Kerala

തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്‌ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്‌ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

കേസെടുത്ത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന സിബുവിനെതിരേ പ്രതികള്‍ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരികളുടെ പേരിലാണ് സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ സിബുവിനെതിരേ പരാതി നല്‍കിയിരുന്നത്. ഈ സമയം സാറ്റ്‌സിലെ എച്ച്.ആര്‍. വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്‌ന സുരേഷ്. പീഡന പരാതി ലഭിച്ചതിന് പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.

പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. പിന്നീട് സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കേസിലും നടപടികളുണ്ടായത്.

കടം വാങ്ങിയ തുക തിരികെ നൽകാത്തതിന്റെ പേരില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശേഷം, സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ എന്നയാളുടെ നേതൃത്വത്തിലാണ് മർദ്ദനമെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തൻകോട്ടാണ് സംഭവം നടന്നത്. ഷുക്കൂർ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല.

എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്ക്ക് സമീപത്ത് കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോൾ നസീമിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

പിന്നീട് എങ്ങനെയോ രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്.

കർണാടകയിൽ ഹിജാബ് വിവാദം കത്തിക്കയറി നിൽക്കെ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികപണം. കർണാടകയിൽ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീർത്തും വിയോജിക്കുന്നെന്നും ജസ്ല തുറന്നു പറഞ്ഞു.

ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;

കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്‌കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ്.

മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാൻ. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എന്റെയടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ട് വരുന്നുണ്ട്.

കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം. കർണാടകയിൽ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത്.

ചേറാട് മലയിലെ പറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷം രക്ഷിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ 45 മണിക്കൂർ ജീവൻ നിലനിർത്താൻ പോരാടിയ ബാബുവിനെയും പ്രതികൂല സാഹചര്യത്തിൽ ബാബുവിനെ രക്ഷിച്ച രക്ഷകരെയും കൈയ്യടികളോടെയാണ് നാട് വരവേറ്റത്. ചെങ്കുത്തായ മലയിലെ പൊത്തിൽ അളളി പിടിച്ചിരുന്ന ബാബുവിനെ ധീരനെന്നല്ലതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ആകില്ല.

ബാബുവിന്റെ കരളുറപ്പും മനസാന്നിദ്ധ്യവും കൂടെയാണ് രക്ഷാപ്രവർത്തനത്തിൽ പിടിവള്ളി ആയത്.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വ്യതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ലെഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.

രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യ സംഘത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു മറികടക്കാൻ. അതിൽ ഏറ്റവും ആദ്യത്തേത് ആയിരുന്നു ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നത്.മലയാളി ഉദ്യോ​ഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് അടിവാരത്ത് എത്തിയ ഉടനെ തന്നെ ബാബുവുമായി മലയാളത്തിൽ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ബാബൂ… ഞങ്ങളെത്തി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രതീക്ഷ നൽകി. കണ്ണിൽ ഉറക്കം തട്ടാതിരിക്കാൻ നിരന്തരം സംസാരിച്ചു.

‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട,, എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.

രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. നിലവിൽ ബാബുവിന് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല.

അതീവ സന്തോഷവനായി ബാബു ചിരിക്കുന്ന ചിത്രങ്ങളും രക്ഷപെടുത്തി കൊണ്ടുവന്ന ആർമി സേനാംഘങ്ങളോട് നന്ദി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബാല എന്ന ഉദ്യോഗസ്ഥനാണെന്നാണ്.

ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിട്ടുണ്ട്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമാണെന്ന് നടന്‍ മഹേഷ്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ്  ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്.

ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമാണ്. കേസ് ഇല്ലാതായിട്ടില്ലെന്ന് അറിയാം. കൃത്യമായ അന്വേഷണത്തിലൂടെയായി സത്യം പുറത്തു രുന്നതിനായി കാത്തിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ക്രഡിബിലിറ്റി എന്താണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയിലൂടെ മനസിലാക്കാവുന്നതാണ്.

തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കായി അയച്ച ഫോണിലെ സന്ദേശമാണ് കഴിഞ്ഞ ദിവസം കേട്ടത്. ബാലചന്ദ്രകുമാര്‍ കൊടുത്തത് പോലെ 4-5 സെക്കന്റുകള്‍ ഉള്ളതല്ല. അതൊരു ഭീഷണിയായി എടുക്കരുത് എന്ന് പറയുന്ന കേട്ടിരുന്നു. ആ പറച്ചില്‍ തന്നെയൊരു ഭീഷണിയായാണ് തോന്നുന്നത്.

ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള ദിലീപിന്റെ സംസാരമാണ് ആദ്യം ശ്രദ്ധിച്ചത്. മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം, എന്നാല്‍ ഇത് അതാണെന്ന് പറയുന്നില്ല. ദിലീപ് പോലും ഇത് നിഷേധിച്ചിട്ടില്ല. ഒരു ഗ്രൂപ്പിലിട്ട് തട്ടാമെന്ന് പറഞ്ഞാല്‍ കൊല്ലാമെന്നല്ല അതിനര്‍ത്ഥം.

ദിവസങ്ങളായി ചോദ്യം ചെയ്യപ്പോഴും ഫോണിനെ കുറിച്ച് ചോദിച്ചിരുന്നില്ല. 10ാം ക്ലാസില്‍ പഠിക്കുന്ന മകന് സ്‌കൂളില്‍ പോവാനാവില്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത് കേട്ടിരുന്നു. പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്നു.

ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്നും ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ് പറഞ്ഞത്.

കേരളത്തിന് ആശ്വാസകമായ വാര്‍ത്തയെത്തി. മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യന്‍ ആര്‍മി മുകളിലെത്തിച്ചു. ബാബുവിനെ രക്ഷപെടുത്താന്‍ ഇന്ത്യന്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികന്‍ റോപ്പ് ഉപയോഗിച്ചാണ് മുകളിലേയ്ക്ക് ഉയര്‍ത്തിയത്.

സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മലയിടുക്കില്‍ 200 അടി താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് ഏറെ നേരം എടുത്താണ് മുകളിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചത്.

രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നല്‍കിയിരുന്നു. മലയിടുക്കില്‍ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിക്കാന്‍ സാധിച്ചത്. എഡിആര്‍എഫ് ദൗത്യസംഘത്തിലെ ഒരാള്‍ ഇറങ്ങിയാണ് റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്.

എന്നാല്‍, വെള്ളമാണെങ്കില്‍ പോലും വലിയ അളവില്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. 45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ആയതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു. ഇതിനു പുറമെ, അപ്രന്റിസ് ശസ്ത്രക്രിയ കഴിഞ്ഞയാളുമാണ് ബാബു. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെയാണ് ദൗത്യസംഘം ഇക്കാര്യങ്ങള്‍ ചെയ്തത്. ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തിയത്. ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു.

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

അനല്‍ അരസും രവി വര്‍മ്മയുമൊക്കെ 365 ദിവസവും ഷൂട്ട് ഉള്ളവരാണ്. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷനായി കിട്ടണമെന്നില്ല. അതുപോലെ നമുക്ക് നാല് ഫ്‌ളേവര്‍ ലഭിക്കും എന്നതും ഒരു കാരണമാണ്. ആക്ഷന്‍ രംഗങ്ങളില്‍ കൊറിയോഗ്രാഫേഴ്സിനെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന ആളല്ല താന്‍.

അവരുടെ ഇന്‍പുട്ട് നമ്മുടേതിനേക്കാള്‍ നല്ലതാണെങ്കില്‍ സ്വീകരിക്കുക, അങ്ങനെ വ്യക്തമായ ഒരു ധാരണയോടെ കൊറിയോഗ്രാഫേഴ്സും സംവിധായകരും വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനം അമേസിംഗ് ആണ്.

അത് തനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കും. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സും അതാണ് പറയുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇനിയൊരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിമുടി അതില്‍ ഇന്‍വോള്‍വ് ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.

എന്തോ ഒരു സൂപ്പര്‍ നാച്ചുറല്‍ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്. ഒരു പഞ്ചില്‍ തന്റെ എതിരെ നില്‍ക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്. തന്നോട് അദ്ദേഹം പറഞ്ഞത് 1300 ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്.

അത്തരമൊരു ആള്‍ക്ക് ഇതൊക്കെ ‘കേക്ക് വാക്ക്’ ആണ്. തന്റെ ആദ്യ ചിത്രമായ മാടമ്പി മുതല്‍ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധച്ചിടത്തോളം ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’ ആണെന്നും സംവിധായകന്‍  അഭിമുഖത്തില്‍ പറഞ്ഞു.

അതോടൊപ്പം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും വ്യക്തമാക്കി.

ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല.

എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാകും ഇത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‌ന സുരേഷിന് ഇഡി സമന്‍സ് അയച്ചു. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം.

മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തല്‍.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കര്‍ ആത്മകഥയില്‍ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതി. കേസില്‍ താനാണ് കിംഗ് പിന്‍ എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.

 

ജീവിതം കരുപിടിപ്പിക്കാനായി പ്രവാസലോകത്തേക്ക് ചേക്കേറി വന്ന മലയാളിക്ക് സംഭവിച്ച ദാരുണമരണത്തിന്റെ കണ്ണീരിലാണ് തൃശ്ശൂർ നെറ്റിശേരി ഗ്രാമം. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു. സൗദി ദമാം വിമാനത്താവളത്തിൽ തൃശൂർ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് മരിച്ചത്.

25 വർഷമായി പ്രവാസിയായിരുന്നു ഗിരീഷ്. ഒരു സ്വകാര്യ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ രണ്ടു വർഷത്തിന് ശേഷം നാട്ടിലേക്ക് അവധിക്കായി തിരിക്കുമ്പോഴാണ് മരണം ഗിരീഷിനെ കവർന്നത്.

ദമാമിൽ നിന്നും രാത്രി കൊച്ചിയിലേക്ക് കയറാനായി ഫ്ളൈ ദുബായ് വിമാനത്തിൽ ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയാണ് ചെയ്തത്. എയർപോർട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സിപിആർ നൽകിയതിന് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാർഗമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ: സതി. ഒരു മകനും മകളുമുണ്ട്. ഖതീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അപകടത്തിലേറ്റ പരിക്കാണ് ഒരു നിമിഷം ശ്രദ്ധ മാറ്റിയത്, അതാണ് മൂര്‍ഖന്‍ കടിയ്ക്കാനിടയാക്കിയതെന്ന് ദുരന്ത നിമിഷം ഓര്‍മ്മിച്ച് വാവ സുരേഷ്. ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി വാവ സുരേഷ്. കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയാക്കി ശ്രീകാര്യത്തെ വീട്ടില്‍ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്.

വാഹനാപകടത്തിലെ പരിക്കാണ് ശ്രദ്ധ തെറ്റിച്ചത്. ‘പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേല്‍ക്കാന്‍ കാരണം.’ വാവ സുരേഷ് പറയുന്നു.

ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്. അപകടത്തില്‍ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നു. ഇതിന്റെ വേദന നിലനില്‍ക്കുമ്പോഴാണ് കുറിച്ചിയില്‍ പാമ്പിനെ പിടികൂടാന്‍ വരണമെന്നു ഫോണ്‍കോള്‍ ലഭിച്ചത്. കഴുത്തിനും വാരിയെല്ലുകള്‍ക്കും നല്ല വേദന ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നത്.

2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓര്‍ക്കുന്നു.

പിന്നീട് ഓര്‍മ വന്നത് നാലാം തീയതി ഉണര്‍ന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമായാണെന്നും സുരേഷ് പറഞ്ഞു.

തന്നെ അറിയുന്ന എല്ലാവരും രക്ഷപ്പെടാന്‍ പ്രാര്‍ഥിച്ചു. താന്‍ മരണാവസ്ഥയില്‍ കിടന്നപ്പോള്‍ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല. അവര്‍ക്കു മലയാളികള്‍ മറുപടി കൊടുക്കും. തനിക്കു കിട്ടിയ സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.

പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നു സുരേഷ് പറഞ്ഞു. കോട്ടയം കുറിച്ചിയിലെ നാട്ടുകാര്‍ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ച ശേഷം ഷോ കാണിച്ചിട്ടില്ല. കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയില്‍ നട്ടെല്ലിനു വേദന തോന്നിയതു കൊണ്ട് ശ്രദ്ധ മാറിയപ്പോഴാണ് കടി കിട്ടിയത്. ചികില്‍സയ്ക്ക് എല്ലാ സഹായവും നല്‍കിയ മന്ത്രി വിഎന്‍ വാസവനോട് നന്ദി പറയുന്നതായും സുരേഷ് പറഞ്ഞു.

ഇനിയും വീടുകളില്‍ പാമ്പു കയറിയാല്‍ പഴയ പോലെ തന്നെ പാഞ്ഞെത്തും. ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നത്. വാവ സുരേഷ് പറയുന്നു.

Copyright © . All rights reserved