Kerala

കള്ളനോട്ടുകള്‍ നല്‍കി യുവാവ് തൊണ്ണൂറ്റിമൂന്നുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കഴിഞ്ഞ ദിവസം കേരളക്കര കേട്ടത്. ജീവിതമാര്‍ഗം നിലച്ചുപോയ കോട്ടയം സ്വദേശിയായ ദേവയാനിയമ്മയെ തേടി നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയത്.

ഇതോടെ വീണ്ടും ലോട്ടറിക്കച്ചവടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ദേവയാനി. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് സംഭവം. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് യുവാവ് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്.

ഈ യുവാവ് ഇല്ലാതാക്കിയത് ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമായിരുന്നു. ദേവയാനിയമ്മയുടെ വിഷമം കേട്ടറിഞ്ഞ് നിരവധി സുമനസ്സുകളാണ് സഹായവുമായി എത്തിയത്.

പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവരാലാകുന്ന ഒരു തുക അമ്മയ്ക്ക് കൈമാറി. വീണ്ടും ലോട്ടറിക്കച്ചവടത്തിനിറങ്ങിയതോടെ പഴയതിലും സന്തോഷത്തിലാണ് ദേവയാനിയമ്മ. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ക്കൊണ്ട് തരുമെന്നും സഹായിച്ചവര്‍ക്കെല്ലാം ഒത്തിരി നന്ദിയെന്നും ദേവയാനിയമ്മ പറയുന്നു.

വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിരാ ശ്രീകുമാറാ(23)ണ് തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെയാണ് ആതിരയെ ഉഴമലയ്ക്കല്‍ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച ശേഷം യുവതിയുടെ കുടുംബത്തില്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞു ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവാവ് ഒടുവില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ആതിരയും പനയമുട്ടം സ്വാതിഭവനില്‍ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബര്‍ 13ന് ആണ് നടന്നത്. 2023 ഏപ്രില്‍ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്.

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പ്രതികരണവുമായി നടി ഗ്രേസ് ആന്റണി. പുക ആരംഭിച്ച അന്ന് മുതൽ താനും കുടുംബവും ചുമയും ശ്വാസം മുട്ടും തല പൊളിയുന്ന വേദനയും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗ്രേസ് ആന്റണി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഗ്രേസ് ആന്റണിയുടെ പ്രതികരണം.

ഗ്രേസ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ

ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലേയെന്ന് ഗ്രേസ് ചോദിക്കുന്നു. പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണെന്നും നടി കുറിച്ചു.

കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളൊക്കെത്തന്നെ അല്ലേ? മറ്റാരുടേയും അവസ്ഥ പറയുന്നതിലും നല്ലത് ഞാൻ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്ന് മുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി.

തലപൊളിയുന്ന വേദന. നീണ്ട പത്ത് ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്. അപ്പോൾ തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്‌മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ. ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ,

‘അതോ പുകയടിച്ചു ബോധം കെട്ടിരിക്കുകയാണോ’? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടയെന്നും ഗ്രേസ് ആന്റണി പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് അപ്‌സര. ടെലിവിഷൻ പരിപാടികളുടെ സംവിധായകൻ കൂടിയായ ആൽബി ഫ്രാൻസിസാണ് അപ്‌സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ വലിയ രീതിയിൽ വിമർശനങ്ങൾ ഇരുവർക്കും കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അപ്‌സരയുടെ അപ്‌സരയുടെ ആദ്യ ഭർത്താവ ആ കണ്ണൻ നടിയ്‌ക്കെതിരെ എത്തിയിരിക്കുകയാണ്.

താൻ വിവാഹമോചിതയാണെന്നും ആദ്യ ബന്ധം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് സമ്മാനിച്ചതെന്നും അപ്‌സര വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ചാണ് കണ്ണൻ എത്തിയിരിക്കുന്നത്. അപ്‌സര തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് കണ്ണൻ പറയുന്നു. യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കണ്ണൻ ശാരീരികമായി ഉപദ്രവിച്ചതാണ് വേർപിരിയാൻ കാരണമെന്ന് അപ്‌സര പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭർത്താവുമായി അപ്‌സരയ്ക്കുണ്ടായ പ്രണയമാണ് ബന്ധം വേർപ്പെടുത്താൻ കാരണമെന്നാണ് കണ്ണൻ പറയുന്നത്. അപ്‌സര തന്റെ ഭാര്യയായിരുന്നപ്പോൾ ഇപ്പോഴത്തെ ഭർത്താവുമായി ഇരുവരേയും പലയിടത്ത് വച്ചും കണ്ടിട്ടുണ്ട്. അന്നേരമൊന്നും പ്രതികരിച്ചിട്ടില്ലെന്നും കണ്ണൻ പറയുന്നു.

‘അടുത്തിടെ ഞാൻ കൊറിയോഗ്രാഫി ചെയ്ത വർക്കിൽ അപ്സര പങ്കെടുത്തിരുന്നു. ശേഷം ഷേക്ക് ഹാൻഡ് ഒക്കെ തന്നിട്ടാണ് പോവുന്നതും. പക്ഷേ പിന്നെ എന്നെ മോശക്കാരനാക്കുകയാണ് അവൾ ചെയ്തത്. ഇനിയെങ്കിലും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്റെ ഭാവിയെ അത് ബാധിക്കും. അവളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നത്തിനും ഞാൻ പോയിട്ടില്ല.

സത്യത്തിൽ എന്റെ കൂടെ ജീവിക്കുമ്പോൾ അപ്സരയും ഇപ്പോഴത്തെ ഭർത്താവ് ആൽബിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അത് ഞാൻ കൈയ്യോടെ പൊക്കി. അവളുടെ വീട്ടിൽ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നിൽ പോലും അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി.

അങ്ങനെ അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അവൾക്ക് അവളുടെ ജീവിതവുമായി പോയാൽ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവൾ ശ്രമിച്ചത്. അതാണ് ഞാനിപ്പോൾ ഇങ്ങനൊരു വീഡിയോയുമായി വന്നത്’, കണ്ണൻ പറയുന്നു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസ്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ടത് വളരെ മോശമായിട്ടാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുന്നത്. മാരകമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ: ‘ബ്രഹ്‌മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികൾ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ അതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയത്. എന്നാൽ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്.

കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികൾ എഴുതും എന്നാണ് സർക്കാർ വിചാരിക്കുന്നത്. മന്ത്രിമാരെന്നല്ല, രാഷ്ട്രീയ പ്രവർത്തകരെന്നല്ല, സിനിമ താരങ്ങൾ എല്ലാം വളരെ മോശമായിട്ടാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്. കൊച്ചിയിൽ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു.

അവിടെ ജീവിക്കുന്ന ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥർ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാൻ എനിക്ക് പേടിയാണ്. ബ്രഹ്‌മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം’ സാന്ദ്ര തോമസ് പറഞ്ഞു.

പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ പിഷാരടി രംഗത്തെത്തിയത്. പൊളിറ്റക്കൽ കറകട്നസ് അഥവാ ‘പൊ ക’ എന്ന പേരിൽ തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലാണ് പിഷാരടി വിമർശനം ഉന്നയിക്കുന്നത്.

തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.

പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ

‘പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊക’ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോടാണ്’, എന്നാണ് പിഷാരടി കുറിച്ചത്.

അതേസമയം ബ്രഹ്മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങൾ. മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുടെ വിവരങ്ങൾ അടങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇവർ ഓര്‍മപ്പെടുത്തി.

ബ്രഹ്മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാവ് ഷിബു ജി. സുശീലന്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, സജിത മഠത്തിൽ, ബാദുഷ, ഹരീഷ് പേരടി തുടങ്ങിയവർ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.

തൃത്തലയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനക്കര സ്വദേശിനി ജാനകി (68) ആണ് മരിച്ചത്. പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ പൊറോട്ട തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജാനകി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതായി പറയുമായുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ശ്വാസ തടസത്തെ തുടർന്ന് ജാനകിക്ക് സംസാരിക്കാനും പറ്റിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.

എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർഗോഡ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിമാചൽപ്രദേശ് സ്വദേശിനിയായ അർച്ചന ധിമാൻ (28) നെ കഴിഞ്ഞ ദിവസം കാമുകനായ അദേശിന്റെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കാസർഗോഡ് സ്വദേശിയായ ആദേശിനെ കാണാനായാണ് ദുബായിൽ എയര്ഹോസ്റ്റസായി ജോലി ചെയ്യുന്ന അർച്ചന ബെംഗളൂരുവിലെത്തിയത്. ബെംഗളൂരു കോറമംഗലയിലെ അദേശിന്റെ ഫ്ലാറ്റിലെത്തിയ അർച്ചനയെ ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയും, ആദർശും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി രണ്ടുപേരും പുറത്ത് പോയി സിനിമ കാണുകയും ഫ്ലാറ്റിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പന്ത്രണ്ട് മണിയോടെ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ അർച്ചന അബദ്ധത്തിൽ താഴെ വീഴുകയായിരുന്നെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്.

പതിനാല് വർഷങ്ങൾക്ക് മുൻപ് പതിനാലുകാരൻ മുങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ വിജയകുമാർ-ഷീജ ദമ്പതികളുടെ മകൻ ആദർശ് (14) ന്റെ മരണം മുങ്ങി മരണമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

2019 ലാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആദർശിന്റെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കുടുംബത്തിന് റിപ്പോർട്ട് കൈമാറിയിരുന്നു.

2009 ഏപ്രിൽ അഞ്ചാം തീയ്യതിയാണ് പതിനാലുകാരനായ ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം പാൽ വാങ്ങാനായി പോയ ആദർശിനെ രാമരശ്ശേരിയിലെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പ്രസവത്തെ തുടർന്ന് വിനീഷയുടെയും കുഞ്ഞിന്റെയും നില ഗുരുതരമായതിനെ തുടർന്ന് വിനീഷയെ പാലക്കാടുള്ള തങ്കം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പ്രസവം നടന്ന പോളിക്ലിനിക്ക് ആശുപത്രിയിലുണ്ടായ ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

അതേസമയം സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് പോളിക്ലിനിക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് വിനീഷയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Copyright © . All rights reserved