Kerala

മൂന്നാർ: യാത്രപോയ ശേഷം മറന്ന് വച്ച ഫോൺ എടുക്കാൻ വീട്ടുകാർ തിരിച്ചെത്തിയതോടെ കളളന്‍ പിടിയിലായി. വീട്ടിൽ മോഷ്ടിക്കാൻ കയറിയ ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈ (38) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

സൈലന്റ് വാലി റോഡിൽ സർക്കാർ മദ്യശാലയ്ക്കുസമീപം ആറുമുറി ലയത്തിൽ രത്തിനാ സൗണ്ട്സ് ഉടമ മോഹനന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മോഹനനും കുടുംബവും വീടുപൂട്ടി ഉദുമൽപേട്ടയ്ക്ക് പോയി. വാഗുവാര എത്തിയപ്പോഴാണ് മൊബൈൽ ഫോൺ മറന്നകാര്യം മനസ്സിലായത്. ശേഷം ഫോൺ എടുക്കാനായി ഇവർ വീട്ടിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതായും മുറികളിൽ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതായും മകൻ രാജേഷ് കണ്ടു. ആരോ അകത്തുണ്ടെന്ന് മനസ്സിലായതോടെ വാതിൽ അടച്ചശേഷം നാട്ടുകാരെയും പോലീസിനെയും ഇവർ വിവരമറിയിച്ചു.

​പോലീസ് നടത്തിയ പരിശോധനയിലാണ് വീടിനകത്തെ സീലിങ്ങിനുള്ളിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. മദ്യശാലയ്ക്ക് സമീപം സംഘം ആക്രമിച്ചതിനെ തുടർന്ന് രക്ഷപെടുവാൻ വീട്ടിനുള്ളിൽ കയറിയതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വീട്ടിൽനിന്ന്‌ ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. മൂന്നാർ എസ് ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

തൃശൂര്‍: വീട്ടില്‍ നിന്നു കാണാതായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജികഷയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏനമാവ് റെഗുലേറ്ററിനു സമീപം പുഴയില്‍ മരിച്ച നിലയിലായരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും തിരച്ചിലിനിടെയാണ് രാവിലെ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്നു കണ്ടെത്തിയത്. നിജിഷയും ഹരികൃഷ്ണനും വിവാഹിതരായിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
പാവറട്ടി സി.ഐ. എം.കെ. രമേശ്, എസ്.ഐ. സുജിത്ത്, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട്: സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിനെ ലൈഫ് മിഷന്‍ വിജിലന്‍സ് സംഘം ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. വിജിലന്‍സ് സംഘം തന്നെ ബലമായി പിടിച്ചുകൊണ്ടു പോയതാണെന്നു സരിത്ത് മാധ്യമങ്ങളോടു പറഞ്ഞു.

ബലപ്രയോഗത്തിലൂടെയാണ് വിജിലന്‍സ് സരിത്തിനെ ഫ്‌ളാറ്റില്‍ നിന്നു വാഹനത്തില്‍ കയറ്റിയത്. അതുകൊണ്ട് കൈയില്‍ നീരുണ്ട്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സ് ആണെന്നു പറഞ്ഞത്. വിജിലന്‍സ് സ്വപ്‌നയെക്കുറിച്ചാണ് ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും ചോദിച്ചിട്ടില്ല. സ്വപ്‌നയുടെ മൊഴി ആരു നിര്‍ബന്ധിച്ചിട്ടാണ് പറയുന്നതെന്നു ചോദിച്ചു. ചോദ്യം ചെയ്യലിനു യാതൊരു നോട്ടീസ് നല്‍കാതെയാണ് കൊണ്ടു പോയത്. പാലക്കാട് വിജിലന്‍സ് ഓഫീസില്‍ എത്തിച്ച ശേഷമാണ് 16നു ഹാജരാകണമെന്നു നോട്ടീസ് നല്‍കിയത്. സ്വപ്‌നയുടെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നു ഉച്ചയോടെയാണ് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ലൈഫ് മികന്‍ കേസില്‍ മൊഴി രേഖപ്പെടുത്തുവാനാണെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്.

പീഡിപ്പിക്കാൻ ശ്രമിച്ചയാളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ചിത്രകാരി ആലിസ് മഹാമുദ്ര രംഗത്ത്. കഴിഞ്ഞ ദിവസം രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയിൽ വെച്ചാണ് ആലിസിനെ ദുരനുഭവമുണ്ടായത്. ആലിസിനെ പിന്തുടർന്ന ഇയാൾ, ജംങ്ഷൻ വിട്ട് ഇടവഴിയിലേക്ക് തിരിഞ്ഞതും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തെത്തിയപ്പോൾ ആക്രമിക്കുകയും റേപ്പ് ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

‘റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ എത്തി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു, പിടിച്ചുകൊണ്ടു വന്നു’. ആലിസ് തന്റെ അനുഭവം കുറിച്ചു.

ഒപ്പം അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോടായി ആലിസ് പറഞ്ഞത് നിങ്ങൾ അവനെ കൊന്നിട്ട് വരൂ, അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാമെന്നായിരുന്നു, അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാമെന്നും പറഞ്ഞതായി ആലിസ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചു.

ആലിസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം;

‘ഇവൻ റേപ്പിസ്റ്റ്. ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു.

അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി. ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല.

ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്: നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം. അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല.’

സ്വകാര്യ ചാനലില്‍ സരിതാ നായരും പിസി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പിസി ജോര്‍ജ് രംഗത്ത്. സരിതയെ ഞാന്‍ ചക്കരക്കൊച്ചേ എന്നാണ് വിളിക്കുന്നത്, കാരണം എനിക്കവള്‍ എന്റെ കൊച്ചുമകളെപ്പോലെയാണെന്നാണ് പിസി പറഞ്ഞു.

ഒരു വ്യവസായ സംരഭം നടത്താന്‍ ഇറങ്ങിത്തിരിച്ചിട്ട് കേരളത്തിലെ രാഷ്ട്രീയ നരാധമന്‍മാര്‍ നശിപ്പിച്ചുകളഞ്ഞ ഒരു പാവം സ്ത്രീയാണ് അവരെന്നും പിസി കൂട്ടിച്ചേര്‍ത്തു.

‘പി.സി ജോര്‍ജും സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് എന്ന് പറയുന്നു. വലിയ ആനക്കാര്യമാണോ? സരിതയുമായി ഞാന്‍ എത്ര കൊല്ലമായി സംസാരിക്കുന്നതാണ്. ഞാന്‍ എന്റെ കൊച്ചുമകളെപ്പോലെ ചക്കരക്കൊച്ചേ, ചക്കരപ്പെണ്ണേ എന്നാണ് വിളിക്കാറ്. എന്താ കാര്യം എന്റെ മകന്റെ മകളെ ഞാന്‍ വിളിക്കുന്നത് ചക്കരക്കൊച്ചേ എന്നാണ്.

നിരപരാധിയായ മാന്യയായ ഒരു പെണ്‍കുട്ടി, വ്യവസായസംരംഭത്തിന് ഇറങ്ങിത്തിരിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയത്തിലെ നരാധമന്മാര്‍ നശിപ്പിച്ച ഒരു പാവപ്പെട്ട സ്ത്രീയാണ് അവര്‍. പിണറായിയ്ക്കും വേണേല്‍ ഇനിയവരെ ചാക്കിടാന്‍ പറ്റും. പാവമാണല്ലോ.

ഈ അടുത്ത കാലത്ത് ഞാന്‍ അവരെ വിളിച്ചത് എന്തിനാണെന്ന് പറയാം. അവരെ നശിപ്പിച്ചവര്‍ക്കെതിരെ അവര്‍ കേസുകൊടുത്തിരിക്കുകയാണ്. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തന്നെയാണ് ഓര്‍ഡര്‍ ഇട്ടത്. സി.ബി.ഐ എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പെണ്‍കുട്ടി കൊടുത്തമൊഴിയില്‍ പി.സി. ജോര്‍ജിന് അറിയാമെന്ന് മൊഴി കൊടുത്തിട്ടുണ്ട്. ഇന്നലെയും എന്നെ സി.ബി.ഐ വിളിച്ചിരുന്നു. എനിക്ക് സമയം കിട്ടാത്തതുകൊണ്ട് പോയിട്ടില്ല. ഞാന്‍ വരാമെന്ന് പറഞ്ഞിരിക്കുകയാണ്. അതാണ് ആ സ്ത്രീയുമായിട്ടുള്ള ബന്ധം. ഞാന്‍ സമീപിച്ച രാഷ്ട്രീയനേതാക്കളെല്ലാം എന്നെ പിച്ചിച്ചീന്തിയപ്പോള്‍ എന്നോട് മാന്യതയോടെ പെരുമാറിയ ആള്‍ പി.സി. ജോര്‍ജാമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. മനസിലായില്ലേ, അല്ലാതെ ഈ പല ‘മാന്യന്‍’മാരെപ്പോലുള്ള സ്വഭാവക്കാരനല്ല ഞാന്‍.

പിന്നെ സരിതയുടെ കാര്യം. അവര്‍ എന്നെക്കാണണമെന്ന് ആവശ്യപ്പെട്ട് വന്നതാണ്. ഫെബ്രുവരിയില്‍ തൈക്കാട് ഗസ്റ്റ് ഹൗസിലാണ് വന്ന് കണ്ടത്. അവരുടെ കൈപ്പടയില്‍ അവര്‍ എഴുതിയ കത്താണ് ഇത്. ഗസ്റ്റ് ഹൗസില്‍ ഇരുന്ന് എഴുതിയതാണ്. അവിടുത്തെ മുറിയില്‍ കിട്ടുന്ന കടലാസാണ് ഇത്. നീ എഴുതിത്താ മോളേ എന്ന് പറഞ്ഞിട്ട് അവര്‍ എഴുതിത്തന്നതാണെന്നും പിസി പറഞ്ഞു.

തന്റെ പുതിയ സിനിമ ജോണ്‍ ലൂഥര്‍ കണ്ടിട്ട് മോഹന്‍ലാല്‍ അഭിനന്ദിച്ച അനുഭവം പങ്കുവെച്ച് നടന്‍ ജയസൂര്യ. അഭിമുഖത്തിലാണ് അദ്ദേഹം തന്നെ അമ്പരപ്പിച്ച ഈ അനുഭവം പങ്കുവെച്ചത്.

ജയസൂര്യയുടെ വാക്കുകള്‍

ലാലേട്ടനും സുചിത്രച്ചേച്ചിയും നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ജോണ്‍ ലൂഥറിന്റെ മുഴുവന്‍ ടീമിനും കിട്ടിയ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. സുചിത്രച്ചേച്ചി എന്റെ മിക്ക ചിത്രങ്ങളും കാണാറുണ്ട്. ചേച്ചി സിനിമ കണ്ടിട്ട് വിളിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് വീട്ടില്‍ തിയേറ്ററുണ്ട്. ലാലേട്ടനൊക്കെ വീട്ടിലെ തിയേറ്ററിലാണ് സിനിമകള്‍ കാണുന്നത്. ജോണ്‍ ലൂഥര്‍ റിലീസിന് ചേച്ചി വിളിച്ചിട്ട്, ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി. ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്.’ എന്നുപറഞ്ഞു.

താങ്ക്‌സ് ഒക്കെ പറഞ്ഞപ്പോള്‍ ‘ഒരു മിനിറ്റ്, ഏട്ടന്‍ ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു. ശരിക്കും ഏട്ടന് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് ലാലേട്ടനായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല.

പുള്ളി നല്ല തിരക്കിലായിരിക്കുമല്ലോ. പെട്ടെന്ന് അദ്ദേഹം ഫോണ്‍ വാങ്ങി ‘മോനെ, ജോണ്‍ ലൂഥര്‍ കണ്ടു, വളരെ നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു. നീ നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്.

മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജുമായും സോളാര്‍ കേസിലെ പ്രതി സരിതയുമായും വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സോളാര്‍ കേസിലെ പ്രതി സരിതയും താനും ഒരേ ജയിലില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലും പരിചയപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

‘പ്രശ്‌നം വന്നപ്പോള്‍ പി സി ജോര്‍ജ്ജ് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ ഈ 164 നെ ഉപയോഗിക്കരുത്. സരിതയെ തനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരു ജയിലില്‍ ഉണ്ടായിരുന്നു. ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അവര്‍ നിരന്തരം എന്റെ അമ്മയെ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സ്വഭാവത്തിനുടമയല്ല.

പി സി ജോര്‍ജ് എന്ന വ്യക്തിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമാണ് പുറത്ത് വന്നത് അതിന്റെ അജണ്ടയെന്താണ്. എനിക്ക് ജീവിക്കണം. മക്കളെ വളര്‍ത്തണം. അദ്ദേഹം എന്തെങ്കിലും എഴുതി തന്നിട്ടുണ്ടെങ്കില്‍ പുറത്ത് വിടട്ടെ.’ സ്വപ്‌ന സുരേഷ് വിശദീകരിച്ചു.

താന്‍ അഭിമുഖം ചെയ്തതിന് ശേഷം നിരവധി പേരെ കണ്ടിട്ടുണ്ട് എന്നാണ് പി സി ജോര്‍ജിനെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനോടുള്ള മറുപടി.മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലാണ് സ്വപ്‌നയുടെ വിശദീകരണം. പി സി ജോര്‍ജും സരിത എസ് നായരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഫെബ്രുവരി 10നാണ് സ്വപ്ന വിഷയത്തില്‍ പിസി ജോര്‍ജും സരിത എസ് നായരും തമ്മിലുള്ള സംഭാഷണം നടന്നത്. ഈ സംഭാഷണത്തില്‍ സ്വപ്ന സുരേഷുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായി പിസി ജോര്‍ജ് സരിതയോട് പറയുന്നുണ്ട്.

സരിത്തിനൊപ്പമാണ് സ്വപ്ന തന്നെ കാണാന്‍ വന്നത്. മുഖ്യമന്ത്രി യുഎഇയില്‍ ചെന്നിട്ട് ഒരു പാഴ്സല്‍ അയക്കാന്‍ പറഞ്ഞിരുന്നു. ആ പാഴ്സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഡോളറാണ് കണ്ടെത്തിയതെന്ന് പിസി ജോര്‍ജ് സരിതയോട് സംഭാഷണത്തില്‍ പറയുന്നുണ്ട്. സ്വപ്ന ഇക്കാര്യം തുറന്ന് പറയാനിരിക്കുകയാണോയെന്ന സരിതയുടെ ചോദ്യത്തിന് പാവത്തിന് പേടിയാണ്, പറയാതിരിക്കുകയാണെന്ന് പിസി മറുപടി നല്‍കി. തുടര്‍ന്ന് നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഇരുവരും ഫോണ്‍ കട്ട് ചെയ്തു. അതിന്റെ അടുത്ത ദിവസം പിസി ജോര്‍ജ് സരിതയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

അട്ടക്കുളങ്ങര സബ് ജയിലില്‍ സ്വപ്ന കഴിയുമ്പോള്‍ മറ്റൊരു കേസില്‍ സരിത എസ് നായരും ഇതേ ജയിലിലുണ്ടായിരുന്നു. പിസി ജോര്‍ജും സ്വപ്ന സുരേഷും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 15 വരെ പി സി ജോര്‍ജ് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറില്‍ നിന്നും സ്വപ്ന സുരേഷിന്റെ നമ്പറിലേക്ക് 19 തവണ ബന്ധപ്പെട്ടിട്ടുള്ളതായി വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ 14 തവണ പിസി ജോര്‍ജ് അങ്ങോട്ടും അഞ്ചുതവണ സ്വപ്ന സുരേഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 10,11,12,13 എന്നീ ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ രണ്ടു കോളുകള്‍ വീതവും 15-ാം തീയതി മൂന്നു പ്രാവശ്യവും ഇരുവരും സംസാരിച്ചിട്ടുണ്ട്.

ഫെബ്രുവരി 12, 15 തീയതികളില്‍ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നും സ്വപ്ന സുരേഷിനെ ഒരാള്‍ വിളിച്ചിട്ടുണ്ട്. ഇയാളെ സംബന്ധിച്ച വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതിനിടെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതില്‍ വസ്തുതകളുടെ തരിമ്പ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇതിലൂടെയൊന്നും സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അസത്യം വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിക്കുകയാണ്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗംമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഗൂഢപദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളയും. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെക്കൊണ്ട് ചിലര്‍ പറയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് കോടതിയിലെത്തി രഹസ്യ മൊഴി രേഖപ്പെടുത്തി. കേസില്‍ ബന്ധുമുളളവരെക്കുറിച്ചുളള വിവരം സ്വപ്‌ന നല്‍കിയെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന്‍ ,സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കേസിലുളള പങ്ക് എന്തൊക്കെയാണെന്നു രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയുടെ സമയത്താണ്. ആദ്യമായി ശിവശങ്കര്‍ സ്വപ്‌നയുമായി ബന്ധപ്പെടുന്നതെന്നും മുഖ്യമന്ത്രി ബാഗ് മറന്നു എത്രയും വേഗം ദുബായില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അന്ന് സ്വപ്‌ന കോണ്‍സുലേറ്റ് സെക്രട്ടറിയായിരുന്നു. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു അങ്ങനെയാണ് ബാഗില്‍ കറന്‍സിയാണെന്നു മനസ്സിലാക്കിയത്.

സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും അന്വേഷണം വേണ്ട പോലെ നടന്നില്ല എന്നു സ്വപ്‌ന പറഞ്ഞു.

കണ്ണൂർ: ഹൃദയസ്തംഭനമുണ്ടായ ഗർഭിണിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഡോക്ടർമാർ രണ്ട്‌ ജീവൻ രക്ഷിച്ചു. അസമിൽനിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കൽ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയയിലൂടെയാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്.

വലിയ പിരിമുറുക്കത്തിന്റെ മണിക്കൂറുകളിലൂടെയാണ് ജില്ലാ ആസ്പത്രിയിലെ വൈദ്യസംഘം ശനിയാഴ്ച ഉച്ചയ്ക്കുശേഷം കടന്നുപോയത്. ജ്യോതി സുനാർ ഇവിടെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോക്ടറെ കാണിച്ചിരുന്നത്. എന്നാൽ, ക്രമമായി ആസ്പത്രിയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രക്തസ്രാവവുമായി അവർ ആസ്പത്രിയിലെത്തി. വിശദപരിശോധന ചെയ്തപ്പോൾ സ്ഥിതി സങ്കീർണമായിരുന്നു.

അമ്‌നിയോട്ടിക് സഞ്ചിയുടെ സ്തരം പൊട്ടിയിരിക്കുന്നു. മറുപിള്ള വേർപെട്ടിരിക്കുന്നു. ഗർഭസ്ഥശിശുവിന് രക്തംകലർന്ന അമ്‌നിയോട്ടിക് ദ്രാവകത്തിൽ ശ്വാസംകിട്ടാത്ത സ്ഥിതി. ഉടൻ തിയറ്റർ ഒരുങ്ങി. അടിയന്തര ശസ്ത്രക്രിയ വേണം. ശസ്ത്രക്രിയ തുടങ്ങാനിരിക്കുമ്പോൾ യുവതിക്ക് അപസ്മാരലക്ഷണങ്ങൾ വന്നു. പെട്ടെന്ന്‌ ഹൃദയസ്തംഭനവും. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനമെടുത്തു. ഡോ. ഷോണി തോമസ് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. മിന്നൽവേഗത്തിൽ അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ. കൂട്ടിന് ഡോക്ടർമാരുടെ സംഘം. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ ഡോ. മൃദുല ശങ്കറിന്റെ ചുമതലയിൽ സി.പി.ആർ., ഡിഫിബ്രില്ലേഷൻ എന്നിവയിലൂടെ അമ്മയുടെ ജീവനും രക്ഷിച്ചു. പിന്നീട് വിദഗ്ധ ചികിത്സ തുടർന്നു. ജ്യോതി സുനാറിന്റെ നാലാമത്തെ പ്രസവമാണിത്.

പെരിമോർട്ടം സിസേറിയനിലൂടെ അമ്മ രക്ഷപ്പെടാൻ 30 ശതമാനവും കുഞ്ഞ് രക്ഷപ്പെടാൻ 50 ശതമാനവും സാധ്യതയാണുള്ളതെന്നാണ് കണക്കാക്കുന്നത്. ഇവിടെ രണ്ട്‌ ജീവനും രക്ഷിക്കാനായി.

ഡോ. ഷോണി തോമസ്, ഡോ. ഇ. തങ്കമണി, ഡോ. എസ്.ബി. വൈശാഖ്, ഡോ. മേജോ മത്തായി, ഡോ. മൃദുല ശങ്കർ, ഡോ. ആർ. പ്രിയ, നഴ്സിങ് ഓഫീസർമാരായ സൗമ്യ രാജ്, വി.കെ. ഹസീന എന്നിവരടങ്ങിയ സംഘമാണ് അഭിമാനകരമായ പ്രവർത്തനം കാഴ്ചവെച്ചത്.

ഞായറാഴ്ച പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയ അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു.

RECENT POSTS
Copyright © . All rights reserved