തിളച്ച പാൽ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് മാതാപിതാക്കൾ. കുട്ടിയുടെ ആരോഗ്യനില മോശമായിട്ടും മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിന് ആശുപത്രി മാനേജ്‌മെന്റ് അനുവദിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പ്രിൻസ് തോമസിന്റെ മകൾ സെറാ മരിയയുടെ മരണത്തിലാണ് സ്വകാര്യ ആശുപത്രിക്ക് നേരെ ആരോപണം ഉയർന്നിരിക്കുന്നത്. ആംബുലൻസ് സൗകര്യവും ഓക്‌സിജനും സമയത്ത് ലഭിച്ചില്ലെന്നും മാതാപിതാക്കൾ പറയുന്നു. തിളച്ച പാൽ വീണ് പൊള്ളലേറ്റ കുഞ്ഞിനെ ഈ മാസം 13നാണ് എരുമേലിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്.

ചികിത്സ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ അണുബാധ ആരംഭിച്ചെങ്കിലും മറ്റെവിടേക്കും മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ബുധനാഴ്ച അർധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഓക്‌സിജൻ നൽകുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായി മാതാപിതാക്കളുടെ നിർബന്ധത്തിൽ ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും ഫലമുണ്ടായില്ല.

അപ്പോഴേക്കും കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. അത്യാഹിത ഘട്ടമായിട്ടും ഓക്‌സിജൻ വേർപെടുത്തിയ ശേഷമാണ് കുട്ടിയെ ആംബുലൻസിലേക്ക് കയറ്റിയതെന്നും ഇവർ ആരോപിക്കുന്നു. ആശുപത്രി അധികൃതർക്കെതിരെ കുടുംബം പരാതി നൽകുമെന്ന് അറിയിച്ചു. അതേസമയം,പരാതി നൽകും. ഗുരുതര പൊള്ളലുമായാണ് കുഞ്ഞിനെ എത്തിച്ചതെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.