പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്.

തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.

മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്ക് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.