സിബിഐ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. ആദ്യമായി തിരക്കഥ എഴുതിയ ത്രില്ലര്‍ ചിത്രത്തെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ പറയുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ചിത്രം ഇരുപതാം നൂറ്റാണ്ടിന് തിരക്കഥ ഒരുക്കിയതിനെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. രാജാവിന്റെ മകന്‍ ഹിറ്റായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി മാറി. ഡെന്നീസ് ജോസഫിന് തിരക്കായ സമയത്താണ് കെ മധുവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയത്. മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോള്‍ ഡേറ്റ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല.
അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവര് തന്റെ അടുത്ത് വരുന്നത്. തന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചാണ് വിളിപ്പിച്ചത്. താന്‍ അവിടെ ചെന്നപ്പോള്‍ മധുവൊക്കെ ഇരിപ്പുണ്ട്. ഡെന്നീസ് തന്നോട് കാര്യം പറഞ്ഞു.തനിക്ക് കമ്മിറ്റ് മെന്റ് ഉളളതിനാല്‍ തനിക്കിപ്പോള്‍ എഴുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതി കൊടുക്കാന്‍ കഴിയില്ലെന്ന് ഡെന്നീസ് പറഞ്ഞു. സ്വാമി ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്റെ മകന്‍ ടൈപ്പ് കഥയാണ് എന്ന് ഡെന്നീസ് പറഞ്ഞു. അത് എഴുതാന്‍ നിനക്ക് അല്ലെ കഴിയൂ, തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അവര് കുറെ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു.
തന്റെ മനസ്സില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതു കൊണ്ട് ഇതിന്റെ സ്‌കോപ്പ് അറിയില്ല, അതുകൊണ്ട് ഒരു കമ്മിറ്റ്‌മെന്റും ചെയ്യില്ല. എന്നാലും സത്യസന്ധമായി ചിന്തിക്കാം. ഏഴ് ദിവസത്തെ സമയം തരണമെന്ന് അവരോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത് എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.
ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ വിരമിച്ചു.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു.തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചിത്.എല്ലാവരോടും നന്ദി അറിയിച്ച താരം യുവ താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുമെന്നും വ്യക്തമാക്കി.
ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. അസാധാരണമായ ബൗളിംഗ് ആക്ഷനും കൃത്യതയാർന്ന യോർക്കറുകളും കൊണ്ട് ശ്രദ്ധേയനായ താരം പരിമിത ഓവർ മത്സരങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവർ ബൗളർമാരിൽ ഒരാളായും താരത്തെ കണക്കാക്കുന്നു. 2014 ടി-20 ലോകകപ്പിൽ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.
2011 ഏപ്രിൽ 22ന് മലിംഗ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2019 ജൂലൈ 26ന് അദ്ദേഹം ഏകദിനങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ജനുവരിയിൽ ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും മലിംഗ പാഡഴിച്ചു.
30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളാണ് മലിംഗയ്ക്ക് ഉള്ളത്. 226 തവണ അദ്ദേഹം ഏകദിനത്തിൽ ശ്രീലങ്കക്കായി ബൂട്ടണിഞ്ഞു. 338 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെയും മലിംഗ തന്നെയാണ് ഒന്നാമൻ.
ആറു മാസം മുമ്പ് കാണാതായതാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിനെ ആള്‍താമസമില്ലാത്ത വീടിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ നാടുവിട്ടെന്നായിരുന്നു രക്ഷിതാക്കളുടെ സംശയം. ഇതിനിടെയാണ്, മരണവാര്‍ത്ത എത്തിയത്.
തൃശൂര്‍ പാവറട്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അമല്‍ കൃഷ്ണ. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച മിടുക്കന്‍. ചേറ്റുവ എം.ഇ.എസ് സെന്ററിന് സമീപം ചാണാശ്ശേരി സനോജ്-ശിൽപ്പ ദമ്പതികളുടെ മകൻ. മാർച്ച് പതിനെട്ടിന് രാവിലെ പതിനൊന്നരയോടെ വാടാനപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ മകന്റെ എ.റ്റി.എം.കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ‘അമ്മ പോയിരുന്നു. മകനെ പുറത്തുനിർത്തി ബാങ്കിൽ കയറിയ ‘അമ്മ തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. സ്‌കോളർഷിപ്പ് തുകയായ പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ അമലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ പതിനായിരം രൂപയോളം പേടിഎം മുഖേന മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തിയിരുന്നു.
ഓൺലൈൻ ഗെയിം കളിക്കാൻ ഈ തുക ഉപയോഗിച്ചതായാണ് സംശയം. അമല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു കുടുംബം. തളിക്കുളത്തെ ദേശീയപാതയോരത്ത് ആള്‍താമസമില്ലാത്ത വീടിനകത്തായിരുന്നു മൃതദേഹം. ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡ് കണ്ടെത്തി. കാശ് പിൻവലിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു. മുകളിലേക്കുള്ള ഗോവണി പടിയിൽ അമലിന്റെ പേരും ഫോൺ നമ്പറും എഴുതി വച്ചിരുന്നു. മൃതദേഹം അമലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാംപിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് വീട്ടില്‍നിന്ന് കാണാതായ യുവതിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ്. മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടത്. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.
സെപ്റ്റംബര്‍ അഞ്ചാം തീയതി മുട്ടത്തറ ദേശീയപാതയില്‍വെച്ചാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് കാറിടിച്ച് മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
സൂരജിന്റെ മരണത്തിന് പിന്നാലെ മിഥുനയുടെ മരണവും നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി സ്വദേശി വിപിൻ ലാൽ ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിതിനെ പൊലീസ് അറസ്റ്റ്ചെയ്തു. പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയത്.
സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ഏഴംഗസംഘം വിപിന്‍ലാലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമായി സി പി എം എം എൽ എ. മന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് മന്ത്രിയുടെ വിമര്‍ശനം. കായംകുളത്ത് പൊതു പരിപാടിയിലായിരുന്നു പ്രതിഭയുടെ പ്രസംഗം.
തിരക്കായിരിക്കുമോ എന്ന് നൂറു തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും എം എൽ എ പറയുന്നു. മന്ത്രി വി ശിവൻകുട്ടിയും എ എം ആരിഫ് എം പിയും പങ്കെടുത്ത ഒരു പരിപാടിയിലായിരുന്നു വിമര്‍ശനം. പ്രസംഗത്തിൽ മന്ത്രി ശിവൻകുട്ടിയെ പ്രകീർത്തിക്കാനും പ്രതിഭ മറന്നില്ല.
എം എൽ എയുടെ വാക്കുകൾ
‘എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം”
”തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂർവമായാണ് മന്ത്രിമാരെ വിളിക്കുന്നത്”- യു പ്രതിഭ പറഞ്ഞു.
കണ്ണൂർ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്‌മാൻ (40) ദോഹയിൽ നിര്യതനായി. കഴിഞ്ഞ വെള്ളിയാഴ്ച താമസസ്ഥലത്തെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ റഹ്‌മാൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഹമദ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരിച്ചത്.
ദോഹയിൽ അബുഹമൂർ ഖബർസ്ഥാൻപള്ളിയിൽ മയ്യത്ത് നമസ്കാരം കഴിഞ്ഞ ശേഷം, നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ തൂവക്കുന്ന് കല്ലുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അസ്മീർ ട്രേഡിങ് കമ്പനിയുടെ പാർട്ണറായ അബ്ദുൽ റഹ്‌മാൻ ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ കുനിയിൽ അമ്മദ്ഹാജി – ആയിശ ദമ്പതികളുടെ മകനാണ്. പിതാവ് അമ്മദ് ഹാജി ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഭാര്യ: സഫ്രജ. മൂന്നു മക്കളുണ്ട്. സഹോദരങ്ങൾ: സൈനബ, അഷറഫ്, ആസ്യ, അസ്മ.
മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ ചെറുകുന്നത്തെ വയോധികയുടെ മരണം കൊലപാതകമാണെന്നു കുറത്തികാട് പോലീസ്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നേറ്റിപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ(80)യാണു കഴിഞ്ഞവ്യാഴാഴ്ച വൈകീട്ടു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നമ്മയുടെ മകന്‍ സന്തോഷിനെ(41) അറസ്റ്റ്ചെയ്തു.
രാത്രി ഒന്‍പതുമണിയോടെ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ, കുറത്തികാട് പോലീസ് സ്ഥലത്തെത്തി സംസ്‌കാരം നടത്തുന്നതു തടഞ്ഞിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഇടപെടല്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മാത്രംമതി സംസ്‌കാരമെന്നു പോലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് മൃതദേഹം കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണംകൊലപാതകമെന്ന് ഉറപ്പിച്ചത്.
ഞായറാഴ്ച ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത മകന്‍ സന്തോഷിന്റെ അറസ്റ്റ് തിങ്കളാഴ്ചയാണു രേഖപ്പെടുത്തിയത്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചിട്ടില്ല.സന്തോഷ് മദ്യപിച്ചെത്തി ചിന്നമ്മയെ മര്‍ദിക്കുന്നതു പതിവായിരുന്നെന്നു നാട്ടുകാര്‍ പോലീസിനോട് സൂചിപ്പിച്ചു. ചിന്നമ്മയുടെ തൈറോയ്ഡ്ഗ്രന്ഥിക്കും കഴുത്തിലെ എല്ലിനും പൊട്ടലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവസമയം സന്തോഷിന്റെ മകന്‍ അമ്പാടിയും സന്തോഷിന്റെ അനുജനും ഭിന്നശേഷിക്കാരനുമായ സുനിലും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളുടെയും ബന്ധുക്കളുടെയും അമ്പാടിയുടെയും മൊഴിയെടുത്ത പോലീസ് സന്തോഷിനെ ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പുനടത്തും.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് ഭക്ഷണം കഴിക്കാനെത്തിയവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്യാന്റീനിൽ പ്രശ്‌നമുണ്ടാക്കിയവർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഘർഷത്തെ തുടർന്ന് ക്യാന്റീനിലെ ചെറിയ അലമാരകൾ അടക്കമുള്ളവയക്ക് നാശം സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. പോലീസ് ഇവരെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.
ആശുപത്രി ക്യാന്റീനിൽ പുറത്തുനിന്നുള്ളവർക്ക് വരാനായി പ്രത്യേകം വാതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആ വാതിലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയതെന്നാണ് പരാതി. ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തർക്കം പിന്നീട് കൂട്ടയടിയിൽ കലാശിക്കുകയായിരന്നു.
31-ാം പിറന്നാള്‍ ദിനത്തില്‍ നടിയും അവതാരകയുമായ ആര്യ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ തന്നെ ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ആഘോഷിക്കാന്‍ യുഎഇയില്‍ പോയതും തുടര്‍ന്നുണ്ടായ മോശം സംഭവങ്ങളെ കുറിച്ചുമാണ് ആര്യ പറയുന്നത്. ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആ ദിവസം തള്ളി നീക്കാന്‍ ആശ്രയിച്ചിരുന്നത് എന്നും ആര്യ കുറിച്ചു.
ആര്യയുടെ കുറിപ്പ്:
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞാന്‍ അനുഭവിച്ചത് വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. യുഎഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആ ദിവസം തള്ളി നീക്കാന്‍ ആശ്രയിച്ചിരുന്നത്.
എന്റെ അവസ്ഥ മോശമായി, ചിലപ്പോള്‍ എന്തെങ്കിലും അവിവേകം കാണിക്കാനും സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ തെറ്റ് മനസ്സിലാക്കി എന്റെ അടുക്കല്‍ വരാന്‍ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇങ്ങനെയായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം, എനിക്ക് 30 വയസ് തികഞ്ഞ ദിവസം. എന്നാല്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ അത് വളരെ വ്യത്യസ്തമാകുമായിരുന്നു.
എന്റെ സുന്ദരിയായ മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു, പക്ഷേ യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാന്‍ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പാണ് ഞാന്‍ നടത്തിയത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്‌നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ഞാന്‍ ഉദ്ദേശിക്കുന്നത് ആത്മാര്‍ത്ഥമായി നിങ്ങളെ സ്‌നേഹിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്നവര്‍. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം. സന്തോഷിക്കണോ അതോ നിങ്ങളുടെ മനസമാധാനം നശിപ്പിക്കണോ. എല്ലാം നിങ്ങളുടെ കൈകളിലാണ്.
തിരഞ്ഞെടുക്കല്‍ നിങ്ങളുടേതാണ്… സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകര്‍ക്കണോ എന്ന്. എപ്പോഴും ഓര്‍ക്കുക… നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ്… എപ്പോഴും വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ സ്വയം ഓര്‍മ്മിപ്പിക്കുക. നിങ്ങളെ നിരുപാധികമായി സ്‌നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്… എന്റെ 31-ാം ജന്മദിനം തീര്‍ച്ചയായും എനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ചതാണ്.