സംസ്ഥാനത്ത് ഒമൈക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമൈക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.
വെന്റിലേറ്ററിന്റെ ഉപയോഗത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത അടുത്ത മൂന്നാഴ്ച്ച നിര്‍ണ്ണായകമാണ്. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തനമാരംഭിച്ചു. മോണിറ്ററിംഗ് സെല്‍ നമ്പര്‍ 0471-2518584
സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിലെ മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി നാല് കുട്ടികളെ കൂടി കണ്ടെത്താനുണ്ട്.
ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പെണ്‍കുട്ടികളും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കാണാതായവരില്‍ ആദ്യത്തെ കുട്ടിയെ ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ബെഗളൂരുവില്‍ എത്തിയത് എന്ന് പൊലീസ് പറയുന്നു. മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു.
സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ ഇന്നലെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബാക്കി അഞ്ച് പേര്‍ ഓടിരക്ഷപെട്ടു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി നാലുപേരും അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ല. അവരെയും ഉടനെ കണ്ടെത്താനാകും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അട്ടപ്പാടിയില്‍ മധു കൊലപാതക കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വിമര്‍ശനം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിലാണ് പല സമയത്തും എത്താന്‍ കഴിയാത്തതെന്നും പകരം അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നെന്നും വി ടി രഘുനാഥ് പറഞ്ഞു.
‘2019 അവസാന കാലത്താണ് മധു കേസില്‍ എന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. രണ്ടുതവണ ഞാന്‍ കേസില്‍ വിചാരണ വേളയില്‍ ഹാജരായി. പിന്നെ രണ്ടോ മൂന്നോ തവണ എനിക്ക് വേണ്ടി ശ്രീജിത്ത് എന്ന പാലക്കാട് നിന്നുള്ളയാളാണ് ഹാജരായത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എത്തിപ്പെടാന്‍ സാധിക്കാതിരുന്നതിനാലാണ് എന്റെ തന്നെ നിര്‍ദേശ പ്രകാരം അദ്ദേഹം എത്തിയത്’ വി ടി രഘുനാഥ് പറഞ്ഞു.
താനുള്ളത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും കേസില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ഡിജിറ്റല്‍ തെളിവുകളുടെ കോപ്പി പൊലീസ് നല്‍കാന്‍ കാലതാമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.
ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.
മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയ്ക്ക് നേരെ രാത്രിയിൽ അതിക്രമം. രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിലാണ് സംഭവം നടന്നത്. ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെ യുവതി ബഹളം വയ്ക്കുകയും നാട്ടുകാർ ഓടികൂടുകയും ചെയ്തു. നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ യുവതി റിയാദില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്‌കുമാര്‍ ആണ് റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ മരിച്ചത്. 32 വയസായിരുന്നു. റിയാദിലെ അല്‍ ജാഫല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷമായി നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭര്‍ത്താവ് വിജേഷ് കുമാര്‍ റിയാദില്‍ ഒപ്പമുണ്ട്. ഏകമകള്‍ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജന്‍, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു.
ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്‌സനി എന്നിവര്‍ രംഗത്തുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് ഉത്തരവിട്ടു. കൂടാതെ 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.
ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ ഇയാൾ വാക്കുമാറുകയായിരുന്നു. എന്നാൽ, ഗർഭച്ഛിദ്രം നടത്തിയാൽ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു.
ഗർഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തി നൽകുമെന്ന് കരാർ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോൾ ഇരയെ പള്ളിയിൽ വിവാഹം കഴിച്ചതായി രേഖയും ഉണ്ടാക്കി. എന്നാൽ, രണ്ടുദിവസത്തിന് ശേഷം പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. 2020-ലാണ് ഇയാൾ തിരിച്ചെത്തിയത്. പിന്നീടാണ് ഇയാൾ അറസ്റ്റിലായതും കോടതി ശിക്ഷ വിധിച്ചതും.
വെസ്റ്റിഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയപ്പോൾ സീനിയർ താരങ്ങളായ മൊഹമ്മദ് ഷാമിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു.
കുൽദീപ് യാദവ് നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ യുവ സ്പിന്നർ രവി ബിഷ്നോയിയെ ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യ ഉൾപെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡ ഏകദിന ടീമിൽ ഇടം നേടിയപ്പോൾ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ ഇടംനേടാൻ സാധിച്ചില്ല. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടില്ല. ഇന്ത്യൻ ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായ ശേഷമുളള രോഹിത് ശർമ്മയുടെ ആദ്യ പരമ്പരയാണിത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 16 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
ഏകദിന ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാർ, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചാഹൽ, കുൽദീപ് യാദവ് , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.
ഇന്ത്യൻ ടി20 ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (vc), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷഭ് പന്ത് (WK), വെങ്കടേഷ് അയ്യർ, ദീപക് ചഹാർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചഹാൽ, വാഷിംഗ്ടൺ സുന്ദർ, മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ
പാലായിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.
പാലാ ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ(കല്യാണി)യെ യാണ് കാണാതായത്. ഇന്ന് രാവിലെ 7 മണി വരെ വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. വിവരമറിഞ്ഞു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് ഉടൻ തന്നെ ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ ഉടനെ തന്നെ ഈരാറ്റുപേട്ടയിൽ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു.
ഈരാറ്റുപേട്ട സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വിഷ്ണുപ്രിയയെയാണ് ജനുവരി 26 ചൊവ്വാഴ്ച വീട്ടിൽ നിന്നും കാണാതായത്. രാവിലെ 6 മണിയോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. രാവിലെ കിടപ്പ് മുറിയിൽ പെൺകുട്ടിയെ കണ്ടില്ലെന്നും വീട്ടിൽ നിന്ന് ഇറങ്ങി പോകാനുള്ള സാഹചര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു.