ്സുകാരനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊല സ്വർണം കൈക്കലാക്കാനാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
മലപ്പുറം എടയാറ്റൂരില്‍നിന്ന് ഈ മാസം പതിമൂന്നിനാണ് മുഹമ്മദ് ഷഹീനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ഷഹീനെ പുഴയില്‍തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തിൽ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഷഹീനു വേണ്ടി ആനക്കയം പുഴയില്‍തിരച്ചിൽ തുടരുകയാണ്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷെഹീനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന പ്രതി കുട്ടിയെ പുഴയിൽ തള്ളിയിട്ടു കൊല്ലുകയായിരുന്നു.
കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റർ മാറി തറവാടുവീടിനടുത്തു വെച്ചാണ് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയത്.
മഹാപ്രളയത്തിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായവുമായി അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഏഴുകോടി രൂപയാണ് കമ്പനി സഹായം പ്രഖ്യാപിച്ചത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പൂർണപിന്തുണയും ആപ്പിൾ പ്രഖ്യാപിച്ചു.
‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവനയായി നൽകുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകൾ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.’ ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.
അതുകൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ ഡൊണേഷന്‍ ബട്ടണുകള്‍ വഴി സംഭാവന നല്‍കാം.
പ്രളയക്കാഴ്ചകളുടെ ദൃശ്യങ്ങൾ ഏറെ ഉലച്ചത് പ്രവാസികളെയായിരുന്നു. പ്രാർഥനകളും സഹായങ്ങളുമായി അവർ േകരളത്തിനൊപ്പം നിലകൊണ്ടു. സമൂഹമാധ്യമങ്ങളായിരുന്നു അവരുടെ കൺട്രോൾ റൂമുകൾ. ഫെയ്സ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് ക്യാംപെയിനിലൂടെ എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിയോളം രൂപയാണ് ഇവർ സ്വരൂപിച്ചത്.
അരുണ്‍ നെല്ല, അജോമോന്‍ എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോയില്‍ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇൗ ഫണ്ട് സ്വരൂപിച്ചത്. ചിക്കാഗോയിൽ ഇൗ ചെറുപ്പക്കാരുടെ നീക്കത്തിന് സോഷ്യൽ ലോകത്ത് വലിയ കയ്യടി. പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.
ഫണ്ട് റൈസിങ്ങ് ക്യാംപെയിൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം ക്യാംപെയിൻ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മലയാളികളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. ‘കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ’ എന്ന പേരിലാണത് നല്‍കുക.
ന്യൂഡല്‍ഹി: പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് വിദേശ സഹായം നല്‍കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനവുമായി വിദേശകാര്യ വിദഗദ്ധര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരു എന്നിവര്‍ കേന്ദ്ര നിലപാടിനെതിരെ പരസ്യമായി രംഗത്ത് വന്നു.
ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍ പ്രതികരിച്ചു. വേണ്ട എന്നു പറയാന്‍ എളുപ്പമാണ്! പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ല. ഗള്‍ഫ് രാജ്യങ്ങള്‍ ധാരളം ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് ഇക്കാര്യം പരിഗണക്കണം. വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ വകതിരിവുണ്ടാകണമെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അഭിപ്രായപ്പെട്ടു.
സുനാമി കാലയളവില്‍ വിദേശ സഹായം സ്വീകരിച്ചില്ലെന്നത് ഒരു വാദമല്ല. ഇക്കാര്യത്തില്‍ പിണറായി വിജയനൊപ്പമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന കാര്യം ഓര്‍ക്കണമെന്നും മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരു പറഞ്ഞു. ഏതാണ്ട് 1000 കോടി രൂപയോളം കേന്ദ്ര നയം മൂലം സംസ്ഥാനത്തിന് നഷ്ടമാകുമെന്നാണ് സൂചന.
കൊച്ചി: തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയിൽ നിന്ന് വീണുമരിച്ചു.ചെങ്ങന്നൂർ ഭദ്രാസനാധിപനാണ്. എറണാകുളത്തിനും ആലുവയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഗുജറാത്തിൽ നിന്ന് മടങ്ങിവരും വഴിയാണ് അപകടം.
എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടം നടന്നത്.പുലർച്ചെ 5. 30ഓടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിന് സഹായം നല്‍കിയോ എന്ന് നിരവധി ആളുകളാണ് സണ്ണി ലിയോണിനോട് ചോദിച്ചത്. ചോദ്യത്തിന് മറുപടിയുമായി സണ്ണി ലിയോണ്‍ രംഗത്തെത്തി. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും തുക എത്ര എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് തീര്‍ത്തും വ്യക്തിനിഷ്ഠമായ ഒന്നാണെന്നും സണ്ണി പറഞ്ഞു.
കേരളത്തിന് അഞ്ചു കോടി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരമായാണ് നടി മറുപടി നല്കിയത്.സണ്ണി ലിയോണിന്റെ ഓഫീസ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ ധാരാളം ആരാധകരുള്ള നടി സണ്ണി ലിയോണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ നല്‍കി എന്നത് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് സണ്ണി ലിയോണിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ആരാധകര്‍ വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസിക്കാനും തയ്യാറായില്ല. ഇത് സത്യമാണോ സണ്ണി? എന്ന് ചോദിച്ചു പലരും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുമായി എത്തി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം സണ്ണി ലിയോണിനു അഭിനന്ദനങ്ങളുമായി എത്തിയവരും ഏറെയാണ്.
തിരുവനന്തപുരം: ഒന്‍പതുമാസം മുന്‍പു നടന്ന ഓഖി ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസ പദ്ധതിക്കു നേരെ മുഖം തിരിച്ചു കേന്ദ്രസര്‍ക്കാര്‍. 7340 കോടി രൂപയുടെ പുനരധിവാസ പദ്ധതി തള്ളിയ മോഡി സര്‍ക്കാര്‍ വെറും 169 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി തുച്ഛമായ തുക നല്‍കിയെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഓഖി ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന സഹായത്തിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.
ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിനുശേഷം ആവശ്യമായ സഹായം അനുവദിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എല്ലാം നഷ്ട്ടപ്പെട്ട തീരദേശ വാസികളെ പൂര്‍ണമായും പുനരധിവസിപ്പിക്കാനുള്ള സമ്പൂര്‍ണ പാക്കേജായിരുന്നു കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ വീട് നിര്‍മ്മാണവും കാണാതായവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാര തുക വരെ ഉള്‍പ്പെടും. എന്നാല്‍ പാക്കേജിനോട് യാതൊരു അനുകൂല പ്രതികരണവും നടത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കമുണ്ടായ ബിഹാറിലെ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചിരുന്നു.
പ്രാഥമിക കണക്കുകള്‍ അനുസരിച്ച് പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 20000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ അടിയന്തരമായ 2000 കോടി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചിരുന്നു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രം മറുപടി നല്‍കുകയായിരുന്നു. യി.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായവും കേന്ദ്രം തടയാനാണ് സാധ്യത.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നഷ്ടം കോടികളുടേത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നഷ്ടങ്ങളാണ് സംഭവിച്ചത്. വിമാനത്താവളത്തിന് മുഴുവൻ കറന്റ് നൽകുന്ന കോടികൾ വിലയുള്ള സോളാർ പാനലുകൾ പകുതിയോളം നശിച്ചു. പാനലുകളുടെ പുനർനിർമ്മാണത്തിനു തന്നെ 20 കോടിയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പവർ സംഭരണ സംവിധാനത്തെയും പ്രളയം ബാധിച്ചു. എട്ടു പവർ സ്റ്റോറേജ് സംവിധാനങ്ങളിൽ നാല് എണ്ണം മാത്രമാണ് വർക്ക് ചെയുന്നത്. 800 റൺവേ ലൈറ്റുകൾ പൂർണ്ണമായും തകർന്നു. സർവീസ് പുനഃസ്ഥാപിക്കാനായി 300 ഓളം തൊഴിലാളികളാണ് ഇപ്പോൾ നിരന്തരം ജോലിചെയ്യുന്നത്. പുനർ നിർമ്മാണത്തിനുള്ള തുക പൂർണ്ണമായും ഇൻഷുറൻസ് കമ്പിനിയിൽ നിന്നും ലഭിക്കും. കനത്ത മഴമൂലം ഈ മാസം 15ന് അടച്ച വിമാനത്താവളം ആഗസ്റ്റ് 26 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.