യുവാവിന്റെ മരണം മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ച് നൽകിയത് മൂലമാണെന്ന് പരാതി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കരീം (42) മരിച്ച സംഭവത്തിലാണ് പരാതി ഉയരുന്നത്. അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന കടയിൽ നിന്നും മദ്യം കഴിച്ച കരീം കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ച് നല്കിയതിനാലാണ് കരീം മരിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മദ്യം കഴിച്ച കരീമിനെ രക്തം ശർദ്ധിച്ച നിലയിൽ ബാറിന് സമീപം വീണ് കിടക്കുന്നത് കണ്ടെത്തുകയും നാട്ടുകാരിൽ ചിലർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കരീമിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായും പറയുന്നു. ബാറിന് സമീപത്തുള്ള ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്ന കടയിൽ അനധികൃതമായി മദ്യവില്പനയുള്ളതായി നാട്ടുകാർ പറയുന്നു. ബാറിലെ വിലയ്ക്കാണ് ഇവിടെ മദ്യം വിറ്റിരുന്നത്. കടയിലെ ആവശ്യത്തിനായി സൂക്ഷിച്ച വിനാഗിരിയാണ് വെള്ളത്തിന് പകരം നല്കിയതെന്നുമാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യാത്രക്കാരുമായി പോയ ആറ്റിങ്ങൽ ഡിപ്പോയിലെ ബസാണ് അഗ്നിക്കിരയായത്. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയം 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഡ്രെെവറുടേയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്.
ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അഴൂർ കാറ്റാടിമുക്കിലെ കയറ്റം കയറുന്നതിനിടെയാണ് ബസിൻ്റെ ഷഎഞ്ചിൻ്റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം നാട്ടുകാർ ഡ്രെെവറോട് വിളിച്ചു പറയുകയായിരുന്നു. ഉടൻതന്നെ ഡ്രെെവർ ബസ് നിർത്തി. അപ്പോഴേക്കും തീ പടർന്നു തുടങ്ങിയിരുന്നു. ആൾ താമസമുള്ള സ്ഥലത്താണ് ബസ് നിർത്തിയതെന്നതിനാൽ സമയം കളയാതെ ഡ്രെെവർ ബസ് കുറച്ച് മുന്നിലേക്ക് എടുക്കുകയായിരുന്നു.
മുന്നിലേക്ക് നിർത്തിയ ബസിൽ നിന്നും കണ്ടക്ടറും ഡ്രെെവറും കൂടി യാത്രക്കാരെ മുഴുവനും ഇറക്കി സുരക്ഷിതരാക്കി. തുടർന്ന് അടുത്തുള്ള ഹോട്ടലുകളിലേക്കും വീടുകളിലേക്കും ഡ്രെെവറും കണ്ടക്ടറും ഓടിയെത്തുകയായിരുന്നു. ബസ് തീപിടിച്ച വിവരം അറിയിക്കുന്നതിനൊപ്പം അവിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഓഫാക്കാൻ :ആവശ്യപ്പെടുകയും ചെയ്തു. അപകടവിവരമറിഞ്ഞ ജനങ്ങൾ കണ്ടക്ടറുടെയും ഡ്രെെവറുടേയും വാക്കുകൾ കൂടി കേട്ടതോടെ വലിയ അപകടമാണ് ഒഴിവായത്.
ഇതിനു പിന്നാലെയാണ് ബസിൽ തീ ആളിപ്പടര്‍ന്നത്. യാത്രക്കാരെ ബസിൽ നിന്നും ഇറക്കി സുരക്ഷിതരാക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ഏകദേശം 15 മിനിട്ടോളം എടുത്താണ് തീയണച്ചത്.
തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരമാണ് നടുവിൽ സ്വദേശിനിയായ കെ ഷാഹിദ (46) ന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഷാഹിദയുടെ രണ്ടാം ഭർത്താവ് ആയ ചപ്പാരപ്പടവ് സ്വദേശി അഷ്‌കർ (52) ആണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ പ്രതി അഷ്കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്ത് വെച്ചാണ് ഷാഹിദയ്ക്ക് നേരെ അഷ്‌കർ ആസിഡ് ആക്രമണം നടത്തിയത്. കോടതിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാഹിദയെ വഴിയിൽ കത്ത് നിന്ന് അഷ്‌കർ ആക്രമിക്കുകയായിരുന്നു. ഷാഹിദയോട് സംസാരിക്കുകയും തർക്കിക്കുകയും ചെയ്തതിന് പിന്നാലെ കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ ഷാഹിദയുടെ തലമുടിയും വസ്ത്രങ്ങളും കരിഞ്ഞ് പോയിരുന്നു. ഷാഹിദയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഷ്കറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
അതേസമയം ഷാഹിദയുടെ രണ്ടാമത്തെ ഭർത്താവാണ് അഷ്‌കർ. ഏഴു മാസം മുൻപ് ഷാഹിദ മതാചാര പ്രകാരം അഷ്കറിനെ വിവാഹം ചെയ്തിരുന്നതായും ഏഴ് മാസത്തോളം കൂടെ താമസിച്ചിരുന്നതായും അഷ്‌കർ പറയുന്നു. ഏഴ് മാസം കൂടെ കഴിഞ്ഞതിന് ശേഷം തന്നെ ഒഴിവാക്കി ഷാഹിദ ആദ്യ ഭർത്താവിന്റെ കൂടെ പോയി താമസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും അഷ്‌കർ പറയുന്നു.
പ്രായപൂര്‍ത്തിയാവാത്ത മലയാളി വിദ്യാര്‍ത്ഥിനിയെ അപമാനിച്ച മലയാളിയായ കോളജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. വൈഎംസിഎ കോളേജ് പ്രിന്‍സിപ്പല്‍ ആയ കോതമംഗലം സ്വദേശി ജോര്‍ജ് അബ്രഹാമാണ് പിടിയിലായത്.
ലൈംഗിക പീഡന പരാതിയില്‍ ജോര്‍ജ് മുമ്പും പിടിയിലായിട്ടുണ്ട്. ജാമ്യത്തില്‍ ഇറങ്ങി ജോലിയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. കോളജിലെ ജിം ട്രെയിനിങ്ങിനിടയില്‍ 18 വയസ്സ് തികയാത്ത ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ ഇയാള്‍ കടന്നുപിടിച്ചു എന്നാണ് ആരോപണം.
ഇതിന് പിന്നാലെ പെണ്‍കുട്ടി പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് പറയരുതെന്ന് ഭീഷണിയും ഉണ്ടായി. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന് പെണ്‍കുട്ടി നല്‍കിയ പരാതി സയ്താപേട്ട് പോലീസിനു കൈമാറി. ഇതോടെയാണ് ഇന്നലെ അറസ്റ്റിലായത്.
മുമ്പ് പി ജി വിദ്യാര്‍ഥിനിക്ക് അശ്ലീല മെസ്സേജുകള്‍ അയച്ചതിനും, ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിനും അദ്യാപകനെതിരെ കേസ് എടുത്തിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജോര്‍ജ് എബ്രഹാം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സമാനമായി കേസില്‍ വീണ്ടും അറസ്റ്റ്. അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പഞ്ഞിക്കിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ മാവൂര്‍ കല്‍പള്ളിയിലാണ് അപകടം. മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റു.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അര്‍ജുന്‍. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ബസ് പാടത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവൂര്‍ -കോഴിക്കോട് റോഡില്‍ കല്‍പള്ളി ഗ്രൗണ്ടിന് എതിര്‍വശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂര്‍ പൊലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാങ്കാവ് വാരിയത്ത് വീട്ടില്‍ ജിശാന്ത് (കുട്ടന്‍-32) ആണ് മരിച്ചത്. തിങ്കളാഴ്ച ആനിഹാള്‍ റോഡിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ കയര്‍ ചുറ്റിയനിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
ഞായറാഴ്ച രാത്രിയാണ് ജിശാന്ത് സുഹൃത്തിനൊപ്പം നഗരത്തിലേക്ക് എത്തിയത്. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാത്തതോടെ കുടുംബം കോഴിക്കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് പൊലീസെത്തുന്നത്.
തുടര്‍ന്ന് കിണറിനുള്ളില്‍ കയറുകൊണ്ട് ചുറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടിട്ടില്ല. ഇതിനാല്‍ മോഷണശ്രമത്തിനിടെയിലെ കൊലപാതകമായി കരുതാനാകില്ലെന്നാണ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പേരടം സ്വദേശിനി പ്രീത (17) നെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം പേരടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വിഎച്എസ്‌ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പ്രീത. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പത്തനാപുരം ഗർഭാശയ മുഴ നീക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വയർ കൂട്ടി യോചിപ്പിക്കാനാവാതെ ദുരിത ജീവിതം അനുഭവിക്കുകയാണ് വാഴപ്പാറ സ്വദേശിനി ഷീബ (48). കുവൈറ്റിൽ വീട്ട് ജോലി ചെയ്യുകയായിരുന്ന ഷീബ കൊറോണ കാലത്ത് നാട്ടിലെത്തുകയായിരുന്നു. ഗർഭാശയത്തിൽ മുഴ കണ്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം ഒന്നര മാസത്തിന് ശേഷം ശസ്ത്രക്രിയ ചെയ്തതിന് സമീപത്തായി വീണ്ടും മുഴയുടെ രൂപത്തിൽ കല്ലിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വീണ്ടും ഇതാവർത്തിച്ചതോടെ ആശുപത്രി ചികിത്സ നിഷേധിച്ചു. തുടർന്ന് ഷീബ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങളുടെ ഇടവേളയിൽ അഞ്ചോളം ശസ്ത്രക്രിയകൾ വീണ്ടും നടത്തി.
ഇനി ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും വയർ കൂട്ടിയോജിപ്പിക്കാൻ ആവില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ഷീബ പറയുന്നു. ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ആവിശ്യമായ സഹായം ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഷീബ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് മുറിയെടുത്ത് മാറണമെന്ന് ആവിശ്യപെടുകയായിരുന്നു. പണമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങിയെന്നും രക്തത്തിൽ കുളിച്ചാണ് വീട്ടിലെത്തിയതെന്നും ഷീബ പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയാൻ സമ്മതിച്ചില്ല. തുടർന്ന് നിരവധിപേർക്ക് പരാതി നൽകിയെങ്കിലും ഒന്നിനും നടപടിയുണ്ടായില്ലെന്നും ഷീബ പറയുന്നു. വയർ തുറന്ന നിലയിലായതിനാൽ ഉള്ളിലെ അവയവങ്ങൾ കാണുന്ന തരത്തിലാണ് പലപ്പോഴും അണുബാധ ഉണ്ടാകുന്നതായും ഷീബ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സ പിഴവാണ് കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വാദം.
അടിവസ്ത്രത്തിനുളിൽ ഒളിപ്പിച്ച് ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കൊണ്ടോട്ടി നരിക്കുനി സ്വദേശി അസ്മ ബീവി (32) നെ കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. ഞായറാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ് പ്രസ് വീമാനത്തിലാണ് അസ്മ ബീവി സ്വർണം കടത്തിയത്. കസ്റ്റംസ് പരിശോധനയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കൂടി രൂപയുടെ സ്വർണ മ്രിശ്രിതം പിടിച്ചെടുക്കുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഭർത്താവിനെ കാണാൻ അസ്മ ഭീവി ദുബായിലെത്തിയത്. ഒരു കോടിയുടെ സ്വർണം കടത്തുന്നതിന് നാലാപത്തിനായിരം രൂപയും വിമാന ടിക്കറ്റുമാണ് അസ്മ ഭീവിക്ക് പ്രതിഫലമായി ലഭിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് അസ്മ ബീവി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നേരത്തെ സ്വർണം കടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ച് വരികയാണ്.
കുവൈറ്റ് MOH ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി (40) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ജസ്റ്റിയും കുടുംബവും അവധിക്ക് നാട്ടിലെത്തിയത് എന്നാണ് അറിയുന്നത്. പരേതക്ക് ജോവാൻ, ജോവാന എന്നീ പിഞ്ചു കുഞ്ഞുങ്ങൾ ആണ് ഉള്ളത്. ഭർത്താവ് ജസ്വിൻ ജോൺ.
കുവൈറ്റിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുമായ ജസ്റ്റി ആൻ്റണി ഇന്ന് വൈകിട്ട് നടന്ന വാഹനാപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.
ഇന്ന് വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. വാഴൂർ റോഡിൽ പൂവത്തുംമൂട് എന്ന സ്ഥലത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ എതിരെ സ്പീഡിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു ഓട്ടോയിലും ഇടിച്ചു.
അപകടത്തിൽ ജസ്റ്റിയുടെ ഭർത്താവ് ജസ്വിൻ ജോൺ, മക്കളായ ജോവാൻ, ജോവാന എന്നിവർക്കും ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചിരുന്നവർക്കും സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.
മുൻപിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ജസ്റ്റിയുടെ സൈഡിൽ അമിതവേഗതയിൽ വന്ന സൂപ്പർ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ജസ്റ്റിയുടെ സഹോദരി പ്രിയമോളും കുവൈറ്റിൽ സ്റ്റാഫ് നഴ്‌സ് ആണ്. ജസ്വിനും മക്കൾക്കും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജസ്റ്റിയുടെ അകാലത്തിലുള്ള ഈ വേർപാട് താങ്ങാനുള്ള മനക്കരുത്തുണ്ടാകട്ടെ പ്രത്യാശിക്കുന്നതോടൊപ്പം പരേതക്ക് മലയാളം യുകെയുടെ ആദരാഞ്ജലികൾ.