യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേട്. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല. ‘കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തില്‍ സംശയമില്ല’ എന്ന് ഉറപ്പിച്ചാണ് സര്‍ജന്റെ മൊഴി. എന്നാല്‍ അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തെ കുറിച്ച് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നല്‍കുന്ന ഈ മൊഴി കൊലപാതക സാധ്യത തള്ളിക്കളയുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികലയുടേതാണ് ഈ ദുരൂഹ മൊഴി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ലയെന്നതാണ് മറ്റൊരു പ്രശ്‌നം. വലത് വൃക്കയുടെ അടിവശത്താണ് രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടിവയറിന്റെ ഇടതുഭാഗത്താണ് ക്ഷതമേറ്റതെന്ന കണ്ടെത്തലുമുണ്ട്. വൃക്കയും പാന്‍ക്രിയാസും അമര്‍ന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷതം ഇടത് വശത്തും രക്തസ്രാവം വലത് വശത്തും വന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. ഇതോടൊപ്പം മൂത്രാശയം ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന കണ്ടെത്തല്‍ നയനയ്ക്ക് ചവിട്ടേറ്റെന്ന സൂചനയും നല്‍കുന്നുണ്ട്. ഇതിലൊന്നും വ്യക്തത നല്‍കാത്തതാണ് സര്‍ജന്റെ മൊഴി. നയനയുടെ മരണത്തെ വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന തരത്തിലാണ് സര്‍ജന്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസിന്റെ തുടക്കം മുതല്‍ ഉടലെടുത്ത സംശയങ്ങളും പൊലീസിന്റെ വീഴ്ചകളും കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് നയനയുടെ കുടുംബം ആവശ്യപ്പെടുന്നത്. പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും കാര്യമായ പുരോഗതി ഇല്ലെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിട്ടുമുണ്ട്. കേസില്‍ വലിയ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയും കുടുംബം തേടിയിട്ടുണ്ട്.
നയനയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബത്തോടൊപ്പം സുഹൃത്തുക്കളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്പ്പിക്കാനും മരണം ആത്മഹത്യയാക്കാന്‍ പൊലീസിനെ കൊണ്ട് തിരക്ക് കൂട്ടാനും കഴിവുള്ള ആരോ ഒരാളാണ് പിന്നിലെന്നും ഇവര്‍ കരുതുന്നു. തെളിവുകളും പൊലീസിന്റെ വിചിത്രമായ നീക്കങ്ങളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തിരുവനന്തപുരത്തെ ഭരണകക്ഷിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും നയനയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം അദ്ദേഹം പങ്കാളിയായിരുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതും മരണവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇയാള്‍ നയനയെ ഭീഷണിപ്പെടുത്തിയെന്ന സുഹൃത്തുക്കളുടെ ആരോപണം ഇതിനോടൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്.
മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നയനയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവ രണ്ട് പരിശോധനയ്ക്ക് ശേഷം തിരിച്ച് നല്‍കിയപ്പോള്‍ മുഴുവന്‍ ഡേറ്റയും തേയ്ച്ച് മായ്ച്ച് കളഞ്ഞിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ മെസേജുകള്‍ പൂര്‍ണമായും മായ്ച്ചിട്ടുണ്ടെങ്കിലും കോണ്‍ടാക്ട് നമ്പരുകള്‍ ഫോണിലുണ്ടായിരുന്നു. എട്ട് മാസത്തിന് ശേഷം ലഭിച്ച ലാപ്‌ടോപ്പും ശൂന്യമായിരുന്നു. സിനിമകളും ചിത്രങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ നയന കഴുത്തില്‍ കുടുക്കിയ നിലയില്‍ കാണപ്പെട്ട വസ്ത്രത്തിനു പകരം മറ്റൊരു തുണിക്കഷ്ണമായിരുന്നു പൊലീസ് നല്‍കിയത്.
ചുരുട്ടിയ നിലയില്‍ പുതപ്പ് ഉണ്ടായിരുന്നുവെന്ന് മഹസ്സറില്‍ രേഖപ്പെടുത്തിയ പൊലീസ് തിരിച്ചു നല്‍കുമ്പോള്‍ അതെങ്ങനെ കര്‍ട്ടന്‍ തുണിയാകുമെന്ന സംശയം ഇനിയും ബാക്കി. കൂടാതെ മൃതദേഹം അകത്ത് നിന്ന് പൂട്ടിയ മുറിയിലായിരുന്നുവെന്ന പൊലീസിന്റെ ‘കണ്ടെത്തല്‍’ സംഭവ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് തന്നെ തെറ്റാണെന്ന് ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ തെളിവ് പൊലീസ് തന്നെ നശിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉയര്‍ത്തുന്നത്.
മരിച്ച ദിവസം നയനയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മൊഴിയെടുക്കാത്തതും വീട്ടുടമസ്ഥന്‍ സംഭവത്തിന് രണ്ടാം ദിവസം വിദേശത്തേക്ക് പോയതും ദുരൂഹത കൂട്ടുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് എങ്ങനെ വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞുവെന്നാണ് നയനയുടെ സുഹൃത്തുക്കള്‍ ചോദിക്കുന്നത്.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ – ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തികൂടിയായിരുന്നു നയന സൂര്യ. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.
ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ്‌ഷോകളിലും അസിസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആണ് നയനയെ സിനിമയുമായി ബന്ധപ്പെട്ടുത്തിയത്. സിനിമ ചെയ്യണമെന്ന ആഗ്രഹമുദിച്ചതിനെ തുടര്‍ന്ന് നയന ലെനിന്‍ രാജേന്ദ്രനുമായി ബന്ധപ്പെടുകയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമായിരുന്നു.
കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിനിൽക്കേ മരണത്തിൻ്റെ പേരിൽ പഴികേട്ട കാസർഗോഡ് അടുക്കത്ത്ബയല്‍ അൽ റൊമാൻസിയ ഹോട്ടൽ അടഞ്ഞുതന്നെ കിടക്കുകയാണ്. ഹോട്ടൽ പുട്ടാനുള്ള തീരുമാനമെടുത്തത് കാസർഗോഡ് മുൻസിപ്പാലിറ്റിയാണെന്നും ഇനി തുറക്കാനുള്ള അനുമതി നൽകേണ്ടതും അവർ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. അതേസമയം ഹോട്ടൽ തുറക്കാനുള്ള അനുമതി നൽകണമെങ്കിൽ ഹോട്ടലിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കണമെന്നാണ് കാസർകോട് മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ: വിഎം മുനീർ വ്യക്തമാക്കുന്നത്. ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ അടുത്തു തന്നെ ഹോട്ടൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം ഇന്ത്യാടുഡേയോട് വ്യക്തമാക്കി.
ഹോട്ടലിൽ നിന്നും വാങ്ങിയ കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ മരണപ്പെട്ടതെന്ന ആരോപണമാണ് ആദ്യം ഉയർന്നത്. എന്നാൽ പിന്നീട് ആ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനിടയിൽ ഡിവൈഎഫ്ഐ പോലുള്ള സംഘടനകൾ ഹോട്ടലിലേക്ക് മാർച്ച് നടത്തുകയും ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. പക്ഷേ വിഷബാധയുള്ള ഭക്ഷണം വിതരണം ചെയ്തു എന്ന് ആരോപിച്ച് പൊലീസ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായതോടെ ഇവരെ പൊലീസ് വിടുകയായിരുന്നു. മകളുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചുണ്ടക്കാട്ടിൽ അഞ്ജുശ്രീയുടെ മാതാപിതാക്കൾ ഹോട്ടലിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
മകളുടെ മരണം ആത്മഹത്യയാണെന്ന് മാതാപിതാക്കൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നിട്ടും ഇവർ ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിനെതിരെ പരാതി നൽകുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും മനസ്സിലായത്. അതേസമയം അഞ്ജുശ്രീയുടെ വീട്ടുകാർ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ വിഷബാധയ്ക്ക് ഉണ്ടെന്ന് വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ പൊലീസ് അത് അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്. അഞ്ജുവിൻ്റെ ശരീരത്തിൽ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇതിനിടെ അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇത് പൊലീസ് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മാനസിക സമ്മർദ്ദം കാരണം പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, താൻ എല്ലാവരോടും യാത്ര പറയുകയാണ് എന്നാണ് കുറിപ്പിലുള്ളത്. അഞ്ജുശ്രീയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് എവിടെ നിന്ന് വാങ്ങിയെന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഇതിന്റെ പാക്കറ്റ് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.
അതേസമയം, അഞ്ജുശ്രീയുടെ മരണത്തിന് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ദുരൂഹത അകറ്റണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.അഞ്ജുശ്രീയുടെ സുഹൃത്തായ ചട്ടഞ്ചാൽ സ്വദേശിയും ബേക്കറി ജീവനക്കാരനുമായിരുന്ന യുവാവ് ഒന്നരമാസം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇയാളുമായി രണ്ടുവർഷമായി അഞ്ജുശ്രീ പ്രണയത്തിലായിരുന്നു എന്ന് സൂചനയുണ്ട്. യുവാവ് മരിച്ചതിന്റെ 41ാം ദിവസമാണ് അഞ്ജുശ്രീ മരിച്ചത്. ഇയാളുടെ മരണത്തെ തുടർന്നുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.
ഉത്തർപ്രദേശിലെ ബറാബാൻകിയിൽ ഭീതി വിതക്കുന്ന സീരിയൽ കില്ലറിന്റെ ഫോട്ടോ യുപി പോലീസ് പുറത്ത് വിട്ടു. മുന്നറിയിപ്പ് നൽകികൊണ്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. ഭീകരനായ ഈ കൊലയാളിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
50-നും 60-നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ഇതുവരെ ഇയാൾ ഇല്ലാതെയാക്കിയത്. ഇരകളുടെ പ്രായം, കൊല ചെയ്ത രീതിയിൽ കണ്ട സാമ്യതകൾ എന്നിവയാണ് സീരിയൽ കില്ലറാകാം എന്ന നിഗമനത്തിലേയ്ക്ക് എത്തിച്ചത്. മധ്യവയസ്സ് പിന്നിട്ട സ്ത്രീകളാണ് പ്രധാനമായും ഇയാളുടെ ഇരയാകുന്നത്. താഴ്ന്ന സാമൂഹ്യ സാഹചര്യങ്ങളിലുള്ള ഇരകളെയാണ് ഇയാൾ ലക്ഷ്യമിടുന്നത്.
കൊലപാതകത്തിനു ശേഷം, ഇരകളുടെ മൃതദേഹങ്ങൾ നഗ്നമായ നിലയിൽ ഉപേക്ഷിച്ചു പോവുകയാണ് പതിവ് രീതി. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകൾ സമാനമായിരുന്നു. ഈ സാമ്യതകൾ കണ്ടെത്തിയതിനെ തുടർന്നാണ്, പൊലീസ് ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.
ഡിസംബർ ആറിനാണ് ഇവയിൽ ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങൾക്കു ശേഷം സമാനമായ സാഹചര്യത്തിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബറബാൻകി നിവാസിയായ വീട്ടമ്മയാണ് ഇത്തവണ കൊല്ലപ്പെട്ടത്.
12 ദിവസങ്ങൾക്കു ശേഷമാണ് മൂന്നാമത്തെ കൊലപാതകം നടക്കുന്നത്. ഡിസംബർ 29-നാണ് തതാറാ ഗ്രാമത്തിലുള്ള ഒരു സ്ത്രീയെ കാണാതായത്. വീടിനു പുറത്ത് രാത്രിയിൽ മൂത്രമൊഴിക്കാൻ പോയപ്പോഴായിരുന്നു ഇവരെ കാണാതായത്. പിറ്റേ ദിവസം ഇവരുടെ നഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഉടനടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസും. ഒരു മാസത്തിനുള്ളിൽ 3 കൊലപാതകങ്ങൾ പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രശസ്ത മലയാള സിനിമാനടി നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. നടി കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പുറത്തുവിട്ടത്. താരത്തിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്.
‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ pay നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648 സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’, എന്ന് ദിയ കുറിച്ചു.
മോളി കണ്ണമാലിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതമായിരുന്നു ദിയ ഫേയ്‌സ്ബുക്ക് പോസ്റ്റ്. സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. ഇതിന് ശേഷം സിനിമയില്‍ സജീവമായിരുന്നു താരം.
കാസര്‍കോട്ടെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍.
എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു.
അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളില്‍ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പൊലീസ് കടന്നിരുന്നു. ഇന്നലെ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുത്തിരുന്നു.
വിഷം എങ്ങനെ ഉള്ളില്‍ ചെന്നു, എന്താണ് കാരണം? തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ആന്തരിക അവയവങ്ങളുടെ കെമിക്കല്‍ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
തമിഴ്നാട് ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ഒറ്റയാന്‍ വയനാട്ടിലെ ബത്തേരിയിലെത്തി. പി.എം. 2 എന്ന കൊമ്പന്‍റെ സാന്നിധ്യത്തെതുടര്‍ന്ന് ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് കാല്‍നടയാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബത്തേരി നഗരത്തിൽ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് കാട്ടാനയിറങ്ങിയത്.
പുലർച്ചെ രണ്ട് മണിയോടെ ടൗണിൽ ഇറങ്ങിയ ആന വഴിയാത്രക്കാരനായ തമ്പിയെ ആക്രമിച്ചു. ദൂരേക്ക് തെറിച്ചു വീണ് പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കട്ടയാട്, മുള്ളൻകുന്ന്, തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി.
രാവിലെയാണ് വനം വകുപ്പ് സംഘം ആനയെ വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ തുടരുന്ന ആനയെ ഉള്ളിലേക്ക് തുരത്തുകയോ പിടികൂടുകയോ ചെയ്യും. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട പി.എം 2 എന്ന ആനയാണ് അക്രമം നടത്തിയത്. ഗൂഡല്ലൂരിൽ രണ്ടുപേരെ കൊന്ന ആന അൻപതിലധികം വീടുകളും തകർത്തിരുന്നു. കാട്ടാന ഭീതിയെ തുടർന്ന് ബത്തേരി നഗരസഭയിലെ പത്തു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വനം വകുപ്പ് സംഘം ദൗത്യവുമായി മുന്നോട്ട് പോവുകയാണ്.
ഇനി മുതല്‍ താന്‍ കലോത്സവത്തില്‍ പാചകം ചെയ്യാനില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെ താന്‍ കടന്നുപോയത് ഭീകരമായ മാനസികാവസ്ഥയിലൂടെയെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറയുന്നു.
ഇപ്പോള്‍ കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലേക്കാണ്. താന്‍ കടന്നുപോകേണ്ടി വന്ന അവസ്ഥ വല്ലാത്ത അവസ്ഥ തന്നെയാണ്. ആ ഒരു അവസ്ഥയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, ഞാന്‍ മാറുന്നതിനെക്കുറിച്ചല്ല. ഇങ്ങനെയൊരു കാര്യം സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നും പഴയിടം പറയുന്നു.
കലോത്സവത്തില്‍ ക്ഷീണിച്ചുവരുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ പോലും ജാതീയതയുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയി. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നുകൊണ്ട്, അടുക്കളയില്‍ ഇത്രയും നാളുണ്ടായ ഒരു സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടുന്നെന്ന ബോദ്ധ്യത്തില്‍ സ്വയം എത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് വല്ലാത്ത ഭയം വന്നതെന്നും പഴയിടം പറയുന്നു.
മുന്‍പ് നരേന്ദ്ര മോദിജി വന്നപ്പോള്‍ തോക്കിന്‍മുനയില്‍ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ ഭീകരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. അവസാനത്തെ രണ്ടു ദിവസം ഞാന്‍ വല്ലാതെ പേടിച്ചാണ് നിന്നത്. രാത്രി ആരും ഉറങ്ങിയിട്ടില്ലെന്നും എല്ലാവരും കസേരയുമിട്ട് കാവലിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം കരള്‍ പ്രവര്‍ത്തനരഹിതമായതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണത്തില്‍ നിന്നുള്ള വിഷം അല്ലെന്നാണ് ഫൊറന്‍സിക് സര്‍ജന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിലും പരിശോധന നടത്തും. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്ന് ഫോറന്‍സിക് സര്‍ജന്റെ നിഗമനം. വിഷം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഡിസംബര്‍ 31നാണ് അഞ്ജുശ്രീ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ അഞ്ജുശ്രീയും കുടുംബവും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.
മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു.
സ്വന്തം ലേഖകൻ
ആലപ്പുഴ : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആരോപണ വിധേയനായ സ്വർണക്കടത്ത് കേസിൽ, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് വന്ന കേസിൽ, ആലപ്പുഴയുടെ ചുമതലയുള്ള സംസ്ഥാന ഓർഗനൈസേഷൻ ബിൽഡിംഗ് ടീം അംഗവും, ജില്ലാ സോഷ്യൽ മീഡിയ കൺവീനറുമായ ശ്രീ. ശരൺദേവ് പൂജപറമ്പിലിന് ഒരു ദിവസത്തെ തടവിനും 1000 രൂപ പിഴയും അടക്കാൻ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു . ഈ കേസിൽ ജില്ലാ ഭാരവാഹികളെയും നേരത്തെ ശിക്ഷിച്ചിരുന്നു
” ജനങ്ങളെ കബളിപ്പിക്കുന്ന അഴിമതികാർക്കെതിരെ ശക്തമായ സമരപരിപാടികളുമായി ആം ആദ്മി പാർട്ടി ഇനിയും മുന്നോട്ട് പോകുമെന്നും , കേസുകളിൽപെടുത്തി പിന്തിരിപ്പിക്കാം എന്ന പതിവ് ശൈലിയിൽ ഭയപ്പെടുന്നവരല്ല ആം ആദ്മി പ്രവർത്തകർ ” എന്ന് ആം ആദ്മി പാർട്ടിയുടെ ആലപ്പുഴ മണ്ഡലം കൺവീനർ ശ്രീ. AM ഇക്ബാൽ പറഞ്ഞു
വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും കാലുകള്‍ക്കും പരുക്കേറ്റിരുന്നു. താരത്തിന്റെ ലിഗമെന്റിനും പരുക്കേറ്റു.
ലിഗമെന്റിനു നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താരത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണു വിവരം. നാലു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടത്. പരുക്കിൽനിന്നു താരം പൂർണമായും മുക്തനാകാൻ ഇനിയും മാസങ്ങളെടുക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണ്‍ താരത്തിനു പൂർണമായും നഷ്ടപ്പെട്ടേക്കും. ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിൽ താരമുണ്ടാകുമോയെന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
കഴിഞ്ഞ മാസം 30നു അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിലായിരുന്നു അപകടം. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. പന്ത് പുറത്തു കടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായിരുന്നു.