ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി പി.സി.ജോര്‍ജ്. പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. പിന്നെ ആരുടെ പേര് പറയണം, തന്‍റെ പേര് പറയണോ? എന്ന അധിക്ഷേപ ചോദ്യമായിരുന്നു ജോര്‍ജിന്‍റെ മറുപടി. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നാകെ പ്രതിഷേധിച്ചു.
പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്– ജോര്‍ജ് പറഞ്ഞു.
ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി. ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.
സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോർജ് പറഞ്ഞു.
പി.സി.ജോര്‍ജിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 മൊഴി നല്‍കിയത്. എട്ടുവര്‍ഷമായി പി.സി.ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നന്ദാവനം എ.ആര്‍.ക്യാംപിലെത്തിച്ചു. അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ മ്യൂസിയം പോലീസാണ്ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്.
സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് നിഗമനം.മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍, മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ബാക്കി എല്ലാവരും കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ വിഷം കഴിച്ചതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.മണിക്കുട്ടന് കടബാധ്യതയുള്ളതായും ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കല്ലമ്പലത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു മണിക്കുട്ടന്‍.
ഷമ്മി തിലകന്‍ അവസരവാദിയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടനെ താര സംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഷമ്മി തിലകനെതിരെ രംഗത്ത് വന്നത്.
തിലകനെ കൊണ്ട് തന്നെ അമ്മ സംഘടനയ്ക്ക് പ്രശ്‌നമായിരുന്നെന്നും ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയതിനാലാണ് തിലകനെ പുറത്താക്കിയതെന്നും ഇപ്പോള്‍ മകനും അതേ സാഹചര്യത്തിലാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
അതേസമയം, അമ്മയുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ ചില സംശയങ്ങളാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. താന്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
മോഹന്‍ലാല്‍ ഒരിക്കല്‍ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോര്‍ട്ട് താന്‍ കൊടുത്തു. അതിലെ കാര്യങ്ങള്‍ നടപ്പില്‍ വരികയാണ് തനിക്ക് വേണ്ടത്, ഷമ്മി തിലകന്‍ വ്യക്തമാക്കി.
നടൻ തിലകന് മക്കൾ സ്വസ്ഥത കൊടുത്തില്ലെന്ന സംവിധായകൻ ശാന്തിവിള ദിനേശിന്റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. മരിച്ചവർ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാമെന്നായെന്നും എന്നാൽ ആ പറച്ചിലുകൾ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിൽ ആണെന്ന് ഇവർ തിരിച്ചറിയുന്നില്ലെന്നും ഷമ്മി തിലകൻ.
തിലകന് തന്റെ മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നുവെന്നും അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണെന്നാണും ശാന്തിവിള ദിനേശ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവസാനനാളുകളിൽ തിലകനെ കാണാൻ ചെന്നപ്പോള്‍ തന്നോട് പറഞ്ഞതാണെന്നും ശാന്തിവിള ദിനേശ് അവകാശപ്പെട്ടു. ഇതെ തുടർന്നാണ് ഷമ്മി തിലകൻ പ്രതികരണവുമായി രംഗത്ത് വന്നത്.
മങ്കരയിലെ പെണ്‍കുട്ടി പേവിഷബാധയേറ്റ് മരണപ്പെടാന്‍ കടികൊണ്ടുണ്ടായ മുറിവിന്റെ ആഴക്കൂടുതല്‍ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിന്‍ തന്നെയാണ് നല്‍കിയതെന്നും ഡിഎംഒ ഡോ. കെ.പി റീത്ത വ്യക്തമാക്കി.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ ഇടതുകൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിന്‍ കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്.
ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി.
കടിച്ച വളര്‍ത്തുനായയ്ക്ക് വാക്സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവര്‍ക്ക് വാക്സിന്‍ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും.
അന്നേദിവസം നായയുമായി ഇടപെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും കുത്തിവെപ്പെടുത്തിട്ടുണ്ട്.
ലോകത്തിന്റെ ഏത് കോണില്‍ ചെന്നെത്തിയാലും അവിടെയൊരു മലയാളി ഉണ്ടാകും. അക്ഷരാര്‍ഥത്തില്‍ അത് ശരിയുമാണ്. മറ്റ് രാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളിലുള്ള മലയാളികളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പോലീസിലെ വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്‍ഡിലാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളികൂടിയാണ് അലീന.
കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയല്‍ ന്യൂസീലന്‍ഡ് പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂര്‍ത്തിയാക്കിയത്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കള്‍.
ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനമെല്ലാം.
ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴില്‍മേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സഹോദരന്‍ ആല്‍ബി അഭിലാഷ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. നിരവധി പേരാണ് അലീനയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
എകെജി സെന്‍ര്‍ ആക്രമിച്ച കേസില്‍ അന്വേഷണം ഡിസിആര്‍ബി എ.സി ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം. 12 പേരാണ് സംഘത്തിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടറിലെത്തിയ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 436, സ്‌ഫോടകവസ്തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്. ഇന്നലെ രാത്രി 11.25 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് സ്‌ഫോടകവസ്തു എറിഞ്ഞത്.
അക്രമി ലോ കോളേജിന് സമീപത്തുള്ള വഴിയില്‍ കൂടി പോകുന്നതിന്റെ ദൃശ്യം തൊട്ടടുത്തുള്ള വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എകെജി സെന്ററിനു നേര്‍ക്ക് സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം അക്രമി കുന്നുകുഴി ജങ്ഷനില്‍ എത്തിയ ശേഷം ലോ കോളേജ് ഭാഗത്തേക്ക് പോയി എന്ന സൂചന നല്‍കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. വരമ്പശ്ശേരി ജങ്ഷനിലെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇത്
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ എത്തിച്ചു തെളിവെടുത്തു. ഈ ഫ്‌ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി നടി പരാതിയില്‍ പറഞ്ഞിരുന്നു.
വിജയ് ബാബുവിനു ഹൈക്കോടതിയില്‍ ജാമ്യം അനുവദിച്ചതിനെതിരെ പോലീസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പു നടത്തിയത്.
പീഡനം നടന്ന ദിവസം ഫ്ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുളള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു വരുകയാണ്. മൂന്നാം തിയതി വരെ പോലീസിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനുള്ളില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമം.
വിതുരയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് കുട്ടിയുടെ കൂട്ടുക്കാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ബെഞ്ചമിന്‍ പിടിയിലായത്.
നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് പാസ്റ്റര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുകാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സി.ഡബ്ല്യു.സി വിതുര പോലീസിന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.