Kerala

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എംജി സർവകലാശാല സെക്ഷൻ അസിസ്റ്റൻറ് വിജിലൻസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശിനി എൽസി സിജെ ആണ് പിടിയിലായത്. സർവകലാശാല ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്.മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമായി സർവ്വകലാശാല സെഷൻസ് അസി. എൽസി സിജെയെ സമീപിച്ചത്. ഇവ ലഭിക്കുന്നതിനായുള്ള കാലതാമസം ഒഴിവാക്കാമെന്ന് പറഞ്ഞ എല്സി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റ് വാങ്ങാനായി ഇന്ന് സർവ്വകലാശാലയിൽ എത്തിയപ്പോഴാണ് ബാക്കി തുക ഇന്ന് തന്നെ വേണമെന്ന് ഇവർ വാശിപിടിച്ചത്. തുടർന്ന് വിദ്യാർത്ഥി വിജിലൻസിൽ പരാതി പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകളുമായി വിജിലൻസ് വിദ്യാർത്ഥിയെ സർവ്വകലാശാലയിലേക്ക് അയച്ചു. ഇത് കൈപറ്റുന്നതിനിടെയണ് എൽസിയെ വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം ആർപ്പൂക്കര സ്വദേശിയാണ് എൽസി. വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കങ്ങളാണ് ഉദ്യോ​ഗസ്ഥയെ കുടുക്കിയത്.സർട്ടിഫിക്കറ്റുകൾക്കും മാർക്ക്ലിസ്റ്റിനുമൊക്കയായി സർവ്വകലാശാലയിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്ന സംഭവങ്ങൾ എംജി സർ‍വ്വകലാശാലയിൽ നിരന്തരം ഉണ്ടാ കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സർട്ടിഫിക്കറ്റുകൾ കൃത്യ സമയത്ത് ലഭിച്ചില്ലെങ്കിൽ ഉപരിപഠനം മുടങ്ങുമോയെന്ന വിദ്യാർത്ഥികളുടെ ആശങ്കയാണ് സർവ്വകലാശാലയിലെ ഉദ്യോ​ഗസ്ഥർ ചൂഷണം ചെയ്യുന്നത്.

തന്നോട് ദയ കാണിക്കണമെന്ന് കോടതിയില്‍ ദിലീപ്. മാധ്യമങ്ങളും കോടതിയും തന്നെ നിരന്തരം വേട്ടയാടുന്നെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പോലീസിന്റെ ഫോറന്‍സിക് ലാബുകളില്‍ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണ് പോലീസ് തന്റെ ഫോണ്‍ ആവശ്യപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറയുന്നു.

പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ ഫോണ്‍ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2017-18 കാലത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളാണ് കേസില്‍ നിര്‍ണായകം. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിള്‍, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാന്‍ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങള്‍ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.

സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താന്‍ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, അംഗീകൃത ഏജന്‍സിക്ക് നിങ്ങളുടെ ഫോണ്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങള്‍ വിവിധ കോടതികള്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ ആവൂ. അതുകൊണ്ട് താങ്കള്‍ സ്വകാര്യ ഏജന്‍സിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തില്‍ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ ഉള്ളത് കൊണ്ട് മാത്രം ഫോണ്‍ പരിശോധിക്കാതെ ഇരിക്കാന്‍ ആവില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഫോറന്‍സിക് പരിശോധന അംഗീകൃത ഏജന്‍സി വഴി നടത്തണം. ഫോണിലെ വിവരങ്ങള്‍ സ്വന്തമായി പരിശോധിച്ചു എങ്ങനെ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയും. കേസില്‍ ഞങ്ങള്‍ വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം എല്ലാവരും ഫോണ്‍ മാറ്റി.

അങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട് ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല. ഗുഢാലോചന മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപിന്റെ ഭാഗത്തുനിന്ന് തുടര്‍ നീക്കങ്ങള്‍ ഉണ്ടായി എന്നും ഡിജിപി അറിയിച്ചു. ദീലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2017ല്‍ എംജി റോഡില്‍ ദിലീപ് അടക്കം മൂന്ന് പ്രതികള്‍ ഒത്തുകൂടുകയും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ ചരിത്രം അടക്കം പെരുമാറ്റം എല്ലാം കോടതി പരിഗണിക്കണം എന്നും ഡിജിപി കോടതിയില്‍ വ്യക്തമാക്കി.

ഫോണ്‍ കയ്യില്‍ വയ്ക്കാന്‍ ദിലീപിന് അധികാരം ഇല്ല എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമില്ലെന്നും കോടതി ആണ് ആശ്രയം എന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന് അനുകൂലം ആയി ആരുമില്ല. അതുകൊണ്ടാണ് പുതിയ കേസുമായി വന്നതെന്നും ദിലീപ് വാദിച്ചു. അന്വേഷണ സംഘം പറയുന്ന നാലാമത്തെ ഫോണിനെ കുറിച്ച് തനിക്ക് അറിയില്ല.

രണ്ട് ഐ ഫോണുകളും ഒരു വിവോ ഫോണും മാത്രമാണ് തനിക്ക് ഉള്ളത്. ഈ ഫോണുകളുടെ ഉടെ കാര്യം ഞങ്ങള്‍ തന്നെ പറഞ്ഞു കൊടുത്തത് ആണ് എന്ന് ദിലീപ് വാദിച്ചു. എന്നാല്‍ സി ഡി ആര്‍ വഴി ആന്ന് നാലാമതൊരു ഫോണ്‍ ഉള്ള കാര്യം മനസ്സിലാക്കിയത് എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഫോണ്‍ ഹാജര്‍ ആക്കണ്ട എന്ന് കോടതി പറയുക ആണെങ്കില്‍ പിന്നെ സൈബര്‍ ഡോം പിരിച്ചു വിടേണ്ടി വരും എന്നും ഡിജിപി വാദിച്ചു.

പ്രോസിക്യൂഷനു മൊബൈല്‍ കണ്ടുകെട്ടാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അത് നോട്ടിഫൈഡ് ഏജന്‍സി വഴി പരിശോധിക്കാന്‍ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ കൈവശം ഉള്ള ഫോണ്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു. നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ അതും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുമല്ലോ എന്നും കോടതിയെ വിശ്വാസമില്ലേയെന്നും അഡ്വ.ഗോപിനാഥ് ചോദിച്ചു.

ഫോണുകള്‍ എല്ലാം മുംബൈയിലാണെന്നും അതെത്തിക്കാന്‍ ചൊവ്വാഴ്ച വരെ തമയം വേണമെന്നുമുളള ദിലീപിന്റെ വാദങ്ങള്‍ എല്ലാം തള്ളിയാണ് ദിലീപ് അടക്കം പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിനെതിരെ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും അതിനുള്ള സമയം കിട്ടുമോ എന്നതില്‍ സംശയമാണ്.

ഞായറാഴ്ച അവധി ദിവസം. അതിനുശേഷം തിങ്കളാഴ്ച 10.15 ഓടെ മൊബൈല്‍ ഫോണുകള്‍ കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കുകയും വേണം. അതേസമയം കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഫോണ്‍ ഹാജരാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നുമുള്ള നിലപാടെടുക്കാന്‍ ദിലീപിന് കഴിഞ്ഞേക്കുമെന്നും പറയുന്നുണ്ട്.

സ്ത്രീധനത്തിന്റെ പേരിൽ നേരിട്ട പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ വാദം തുടരുന്നു. ഇപ്പോൾ വിസ്മയയുടെ അടുത്ത കൂട്ടുകാരി വിദ്യയുടെയും മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തിന്റെയും മൊഴികളാണ് കേരളത്തെ വേദനിപ്പിക്കുന്നത്. സ്ത്രീധനമായി നൽകിയ കാറിന്റെയും സ്വർണത്തിന്റെയും പേരിൽ ഭർത്താവ് കിരൺ പീഡിപ്പിക്കുന്ന കാര്യം വിസ്മയ തന്നോടു പറഞ്ഞിരുന്നതായി വിദ്യ കോടതിയിൽ മൊഴി നൽകി.

ബാക്കി സ്ത്രീധനം ലഭിച്ച ശേഷമേ കിരൺ കൂട്ടിക്കൊണ്ടു പോവുകയുള്ളൂയെന്നും വീട്ടിൽ നിർത്തി പോയിരിക്കുകയാണെന്നും വിസ്മയ പറഞ്ഞതായും നാലാം സാക്ഷിയായ വിദ്യ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെഎൻ. സുജിത്ത് മുൻപാകെയാണ് മൊഴി നൽകിയത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിനു കണ്ടപ്പോഴാണ് സങ്കടങ്ങളെല്ലാം തുറന്നു പറഞ്ഞതെന്നും വിദ്യ പറയുന്നു.

വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടിൽ പോയ ശേഷം വാട്‌സാപ്പിലും ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു. എന്നാൽ, കിരൺ വരുമ്പോൾ വിസ്മയ സംസാരിക്കാറില്ല. കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും ചാറ്റ് ചെയ്തിരുന്നതായും വിദ്യ വെളിപ്പെടുത്തി. എങ്ങനെയെങ്കിലും കിരണിന്റെ വീട്ടിൽ നിന്നു പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും വിദ്യ പറയുന്നു. വിസ്മയയുമായി സംസാരിച്ചത് അവരുടെ വിവാഹ വാർഷിക ദിനമായ 2021 മേയ് 31ന് ആണ്. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞു കരഞ്ഞുവെന്നും വിദ്യ പറഞ്ഞു.

അതേസമയം, 2021 ഫെബ്രുവരി 26നു ഫേസ്ബുക് വഴി സംസാരിക്കണമെന്നു പറഞ്ഞു വിസ്മയ വിളിക്കുകയും അടുത്തദിവസം ഗൂഗിൾ മീറ്റ് വഴി താനുമായി സംസാരിക്കുകയും ചെയ്തുവെന്ന് മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തും പറഞ്ഞു. പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് വിസ്മയ ആദ്യം പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ സ്ത്രീധനത്തിനു വേണ്ടി ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള പീഡനമാണെന്നു മനസ്സിലായി.

വിസ്മയയുടെ മുഖത്ത് കിരൺ ബൂട്ട് കൊണ്ടു ചവിട്ടിയതായും പറഞ്ഞു. ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെക്കുറിച്ചു ചിന്തിക്കാത്തത് എന്താണെന്നു ചോദിച്ചപ്പോൾ കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടിയെന്നും നിപിൻ പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാൻ പറയുകയും നമ്പർ നൽകിയതായും സാക്ഷി മൊഴി നൽകി. സ്ത്രീധനം ലഭിച്ച കാർ പോരെന്ന് പറഞ്ഞായിരുന്നു മോട്ടോർ വെഹിക്കൾ അസി. ഇൻസ്‌പെക്ടറായ കിരൺ കുമാർ വിസ്മയയെ മർദ്ദിച്ചിരുന്നത്. സ്ത്രീധനത്തെ തുടർന്നുള്ള പീഡനത്തിൽ മനംനൊന്താണ് വിസ്മയ ജീവനൊടുക്കിയതെന്ന് തെളിഞ്ഞതോടെ കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം മാറ്റമുണ്ടായി. ഒരാഴ്‌ച ദുബായിലുണ്ടാകും. യുഎഇയില വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും മടക്കമ. കൂടെ ഭാര്യ കമലയുമുണ്ട്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയിൽ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുക.
അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഏഴിനാണ് തിരുവനന്തപുരത്ത് അദ്ദേഹം മടങ്ങിയെത്തും.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി ശരിവെച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.കഥ പറയാന്‍ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്. അന്നേദിവസം തനിക്ക് ദിലീപ് പണം നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. വെള്ളിയാഴ്ച്ചയാണ് അന്വേഷണ സംഘം ജയിലില്‍ എത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.

ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരന്‍ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ സംഘം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത്തരത്തില്‍ ഫോണ്‍ കടത്തിയത്. പ്രതികള്‍ 2021 മുതല്‍ 2022 വരെ ഉപയോഗിച്ച ഫോണുകളാണ് മാറ്റിയത്.അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ പോലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉള്ളതിനാലാണ് പ്രതികളുടെ ഫോണ്‍ കൈമാറാത്തത്. തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം അഭിഭാഷകരിലേക്ക് നീണ്ടേക്കും, പരിശോധന ഉള്‍പ്പെടെ വേണ്ടിവന്നേക്കും.

ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ കള്ളത്തരമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകള്‍ നശിപ്പിച്ച കളഞ്ഞതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബാലചന്ദ്രകുമാര്‍ പറഞ്ഞത്:

”ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പൊളിയും. ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്.”

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത്. ദിലീപ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ബാലചന്ദ്ര കുമാര്‍.

ബാലചന്ദ്രകുമാര്‍ പറഞ്ഞത്:

”ദിലീപ് റിപ്പോര്‍ട്ടര്‍ ടി.വി ചര്‍ച്ച കാണുമെന്നത് എനിക്കുറപ്പാണ്. അതാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്. ദിലീപിനെ വെല്ലുവിളിച്ചാണ് ഞാനിക്കാര്യം പറയുന്നു. ഫോണ്‍ ഡാറ്റ റിട്രീവ് ചെയ്തു കൊണ്ടുവരുമ്പോള്‍ എന്റെ ഫോണില്‍ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ, അത് കളയാന്‍ പറ്റില്ല. ഞാന്‍ മോളുടെ ആഭരണമുണ്ട്, അത് വില്‍ക്കുകയോ പണയം വെച്ചോ, എന്ന തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലൈ മാസം അയച്ചിട്ടുണ്ട്. ഇത് കൊണ്ടുവരണം.”

”2018 ആഗസ്റ്റില്‍ മറ്റൊരു സംഭവം. അന്നേ ദിവസം ഞാന്‍ തിരികെ പോകുമ്പോ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഒരു വ്യക്തിയെ കണ്ടു, അയാളെക്കുറിച്ച് ഞാന്‍ നാളെ പറയും അത് തെറ്റോ ശരിയോ എന്ന് അദ്ദേഹം പറയട്ടെ. 2018 ഒക്ടോബര്‍ 19ന് രാവിലെ 7.30 കഴിഞ്ഞ് അദ്ദേഹം എനിക്കൊരു മെസേജ് അയച്ചു. ‘കാവ്യ ഇപ്പോള്‍ പ്രസവിച്ചു, ബേബി ഗേള്‍.’ ഈ സന്ദേശം അദ്ദേഹം നിര്‍ബന്ധം കൊണ്ടുവരണം. ഇത് എന്റെ ഫോണിലുണ്ട്. അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് 13 സെപ്തംബര്‍ 2017ന് എനിക്കൊരു മെസേജ് അയച്ചു. രാത്രി പത്തി മണി കഴിഞ്ഞാണ് മെസേജ് വന്നത്. ”Any chance to know one Mr.Vincent Samuel bishop neyyattinkara’ ഞാന്‍ രാവിലെ തിരികെ മറുപടി അയച്ചു sure എനിക്കറിയാം എന്ന് തിരികെ മറുപടി പറഞ്ഞു. ഫോണ്‍ റിട്രീവ് ചെയ്യുമ്പോള്‍ ഇതൊക്കെ കൊണ്ടുവരണം.”-ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞ ശേഷമാണ് ഇരുവരും വേങ്ങരയിലെത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയിലെ നേതാവിനെ വേങ്ങരയിലെ വീട്ടിലെത്തി കണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ 21 ന് അനൂപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സി.ഡി.ആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദീലീപ് ജയിലില്‍ കിടക്കുകയാണ്. ഒക്ടോബര്‍ 3 നാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്,’ ബാലചന്ദ്രകുമാര്‍ പറയുന്നു.

ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാന്‍ വീണ്ടും പോയെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘രാത്രിയാണ് പോയത്. കൈയില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയോടൊപ്പവും മക്കളോടൊപ്പവും ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സി.ഡി.ആര്‍ പരിശോധിക്കുക. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിന് പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോ,’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണസംഘം. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം.

പള്‍സര്‍ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് പുറത്തുവന്നത്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം.

”അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും, പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും, എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും”. എന്നുമാണ് പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശം.

2018 മെയ് മാസത്തില്‍ സുനി എഴുതിയ കത്താണിത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ കത്താണ് പുറത്തു വന്നിരിക്കുന്നത്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു.

”എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ. യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം.” കത്തില്‍ പറയുന്നു

നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടപടികള്‍ പുരോഗമിക്കെ നടന്‍ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തല്‍. ദിലീപിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് പുതിയ ആരോപണത്തിന് പിന്നില്‍. ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം. തനിക്ക് ജീവഭയമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സനീഷ് എന്നയാളുടെ മരണത്തെ കുറിച്ച് ബാലചന്ദ്രകുമാര്‍ ദുരൂഹത ഉന്നയിക്കുന്നത്.

ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ സെല്ലുലാര്‍ സെയില്‍ എന്ന മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്‍റെ ഉടമ സനീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഇയാളെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണ് എന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

അരുണ്‍ ഗോപിയുടെ ഈ ഐഫോണ്‍ ഐഫോണില്‍ നിന്നും ഫോണ്‍ കോള്‍ റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. ഇതിനുള്ള പണം നല്‍കിയത് ദിലീപിന്‍റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ്. എന്നിട്ടും ഫോണ്‍കോള്‍ തിരിച്ചെടുത്താന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. അത്തരത്തില്‍ റിട്രീവ് ചെയ്‌തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സനീഷ് ദിലീപിന്റെ അടുത്ത സഹായിയായി. പിന്നീട് ഒരുക്കല്‍ തന്നോട് സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം സനീഷ് റോഡപകടത്തില്‍ മരിച്ചെന്നാണ് അറിഞ്ഞത്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന തന്നോട് വെളിപ്പെടുത്തിയതിന് മൂന്നാം ദിവസം ആയിരുന്നു മരണം. ദിലീപ് ഐ ഫോണ്‍ കമ്പനിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്ന വ്യക്തിയാണ് സനീഷ് എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ദിലീപ് ശേഖരിച്ചത് എന്ന് സനീഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ തനിക്കും ജീവഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

സംശയം തോന്നുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ഐടി വിദഗ്ദ്ധരെ ഉപയോഗിച്ച് ദിലീപ് വാട്സ്ആപ്പ് ഹാക്ക് ചെയ്യാറുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ദിലീപിന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പോലുമുണ്ടെന്ന സംശയമാണ് ബാലചന്ദ്രകുമാര്‍ ഉന്നയിക്കുന്നത്.

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരേ സമ്മര്‍ദതന്ത്രവുമൊരുക്കി ക്രൈംബ്രാഞ്ച്‌. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ വിവരങ്ങള്‍ തേടി കുടുംബാംഗങ്ങളില്‍ രണ്ടുപേരെ കൂടി ചോദ്യം ചെയ്യുമെന്നാണു ക്രൈംബ്രാഞ്ച്‌ ദിലീപിനെ അറിയിച്ചത്‌. ഇവരുടെ ഫോണുകളും പരിശോധനയ്‌ക്കയയ്‌ക്കും.

കേസില്‍ ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം രണ്ടിനു മാറ്റിയിരിക്കേ അതിനുള്ളില്‍ കൊലപാതക ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനുളള അന്വേഷണത്തിലാണു ക്രൈംബ്രാഞ്ച്‌. മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിലും ദിലീപ്‌ പല വിവരങ്ങളും മറയ്‌ക്കുന്നുവെന്നു വ്യക്‌തമായതോടെയാണു ചില കാര്യങ്ങളില്‍ വ്യക്‌തതവരാന്‍ അടുത്ത ബന്ധുക്കളില്‍ ചിലരെ വിളിച്ചുവരുത്തേണ്ടിവരുമെന്ന്‌ അന്വേഷണ സംഘം ദിലീപിനെ അറിയിച്ചത്‌.

ഇതിനി​ടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്ര കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ചിനു കൊടുത്ത മറുപടിക്കത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.

കൊലപാതക ഗൂഢാലോചന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കാതെ ദിലീപിന്‌ അനുകൂലമായി സാക്ഷിമൊഴി മാറ്റിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. ഇവരുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും.

സിനിമാരംഗത്തുനിന്ന്‌ അരുണ്‍ ഗോപി, റാഫി, വ്യാസന്‍ എടവനക്കാട്‌ എന്നിവരുടെ മൊഴിയെടുക്കുകയും വധഭീഷണി സ്വരത്തിലുള്ള റെക്കോഡ്‌ ചെയ്‌ത ശബ്‌ദ ഭാഗങ്ങള്‍ ദിലീപ്‌ പറഞ്ഞതു തന്നെയെന്നു സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സജിത്തിന്റെ മൊഴിയും എടുത്തു. ഇദ്ദേഹം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് നടപടി. ദിലീപിനു ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് അഭിഭാഷകന്റെ മൊഴി. താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും അഭിഭാഷകന്‍ കൈമാറി. ദിലീപടക്കം പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴിയെടുത്തത്.

RECENT POSTS
Copyright © . All rights reserved