നെടുമ്പാശ്ശേരി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ മരിയയ്ക്ക് വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. യുവതിയുമായി അടിയന്തരമായി ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ കാത്ത് അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.
ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.
യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.
ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.
കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.
ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.
മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മംഗളുറു: (www.kvartha.com 06.10.2021) നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിൽ തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈഷ്ണവി എക്സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭുവിന്റെ മകൻ സുധീന്ദ്ര പ്രഭു (15) ആണ് മരിച്ചത്. വിവരമറിഞ്ഞ് ഹൃദയാഘാതമുണ്ടായ രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കളും ആശുപത്രി അധികൃതരും തമ്മിൽ ധാരണയായിട്ടുണ്ട്.
തൊഴിലാളിക്ക് നേരെ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ മകൻ സുധീന്ദ്രയുടെ തലക്ക് കൊള്ളുകയായിരുന്നു എന്ന് മംഗളുറു സൗത് പൊലീസ് പറഞ്ഞു. പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹന ഡ്രൈവർ ചന്ദ്രു, ക്ലീനർ അശ്‌റഫ് എന്നീ ചെറുപ്പക്കാർ അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോൾ രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചതായും ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ രാജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മകൻ മരിച്ചതിനാൽ കേസിന്റെ വകുപ്പുകൾ മാറ്റും.
കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും ദാരുണമായി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതി ഇതിനിടം ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.
2017 ജൂണിലായിരുന്നു സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയുമായി അടുത്ത പ്രതി യുവതി ഗർഭിണിയായതോടെയാണ് കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ മകനേയും കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.
മലപ്പുറത്ത് കഴിഞ്ഞ മാസം ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ജീവനൊടുക്കിയതെന്ന് കണ്ടെത്തി.
കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടിയെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൂസക്കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു മരണം.
”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്. വിഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. വിവാഹ സമയത്ത് നല്‍കിയ 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.
എന്നാല്‍ പത്ത് പവന്‍ കൂടി നല്‍കിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകൂ എന്ന് പറഞ്ഞ് ഹമീദ് വഴക്കുണ്ടാക്കി. ഇത് നല്‍കാന്‍ മൂസക്കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഹിബയുടെ പരാതിയില്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തു.
തെങ്ങിന് മുകളില്‍ കയറിയിരുന്ന് ഓടുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാര്‍. കരിക്കേറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു, പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസാണ് കുരങ്ങുകളുടെ ആക്രമണമുണ്ടായത്.
റോഡരികിലെ തെങ്ങില്‍ നിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള ഏറ്. ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങുകയും ചെയ്തു. നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പില്‍നിന്നും ലഭിച്ച മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം ഉടമ ചെക്കാനിക്കുന്നേല്‍ ജോണ്‍സന് 17,000 രൂപ ചെലവായി.
മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായി തുടരുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്.
‘നാഗിൻ’ ടിവി പരമ്പരയിലൂടെ ശ്രദ്ധേയയായ നടി മൗനി റോയി(Mauni Roy) വിവാഹിതയാകുന്നു. മലയാളിയും ദുബായിലെ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരാണ് മൗനി റോയിയുടെ കഴുത്തിൽ മിന്നുകെട്ടുന്നത്. ഇരുവരും രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. ദുബായിൽ ഇൻവെസ്റ്റ്മെന്‍റ് ബാങ്കറാണ് സൂരജ് നമ്പ്യാർ. ബംഗളുരുവിൽ ജനിച്ചു വളർന്ന സൂരജ് നമ്പ്യാർ പിന്നീട് ദുബായിലേക്ക്(Dubai) ചേക്കേറുകയായിരുന്നു.
മൗനിയുടെ ബന്ധുവായ വിദ്യുത് റോയ് സർക്കാർ ഒരു പ്രാദേശിക പത്രത്തിനോട് മൗനിയുടെ വിവാഹം ജനുവരിയിൽ നടക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം ദുബായിലോ ഇറ്റലിയിലോ വെച്ചായിരിക്കുമെന്നും സൂചനയുണ്ട്. കോവിഡ് കാലമായതിനാൽ തന്നെ ഇരു കൂട്ടരും തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേകം വിവാഹ സത്കാരം രണ്ട് ദിനങ്ങളിലായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
2022 ജനുവരിയിൽ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയും അവതാരകയുമായ മന്ദിര ബേദിയുടെ വസതിയിൽവെച്ച് ഇരുവരുടെയും കുടുംബാംഗങ്ങൾ വിവാഹം കാര്യം തീരുമാനിച്ച് ഉറപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അറിയപ്പെടുന്ന നടിയും ഗായികയും കഥക് നർത്തകിയും മോഡലുമാണ് മൗനി റോയി. പ്രധാനമായും ഹിന്ദി സിനിമകളിലും സീരിയലുകളിലൂടെയുമാണ് അവർ പ്രശസ്തി നേടിയത്. 2007 ൽ സ്റ്റാർ പ്ലസിലെ ക്യൂങ്കി സാസ് ഭി കഭി ബഹു തി എന്ന പരമ്പരയിലെ കൃഷ്ണ തുളസിയുടെ വേഷത്തിലൂടെ അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു.
മറ്റ് നിരവധി ഷോകളിൽ അഭിനയിച്ചതിനു ശേഷം, 2011 -ൽ സതിയായി അഭിനയിച്ച ഡെവോൺ കെ ദേവ് … മഹാദേവ് ഓൺ ലൈഫ് ഓകെ എന്ന ഷോയിലും അവർ തിളങ്ങി. സാര നാച്ച് ദിഖ (2008), പതി പത്നി വോ (2009), ലക് ദിഖ്ല ജാ 7 (2014), ബോക്സ് ക്രിക്കറ്റ് ലീഗ് 2 (2016), ലിപ് സിംഗ് എന്നീ ഷോകളിലും അവർ ഉണ്ടായിരുന്നു.
കളേഴ്സ് ടിവിയിലെ നാഗിൻ 1 (2015-16) എന്ന അമാനുഷിക ത്രില്ലറിലെ ആകൃതി മാറുന്ന സർപ്പമായ ശിവന്യയുടെ കഥാപാത്രത്തിലൂടെ മൗനി റോയ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മാറി. ഷോയുടെ രണ്ടാം ഭാഗമായ നാഗിൻ 2 (2016–17) ൽ, റോയി അതിഥി വേഷത്തിൽ ശിവന്യയുടെ വേഷം അവതരിപ്പിക്കുകയും ശിവാനിയയുടെ മകൾ ശിവാംഗിയുടെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു,
നാഗിനെ തുടർന്ന്, ബോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ചു, റീമ കാഗ്ടിയുടെ സ്പോർട്സ് ഡ്രാമ ഗോൾഡ് (2018) ൽ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു, നിർണായകവും വാണിജ്യപരവുമായ വിജയവും മികച്ച വനിതാ നവാഗത നാമനിർദ്ദേശത്തിനുള്ള ഫിലിം ഫെയർ അവാർഡും നേടി.
മൗനി റോയിയുടെ കരിയറിനെ കുറിച്ച് ഇത്ര വിസ്തരിച്ച് പറയുന്നത് എന്തിനാണെന്നായിരിക്കും കാരണമുണ്ട്. സിനിമയിലും മിനിസ്ക്രീനിലും തിളങ്ങുമ്പോഴും സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് മൗനി റോയി. മോഡലിങ് രംഗത്ത് സജീവമായതുകൊണ്ട് തന്നെ തന്‍റെ ആകർഷകമായ ചിത്രങ്ങൾ അവർ ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിലും മറ്റും ഷെയർ ചെയ്യാറുണ്ട്.
അമിതാഭ് ബച്ചനും രൺബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് മൗനി റോയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്ലാം മത വിശ്വാസികളുടെ പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ വരച്ച സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്സ് വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. സൗത്തേൺ സ്വീഡനിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഭീകരവാദികളുടെ ഭീഷണി മൂലം വർഷങ്ങളായി പൊലീസ് സംരക്ഷണയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ലാർസിനൊപ്പം സഞ്ചരിച്ച രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.
2007 ലാണ് ലാർസ് വിവാദ കാർട്ടൂൺ വരച്ചത്. പട്ടിയുടെ ശരീരത്തിനു പ്രവാചകൻ നബിയുടെ തല വെച്ചായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂൺ. കാർട്ടൂണിന് പിന്നാലെ ഇദ്ദേഹത്തിന് നേരെ നിരന്തര വധ ഭീഷണികൾ വന്നിരുന്നു. സ്വീഡനിലെ സമാധാനാന്തരീക്ഷത്തെയും ഇത് ബാധിച്ചു. മുസ്ലിം രാജ്യങ്ങളിൽ നിന്നു വന്ന വിമർശനത്തിനു പിന്നാലെ അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡ്രിക് റെയിൻഫെൽറ്റലിന് 22 മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി.
ഇറാഖിലെ അൽ ഖ്വയ്ദ് തീവ്രവാദ സംഘം ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നവർക്ക് വൻ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. എങ്ങനെയാണ് വാഹനാപകടം ആസൂത്രിതമാണോയെന്ന് സ്വീഡിഷ് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ആഷിഖ് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ 23 വയസ്സുള്ള യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടിയും ആഷിഖും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രണയം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടി യു.കെയില്‍ ഉപരിപഠനത്തിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.
ഞായറാഴ്ച ഇരുവരും എരുമേലിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തനിക്ക് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങാതെ വീട്ടിലേക്ക് പോയി. പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ശേഷം ആഷിഖ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.