Kerala

തൊട്ടിൽപ്പാലത്ത് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതോട് അമ്പലക്കാവ് ചാരുമേൽ മഹേഷിന്റെ ഭാര്യ സുഗിഷയാണ് ( 35 ) മരിച്ചത്.

ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വീടിന് അര കിലോമീറ്റർ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജനുവരി രണ്ടിന് രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി.

ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുണ്ടെങ്കിലും എന്നാല്‍ ഒരിക്കല്‍ പോലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 61ാമത് സ്‌കൂള്‍ കലോത്സവ വേദിയിലായിരുന്നു കൈതപ്രത്തിന്റെ തുറന്നുപറച്ചില്‍.

”ഞാന്‍ എന്റെ കാര്യം പറയാം. നൂറുകണക്കിന് സിനിമകളിലായി, ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ല. ഒരു ലഹരിയുടെയും ആവശ്യമില്ലെന്നു കൈതപ്രം പറഞ്ഞു.

450ൽ അധികം സിനിമയിൽ താൻ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്കരൻമാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മൾ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.

പത്മശ്രീ ലഭിച്ചപ്പോഴും അമിതമായി ആഹ്ലാദിച്ചില്ല, അത് അമ്മ തന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. പത്മശ്രീ കലാകാരൻമാർക്കു മാത്രമുള്ളതല്ല, രാജ്യം മുഴുവൻ അരിച്ചു പറക്കിയ ശേഷം നൽകുന്ന അവാർഡാണ്. അത് അമ്മ തന്നതാണ് എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സാധാരണ നിലയിൽ സിനിമക്കാർക്കു പോലും എന്നെ വേണ്ട, ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്. എനിക്ക് അങ്ങനെയൊന്നുമില്ല, കാരണം അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്നേഹിക്കുന്ന ആളാണ്.

ധാരാളിത്തത്തിന്റെ ധൂർത്തിന്റെ കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് ഞാൻ. ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്, ഞാൻ അഹങ്കാരിയാണെന്ന്. അതൊക്കെ എന്റെ കഥാപാത്രങ്ങളാണ് പറയുന്നത്. പല പടങ്ങളിലും എന്റെ കഥാപാത്രങ്ങൾ ധിക്കാരിയാണ്. ഞാൻ ഒരിക്കലും ധിക്കാരിയല്ല, ഞാൻ ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.

61ാമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികള്‍ വേദിയിലെത്തുകയാണ്.

മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണം. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയി‍ൽ ജഡ്ജിമാരായി മലയാളികളായ ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവർ സ്ഥാനമേറ്റു. ജൂലിയും ജോർജും രണ്ടാം വട്ടമാണു തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു.

കോന്നി കൊക്കാത്തോട് സ്വദേശിയായ കെ.പി.ജോർജ് ഫിനാൻഷ്യൽ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായാണ് 3 പേരും ജയിച്ചത്.

യുഎസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ജൂലി എ. മാത്യു.   കാസര്‍കോട് വീട്ടില്‍ വച്ചായിരുന്നു ജൂലിയുടെ സത്യപ്രതിജ്ഞ.രണ്ടാംതവണയാണ് ജൂലി എ. മാത്യു യുഎസ് കൗണ്ടി ജഡ്ജിയാവുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായിട്ടായിരുന്നു നടത്തിയിരുന്നത്. കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോര്‍ണിയായിരുന്നു ജൂലി.

തിരുവല്ല സ്വദേശിയാണ് ജൂലി. ഭര്‍ത്താവ് ജിമ്മി മാത്യു യുഎസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത് ജൂലിക്ക് പുറമെ കാസര്‍കോട് ബളാല്‍ സ്വദേശി സുരേന്ദ്രന്‍ കെ.പട്ടേല്‍, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി.ജോര്‍ജ് എന്നിവരും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലഹരി മാഫിയായുടെ കുരുക്കിൽ അറിയാതെ വീണുപോകുന്ന കൗമാരങ്ങളുടെ പ്രതീകാത്മകമായ പാത്രസൃഷ്ടിയിലൂടെ ജീവിത വഴിയിൽ വീട് നഷ്ടപ്പെടുന്നവരുടെ കഥ പറയുന്നു ഒറ്റവരി ജീവിതം.
മാസ്‌ലൈവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോങ് സൈറ്റ് മീഡിയാ റിലീസ് ചെയ്ത ഒറ്റവരി ജീവിതത്തിന്റെ കഥകവിത തിരക്കഥ സംഗീതം സംവിധാനം നിർവ്വഹിച്ചത് അഭിലാഷ്.കെ.വി യാണ്.

ഗാനരചന മുരളീദേവ്, കൊറിയോഗ്രാഫി ശാലിനി രാജേഷ്, യൂണീറ്റ് ക്യാമറാ ആർട്ട്, മേക്കപ്പ് ക്ലിന്റ് പവിത്രൻ , ഡിസൈൻ രാജേന്ദ്രൻ ചിറക്കടവ്, ആർട്ട് വിജയകൃഷ്ണൻ , സ്റ്റിൽസ് ഷാനവാസ് വാഴൂർ , അസോസിയേറ്റ് ഡയറക്ടർ അഭിജിത് മണിമല ,ക്യാമറാ അബിൻ ഐസക് , പാടിയത് രൂപേഷ് എം ബി , നയനാ സിബി, എഡിറ്റിംഗ് ശ്രീജേഷ് ബാക്ക്ഗ്രൗണ്ട് സ്കോർ റോബിൻ .സി . ജോസഫ് ജയദേവ് ആലക്കൽ, പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സാംസ്ക്കാരിക പ്രവർത്തകനുമായ സജി നന്ത്യായാട്ട് ഒറ്റവരി ജീവിതം യൂട്യൂബിൽ റിലീസ് ചെയ്തു നിർമ്മാതാവ് രഞ്ജിത്ത് . ആർ, കവി രാജു.എൻ. വാഴൂർ എന്നിവർ പങ്കെടുത്തു. ഗോപിനാഥ് വെൺ കുറിഞ്ഞി ,സുനിൽ സുരേഷ്, മഹേഷ് കെ.എം, സ്നേഹ, ശാലിനിരാജേഷ്, വിജയകൃഷ്ണൻ ,രഞ്ജിത്ത് R, ബാലാജി മണർകാട് , ജയൻ ചേനപ്പാടി, മനു പൊൻകുന്നം സ്മിതാ സിബി ദിയാബിജു, ജയൻ ഏന്തയാർ എന്നിവർ കഥാപാത്രങ്ങളായ് വേഷമിട്ടു.

https://youtu.be/dG2m3bVuXTU

അറസ്റ്റിലായ അഭിഭാഷകന്‍ മുഹമ്മദ് മുബാറക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നുവെന്ന് എ്ന്‍ ഐ എ കോടതിയില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശോധകന്‍ ആയിരുന്നു മുബാറക്കെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു. മുബാറിക്കിന്‍രെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു മുബാറക്കെന്നാണ് എന്‍ ഐ എ പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങള്‍ തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കുംഫു അടക്കമുള്ള ആയോധനകലകളില്‍ ഇയാള്‍ വിദഗ്ധനായിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു. അഭിഭാഷകനായിരുന്നുവെങ്കിലും ആയോധനകല പഠിപ്പിക്കുന്നതിലായിരുന്നു ഇയാള്‍ക്ക്താല്‍പര്യമെന്നും എന്‍ ഐ എ പറയുന്നു. കൊച്ചി നഗരത്തില്‍ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകരും ചില ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ ഐ എയുടെ അന്വേഷണ പരിധിയിലുണ്ട്.

പത്തനംതിട്ടയില്‍ അയ്യപ്പന്റെ ശില്‍പ്പം ഒരുങ്ങുന്നു. 133 അടി ഉയരത്തിലുള്ള ശില്‍പ്പം പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാവും. ചുട്ടിപ്പാറയുടെ മുകളില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതി.

ഈ ശില്‍പ്പം 34കിലോമീറ്റര്‍ അകലെ നിന്നു വരെ കാണാവുന്ന രീതിയിലായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറ. യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപം ഇവിടെ നിര്‍മ്മിക്കാനാണ് പദ്ധതി.

ഇതിന് 25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 600മീറ്റര്‍ ചുറ്റളവാണ് പദ്ധതി. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ രൂപികരിച്ചാണ് പദ്ധതിയൊരുങ്ങുന്നത്. പന്തളത്ത് നിന്നു നോക്കിയാല്‍ കാണാവുന്ന പോലെയെന്ന് സംഘാടകര്‍ പറയുന്നു. കോണ്‍ക്രീറ്റിലാവും ശില്‍പം.

ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ സ്ഥലത്താണ് ശില്‍പ്പം നിര്‍മ്മിക്കുക. ക്ഷേത്ര ട്രസ്റ്റാണ് നിര്‍മാണം ആലോചിക്കുന്നത്. ആഴിമലയിലെ ശിവശില്പം നിര്മിച്ച ശില്പി ദേവദത്തന്റെ നേതൃത്വത്തിലാകും ശില്പ നിര്മാണം.

വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖിനെ (22) യാണ് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തത്.

ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ചയോളം മുങ്ങി നടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. നവ മാധ്യമങ്ങളിലുടെ രാജനുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി വടകരയിലെത്തിയത്.

സമാനമായ രീതിയിലുള്ള നിരവധി പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. കൊലപാതകം നടന്നതിന് തൊട്ടടുത്ത രണ്ട് ദിവസം മുമ്പാണ് പ്രതി വടകരയിലെത്തിയത്. മറ്റു ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യൽ മീഡിയയിലെയും, സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചക്ക് വേണ്ടിയാണ് പ്രതി കൊലനടത്തിയത്. പ്രതിയുടെ മൊബൈൽ കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. രാജന്റെ കൈവശത്തു നിന്നും കവർന്ന സ്വർണ്ണാഭരണങ്ങളും, ബൈക്കും കണ്ടെത്തിയിട്ടില്ല.

ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും. ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്ഐ മാരായ പ്രകാശൻ, കെ പി രാജീവൻ, എഎസ്ഐ മാരായ ഷാജി, യൂസഫ്, മനോജ്, സീനിയർ സിപിഒ മാരായ സൂരജ്, സജീവൻ എന്നിവരാണ് ഉണ്ടായിരുന്നത്.

അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിരവധി പരാതികളെ തുടർന്ന് രണ്ട് മാസം മുൻപ് പൂട്ടിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാണ് കോട്ടയം സ്വദേശിനിയും നഴ്‌സുമായ രശ്മി രാജ് (33) മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രശ്മി ഇന്നലെ വൈകിട്ടോടെ മരിച്ചു.

അതേസമയം ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആവിശ്യം ഉയർന്നിരുന്നു. എന്നാൽ ഒരു പരിശോധനയും നടന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്. രണ്ട് മാസം മുൻപ് പൂട്ടിയ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിച്ചത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും ആരോപണമുണ്ട്.

 

മലയാള സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായും പിന്നീട് സ്വതന്ത്ര സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് പോള്‍സണ്‍. ഇപ്പോഴിതാ മാസ്റ്റര്‍ബിന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പോള്‍സണ്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയില്‍ നിന്നും തിരിച്ച് പോകാന്‍ തുടങ്ങുമ്പോള്‍ ഫാസിലിനോട് മമ്മൂട്ടി പറഞ്ഞു ഞാന്‍ തിരുവനന്തപുരത്തേക്കാണ് പോകുന്നത് എനിക്ക് കൂട്ടിന് പോള്‍സണിനെ വിടണമെന്ന്.’

ഡ്രൈവര്‍ ഉറങ്ങുകയാണ്. മമ്മൂട്ടിയാണ് ഓടിക്കുന്നത്. മമ്മൂട്ടി അദ്ദേഹം സിനിമയില്‍ വന്ന കഥയും മറ്റുമൊക്കെ പറയുന്നുണ്ടായിരുന്നു. മമ്മൂട്ടിയെ സ്‌ഫോടനത്തെ സെറ്റില്‍ വെച്ച് ഞാന്‍ കണ്ടിരുന്നു. ഞാന്‍ സ്‌നേഹിച്ച് കല്യാണം കഴിച്ച കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞിരുന്നു. വീട് സ്വന്തമായി ഇല്ലെന്നും വാടകയ്ക്കാണ് താമസിക്കുന്നതെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ അദ്ദേഹത്തിന് വിഷമമായി.’

അദ്ദേഹം എന്നോട് അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും പിന്നീട് ആ ഡേറ്റുകള്‍ വിറ്റ് കാശാക്കി സ്വന്തമായി വീട് വാങ്ങിക്കോളാനും പറഞ്ഞു. ആ ഐഡിയ നല്ലതാണെന്ന് മമ്മൂക്ക പറഞ്ഞത് കേട്ടശേഷം ഞാന്‍ പറഞ്ഞു.

ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എങ്ങാനും സിനിമ പൊട്ടിയാല്‍ എന്റെ കൈയ്യിലുള്ള കാശ് നഷ്ടമാകില്ലേയെന്ന്.’ അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്നോട് ദേഷ്യപ്പെട്ടു. അവസാനം കാറില്‍ നിന്ന് ഇറക്കി വിട്ടു. വെളുപ്പിന് മൂന്ന് മണി എന്തോവാണ് സമയം ഞാന്‍ കരഞ്ഞുപോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പോയ സ്പീഡില്‍ അദ്ദേഹം തിരികെ വന്നു.’

‘എന്നെ നിര്‍ബന്ധിച്ച് പിടിച്ച് വലിച്ച് കാറില്‍ കയറ്റി. അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നു. പെട്ടന്ന് ദേഷ്യം വരും അതുപെട്ടന്ന് പോവുകയും ചെയ്യും മമ്മൂക്കയ്ക്ക്’ പോൾസൺ പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകന്റെ ഫോണ്‍കോള്‍ എത്തിയതോടെ മറന്നുപോയ സന്തോഷം വീണ്ടെടുത്തിരിക്കുകയാണ് കുടുംബം. ആര്യനാട് തോളൂര്‍ മണികണ്ഠ വിലാസത്തില്‍ എസ്.പ്രവീണ്‍ ആണ് ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുടുംബത്തിന് മുന്നിലേക്ക് വീഡിയോ കോളിലൂടെ എത്തിയത്.

കാറ്ററിങ് ജോലി തേടിയാണ് ഒന്‍പതു കൊല്ലം മുമ്പ് പ്രവീണ്‍ അബുദാബിയില്‍ പോയത്. നാട്ടില്‍ പെയിന്റിങ് ജോലിയായിരുന്ന പ്രവീണിന്. പോയതിന് ശേഷം രണ്ട് വര്‍ഷം വരെ വീട്ടുകാരെ വിളിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലാതായി.

മറ്റൊരു സ്ഥലത്തെ കമ്പനിയില്‍ ജോലിക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു, ഇതിന് ശേഷം ഒരു വിളിയും ഉണ്ടായില്ല. പ്രവീണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിതാവ് സി.സുന്ദരേശനും മാതാവ് ബി.എസ്.മണിയും സഹോദരിമാരായ പ്രീയയും പ്രീയങ്കയും അടങ്ങിയ കുടുംബം തകര്‍ന്നുപോയിരുന്നു.

തങ്ങളാല്‍ കഴിയും വിധം ഇവര്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഇവര്‍ കാത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഐ.പി.ബിനുവിന് പ്രവീണിന്റെ വിവരവുമായി സുഹൃത്തായ പ്രവാസിയുടെ അപ്രതീക്ഷിതമായ ഫോണ്‍ വിളി എത്തുന്നത്.അതേസമയം, പ്രവീണിന്റെ അജ്ഞാത വാസത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രവീണിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved