Kerala

നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കേസില്‍ മാര്‍ച്ച ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ തുടര്‍ അന്വേഷണത്തിന് ആറുമാസം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്വേഷണത്തിന് ആറ് മാസത്തെ സമയം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിക്കൊണ്ടായിരുന്നു് കോടതിയുടെ ഉത്തരവ്. അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപിന്റെ സുഹൃത്തായ സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ സലീഷിന്റെ കുടുംബാംഗങ്ങളുടെ മൊഴികയെടുക്കും. ശേഷം സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അണിയറപ്രവര്‍ത്തകരെയും അന്വേഷണസംഘം കാണും. സലീഷിന്‍രെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തൃശൂര്‍: തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ എസ്‌.എഫ്‌.ഐ. പാനലില്‍ ആദ്യമായി ചെയര്‍മാനായി ചരിത്രം സൃഷ്‌ടിച്ച വൈദികന്‍ ഫാ. ജോസ്‌ ചിറ്റിലപ്പിള്ളി (71) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. സംസ്‌കാരം ഇന്നുച്ചയ്‌ക്ക്‌ 2.30 ന്‌ മുണ്ടൂര്‍ കര്‍മലമാതാ പള്ളിയില്‍.

ബിരുദാനന്തര ബിരുദ പഠനകാലത്ത്‌ (81-82) അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയം നാടുമുഴുവന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കത്തോലിക്കാസഭാ നേതൃത്വത്തിന്‌ അമ്പരപ്പായി. എസ്‌.എഫ്‌.ഐ. പാനലില്‍നിന്ന്‌ ഒരു വൈദികന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായി തെരത്തെടുക്കപ്പെട്ടത്‌ വലിയ ചര്‍ച്ചയായി. ചെയര്‍മാനായശേഷം പള്ളിച്ചുമതലകളില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.

മൃതദേഹം ഇന്നുരാവിലെ 6.30 മുതല്‍ ഒരു മണിക്കൂര്‍ സെന്റ്‌ ജോസഫ്‌ പ്രീസ്‌റ്റ്‌ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന്‌ മുണ്ടൂര്‍ പുറ്റേക്കരയിലെ സഹോദരന്റെ വസതിയിലും രാവിലെ 11.30 ന്‌ മുണ്ടൂര്‍ പള്ളിയിലും എത്തിക്കും. മറ്റം ചിറ്റിലപ്പിള്ളി വീട്ടില്‍ പരേതരായ തോമസ്‌ -കത്രീന ദമ്പതികളുടെ മകനാണ്‌.

ബൈബിളിനെ സാമൂഹിക പോരാട്ടങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിച്ചാണ്‌ ഫാ. ജോസ്‌ കമ്യൂണിസത്തിന്റെ അരികു ചേര്‍ന്നത്‌. അതിലൂടെ വിമോചനാശയങ്ങള്‍ പങ്കുവച്ചു. തലച്ചോറില്‍ അര്‍ബുദബാധിതനായതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു. പിന്നീട്‌ കത്തോലിക്കാ സഭയുമായി അനുരഞ്‌ജനത്തിലായി. സഭാശുശ്രൂഷകളിലടക്കം അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നു. അതിനിടെ വീണ്ടും രോഗബാധിതനായി. തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയോടു ചേര്‍ന്ന പ്രീസ്‌റ്റ്‌ ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.

കായംകുളം ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെൺമക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ. കിഴക്കേമുറി കല ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ശശിധരൻ പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വീടിന്റെ ജനലും മറ്റും കരിഞ്ഞിട്ടുണ്ട്.

വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു.

സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി.

സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് മറ്റൊരു കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി.

സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.

പ്രദേശവാസിയുടെ വാക്കുകൾ –

∙ ‘വാവ സുരേഷ് വന്നപ്പോഴേ പറഞ്ഞു: പാമ്പ് ഒന്നല്ല, രണ്ടെണ്ണം ഉണ്ട്. ഒന്നിനെ പിടിച്ച ശേഷം രണ്ടാമത്തേതിനെ നോക്കാമെന്നാണ് പറഞ്ഞത്. ആദ്യത്തേതിനെ ചാക്കിലാക്കിയപ്പോഴേക്കും കടിയേറ്റു.’

∙ ‘കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം കുറിച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ പാമ്പുകൾ പെരുകി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടിക്കുന്നത്. പെരുമ്പാമ്പിനെയും മൂർഖൻ കുഞ്ഞുങ്ങളെയും ഇവിടെ നിന്നു പിടിച്ചിട്ടുണ്ട്. മീൻ പിടിക്കാൻ വല ഇടുമ്പോൾ മിക്കപ്പോഴും പാമ്പ് കുടുങ്ങും.’

മുന്‍ മിസ് യുഎസ്(US) കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു മന്‍ഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ചെസ്‌ലി ക്രിസ്റ്റ്(30) മരിച്ചത്. ആത്മഹത്യയണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

അഭിഭാഷകയും ഫാഷന്‍ വ്‌ളോഗറും എക്ട്രാ ടിവി കറസ്‌പോണ്ടന്റുമായ ചെസ്‌ലി 2019ലാണ് യുഎസ് സൗന്ദര്യറാണിപട്ടം ചൂടിയത്. മരിക്കുന്നതിന് മുന്‍പായി ‘ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടെ’ എന്ന് ചെസ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ശിക്ഷാകലാവധി കുറയ്ക്കാന്‍ വേണ്ട നിയമസഹായം ചെസ്‌ലി നല്‍കിയിരുന്നു. സൗത്ത് കരോലൈന സര്‍വകലാശാല, വേക്ക് ഫോറസ്റ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ബിരുദംനേടി.

 

അടച്ചുറപ്പുള്ള സുരക്ഷിത ഭവനമാണ് എല്ലാവരുടെയും സ്വപ്‌നം. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു കെട്ടിയ വീട്ടില്‍ നിന്നും ഷോക്കേറ്റ് മരിച്ച അജ്ന ജോസെന്ന പതിനൊന്ന് വയസ്സുകാരി കോവിഡ് കാലത്തെ തീരാ നൊമ്പരമായിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അജ്ന ജോസ് മരിച്ചത്. ഓയൂര്‍ വാളിയോട് മറവന്‍കോട് മിച്ചഭൂമി കോളനിയില്‍ അജോ ഭവനില്‍ ജോസ് അനിത ദമ്പതികളുടെ മകളാണ്.

അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നത്തിലേക്ക് എത്താന്‍ കൊതിച്ച കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി ഭവനം എന്ന പദ്ധതി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.

അജ്‌ന ജോസിന്റെ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ‘ശാന്തിഭവനം’ പദ്ധതിയുടെ ഭാഗമായി ആദ്യമായൊരുക്കിയ വീട് അജ്‌നയുടെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷം അറിയിച്ചത്.

അജ്നയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്ക് ഗുണമേന്മയുള്ള വീട് നല്‍കാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതിന് ‘ലാല്‍ കെയേഴ്സ് കുവൈറ്റി’ന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതല്‍ പേരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു.

2015ലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ക്ക് സഹായ ഹസ്തവുമായി മോഹന്‍ലാലും സംഘടനയും രംഗത്തെത്തിയിരുന്നു.

ഏറെ വർഷങ്ങളായി മലാളം സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി ബീനാ ആന്റണി. നിരവധി സിനമകളിൽ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും സീരിയലുകളിൽ സജീവമായതോടെയാണ് ബീന ആന്റണി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.  അടുത്തിടെ കോവിഡ് ബാധയെ തുടർന്ന് ബീന ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഭർത്താവും നടനുമായ മനോജ് കുമാർ പങ്കുവച്ചിരുന്നു.

ദിവസങ്ങൾക്കകം രോഗമുക്തി നേടി താരം വീട്ടിലേക്ക് മടങ്ങി വന്നെങ്കിലും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു രോഗകാലമെന്നു താരം തുറന്നു പറയുന്നു.ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്കു പോകാതെ വീട്ടിൽ തന്നെ ഇരുന്നതാണ് തനിക്കു പറ്റിയ വലിയ തെറ്റെന്നു ബീന പറഞ്ഞിരുന്നു.

ആശുപത്രിയിൽ പോയാൽ പിന്നെ മടങ്ങി വരുമോ എന്ന ചിന്തയാണ് തനിക്ക് ആദ്യം ഉണ്ടായിരുന്നതെന്നും അതിനു കാരണം തന്റെ പ്രിയപ്പെട്ട ബെന്നിന്റെ മരണമാണെന്നും  അഭിമുഖത്തിൽ ബീന പറയുന്നു.ആറ് മാസം മുൻപാണ് ബീനയുടെ ചേച്ചി ബിന്ദുവിന്റെ മകൻ ഇരുപത്തി മൂന്നു വയസ്സുകാരൻ ബെൻ കോവിഡ് ബാധിച്ച് മരിച്ചത്.

ബെൻ ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. ആശുപത്രിയിൽ പ്രവേശിച്ചാൽ ആ വിധി തനിക്കുമുണ്ടാകുമോയെന്ന ഭയം ഉണ്ടായിരുന്നുവെന്നു ബീന പറയുന്നു. ബീനാ ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

അവന്റെ മരണം ഞങ്ങളെയൊക്കെ പിടിച്ചുലച്ചു. മോൻ പോയി ആറു മാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലിൽ നിന്നു കുടുംബം മോചിതരായിട്ടില്ല. ചെറിയ പ്രായമല്ലേ. ഇരുപത്തി രണ്ട് വയസ്സ്. ബിടെക്ക് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഏതു പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഖം വളരെ വലുതാണല്ലോ. ബെൻ ഫ്രാൻസിസ് എന്നാണ് മോന്റെ പേര്. ഞങ്ങളുടെ വീട്ടിൽ മൂന്ന് പെൺകുട്ടികളാണല്ലോ.

ആദ്യം ഉണ്ടായ ആൺകുട്ടിയാണ്. എല്ലാവരും കൂടി ഓമനിച്ചാണ് വളർത്തിയത്. ഞാൻ ഷൂട്ടിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ഞാൻ ബെന്നാച്ചി എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമനയായിരുന്നു ബെന്നാച്ചി. ആരോടും ദേഷ്യപ്പെടുകയൊന്നുമില്ല. എപ്പോഴും ചിരി നിറഞ്ഞ മുഖമാണ്. എപ്പോഴും കുടുംബങ്ങൾ ഒത്തു കൂടും.

ഞങ്ങളെ കാത്തിരിക്കലാണ് അവന്റെ സന്തോഷം. കഴിഞ്ഞ വർഷം പോകാൻ പറ്റിയില്ല. അവനതിൽ വലിയ സങ്കടമായിരുന്നു. ഇനി എന്റെ മോൻ ഇല്ല, എന്നെ കാത്തിരിക്കാൻ. അവന്റെ ബോഡി പോലും ആരും കണ്ടില്ല….ഞാനും അതോടെ മെന്റലിയും ഫിസിക്കലിയും തകർന്നു പോയി എന്ന് ബീന ആന്റണി പറയുന്നു.

തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങിയ ചിത്രമാണ് നന്ദിനി. പരമ്പരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായി നടന്‍ റിയാസ് ഖാന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അതേ സെറ്റില്‍ വെച്ച് ഒരു ട്രാന്‍സ് നായികയ്ക്ക് ഉണ്ടായ ക്രൂര അനുഭവം കേട്ടതോടെ എല്ലാവര്‍ക്കും വേണ്ടി ക്ഷമ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍.

ഒരു മാധ്യമത്തിന് റിയാസ് ഖാനെ അഭിമുഖം ചെയ്യാനായി എത്തിയപ്പോഴാണ് കത്രീന എന്ന നടിയോട് നന്ദിനി എന്ന പരമ്പരയില്‍ അഭിനയിച്ചതിനെ കുറിച്ച് റിയാസ് ഖാന്‍ പറഞ്ഞത്. സുന്ദര്‍ സി ആണ് തന്നെ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞത്. കേട്ടപ്പോള്‍ വളരെ ഇന്‍ട്രസ്റ്റിങ് ആയി തോന്നി. ഒട്ടും ആലോചിക്കാതെയാണ് യെസ് പറഞ്ഞത്.- റിയാസ് ഖാന്‍ പറഞ്ഞു.

അതിരിക്കട്ടെ കത്രീന എന്തുകൊണ്ടാണ് സീരിയലില്‍ നിന്നും പെട്ടന്ന് പിന്മാറിയത്. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് പിന്മാറിതാണ് എന്നാണ് പറഞ്ഞത്. സത്യത്തില്‍ അത് തന്നെയാണോ കാരണം എന്ന് റിയാസ് ഖാന്‍ കത്രീനയോട് ചോദിച്ചു. അപ്പോഴാണ് നടി കണ്ണീരോടെ തന്റെ അനുഭവം പറഞ്ഞത്. നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, അയാള്‍ മൈക്കിലൂടെ വിളിച്ച് ചോദിച്ചു ‘മുകളില്‍’ എന്താണ് ഉള്ളത് എന്ന്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ വിട്ടു. പക്ഷെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു.

അടുത്ത ദിവസം വന്നപ്പോഴും അതേ ചോദ്യം. ‘താഴെ’ എന്താണ് ഉള്ളത്, ‘മുകളില്‍’ എന്താണ് ഉള്ളത് എന്നൊക്കെയുള്ള ചോദ്യം സഹിച്ചും ഞാന്‍ നിന്നു. നല്ലൊരു അഭിനേത്രി ആവാം, കുറച്ച് സഹിച്ചാല്‍ മതി എന്ന് കരുതി. നല്ലൊരു ഭാവി മാത്രമായിരുന്നു മുന്നില്‍. ഒരു പെണ്ണിനോട് ഒരിക്കിലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ. ആരോടും പരാതി പറയാന്‍ പറ്റില്ല. പക്ഷെ ഒരു ദിവസം ഞങ്ങള്‍ ഡ്രസ്സ് മാറിക്കൊണ്ടിരിയ്ക്കുമ്പോള്‍ നിര്‍ത്താതെ വാതില്‍ മുട്ടാന്‍ തുടങ്ങി. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ അകത്തേക്ക് തള്ളിക്കയറി ‘മുകളില്‍’ കടിച്ചു- കണ്ണുനീര്‍ അടക്കി പിടിച്ച് കത്രീന പറഞ്ഞു.

ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയുന്നു എന്ന് റിയാസ് ഖാന്‍ കത്രീനയോട് പറഞ്ഞു. കത്രീനയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നടന്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം  മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന ശുഭകരമായ സൂചനയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആർ നൽകിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയിൽ നൽകിയത് എന്നും മന്ത്രി വ്യക്തമാക്കി.

ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മർദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് വാവാ സുരേഷിനെ ജീവൻ നിലനിർത്താൻ വേണ്ടി കഠിനപരിശ്രമം നടത്തുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ജയകുമാർ മറ്റു വിവിധ വകുപ്പുകളിലെ ഡോക്ടർമാർ എന്നിവർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

ഇന്നു വൈകിട്ട് 4 15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് തന്നെ മാറ്റി. അതിനുശേഷം കാറിൽ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് വാവ സുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിന്‍റെ വിഷമായതിനാൽ തന്നെ വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടർമാർ വിലയിരുത്തി. ഏതായാലും അടുത്ത അഞ്ചുമണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാരുടെ സംഘം പറയുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം തന്നെ വാവസുരേഷിന്റെ പരിചരണത്തിന് നേതൃത്വം നൽകി വരികയാണ്.

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. എന്നാൽ കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല.

ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി.

ദിലീപ് ഒളിപ്പിച്ച ഫോണ്‍ നിര്‍ണായകമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലായെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും ദിലീപിന്റെ പേരിലുള്ള സിംകാര്‍ഡ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഇതിന്റെ കോള്‍ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

അതേസമയം ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമുള്ള ആവശ്യം ദീലിപ് നേരത്തെ ഉന്നയിച്ചിട്ടുണ്ട്.

അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങൾ ഫോണില്‍ ഉണ്ട് . ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved