കണ്ണൂർ∙ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ പ്രതികളുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ചതിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് ഉറപ്പു നല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും പേരു വെളിപ്പെടുത്താതെ കേസിലെ ഒരു പ്രതി തുറന്നു പറയുന്നു.

പ്രതി പറഞ്ഞത്: ഞങ്ങളോടു പറഞ്ഞത് മൂന്നു മാസം കൊണ്ട് ഇറക്കും എന്നാണ്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്തു കേസ് ഒതുക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ബിജെപി കൊടുത്ത ലിസ്റ്റാണെന്നുമാണു പാര്‍ട്ടി പറഞ്ഞത്. പക്ഷേ അറസ്റ്റിലായ ശേഷം മനസ്സിലായി, അങ്ങനെയൊരു ലിസ്റ്റില്ല. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്‌‌വാക്കുകളായി.

സിബിഐ അന്വേഷണത്തിനെതിരെ സിപിഎം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നു. ജീവനില്‍ കൊതിയുള്ളതു കൊണ്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ സാധ്യമല്ല. കേസ് നടത്തി, മുന്‍ പ്രതികളായ ആറു പേരും കടക്കെണിയിലായെന്നും പ്രതി തുറന്നു സമ്മതിക്കുന്നു. ഇനിയൊരു കേസോ പ്രശ്നങ്ങളോ വന്നാല്‍ സഹിക്കാന്‍ പറ്റില്ലെന്നും അവർ വ്യക്തമാക്കുന്നു.