തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ നീക്കങ്ങൾ സജീവമാക്കി ഇരു മുന്നണികളും. പി.ടി തോമസിന്റെ മണ്ഡലം നിലനിർത്താൻ കോൺഗ്രസ് അവസാന ആയുധവും പുറത്തെടുക്കും. മറുവശത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി തൃക്കാക്കരയിൽ മുന്നേറ്റമുണ്ടാക്കാനാവും ഇടത് പാളയം ശ്രമിക്കുക. പിണറായി വിജയൻ 2-ാം സർക്കാരിന്റെ വികസന നേട്ടങ്ങളെ മുൻനിർത്തി എം സ്വരാജിനെ കളത്തിലിറക്കാനാണ് ഇടത് പാളയം ശ്രമിക്കുന്നത്. മേയർ എം അനിൽ കുമാറിന്റേയും പേര് ഉയർന്നു കേൾക്കുന്നത്.
കോൺഗ്രസിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മണി, പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നുണ്ട്. എന്നാൽ സ്വരാജിനെ കളത്തിലിറക്കിയാൽ വി.ടി ബൽറാമിനെയും കോൺഗ്രസ് പരിഗണിച്ചേക്കും.
എംബി രാജേഷിനെതിരെ പരാജയപ്പെട്ട ബൽറാമിന് സ്വരാജിനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാൻ സാധിക്കുമെന്നാണ് ചില നേതാക്കളുടെ കണക്കുകൂട്ടലുകൾ. തൃപ്പൂണിത്തുറയിൽ വലിയ വിജയ പ്രതീക്ഷയോടെയാണ് എം സ്വരാജ് വീണ്ടും മത്സരത്തിനിറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം. കെ ബാബുവിനോടായിരുന്നു സ്വരാജിന്റെ തോൽവി. ഈ സാഹചര്യത്തിലാണ് എം സ്വരാജിനെ തൃക്കാക്കരയിൽ നിന്നും നിയമസഭയിൽ എത്തിക്കാൻ ശ്രമം നടക്കുന്നതെന്നാണ് സൂചന.
പി.ടിയുമായി അടുത്ത ബന്ധമുള്ളവർക്ക് ഉമാ തോമസിനെ രംഗത്തിറക്കാനാണ് താൽപ്പര്യം. എന്നാൽ മത്സരരംഗത്തിറങ്ങാൻ ഉമ തയ്യാറേയിക്കില്ലെന്നാണ് വിവരം.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13, 813 വോട്ടിനാണ് പി ടി തോമസ് ഇടതുസ്ഥാനാർത്ഥിയായ ഡോ. ജെ ജേക്കബിനെ തോൽപ്പിച്ചത്. 2016 ൽ 11996 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സെബാസ്റ്റ്യൻ പോളിനെതിരെയായിരുന്നു പി ടി തോമസിന്റ വിജയം
നടൻ സിദ്ധീഖിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്. സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
‘തീർച്ചയായും സിദ്ദീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദീഖുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസിലാക്കാം,’-രേവതി സമ്പത്ത് കുറിച്ചു.
നേരത്തെ, 2019ൽ സിദ്ദീഖ് ലൈംഗികമായി അധിക്ഷേപിച്ചെന്ന് വെളിപ്പെടുത്തി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. 2016ൽ സിദ്ദീഖിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞിരുന്നത്. 2016ൽ തിരുവനന്തപുരം നിള തീയേറ്ററിൽ വെച്ച് വാക്കുകൾ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖിൽ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്.
അതേസമയം, നടിയെ അക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ധീഖും അടുത്തുണ്ടായിരുന്നുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്തിൽ പറയുന്നത്. ഈ കത്താണ് കഴിഞ്ഞദിവസം വെളിപ്പെട്ടത്.
2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പൾസർ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്ന് പൾസർ സുനി അമ്മയ്ക്ക് നിർദേശം നൽകിയിരുന്നു.
”അമ്മ എന്ന സംഘടന ചേട്ടൻ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ധീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല.’ സുനി കത്തിൽ പറയുന്നു.ദിലീപിനും അടുത്ത പല സുഹൃത്തുക്കൾക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്. ‘അമ്മയിൽ ചേട്ടൻ ഉൾപ്പെടെ എത്രപേർക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം.
പരിപാടിയുടെ ലാഭം എത്രപേർക്ക് നൽകണമെന്നതും ഇക്കാര്യങ്ങൾ പുറത്തുവന്നാൽ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇക്കാര്യങ്ങളെല്ലാം ഓർക്കുന്നത് നല്ലതായിരിക്കും,’ കത്തിൽ പറയുന്നു.
ഇടപ്പള്ളിയിൽ വെച്ച് കഴിഞ്ഞ ദിവസം എഎസ്ഐയെ കുത്തി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായിരുന്ന പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. പൾസർ സുനി എഴിതിയ കത്ത് ദിലീപിന്റെ മാനേജർക്ക് കൈമാറിയത് വിഷ്ണുവായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് ആക്രമണം നടന്നത്. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനെയാണ് വിഷ്ണു കുത്തിപരിക്കേൽപ്പിച്ചത്. ഗിരീഷിന്റെ ആക്രമണത്തിൽ കുമാറിന്റെ കയ്യിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
കളമശ്ശേരിയിൽ നിന്നും കവർന്ന ബൈക്ക് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എച്ച്എംടി കോളനിയിലെ വിഷ്ണുവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലിസ് സ്ഥിരീകരിച്ചത്.
കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന്‍ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നാലുദിവസങ്ങള്‍ക്കു മുന്‍പാണ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. കണ്ണില്ലാത്ത ക്രൂരത അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
നിലവില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പോലീസ് പറയുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നീതും തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ്. പ്രവാസിയായ സുധീഷ് വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ്. എട്ട് വയസുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സുധീഷ് നീതുവിനെ വിവാഹം ചെയ്തത്. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന് പറഞ്ഞാണ് നീതു ഹോട്ടലില്‍ റൂമെടുത്തത്. മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍ എത്തിയതെന്നായിരുന്നു ഹോട്ടല്‍ മാനേജറോട് ഇവര്‍ പറഞ്ഞത്.
കാമുകെ കാണിച്ച് ഭീഷണിപ്പെടുത്താന്‍ ഒരു കുഞ്ഞ് ആയിരുന്നു നീതുവിന്റെ ലക്ഷ്യം. ഭര്‍ത്താവ് വിദേശത്ത് കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയ പണവും സ്വര്‍ണവും നീതു കാമുകനായ കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയ്ക്ക് നല്‍കി. നാട്ടുകാരുടെ മുന്നില്‍ വളരെ നല്ല സ്ത്രീയായിരുന്നു നീതു. എന്നാല്‍ ഇവര്‍ ഭര്‍ത്താവിനോട് ജോലി ആവശ്യത്തിന് എന്ന് പറഞ്ഞ് എറണാകുളത്തേക്ക് പോയി. കാമുകന്‍ ഇബ്രാഹിമിനൊപ്പം നീതു അടിച്ച് പൊളിച്ച് ജീവിക്കുമ്പോള്‍ ഭര്‍ത്താവോ വീട്ടുകാരോ നാട്ടുകാരോ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. പ്രണയം നടിച്ചപ്പോഴും കാമുകിയുടെ പണത്തിലായിരുന്നു യുവതിയുടെ കണ്ണ്.
ഇബ്രാഹിമും നീതുവും എറണാകുളത്ത് ഒരുമിച്ചായിരുന്നു താമസം. ഇബ്രാഹിമിന്റെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന നീതു പിന്നീട് ബിസിനസില്‍ പങ്കാളിയായി. ഇതിനിടെ നീതു ഗര്‍ഭിണിയായി. എന്നാല്‍ അത് അലസിപോയി. ഇക്കാര്യം കാമുകനെയും ബന്ധുക്കളെയും ഒന്നും അറിയിച്ചിരുന്നില്ല. പിന്നീടാണ് കാമുകന്‍ മറ്റൊരു വിവാഹത്തിനായി ശ്രമിക്കുന്നതെന്ന് അറിഞ്ഞത്.
ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിം നീതുവിന്റെ കൈയ്യില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തിരുന്നു. പണം തിരികെ വാങ്ങാനായി താന്‍ ഗര്‍ഭിണിയാണെന്ന് കാമുകനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് യുവതി നടത്തിയ നീക്കങ്ങളാകട്ടെ നീതുവിന്റെ വഴിവിട്ട ജീവിതം ലോകം അറിയാനും കാരണമായി. നീതുവിന്റെ ഭര്‍ത്താവ് വിദേശത്ത് ആകുന്ന സമയത്താണ് ഇബ്രാഹിമും നീതുവും അടുക്കുന്നത്. ഇതിനിടെ നീതു ഗര്‍ഭിണിയുമായി.
കാമുകന്‍ കൈക്കലാക്കിയ പണവും സ്വര്‍ണവും തിരികെ വാങ്ങാനായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്. ഇതിനായി പലരോടും കുട്ടിയെ പണം കൊടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തി കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു. നഴ്സ് വേഷത്തില്‍ നീതു, അമ്മയുടെ സമീപമെത്തി കുട്ടിക്ക് മഞ്ഞനിറമുണ്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു.
ഏറെ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. ഉടന്‍ ഗാന്ധിനഗര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലിനിടെ, ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ ഒരു സ്ത്രീ കുഞ്ഞുമായി എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.
ഹോട്ടലില്‍നിന്ന് കാര്‍ വിളിച്ചുകൊടുക്കാന്‍ നീതു ആവശ്യപ്പെട്ടതാണ്, കുഞ്ഞുമായി കടക്കാനുള്ള പദ്ധതി പൊളിച്ചത്. റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സിഡ്രൈവര്‍ അലക്സ് സെബാസ്റ്റ്യനെ വിളിച്ചപ്പോള്‍ യാത്രോദ്ദേശ്യം തിരക്കി. ഒരു കുഞ്ഞുമായി യാത്രപോകാനെന്ന് എലിസബത്ത് പറഞ്ഞു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ടെന്ന് എലിസബത്തിനെ ഡ്രൈവര്‍ അറിയിച്ചു. ഇതോടെ എലിസബത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു.
അഫീല്‍ എന്ന വാക്കിന് അര്‍ഥം പ്രകാശം എന്നാണ്. ജീവിതത്തില്‍ എന്നും പ്രകാശം പരത്തുന്നവനാകണം മകന്‍ എന്നോര്‍ത്താണ് ജോണ്‍സണ്‍ ജോര്‍ജ്ജും ഡാര്‍ളിയും ആദ്യത്തെ കണ്‍മണിക്ക് ആ പേരിട്ടത്. എന്നാല്‍ 2019 ഒക്ടോബര്‍ 21-ന് ആ പ്രകാശം പൊലിഞ്ഞു. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ തലയില്‍ ഹാമര്‍ പതിച്ച് അഫീല്‍ അവരുടെ ജീവിതത്തില്‍ നിന്ന് മാഞ്ഞുപോയി.
ജോണ്‍സണ്‍ന്റേയും ഡാര്‍ളിയുടേയും മുന്നില്‍ വരണ്ട ദിനങ്ങള്‍ മാത്രമാണ് പിന്നീടുണ്ടായിരുന്നത്. ഉച്ചവെയിലില്‍ ചുട്ടുപൊള്ളുന്ന അത്‌ലറ്റിക് ട്രാക്കുകളേക്കാളും ചൂടുണ്ടായിരുന്നു ഡാര്‍ളിയുടെ കണ്ണീരിന്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മകന്റെ ചിത്രങ്ങള്‍ മാറ്റി മാറ്റി പോസ്റ്റ് ചെയ്ത് ആ അമ്മ തന്റെ സങ്കടഭാരം കുറയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല. അവന്റെ ഓര്‍മകള്‍ക്ക് ഓരോ ദിവസവും കനംകൂടി വന്നു.
ഒടുവില്‍ ഇരുണ്ട രണ്ട് ക്രിസ്മസ്, പുതുവത്സര കാലങ്ങള്‍ക്ക് ശേഷം കോട്ടയം കുറിഞ്ഞാംകുളം വീട്ടിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയിരിക്കുന്നു. പ്രതീക്ഷയുടെ പുഞ്ചിരിയുമായെത്തിയ ആ കുഞ്ഞിന് ജോണ്‍സണും ഡാര്‍ളിയും പേരു നല്‍കിയിരിക്കുന്നത് എയ്ഞ്ചല്‍ ജോ എന്നാണ്. തിങ്കളാഴ്ച്ച രാവിലെ 9.30നാണ് ഡാര്‍ളി മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
‘ഒരുപാട് സന്തോഷം. അഫീല്‍ പോയശേഷം ജീവിതത്തില്‍ ഇതുവരെ സന്തോഷിച്ചിട്ടില്ല. ഇപ്പോഴാണ് ഉള്ളില്‍ തട്ടി ഒന്നു ചിരിക്കുന്നത്. സിസേറിയനായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുമ്പോഴും അഫീലിന്റെ ചിത്രം ഡാര്‍ളി ചേര്‍ത്തുപിടിച്ചിരുന്നു. ജീവിതത്തിന് പുതിയ അര്‍ഥം വന്നതുപോലെ തോന്നുന്നു’, ആശുപത്രിയില്‍ നിന്ന് ജോണ്‍സണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിച്ചു.
2019 ഒക്ടോബര്‍ നാല് വെള്ളിയാഴ്ച്ചയാണ് കായിക കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ വളന്റിയറായി എത്തിയതായിരുന്നു അഫീല്‍. മത്സരത്തിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ചു. ചോരയൊലിക്കുന്ന അഫീലിനേയും എടുത്ത് മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് ഓടി. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 25-ാം വാര്‍ഡിന് സമീപത്തെ ന്യൂറോ ഐസിയുവിന് മുന്നില്‍ പ്രാര്‍ഥനയുമായി, കണ്ണു ചിമ്മാതെ ജോണ്‍സണും ഡാര്‍ലിയും കാത്തിരുന്നു. 17 ദിവസത്തിനുശേഷം ഒക്ടോബര്‍ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ ആ കാത്തിരിപ്പ് അവസാനിച്ചു.
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എടുക്കാൻ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമൻസ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനസർക്കാർ നൽകിയ രണ്ട് ഹർജികൾ നാളെ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഈ ഹർജികൾ ഹൈക്കോടതി പരിഗണിക്കുക.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇത് വരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാൽ ഈ ആക്രമണദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു – ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.
”ബാലൂ, എന്‍റെ ഫോണും വാട്സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്”, എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.
അതിനാലാണ് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് തുടർച്ചയായി ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽകുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ഇതിനിടെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കുന്നുണ്ട്. അന്വേഷണമേൽനോട്ടച്ചുമതലയും ഒരു ഉന്നത ഉദ്യോഗസ്ഥനെ തന്നെ ഏൽപിക്കും. നിലവിലെ അവസ്ഥയിൽ ഈ മാസം ഇരുപതിനകം വിചാരണക്കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് നൽകാനാകില്ല. ഈ സാഹചര്യത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാനാണ് പ്രോസിക്യൂഷൻ നീക്കം. ഇതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയെ ഇന്നലെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അടുത്ത മാസം പൂർത്തിയാക്കാനാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ തന്നെ വിചാരണക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം അനിവാര്യമാണെന്നും അതിനാൽ വിസ്താരത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. തനി സാധാരണക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത് എന്ന് സിനിമയുടെതായി പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിര്‍മാണ കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പൂര്‍ണമായും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.
രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ് ഹരീഷ് ആണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തില്‍ അശോകനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ ചിത്രത്തെ കുറിച്ച് സീരിയല്‍ താരം അശ്വതി പങ്കുവച്ച കുറിപ്പിനെതിരെ വിമര്‍ശനം. ചിത്രം ഇഷ്ടപ്പെട്ടില്ല എന്നാണ് അശ്വതി കുറിപ്പിലൂടെ പറയുന്നത്. ഒന്നാം തിയതി മുതല്‍ കാണാന്‍ തുടങ്ങിയ സിനിമ ഇന്നാണ് കണ്ടു തീര്‍ത്തത് എന്നാണ് കുറിപ്പില്‍ അശ്വതി പറയുന്നത്.
”അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടു തീര്‍ത്തു. കേള്‍ക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീര്‍ക്കാന്‍ എന്ന്” എന്നാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”സീരിയല്‍ മാത്രം ശരണം. സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയും, അവസരവും കിട്ടാത്ത വെറും ഒരു കൂതറ നടിയുടെ രോദനം” എന്നാണ് പോസ്റ്റിന് എതിരെ എത്തിയ ഒരു കമന്റ്. ”ആഹ് അതിനെ അങ്ങനെ കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ” എന്നാണ് മറുപടിയായി അശ്വതി കുറിച്ചിരിക്കുന്നത്.
”പടം ഒന്നും ഇല്ലാതെ ഇരിക്കുവല്ലെ…..ഒരുപാട് അടുക്കള പണി ഉണ്ടാകും പാവത്തിന്…..” എന്നാണ് താരത്തെ വിമര്‍ശിച്ച് എത്തിയ മറ്റൊരു കമന്റ്. ”ബ്ലെസ്സാ അടുക്കള പണി അത്ര മോശം പണിയൊന്നുമല്ല ട്ടാ.. ഒരു അടുക്കളക്കാരീടെ രോദനം എന്ന് കരുതിയാല്‍ മതി ആ ദേഷ്യം അങ്ങ് കുറയും” എന്നാണ് അശ്വതി ഇതിന് മറുപടി നല്‍കുന്നത്.
വിമര്‍ശനങ്ങള്‍ ഏറിയതോടെ താരം മറ്റൊരു കമന്റും പങ്കുവച്ചു. ”അപ്പൊ എല്ലാരും ചീത്ത വിളിച്ചു കഴിഞ്ഞോ ? ബാക്കി വെക്കണേ ബിഗ് ബോസ് വരുന്നോണ്ട് നമുക്കതില്‍ കാണാം എന്ന് ഔട്ട്‌ഡേറ്റഡ് ആയ യാതൊരു എഫേര്‍ട്ടുകളും എടുക്കാതെ ടെലികാസ്‌റ് ചെയ്യുന്ന സീരിയല്‍ പണ്ടെങ്ങാണ്ടോ മുഖം കാണിച്ചു വീട്ടില്‍ കുത്തിരിപ്പായ ഒരു അമ്മച്ചി” എന്നാണ് അശ്വതി കുറിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ മോഷ്ടിച്ചത്. ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി സ്വദേശി നീതുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീ ഗൈനക്കോളജി വിഭാഗത്തിലെത്തി കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇവർ പുറത്തേയ്‌ക്ക് പോവുകയും ചെയ്തു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് അമ്മ ആശുപത്രി അധികൃതരോട് തിരക്കിയപ്പോഴാണ് തട്ടിക്കൊണ്ടു പോയതായി മനസിലാകുന്നത്.
ഉടൻ തന്നെ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഹോട്ടലിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. യുവതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.