ലൈംഗീക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖ ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘നടി ഭാവന നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗീകാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു.’ ബർഖാ ദത്ത്.
‘നടി ഭാവന ലൈംഗീക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കുന്നു’ എന്ന പോസ്റ്റർ ‘വി ദ വുമൻ ഏഷ്യ’യും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് ആറ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാവനയുടെ വെളിപ്പെടുത്തൽ ഉണ്ടായേക്കുക. വി ദ വുമൻ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റർ ഹാൻഡിലുകളിലും, ബർഖാ ദത്തിന്റെ ‘മോജോ സ്റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.
അസ്മ ഖാൻ, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചൻ, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോൺ ബെൻസൺ, അമീര ഷാ, ഡോ. ഷാഗുൻ സബർവാൾ, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് അതിഥികൾ.
ഒരുവര്‍ഷമായി രാജ്യത്ത് കോവിഡ് 19 വാക്സിനേഷന്‍ യജ്ഞം പുരോഗമിയ്ക്കുകയാണ്. അതിനിടെ മലയാളി ആരോഗ്യപ്രവര്‍ത്തകയെ തേടി ദേശീയ അംഗീകാരം എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയയെ തേടി മികച്ച വാക്‌സിനേറ്റര്‍ പുരസ്‌കാരം
എത്തിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധ വാക്സിനേഷന്‍ വിതരണം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ, മികച്ച വനിതാ വാക്സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം പ്രിയയെ തേടിയെത്തിയത്. ഗ്രേഡ് വണ്‍ നഴ്‌സിങ് ഓഫീസറായ പ്രിയ, 13 മാസം കൊണ്ട് 488 സെഷനുകളിലായി 1,33,161 ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. ഓരോ ദിവസവും വാക്സിനേഷനായെത്തുന്ന അവസാന ആള്‍ക്കും കുത്തിവയ്പു നല്‍കി, നിരീക്ഷണം പൂര്‍ത്തിയാക്കി അവര്‍ പോകുന്നതു വരെ പ്രിയ വാക്സിനേഷന്‍ കേന്ദ്രത്തിലുണ്ടാവും.
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് പ്രിയയ്ക്ക് ഡ്യൂട്ടി. നൂറ് മുതല്‍ ആയിരം വരെ കുത്തിവയ്പുകള്‍ നല്‍കിയ ദിവസങ്ങളുണ്ട്. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍, സെന്റ് ജോസഫ് സ്‌കൂളില്‍ തയ്യാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പ്രിയയെ രോഗം ബാധിച്ചില്ല.
‘വാക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഒരുപാട് ആളുകളെ കണ്ടു. വാക്സിന്‍ കിട്ടാത്തവര്‍ ശപിച്ചപ്പോള്‍, വാക്സിനായി ഒരുപാട് അലഞ്ഞെത്തിയവര്‍ കുത്തിവയ്‌പ്പെടുത്തുകഴിഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിച്ച നിമിഷങ്ങളുമുണ്ടായി. മനഃപൂര്‍വം വാക്സിന്‍ നല്‍കുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ തെറ്റിദ്ധരിച്ചതില്‍ മാത്രമാണ് വിഷമം തോന്നിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ എത്താതിരുന്നാല്‍ ബാക്കി വരുന്ന രണ്ടോ മൂന്നോ വാക്സിന്‍ വയലുകള്‍. ഇതിനായി മത്സരമാണ്. ആരും ഒഴിവാകില്ല. ഇവരില്‍നിന്ന് അര്‍ഹരായവരെ കണ്ടെത്തി നല്‍കുകയെന്നത് പ്രയാസകരമായിരുന്നു. കൂടെ ജോലി ചെയ്തവരുടെ സഹകരണവും വലുതായിരുന്നു’ – പ്രിയ പറഞ്ഞു.
2006ല്‍ ഡി.എം.ഒ. നിയമനമായാണ് ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2008-ല്‍ പി.എസ്.സി. നിയമനം ലഭിച്ചു. മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂക്ക് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്‌കാരം സ്വീകരിക്കും.
മരിച്ച നിലയിൽ കണ്ടെത്തിയ യു ട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ മുറിയില്‍നിന്നു ലഭിച്ച മയക്കുമരുന്ന് എത്തിച്ചതു കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സലാം.
നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് നായരുടെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് സൂചന. സിദ്ധാര്‍ഥ് നായരെ എളമക്കര പോലീസ് ഇന്നു രാവിലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
ഇന്നും വരും ദിവസങ്ങളിലുമായി നേഹയുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മരിച്ച നേഹ ഉള്‍പ്പെടെയുള്ളവര്‍ക്കു ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നേഹയുടെ പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. മരണത്തിനു മുമ്പ് ആത്മഹത്യ സൂചന നല്‍കി ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായി പറയുന്ന സന്ദേശവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഫെബ്രവരി 28ന് ഉച്ചയ്ക്കാണ് പോണേക്കരയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ആറു മാസം മുമ്പാണ് സിദ്ധാര്ഥുമൊത്തു കൊച്ചിയില്‍ താമസം തുടങ്ങിയത്.
ദമ്പതികളെന്നു പറഞ്ഞാണ് അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്. താഴത്തെ നിലയില്‍ താമസിച്ചിരുന്ന ഇവര്‍ക്കു മറ്റുള്ളവരുമായി ബന്ധമൊന്നും ഇല്ലായിരുന്നു. ഐടി ഉദ്യോഗസ്ഥര്‍ എന്നാണ് ഇവര്‍ അയല്ക്കാരോടു പറഞ്ഞിരുന്നത്.
അസമയത്ത് ഇവരുടെ മുറിയില്‍ പലരും വന്നു പോകുന്നത് അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രിയില്‍ വിദേശ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് ഇവിടെ എത്തുന്നതെന്നാണ് മറുപടി നല്‍കിയത്.
കഴിഞ്ഞ 25ന് സിദ്ധാര്‍ഥ് നേഹയുമായി പിണങ്ങി കാസര്‍ഗോഡേക്കു പോയതായാണ് വിവരം. അതേസമയം, മരിച്ച ദിവസം നേഹയ്ക്കൊപ്പം സിദ്ധാര്‍ഥിന്റെ സുഹൃത്തായ നെട്ടൂര്‍ സ്വദേശി ഉണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയി വന്ന സമയത്താണ് നേഹ മരിച്ചതെന്നാണ് പറയുന്നത്.
മരണവിവരം ഇയാളാണ് അയല്‍ക്കാരെ അറിയിച്ചത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിദ്ധാര്‍ഥിനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അപ്രകാരമാണ് അയാള്‍ ചോദ്യം ചെയ്യലിനു ഹാജരായത്.
അതേസമയം, നേഹയുടെ മരണം അറിഞ്ഞെത്തിയ പോലീസ് സമീപത്തുനിന്ന് 8.120 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് അബ്ദുള്‍ സലാം പരിഭ്രാന്തനായതിനെത്തുടര്ന്നായിരുന്നു പോലീസ് കാര്പരിശോധിച്ചു ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു പേരും കാറില്‍ ഉണ്ടായെങ്കിലും ഇവരെ വിട്ടയയ്ക്കുകയായിരുന്നു. വിട്ടയച്ചവരെയും ഇന്നു ചോദ്യംചെയ്യും.
നരിപ്പറ്റ: കോഴിക്കോട് ഇരട്ടകളായ മക്കളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മൽ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിൻ എന്നിവർ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂൾ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന.
കേസിൽ ശിക്ഷ ലഭിച്ച സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
കോട്ടയം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) നോമിനിയെ രംഗത്തിറക്കാന്‍ ചരടുവലി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ സിറോ മലബാര്‍ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നീക്കം.
തൃക്കാക്കര ഭാരത്‌മാതാ കോളജിലെ മുന്‍ അധ്യാപികയുടെ പേരാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണി നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. ഈ അധ്യാപികയുടെ ഭര്‍ത്താവ് കെ.എസ്.സി. നേതാവായിരുന്നു. നിരവധി സര്‍ക്കാര്‍, സമൂഹിക മേഖലകളില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാല്‍ സഭയുടെ ഔദ്യോഗിക പിന്തുണ കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസി(എം)ന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന യൂത്ത് ഫ്രണ്ട് സംസ്‌ഥാന നേതൃക്യാമ്പില്‍ മുഖ്യപ്രഭാഷക ഈ അധ്യാപികയായിരുന്നു.
എന്നാല്‍, ഇടതുസ്വതന്ത്രയെന്ന പേരിലാണെങ്കിലും തങ്ങളുടെ കൈവശുമുള്ള സീറ്റ് സി.പി.എം. വിട്ടുകൊടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരം കടുത്തതാകുമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. പി.ടി. തോമസും കത്തോലിക്കാ സഭയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതോടെ സഭയുടെ പരിപൂര്‍ണ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പേര് ഇടതുമുന്നണി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
പാര്‍ട്ടി സംസ്‌ഥാന സമ്മേളനം കഴിയുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു സി.പി.എം. തീരുമാനം. ഏപ്രിലില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.
ഷെറിൻ പി യോഹന്നാൻ
“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.
ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.
ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.
ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.
ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച് ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക് അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ടു വർഷങ്ങൾക്കു ശേഷം കേരളത്തിലെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ സ്കൂളുകളിൽ എത്തി ഈ വിദ്യാഭ്യാസ വർഷത്തിലെ അധ്യയനം പൂർണതോതിൽ ആരംഭിച്ചു എന്ന് പറയാം.
കേരളത്തിൽ ഗവൺമെൻറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്കൂളുകൾ കഴിഞ്ഞാൽ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വകാര്യമേഖലയിലാണ് . മാസാമാസം വിദ്യാർഥികളിൽനിന്ന് ഫീസ് മേടിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ക്ലാസുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയപ്പോൾ ഫീസിൻെറ കാര്യത്തിൽ വൻ വർദ്ധനവ് നടത്തിയതായുള്ള പരാതികൾ മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ വ്യാപകമായുണ്ട്.
ഓൺലൈൻ ക്ലാസ് നടത്തി കൊണ്ടിരുന്ന സമയത്ത് ഫീസിനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ ചിലത് സിമ്മിംഗ് ഫീസ് വരെ വാങ്ങിയ കാര്യം ഇതിനുമുമ്പും മലയാളംയുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പല സ്വകാര്യ സ്കൂളുകളും അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന സമയത്ത് ശമ്പളം പകുതിയോ അതിലധികമോ വെട്ടിക്കുറച്ചിരുന്നു. അധ്യാപകരുടെ ശമ്പളത്തിൽ വരുത്തിയ കുറവിൻെറ ആനുകൂല്യം കുട്ടികൾക്ക് ഫീസിനത്തിൽ ഇളവ് ചെയ്യുന്നതിന് പല സ്കൂളുകളും തയ്യാറായിട്ടില്ല എന്നതാണ് സത്യം.
അമിതമായ ഫീസ് ഈടാക്കാനായിട്ടാണ് പല സ്കൂളുകളും പേരിന്റെ കൂടെ ‘ഇൻറർനാഷണൽ‘ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് . സ്വകാര്യ സ്കൂളുകളിലെ ബസ് ഫീസ് രക്ഷിതാക്കളെ കൊള്ളയടിക്കാനുള്ള മറ്റൊരു മാർഗമായി മാറിയിരിക്കുകയാണ്. കോവിഡിന് മുമ്പുള്ള ഫീസുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനമോ അതിലധികമോ ബസ് ഫീസ് വർധിപ്പിച്ച സ്കൂളുകളും കേരളത്തിൽ ഉണ്ട്. ഇന്ധന വിലയിൽ ഭീമമായ വർധനവ് ഉണ്ടായി എന്ന സത്യം മറക്കുന്നില്ല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ് സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിലെ പലവിധമുള്ള ഫീസ് വർദ്ധനവുകൾ.
ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും പുസ്തകങ്ങളും , നോട്ട്ബുക്കുകളും വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ കൂടിയാണ്. തങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുസ്തകങ്ങളും നോട്ട്ബുക്കുകളും എംആർപി വിലയിൽ വിൽക്കുന്നതിലൂടെ സ്കൂളുകൾ കൊയ്യുന്നത് വൻ ലാഭമാണ്. ഈ ഇനത്തിലുള്ള നികുതിവെട്ടിപ്പിലൂടെ ഗവൺമെന്റിന് നഷ്ടമാകുന്നത് കോടികളാണ്. സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ നടക്കുന്ന അനീതികൾക്കെതിരെ എവിടെ പരാതി പറയണം എന്നുള്ള കാര്യം പോലും ഭൂരിപക്ഷം മാതാപിതാക്കൾക്കും കുട്ടികൾക്കും അറിയില്ല.
എൽ കെ ജി , യു കെ ജി തലത്തിൽ ചേരുമ്പോൾ തന്നെ സ്വകാര്യ സ്കൂളുകൾ ഡിപ്പോസിറ്റ് ആയി നല്ലൊരു തുക മേടിക്കുന്നുണ്ട്. തങ്ങൾ കൊടുത്തിരിക്കുന്ന ഭീമമായ ഡെപ്പോസിറ്റിൻെറ നഷ്ടമോർത്താണ് പല രക്ഷിതാക്കളും കുട്ടികളെ എയ്ഡഡ് ഗവൺമെന്റിൻെറ കീഴിലുള്ള സ്കൂളുകളിലേയ്ക്ക് മാറ്റാൻ മടിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സിബിഎസ്ഇ , ഐസിഎസ്ഇ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.
പയ്യന്നൂരിൽ വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിന് ഹോട്ടലിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഹോട്ടലുടമയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് പ്രസിഡൻ്റുമായ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ യുവാക്കൾക്കുമാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂർ മൈത്രി ഹോട്ടലിലാണ് സംഭവം.
ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. എന്നാൽ കഴിക്കാൻ വേണ്ടി ഭക്ഷണം വിളമ്പിയ നേരത്താണ് ലഭിച്ചത് ചിക്കൻ ബിരിയാണിയാണെന്ന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഓർഡർ ചെയ്തയാൾ ഇതിന്റെ പേരിൽ ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
വിവരം ഹോട്ടലുടമയെ അറിയിച്ചിട്ടും ഭക്ഷണം മാറ്റി നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം. താൻ വെജ് മാത്രമെ കഴിക്കുകയൊളളൂവെന്നും മാംസാഹാരം കഴിക്കില്ലെന്നും ഇയാൾ പറഞ്ഞിട്ടും ഭക്ഷണം മാറ്റി നൽകിയില്ല.
ഇതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ രണ്ടു യുവാക്കൾ കൂടി ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. അയാൾക്ക് കൊടുത്ത ചിക്കൻ ബിരിയാണി തങ്ങൾക്ക് നൽകി വെജ് ബിരിയാണി അയാൾക്ക് നൽകണമെന്ന് യുവാക്കൾ നിർദേശിച്ചു. എന്നാൽ ഹോട്ടലുടമ ഇവരുടെ നിർദേശവും പരിഗണിച്ചില്ല. തുടർന്നുണ്ടായ അടിപിടിയിൽ യുവാക്കള്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു.
ബഹളത്തെ തുടർന്ന് ആളുകൾ കൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവത്തിൽ ഹോട്ടലുടമയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലുടമയും തർക്കമുണ്ടാക്കിയ വ്യക്തിയും പരാതി നൽകിയിട്ടുണ്ട്.
യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തിയേഴുകാരിയായ നേഹയെ പോണേക്കരയിലുള്ള ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവുമൊത്തു താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ അയച്ച ആത്മഹത്യ സൂചന നല്കുന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
മരണത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാൾ നാട്ടിൽ പോയ ശേഷം വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നാണ് സൂചന.
ഇതിനിടെ, ഈ ഫ്ളാറ്റിൽ പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാൻ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഇതിനിടെ, സംഭവസ്ഥലത്ത് കാറിൽ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേർക്ക് ഇതിൽ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു.