തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയ്ക്ക് ഒപ്പമുണ്ടായിരുന്ന 13 വയസ്സുകാരിയുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കൂടി ഉൾപ്പെട്ടതായി വ്യക്തമായിരുന്നു.
ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ തുടർന്ന്, ബന്ധുക്കളെ കബളിപ്പിക്കാനാണ് ഷംന നവജാത ശിശുവിനെ കടത്തിക്കൊണ്ടുവന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. കുഞ്ഞിനെ പൊള്ളാച്ചിയിൽ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ പുലർച്ചെയാണ് പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നും നാട്ടുകാരായ യൂനിസ് – ദിവ്യഭാരതി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയത്.
പൊള്ളാച്ചി പൊലീസ് നൽകിയ ജാഗ്രതാ നിർദേശത്തിലുള്ള പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് സ്ത്രീകൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്, കൊടുവായൂർ സ്വദേശി മണികണ്ഠന്‍റെ വീട്ടിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. മണികണ്ഠന്‍റെ ഭാര്യ ഷംനയെ പുലർച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിലെടുത്ത് പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ രക്ഷിതാക്കൾക്ക് കൈമാറി.
ഒരു വർഷം മുൻപാണ് ഷംനയും മണികണ്ഠനും ഒരുമിച്ച് ജീവിയ്ക്കുന്നത്. ഇതിനിടെ ഗർഭിണിയാണെന്ന് പറഞ്ഞതിനെ തുടർന്ന് ആശാ വർക്കർ ആരോഗ്യ പരിശോധന റിപ്പോർട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നൽകി വന്നു. ഏപ്രിൽ 22 ന് പ്രസവിച്ചെന്ന് പറഞ്ഞെങ്കിലും ഷമ്ന കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞിനെ കാണിക്കാത്ത വിവരം മണികണ്ഠനും പൊലീസിൽ അറിയിച്ചു. ഇതാണ് ഷംനയെ സാഹസത്തിന് പ്രേരിപ്പിച്ചത്. ഷംനയോടൊപ്പം ഒരാൾ കൂടി ഉള്ളതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും തുടർ നടപടികൾ സ്വീകരിയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ടാകുരെമ്പോ (യുറഗ്വായ്): കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ ആറു വയസുകാരിയായ മകൾ ജൂലിയെറ്റ അന്തരിച്ചു. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ ഒമ്പതിനായിരുന്നു മകളുടെ മരണമെന്നാണ് ലൂണ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ പോസ്റ്റിൽ പറയുന്നു. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്.
ഇക്കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ലൂണ.
View this post on Instagram
പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞ് പ്രസവത്തോടെ മരിച്ചിരുന്നു.
സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തത്.
ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ട് റിപ്പോർട്ട്.
ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഗര്‍ഭിണിയായിരുന്ന അധ്യാപിക കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകനായ പതിനേഴുകാരന്‍ അറസ്റ്റില്‍. അധ്യാപികയുമായി വിദ്യാര്‍ഥി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നെങ്കിലും അധ്യാപിക സമ്മതിച്ചില്ലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അംബേദ്കർനഗർ ജില്ലയിലെ ജലാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താൻപൂർ അത്രൗളിയിലെ അധ്യാപികയായ സുപ്രിയ വർമ്മ (35) ഭർത്താവിനും അമ്മയ്ക്കുമൊപ്പം അയോധ്യയിൽ താമസിച്ചിരുന്നതായി പോലീസ് സൂപ്രണ്ട് (സിറ്റി) വിജയ് പാൽ സിംഗ് പറഞ്ഞു. അയോധ്യ ജില്ലയിലെ ബികാപൂർ തഹസിൽ അസ്കരൻപൂർ പ്രൈമറി സ്‌കൂളിൽ പഠിപ്പിച്ചു. ഭർത്താവ് ഉമേഷ് വർമയും സർക്കാർ അധ്യാപകനാണ്.
ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരിയായ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപികയും വിദ്യാര്‍ഥിയും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
‘അധ്യാപികയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍, യുവതി ഇതിന് എതിരായിരുന്നു. ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു’ അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.
കവര്‍ച്ച നടന്നതായി വരുത്തിത്തീര്‍ക്കാന്‍ യുവതിയുടെ മുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് 50,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പ്രതി കൈക്കലാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്എസ്പി പറഞ്ഞു. പ്രതിയെ പിടികൂടിയതായും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചതില്‍ പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ചികില്‍സാപ്പിഴവിനെത്തുടര്‍ന്നാണ് തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞ് മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പിഴവുണ്ടായെന്ന സൂചനയാണ്. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അഞ്ച് മണിക്കൂറിലധികം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഐശ്വര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. ബന്ധുക്കളുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഐശ്വര്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സാപ്പിഴവ് വരുത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടുമായി നാട്ടുകാരും ഐശ്വര്യയുടെ ബന്ധുക്കളും. ബന്ധുക്കള്‍ പിഴവ് ആരോപിച്ച മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെുത്തതായി ഡിവൈഎസ്പി.
കലക്ടര്‍ വന്നതിന് ശേഷം മാത്രമേ പിന്‍മാറൂ എന്ന നിലപാട് ബന്ധുക്കള്‍ സ്വീകരിച്ചതോടെ ആര്‍ഡിഒ എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പ് നല്‍കി. ആശുപത്രി ജീവനക്കാര്‍ നേരിട്ട് മറവ് ചെയ്തിരുന്ന ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി മുറുകിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കണ്ടെത്തി. ബന്ധുക്കളെ അറിയിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തെന്നും പിന്നീടാണ് ഒപ്പിടാന്‍ സമീപിച്ചതെന്നും പരാതിയുണ്ട്.
കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചുമയുടെ മരുന്ന് കഴിച്ച് വിദ്യാർത്ഥി അശുപത്രിയിൽ. കുറ്ററ നെടുവേലിക്കുഴി അനിൽകുമാർ – ശുഭ ദമ്പതികളുടെ മകനും കുളക്കട ഗവ.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ആഷിക്ക് അനിലിനെയാണ് (14) കൊട്ടാരക്കര താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് വിദ്യാർത്ഥിയെ കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേത്തിച്ചത്. ആന്റിജൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് ഡോകടറെ കണ്ട് ഫാർമസിയിൽ നിന്ന് ചുമയുടെ മരുന്നിനായി കുപ്പി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പുറത്ത് പോയി കൊണ്ടുവന്ന കുപ്പിയിലാണ് മരുന്ന് നൽകിയത്. വീട്ടിലെത്തി മരുന്ന് കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയക്ക് അസ്വസ്തത അനുഭവപ്പെട്ടത്. തുടർന്ന് കുട്ടിയെ കുളക്കട സാമുഹിക കേന്ദ്രത്തിൽ വീണ്ടും എത്തിച്ചു. നൽകിയ മരുന്നും ഒപ്പംകൊണ്ടുപോയിരുന്നു .തുടർന്ന് കൊട്ടാരക്കര താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. ഇതോടെ അശ്വാസമായതായി മാതാപിതാക്കൾ പറഞ്ഞു .
മരുന്ന് മാറി നൽകിയതാണെന്നും ലോഷന്റെ മണമായിരുന്നു അതിനെന്നും വിദ്യാർത്ഥിയുടെ അച്ഛൻ അനിൽ കുമാർ ആരോപിച്ചു. ഡി.എം.ഒ യ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മരുന്ന് മാറി നൽകിയെന്ന ആരോപണം ശരിയല്ലെന്ന നിലപാടിലാണ് അധികൃതർ. നിരവധിപ്പേർക്ക് ഈ മരുന്ന് നൽകിയിരുന്നതായും എന്നാൽ, അവർ ആരും പരാതിയുമായി വന്നിട്ടില്ലെന്നും മരുന്നിന്റെ സാബിളികൾ പരിശോധനയ്ക്കച്ചിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബി.ജെ.പിയും ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.
പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം നടന്നത്. ചികിത്സാപ്പിഴവുണ്ടായെന്നും ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ജൂൺ 29നാണ് പ്രസവത്തിനായി ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യ(25)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്നു മുൻകരുതലായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു. ഇന്നലെ പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിക്കുകയായിരുന്നു. സമ്മതമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. ഹേമലത പറഞ്ഞു. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പൊലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ചികിത്സയെല്ലാം നല്‍കിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയര്‍ മാനേജര്‍ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഹോളിവുഡ് നടൻ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസായിരുന്നു കുറച്ചുനാൾ മുമ്പുവരെ സിനിമാലോകത്തെ ചൂടുള്ള ചർച്ച. വിധി ഡെപ്പിന് അനുകൂലമായി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട തുർസംഭവവികാസങ്ങൾ അവസാനിക്കുന്നേയില്ല. ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹേർഡിന്റെ അഭിഭാഷകൻ.
43 പേജുള്ള രേഖയാണ് ഹേർഡിന്റെ അഭിഭാഷകൻ ഫെയർഫോക്സ് കൗണ്ടി കോടതിയിൽ സമർപ്പിച്ചത്. വിധി വന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് അദ്ദേഹം വീണ്ടും ഇതേ കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ജോണി ഡെപ്പിന് നൽകാൻ ഉത്തരവിട്ട 10 മില്യൺ ഡോളർ നഷ്ടപരിഹാരം സാധൂകരിക്കാൻ തെളിവുകളൊന്നുമില്ല എന്ന് ഹേർഡിന്റെ നിയമ സംഘം പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ സിനിമകളിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നൽകുകയും ചെയ്തു.
എന്നാൽ, ഹേർഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാൽ കോടതി അത് നിരസിക്കുകയായിരുന്നു.
ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകി. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി. നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ദൂതനായി തന്നെ സമീപിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി.കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങളെല്ലാം ഷാജ് കിരണ്‍ നിഷേധിച്ചിരുന്നു.
നേരത്തെ കെ.ടി. ജലീല്‍ നല്കിയ ഗൂഢാലോചനാക്കേസില്‍ പ്രത്യേക അന്വേഷണസംഘവും ഷാജ് കിരണിനെ ചോദ്യംചെയ്തിരുന്നു. രണ്ടുതവണയാണ് പ്രത്യേക അന്വേഷണസംഘം ഇയാളില്‍നിന്ന് മൊഴിയെടുത്തത്.
എ.കെ.ജി. സെന്ററിലേക്കു സ്‌ഫോടകവസ്‌തു എറിഞ്ഞവരെ പിടികൂടാന്‍ വൈകുന്നത് പോലീസിനും സി.പി.എമ്മിനും ഒരുപോലെ തിരിച്ചടിയാകുന്നു. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടര്‍ യാത്രക്കാരന് ആക്രമത്തില്‍ പങ്കില്ലെന്ന് സ്ഥിരീകരിച്ചു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് വിശദീകരണം.
പ്രതികളെ കണ്ടെത്താന്‍ വൈകുന്നതോടെ ആരോപണത്തിന്റെ കുന്തമുന സി.പി.എമ്മിനു നേരേ തിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.സംഭവം നടന്നിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ലയെന്നുമാത്രമല്ല പൊലീസും സര്‍വത്ര ആശയക്കുഴപ്പത്തിലാണ്. രണ്ട് പ്രതികളെന്നായിരുന്നു പോലീസന്റെ ആദ്യ നിഗമനം. എന്നാല്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ പ്രതിയല്ലെന്ന് കണ്ടതോടെ വീണ്ടും എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി നില്‍ക്കുകയാണ് അന്വേഷണം.
കല്ലെറിഞ്ഞ് എ.കെ.ജി. സെന്ററിന്റെ ഒരു ജനല്‍ച്ചില്ലെങ്കിലും പൊട്ടിക്കുമെന്ന് അഞ്ചുദിവസം മുമ്പ് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ട ആണ്ടൂര്‍ക്കോണം സ്വദേശിയാണു പോലീസ് കസ്‌റ്റഡിയിലുള്ളത്. കല്ലെറിയുന്നതു താന്‍ ഒറ്റയ്‌ക്കായിരിക്കുമെന്നും ഇയാള്‍ കുറിച്ചിരുന്നു. എന്നാല്‍, മദ്യലഹരിയിലാണു ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ടതെന്നാണ് ഇയാളുടെ നിലപാട്. എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടകവസ്‌തു എറിഞ്ഞയാള്‍ ചുവന്ന സ്‌കൂട്ടറിലാണ് എത്തിയത്. കസ്‌റ്റഡിയിലുള്ളയാള്‍ക്കും ചുവന്ന സ്‌കൂട്ടറുണ്ട്. എന്നാല്‍, ആക്രമണസമയത്ത് ഇയാള്‍ എ.കെ.ജി. സെന്റര്‍ പരിസരത്തുണ്ടായിരുന്നെന്നു സ്‌ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ആക്രമണം നടന്ന ദിവസം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നു കണ്ടെത്തി.
ആക്രമണത്തെ തള്ളിപ്പറയാത്ത കോണ്‍ഗ്രസാണ് സംഭവത്തിനു പിന്നിലെന്ന ആരോപണം സി.പി.എം. കടുപ്പിച്ചു. എന്നാല്‍, കണ്ണടച്ചു കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരിലും ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് സി.പി.ഐ.
പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇന്നലെ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. ഇ.പി. ജയരാജന്‍ തറപ്പിച്ചു പറയുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്തെങ്കിലും തെളിവുകളുണ്ടായിരിക്കും. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതില്‍ കേരളത്തിലെ പോലീസിനു നല്ല കഴിവുണ്ട്. പിന്നെ എല്ലാ കേസും 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താനാകില്ല. ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതാണെങ്കില്‍ അതിന് താമസമുണ്ടാകുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
ആക്രമണം സി.പി.എം. ആസൂത്രണം ചെയ്‌തതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആദ്യം പഴി കോണ്‍ഗ്രസില്‍ കെട്ടിവച്ചശേഷം അതില്‍നിന്ന് പിന്മാറിയെന്ന ആരോപണം ഇ.പി. ജയരാജന്‍ തള്ളി. ആക്രമണം ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്‌തതാണെന്ന കെ. സുധാകരന്റെ പ്രസ്‌താവന മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദനും പ്രതികരിച്ചു.
നുണപ്രചാരണത്തിന് അപാര തൊലിക്കട്ടിയുള്ള നേതാവാണ് സുധാകരനെന്നാണ് എം.വി. ഗോവിന്ദന്റെ വാക്കുകള്‍.