Kerala

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രസംഗിക്കാന്‍ എത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതിഷേധവുമായി യോഗം പ്രവര്‍ത്തകര്‍. പിസി ജോര്‍ജ് പ്രസംഗം അവസാനിപ്പിച്ച് തിരികെപ്പോയി. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ നടക്കുന്ന എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനാണ് ജോര്‍ജ് എത്തിയത്.

വെള്ളാപ്പള്ളി നടേശനെ അപമാനിക്കാനാണ് പിസി ജോര്‍ജ് എത്തിയത് എന്നാരോപിച്ചായിരുന്നു യോഗം പ്രവര്‍ത്തകരുടെ പ്രതിഷേധം.സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പിസി ജോര്‍ജ് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ യൂണിയന്‍ കൗണ്‍സിലര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തില്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചു.

‘ഇത് പൂഞ്ഞാറല്ല, എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലമാണ്. ഇവിടെയെത്തി ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചാല്‍ വിവരം അറിയുമെന്നും ചെരുപ്പേറുണ്ടാകുമെന്നും’ ഇവര്‍ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ പിസി ജോര്‍ജ് വേദി വിട്ടുപോവുകയായിരുന്നു. ശങ്കേഴ്‌സ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൂരജിന് സുരേഷ് പാമ്പിനെ കൈമാറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഭാഗം നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി സൂരജ് കുറ്റക്കാരനാണെന്ന നിഗമനത്തില്‍ കോടതി എത്തിയത് ഈ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ്.

ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് പ്രതിക്ക് ശിക്ഷ വിധിക്കുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്.

പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.

നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. അത്യുല പ്രതിഭയെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാള സിനിമാ ലോകം. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും അഞ്ഞൂറിലധികം സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് നെടുമുടി വേണു.

ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്‍. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടിവേണു നാടകങ്ങളും എഴുതിയിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്ത് താരം സജീവമായത്.

നെടുമുടി വേണു തിളങ്ങിയ ചിത്രങ്ങള്‍;

അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്‌നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മൊഗാമല്‍, ഇന്ത്യന്‍, അന്യന്‍, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, ഇന്ത്യന്‍ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും നെടുമുടി വേണു വേഷമിട്ടിട്ടുണ്ട്. ചോര്‍രഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ (Uthra Murder Case) വിധി ഇന്ന് പ്രസ്താവിക്കും. ഒരു വർഷത്തെ നീണ്ട വിചാരണയ്‌ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രഖ്യാപനം നടത്തുന്നത്.

ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രതി സൂരജ് അതിസമർത്ഥനും ക്രൂരനുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിൽ ഇത് വ്യക്തമായി. ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും എസ്.പി ഹരിശങ്കർ പറഞ്ഞു.കൊലപാതകം നടത്തിയ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവാണ്.

ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്റര്‍ നീളമായിരുന്നു. ഇത്രയും നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റര്‍ മുറിവേ ഉണ്ടാവുകയുളളു. സൂരജ് മൂര്‍ഖന്റെ പത്തിയില്‍ ബലമായി പിടിച്ച് കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായതെന്ന് ഡ‍മ്മി പരീക്ഷണത്തിലൂടെ തെളിയിച്ചു. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി.

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുളള ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. 2020 മാർച്ച് രണ്ടിന് രണ്ടാമത്തെ ശ്രമത്തില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. 56 ദിവസം തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട്‌ കടിപ്പിച്ചത്. സൂരജിന് പാമ്പിനെ നല്‍കിയ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കൊലപാതകക്കേസില്‍ മാത്രമാണ് വിധി പറയുന്നത്. ഗാര്‍ഹികപീ‍ഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും കോടതി നടപടികളിലാണ്.

കെ എസ് ആർ ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതുടർന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോട് ഐ ഐ ടി റിപ്പോർട്ട് കൂടി പരിഗണിക്കാനും മന്ത്രി നിർദ്ദേശം നൽകി.

ഐ ഐ ടി സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്‌ദ്ധൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന സംഘത്തിന്റെ ശുപാർശയെ തുടർന്നാണ് ഗതാഗത മന്ത്രി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒഴിപ്പിച്ചതിനു ശേഷം നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ബലപ്പെടുത്താൻ 30 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.

2015ലാണ് ഒൻപത് നിലകളിലായി വ്യാപാര സമുച്ചയവും കെ എസ് ആർ ടി സി സ്റ്റാൻഡും ഉൾപ്പെടുന്ന കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായത്. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് കെട്ടിടം പ്രവർത്തന സജ്ജമായത്. നിർമാണം പൂർത്തിയാക്കിയിട്ടും നിരവധി വർഷങ്ങൾ കഴിഞ്ഞിട്ടാണ് കെ എസ് ആർ ടി സി കെട്ടിടം പൂർണ തോതിൽ ഉപയോഗിച്ച് തുടങ്ങിയത്.

ബസ് സ്റ്റാൻഡ് ഇവിടെ നിന്നും മാറ്റുന്നതിനും കെ എസ് ആ‌ർ ടി സിക്കു മുന്നിൽ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. പാവങ്ങാട് ഡിപ്പോയിലേക്ക് തത്ക്കാലം സ്റ്റാൻഡ് മാറ്റാം എന്ന നി‌‌ർദേശമുണ്ടെങ്കിലും എട്ട് കിലോമീറ്റർ അകലെയുള്ള ഡിപ്പോയിലേക്ക് സർവീസുകൾ മാറ്റുന്നത് കോർപ്പറേഷന് അധിക ചിലവ് വരുത്തിവയ്ക്കും. നഗരത്തിനുള്ളിൽ തന്നെ സ്ഥലം കണ്ടെത്തി സ്റ്റാൻഡ് മാറ്റാനാണ് ശ്രമമെങ്കിലും ഇത് അത്ര എളുപ്പമല്ല.

ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിൽസയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അറിയാമെങ്കിലും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും. മലയാളി കുടുംബത്തിനുണ്ടായ ഈ ദുഃഖകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ന്യൂഹാമിലെ മലയാളി സമൂഹം.

യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായ മലയാളി. ഏഴുമണിയോടെ ബാർബർഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേർക്കുമെതിരെ വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. ഇതോടൊപ്പം അക്രമികൾ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണു പൊലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫോറസ്റ്റ് ഗേറ്റിലെ എ-114 അപ്റ്റൺ ലെയ്നിലുള്ള ഈമ്രാൻസ് ഹെയർ ഡ്രസേഴ്സിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്നു മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച വൈകിട്ടുവരെ ന്യൂഹാമിൽ വാഹനങ്ങൾ അരിച്ചു പെറുക്കി.

ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ ഉടൻ സി.എ.ഡി-6941/ സെപ്റ്റംബർ 08 എന്ന റഫറൻസിൽ 101ലോ 0800555111 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും പോലീസ് അഭ്യർഥിച്ചു.

മലയാളി യുവതിയെ പൂനെയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കൊല്ലം വാളകം പൊടിയാട്ടുവിളയിലെ പ്രീതിയുടെ മരണം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്നാണ് ബന്ധുക്കൾ ആവർത്തിക്കുന്നത്. പൂനെ ഭോസരി പ്രാധികിരൺ സ്‌പൈൻ റോഡിലെ റിച്ച്‌വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭർതൃവീട്ടിൽ ബുധനാഴ്ച രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘കൊല്ലത്തെ വിസ്മയയുടേതിനു സമാനമാണ് പ്രീതിയുടെ മരണവും. സ്ത്രീധനത്തിന്റെ പേരിൽ കൊടിയപീഡനമാണ് മകൾ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്’- പ്രീതിയുടെ അച്ഛൻ മധുസൂദനൻപിള്ള പറയുന്നു.

വിവാഹസമയത്ത് 85 ലക്ഷം രൂപയും 120 പവൻ സ്വർണവുമാണ് ഭർതൃവീട്ടുകാർക്ക് നൽകിയതെന്ന് പ്രീതിയുടെ അച്ഛൻ പറഞ്ഞു. മൃതദേഹം പൂനെയിൽനിന്ന് കൊല്ലം വാളകം പൊടിയാട്ടുവിളയിലെ കുടുംബ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഫാഷൻ ഡിസൈനിങ് കോഴ്‌സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015 ലായിരുന്നു.

പ്രീതിയുടെ ഭർത്താവ് അഖിലിനും അമ്മ സുധയ്ക്കും എതിരെയാണ് കുടുംബത്തിന്റെ ആരോപണം. പ്രീതിക്ക് മർദനമേറ്റതിന്റെ ചിത്രങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും കേസിൽ തെളിവാണ്. പ്രീതിയുടെ സുഹൃത്താണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോലീസിന് കൈമാറിയത്.

പ്രീതിയുടെ മാതാപിതാക്കൾ ഭോസരി പോലീസിൽ നൽകിയ പരാതിയിൽ അഖിലിനെയും അമ്മയെയും ചോദ്യംചെയ്തിരുന്നു. സ്ത്രീധന പീഡന നിയമപ്രകാരമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ച നാരായണേട്ടനും ഭാര്യ ഇന്ദിരയും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇരുവരുടേതും അല്ലലില്ലാത്ത ജീവിതവും. എന്നാൽ ശനിയാഴ്ചയോടെ എല്ലാം തകിടം മറിയുകയായിരുന്നു. വിറകുപുരയിൽ നിന്നും ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുവരും തീകൊളുത്തി ജീവിതമവസാനിപ്പിച്ചെന്ന് ഇനിയും ആർക്കും വിശ്വസിക്കാനാകുന്നില്ല.

വടക്കേപ്പുരയ്ക്കൽ (ജയശ്രീ നിലയം) നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് ചാലിശ്ശേരി പെരുമണ്ണൂരിൽ വീടിനോടുചേർന്ന വിറകുപുരയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ് നാരായണൻ. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ ഉയരുന്നതുകണ്ട് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. നാരായണൻ എഴുതിയതെന്നുകരുതുന്ന ദീർഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെൽഫിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ മാനസികമായി അലട്ടിയിരുന്നതായാണ് കത്തിൽ സൂചനയുള്ളത്. തങ്ങളുടെ ഭൂസ്വത്തുക്കൾ, പണം, ബാങ്ക് ബാലൻസ്, സ്വർണം എന്നിവ ആർക്കെല്ലാമാണ് നൽകേണ്ടതെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ദമ്പതികൾ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്ത രീതിയും മരണക്കുറിപ്പുകളും നാട്ടുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയിൽ കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയിൽ ഒന്നിച്ചാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്.കൂടാതെ, വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ചോർത്തിക്കളഞ്ഞ് കാലിയാക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ഓടിയെത്തിയാലും തീയണയ്ക്കാനുള്ള മാർഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു.

ഷൊർണൂർ ഡിവൈഎസ്പി സുരേഷ്, ചാലിശ്ശേരി സിഐ കെസി വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വിറകുപുരയിലും, വീട്ടിനുള്ളിലും വിശദമായ പരിശോധന നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മക്കൾ: ജയശ്രീ (അങ്കണവാടി വർക്കർ, പൊന്നാനി), സുധ (ഖത്തർ), ചിത്ര. മരുമക്കൾ: രമേശൻ, സുനീഷ്, കൃഷ്ണൻകുട്ടി.

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ യുവതിയെ നെടുപുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരേ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30)യാണ്‌ അറസ്‌റ്റിലായത്‌. ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട്‌ ആവശ്യപ്പെട്ടതായാണ്‌ കേസ്‌. മറ്റൊരുസ്‌ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന്‌ സ്‌ഥാപിക്കാനും ആ സ്‌ത്രീയുടെ മുഖത്ത്‌ ആസിഡ്‌ ആക്രമണം നടത്തി കുറ്റം ഭര്‍ത്താവിനെതിരേ ചുമത്താനുമായിരുന്നു പദ്ധതി.

സംഭവത്തെക്കുറിച്ച്‌ മനസിലാക്കിയ പ്രമോദ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച്‌ 15നാണ്‌ പ്രമോദ്‌ പരാതി നല്‍കിയത്‌. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരേ ക്വട്ടേഷന്‍ നല്‍കുന്ന ശബ്‌ദ സന്ദേശം ലഭിച്ചതോടെയാണ്‌ നയനയെ അറസ്‌റ്റ്‌ ചെയ്‌തത്‌. യുവതിക്കെതിരേ ജാമ്യമില്ലാ കേസാണ്‌ ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും പോലീസ്‌ പറഞ്ഞു. പ്രതിക്ക്‌ ജാമ്യംകിട്ടി

പൊന്നാനി എം.പിയും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി. പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ജപ്തി നീക്കവുമായി രംഗത്തെത്തിയത്.

200 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍ മുന്നോട്ട് പോവുന്നത്. ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി.

വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കോഴിക്കോട് സി.ജെ.എം കോടതിയുടെ ഉത്തരവ് ചുവട് പിടിച്ചാണ് ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്. ഈ മാസം 21 നകം വസ്തുവകകള്‍ ഏറ്റെടുക്കണം എന്നാണ് കോടതി നിര്‍ദേശം.

ഇ.ടി. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോര്‍ ഇന്‍ ബസാറും ജപതിചെയ്യേണ്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതേസമയം, വായ്പ തിരിച്ചടയ്ക്കുമെന്നാണ് ഇ.ടി ഫിറോസിന്റെ നിലപാട്.

RECENT POSTS
Copyright © . All rights reserved