സിനിമ തിയറ്ററിന്റെ ജനറേറ്റര്‍ മുറിയില്‍ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല 208 കോളനി നമ്മിയാണ്ടല്‍ സ്വദേശി മണികണ്ഠനാണ് (29) മരിച്ചത്. ശനി രാവിലെ എട്ടിനാണ് സംഭവം. പെരുമ്ബാവൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുസമീപം ഇവിഎം തിയറ്ററിലാണ് സംഭവം.
രാവിലെ മറ്റു തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോള്‍ ജനറേറ്റര്‍ മുറിയില്‍ പുക കണ്ട് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. 10 വര്‍ഷമായി തിയറ്ററിലെ ജീവനക്കാരനാണ്. കോവിഡ് സമയത്തും നാട്ടില്‍ പോയിരുന്നില്ല. അവിവാഹിതനാണ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
പുതുവര്‍ഷദിനത്തില്‍ തന്നെ കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി ആണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയാണ് ജിന്‍സിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടര്‍ന്ന് കുട്ടി ഓടി രക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
25-ല്‍ അധികം വെട്ടുകളാണ് ജിന്‍സിക്ക് ഏറ്റത്. ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിന്‍സി-ദീപു ദമ്പതിമാര്‍ക്ക്. ഒരു കുട്ടി ജിന്‍സിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.
മയക്കുമരുന്ന് പാർട്ടി നടക്കുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയത് ഭയന്ന് ഫ്‌ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്‌ലാറ്റിലാണ് സംഭവം നടന്നത്.
22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്. പൊലീസിനെ കണ്ട് യുവാവ് ഫ്‌ലാറ്റിൻറെ എട്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ബാൽക്കണിയില് നിന്ന് ചാടിയ അതുൽ ഫ്‌ലാറ്റിന്റെ കാർ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിൻറെ അലുമിനിയം ഷീറ്റ് തുളച്ച് അതുൽ നിലത്തുവീഴുകയായിരുന്നു.
യുവാവിന്റെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഫ്‌ലാറ്റിൽ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയിൽ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.യുവതി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.
പേട്ടയിൽ അനീഷ് ജോർജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരുന്നുണ്ടെന്നു മനസ്സിലാക്കി, അനീഷിനെ ആക്രമിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു പ്രതിയായ സൈമൺ ലാലൻ. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തിൽ ലാലൻ രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നതായും പോലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണിൽനിന്ന് രാത്രി 1.37 വരെ പെൺസുഹൃത്തിന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നതായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്. അനീഷും ലാലനുമായി വാക്കുതർക്കം നടന്നിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാൽ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല. കുത്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.
സംഭവത്തിൽ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളിൽ ചില പൊരുത്തക്കേടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള ലാലനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ. റിയാസ് രാജ പറഞ്ഞു.
അനീഷ് ജോര്‍ജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസ് നിഗമനത്തിനിടെ അനീഷ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ പുറത്തുവന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക്, പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് പുലര്‍ച്ചെ കോള്‍ വന്നിട്ടുണ്ടെന്ന രേഖകളാണ് പുറത്തുവന്നത്.
പുലര്‍ച്ചെ 3.20-നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. പോലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30-നാണ്. എന്നാല്‍, തന്റെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു.
3.30-ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലര്‍ച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകള്‍ വരുന്നുണ്ടായിരുന്നു. ഫോണ്‍ എടുത്ത പെണ്‍സുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്കു പോകാനും മറ്റൊന്നും തങ്ങള്‍ക്കറിയില്ല എന്നും പറയുകയായിരുന്നു. പോലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിനു ലഭിച്ചത്. ഇതിനു ശേഷമാണ് ഫോണ്‍ രേഖകള്‍ പുറത്തായത്.
സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പരിശീലനത്തിന്റെ ഒഴിവു സമയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസ്സലും, സഹലും, അൽവാരോ വാസ്‌കസും, പ്രശാന്തും ഉൾപ്പെടെ നിരവധി താരങ്ങളും, മറ്റു ടീം അംഗങ്ങളുമാണ് ഒഴിവു സമയത്തെ ക്രിക്കറ്റ് കളിയിൽ ഏർപ്പെടുന്നത്. വീഡിയോക്ക് രസകരമായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം തുടങ്ങി എന്നാണ് ചില ആരാധകർ വീഡിയോക്ക് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
മലയാ ളിയായ വിമുക്തഭടൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. മരങ്ങാട്ടുപിള്ളി ആണ്ടൂർ പകലോമറ്റം കൂനങ്കിയിൽ മാണിയുടെ മകൻ എമ്മാനുവൽ വിൻസെന്റാണ്(ജെയ്സണ്‍-44)ടെക്സസിലെ എൽപാസോയിൽ നടന്ന വെടിവയ്പിൽ മരിച്ചത്. വീടിനു സമീപമുള്ള പാർക്കിംഗിനായുള്ള സ്ഥലത്ത് തപാൽ പരിശോധിക്കുന്നതിനിടെ വെടിയേറ്റെന്നാണു നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. വെടിയുതിർത്ത അക്രമിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നു.
സംസ്കാരം ജനുവരി ഏഴിന് ഹാർട്ട്ഫോർഡിലെ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ ഒൗദ്യോഗിക ബഹുമതികളോടെ നടത്തും. കുറിച്ചിത്താനം പന്നിക്കോട്ട് മലയിൽ കുടുംബാംഗം എലിസബത്താണ് മാതാവ്. ജോ, ജയിംസ്, ജെഫ്രി എന്നിവർ സഹോദരങ്ങൾ. അമേരിക്കയിൽ ജനിച്ച ജെയ്സണ്‍ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം യുഎസ് മിലിറ്ററിയിൽ ചേർന്ന് 2012ൽ ക്യാപ്റ്റൻ റാങ്കിൽ വിരമിക്കുകയായിരുന്നു.
മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കും.
ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്.
ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജിൽ പോയി ബില്ലും വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
പറവൂരിൽ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തി. പൊലീസിന് അവരെ തിരിച്ചറിയാൻ 15 മണിക്കൂർ വേണ്ടിവന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് കലക്ടറേറ്റിനു സമീപത്തെ ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചത്. താൻ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തു ആദ്യം പറഞ്ഞത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ മനസ്സിലായില്ല.
ഉച്ചയ്ക്കു ശേഷമാണ് പറവൂർ പൊലീസിനു വിവരം ലഭിക്കുന്നത്. അവർ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസിൽ അന്വേഷിക്കുന്ന പെൺകുട്ടിയാണെന്നു പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിർദേശിച്ചു.
ഇതോടെ മുരുകനും സഹപ്രവർത്തകരും പെൺകുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആൺസുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെൺകുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും ആശ്വസിപ്പിച്ചു സ്ഥാപനത്തിൽ നിർത്തുകയായിരുന്നു. സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതിരുന്നതിനാൽ പൊലീസിനൊപ്പം പോകുകയായിരുന്നു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. ചോദ്യം ചെയ്യലിൽ സഹോദരിയെ കൊലപ്പെടുത്തിയതാണെന്നു ജിത്തു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളിൽ വെന്തുമരിച്ചത്.
തുടർന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും വൈകിട്ടോടെ പിടികൂടി. ജിത്തുവിനെ കാണാതായതും വീടിനുള്ളിൽ രക്തപ്പാടുകൾ കണ്ടെത്തിയതും ദുരൂഹതകൾക്കു കാരണമായി. മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്താണു കൊലപാതകം നടന്നത്.
മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ, ഇടയ്ക്കു ജിത്തു നിർബന്ധിച്ചു സഹോദരിയെക്കൊണ്ടു കയ്യിലെ കെട്ട് അഴിപ്പിച്ചു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തി. കുത്തേറ്റു വിസ്മയ വീണപ്പോൾ മരിച്ചെന്നു കരുതി ജിത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയശേഷം വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കയ്യാങ്കളിക്കിടയിൽ ജിത്തുവിന്റെ വിരലുകൾക്കു പരുക്കേറ്റു. മുറിവേറ്റ വിരലുകളിൽ ജിത്തു ബാൻഡേജ് കെട്ടിയിരുന്നു.
ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ നൽകുന്ന അവയവദാന സന്നദ്ധതയ്ക്കുള്ള സമ്മതപത്രം നൽകുന്ന പതിവ് തുടങ്ങിയിട്ട് ഏറെയായിട്ടില്ല. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഇത്തരത്തിലുള്ള ലൈസൻസ് നൽകി തുടങ്ങിയതിന് ശേഷം ആദ്യത്തെ അവയവദാതാവായി തീർന്നത് ചാത്തന്നൂർ കാരംകോട് പുത്തൻവീട്ടിൽ ജോൺ എൻ കുര്യന്റെ മകനായ ജോമോനാണ്. വെറും നാല് മാസം മുമ്പ് മാത്രം ലൈസൻസ് സ്വന്തമാക്കിയ 19കാരനായ കോളേജ് വിദ്യാർത്ഥി ജോമോന്റെ വിധി പക്ഷെ നന്മയുടെ പുസ്തകത്തിലും ചരിത്രത്തിലും ഇടംപിടിക്കാനായിരുന്നു. മികച്ച ചിത്രകാരനും കർഷകനും യൂട്യൂബ് വ്‌ളോഗറുമാണ് ജോമോൻ.
കഴിഞ്ഞദിവസം രാവിലെ ക്ലാസിലേയ്ക്കു പോകുന്ന വഴിയാണ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോമോനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതോടെ കാര്യങ്ങൾ സങ്കീർണമായി. അധികം വൈകാതെ മസ്തിഷ്‌കമരണം കൂടി സ്ഥിരീകരിച്ചതോടെ ജോമോന്റെ മാതാപിതാക്കൾ മകന്റെ ആഗ്രഹപ്രകാരം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
ലൈസൻസിനായി അപേക്ഷിച്ചപ്പോൾ അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ കൂടി ഒപ്പിട്ടുനൽകിയ ജോമോനെ റോഡപകടത്തിന്റെ രൂപത്തിലാണ് മരണം കവർന്നത്. ലൈസൻസിൽ ഓർഗൻ ഡോണർ എന്നുരേഖപ്പെടുത്തിയിരുന്നു. ഈ കൗമാരക്കാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബവും സന്നദ്ധത അറിയിച്ചതോടെയാണ് അഞ്ച് പേർക്ക് പുതുജീവൻ ലഭിച്ചത്.
ഹൃദയവും,കരളും വൃക്കകളുമുൾപ്പെടെ ദാനം ചെയ്യുന്നതിന് അവർ തീരുമാനമെടുത്തു. ജോമോന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈ റെലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആശുപത്രിയിലുള്ള രോഗിക്കും, കരൾ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
കല്ലമ്പലം നഗരൂർ രാജധാനി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ജോമോൻ ജോൺ എൻ കുര്യന്റെയും സൂസൻ കുര്യന്റെയും ഏകമകനാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്, കിംസ് ആശുപത്രി അധികൃതർ, സംസ്ഥാന സർക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രതിനിധികൾ എന്നിവരും ജോമോന്റെ കുടുംബാംഗങ്ങളോട് തങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിച്ചു.
പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പ്രതി സൈമൺ ലാലന്റെ മുൻവൈരാഗ്യമെന്ന് വ്യക്തമാകുന്നു. ലാലന് കൊല്ലപ്പെട്ട അനീഷിനോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനോട് പ്രതി സൈമൺ ലാലന് വൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചിൽ തന്നെ കുത്തിയതെന്നാണ് പോലീസ് പറയുന്നത്. നെഞ്ചിന് പുറമെ മുതുകിലും രണ്ട് കുത്തുകളുണ്ട്.
മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നു. എന്നാൽ ലാലന്റെ വിലക്ക് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇത് സംബന്ധിച്ചും ലാലന്റെ ചിലകർശന നിലപാടുകളിലും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും വഴക്കിലേക്കും എത്തിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ലുലു മാളിൽ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരേ ദേവാലയത്തിൽ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു. ആളെ തിരിച്ചറിയാതെ കുത്തിയതാണെന്ന ലാലന്റെ വാദവും ഇതോടെ പൊളിയുകയാണ്.
ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് ലാലന്റെ വീട്ടിൽ വച്ച് അനീഷിന് കുത്തേൽക്കുന്നത്. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലൻ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിച്ചു.
അതേസമയം, സംഭവത്തിലെ നിജസ്ഥിതി വ്യക്തമാകുന്നതിനായി അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പോലീസ് പരിശോധിക്കും. ലാലന്റെ വീട്ടിലുള്ളവർ വിളിച്ചതിനെ തുടർന്നാണ് അനീഷ് പുലർച്ചെ ആ വീട്ടിലേക്ക് പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശംഖുംമുഖം എസി ഡി കെ പൃഥ്വിരാജ് പറഞ്ഞു. അറസ്റ്റിലായ ലാലനെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ പേട്ട ചായ്ക്കുടി ലെയ്നിലെ ഏദൻ എന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ലാലനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പിന് എത്തിക്കും.