Kerala

കുത്തിയൊഴുകുന്ന നിളയിൽ കാണാതായ മകന്റെ തിരിച്ചുവരവിന് വേണ്ടി കണ്ണീരോടെ കാത്തിരുന്ന കുടുംബാംഗങ്ങളുടെ ഹൃദയം തകർത്ത് മൃതദേഹം കണ്ടെത്തി. യുവ ഡോക്ടർ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് നദിയിൽ നിന്നും നാലാംദിനം കണ്ടെത്തിയത്. നിളാ തീരത്ത് പ്രാർത്ഥനയോടെ കാത്തിരുന്ന അച്ഛൻ രാമകൃഷ്ണന് മരണവാർത്ത താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

ഞായറാഴ്ച ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ എംബിബിഎസ് വിദ്യാർത്ഥി അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ രാമകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയുടെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം കാണാതായ സഹപാഠി മാത്യു എബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. എൽഐസി ഏജന്റായ രാമകൃഷ്ണനും കുടുംബവും മകൻ ഡോക്ടറായി കാണാൻ ഏറെ പ്രതീക്ഷയോടെയാണു കാത്തിരുന്നത്. പഠനം അവസാന വർഷത്തിലേക്ക് എത്തിയപ്പോൾ സ്വപ്നം യാഥാർഥ്യമാകുന്നത് തൊട്ടരികിലെത്തിയെന്ന് അവർ ആശ്വസിച്ചു.

മകൻ ഡോക്ടറായെത്തിയാൽ തന്റെ കഷ്ടപ്പാടെല്ലാം തീരുമെന്ന് രാമകൃഷ്ണൻ ഒരുപാട് പേരോട് പറയുകയും ചെയ്തിരുന്നു. ഇതിനായി കുടുംബം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും മകന്റെ പഠനം മുന്നോട്ട് കൊണ്ടുപോയി. പഠനത്തിൽ സമർഥനായ ഗൗതം കൃഷ്ണ തിരുവനന്തപുരം സൈനിക സ്‌കൂളിലാണു പഠിച്ചത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു എംബിബിഎസ് പഠനം.

കോളേജ് കൗൺസിൽ ചെയർമാനായ ഗൗതം കൃഷ്ണ വോളിബോൾ താരവുമായിരുന്നു. യുവഡോക്ടറുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല അമ്പലപ്പുഴയിലെ ഈ ഗ്രാമത്തിന്. അപകടമുണ്ടായ ദിവസംമുതൽ പ്രതീക്ഷയും പ്രാർഥനയുമായി നാട്ടുകാരും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. കോളേജിൽ പൊതുദർശനത്തിനുശേഷം ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മൃതദേഹവുമായി ആലപ്പുഴയിലേക്കു പുറപ്പെട്ടത്. രാത്രി വൈകി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

പി ഡി പി മുൻ ആക്റ്റിംഗ് ചെയർമാനും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറുമായ പൂന്തുറ സിറാജ്(57) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. നേരത്തെ പി.ഡി.പി വര്‍ക്കിങ് ചെയര്‍മാനായിരുന്നു.

തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്.

95 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

ഇടക്കാലത്ത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുറത്തുപോയിരുന്നു. പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്​.

പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരനാണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസിന് ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000 രൂപ വരെയാണെന്ന് വിജിലൻസ് അറിയിച്ചു.

ഏജന്റുമാർ വഴിയാണ് ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നത്. ഉദ്യോഗസ്ഥനൊപ്പം രണ്ട് ഏജന്റുമാരേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീജിത്ത് സുകുമാരന് പണം കൈമാറാനെത്തിയ അബ്ദുൾ സമദും നിയാസുമാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ സംഭവമുണ്ടായത്.

ശ്രീജിത്ത് സുകുമാരനെ കൂടാതെ മാസപ്പടി സംഘത്തിൽ സുരേഷ് ബാബു, അരവിന്ദ് എന്നീ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും ഉൾപ്പെട്ടിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കും. ഈ പ്രദേശത്ത് മോട്ടോർ വാഹന വകുപ്പ് വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് വിജിലൻസ് പറഞ്ഞു.

ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് വരികയായിരുന്നു. പല തവണ പരിശോധന നടത്തിയെങ്കിലും ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടാനായിരുന്നില്ല. തുടർന്ന് ഇന്നാണ് ഉദ്യോഗസ്ഥനെ തെളിവുകളോടെ പിടികൂടാനായതെന്ന് വിജിലൻസ് വ്യക്തമാക്കി. ശ്രീജിത്ത് സുകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടൊണ് വിജിലൻസ് സംഘം പിടികൂടിയത്.

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിന് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അര്‍ഹനാണെന്നും ഉടന്‍ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

വാടാനപ്പള്ളിയിൽ അടഞ്ഞുകിടന്ന വീട്ടിൽ അമൽ കൃഷ്ണയുടെ മൃതദേഹം കിടന്നതിനു സമീപം കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ ദുരൂഹത സൃഷ്ടിക്കുന്നു. അമലിനു ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. വീട്ടിൽ നിന്നു പോയശേഷം ഹെഡ്ഫോൺ വാങ്ങിയിരിക്കാം എന്ന സാധ്യതയും ബന്ധുക്കൾ തള്ളി.

കാണാതായ ദിവസം അമലിന്റെ കൈവശം ഒരു രൂപ പോലും ഉണ്ടായിരുന്നില്ല എന്നും വീട്ടുകാർ പറയുന്നു. അതേസമയം, അമലിന്റെ മരണത്തിൽ വീട്ടുകാർക്കു സംശയമോ പരാതിയോ ഉണ്ടെങ്കിൽ ഊർജിതമായി അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. 6 മാസം മുൻപ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിലേക്കു പോയപ്പോൾ കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പ്രവാസിയുടെ 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിലായിരുന്നു മൃതദേഹം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അമലിനെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൈവശമുണ്ടായിരുന്ന ഫോൺ, സിം കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തു.

എന്നാൽ, അമലിന്റേതല്ലാത്ത ഏക വസ്തുവായി മൃതദേഹത്തിന് സമീപത്തു കണ്ടെത്തിയത് ഒരു ബ്ലൂടൂത്ത് ഹെഡ്ഫോൺ ആണ്. മൃതദേഹത്തിൽ നിന്ന് അൽപം ദൂരെയായാണ് ഇതു കിടന്നിരുന്നത്. ഇത് എവിടെ നിന്നു വന്നു, അമലിന്റെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടോ, മറ്റാരുടെയെങ്കിലും കയ്യിൽ നിന്നു വീണുപോയതാണോ എന്നീ വിവരങ്ങളിൽ പൊലീസ് തുടരന്വേഷണം നടത്തും.

അമൽ കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രവാസിയായ അച്ഛൻ സനോജ് മസ്കത്തിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇന്നു സംസ്കാരം നടത്തിയേക്കും. അമലിന്റേത് ആത്മഹത്യ തന്നെ എന്നതാണു പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണത്തിനു തടസ്സമുണ്ടാകില്ല.

‘എന്റെ മകനെ കൊലയ്ക്കു കൊടുത്തവർ ആരാണെന്ന് എനിക്കറിയണം, അവരെ എനിക്കു കിട്ടണം..’ നെഞ്ചുനീറി കരഞ്ഞുകൊണ്ട് അമൽ കൃഷ്ണയുടെ അമ്മ ശിൽപ പറയുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശിൽപയുടെയും കുടുംബാംഗങ്ങളുടെയും നിലപാട്. ‘എന്റെ മകന്റെ ശരീരം തിരിച്ചറിയാൻ ഞാൻ പോയിരുന്നു. അവിടെയൊരു ബ്ലൂടൂത്ത് ഹെഡ്ഫോൺ കിടപ്പുണ്ടായിരുന്നു.

അതെവിടെ നിന്നു വന്നുവെന്ന് എനിക്കറിയണം. ആരാ എന്റെ മോനെ അവിടെ കൊണ്ടിട്ടതെന്ന് എനിക്കറിയണം. അവൻ അങ്ങനെ ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. അവനെ ആരോ അവിടെ കൊണ്ടാക്കിയതാണ്. സത്യം അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും തയാറാണ്…’ ശിൽപ പറഞ്ഞു.

തളിക്കുളത്ത് 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിൽ അമൽ എങ്ങനെ എത്തിയെന്നത് അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി. മുൻപ് എപ്പോഴെങ്കിലും അമൽ ആ വീട്ടിൽ വന്നിട്ടുണ്ടോ എന്നതു പരിശോധിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുന്നുണ്ട്.

അമലിനെക്കൂടാതെ മറ്റാരെങ്കിലും ആ വീട്ടിലെത്തിയിരുന്നോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. അമലിന്റെ മൃതദേഹം കിടന്നിരുന്ന മുറിയിൽ നിന്ന‍ു ബ്ലൂടൂത്ത് ഹെഡ്ഫോൺ ലഭിച്ചതായി റൂറൽ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ഇത് ആരുടേതെന്നു കണ്ടെത്താനുള്ള പരിശോധനകൾ നടത്തുമെന്നും പൊലീസ് മേധാവി പറഞ്ഞു.

അമൽ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളിൽ അന്വേഷണം നടക്കുന്നതായി എസ്ഐ വിവേക് നാരായണൻ അറിയിച്ചു. അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടതിൽ അമലിന് മനോവിഷമം ഉണ്ടായിരുന്നതായി വീട്ടുകാർ തന്നെ പൊലീസിനെ അറിയിച്ച‍ിരുന്നു. അമലിന്റെ മൃതദേഹം കണ്ടെടുത്ത മുറിയിൽ ‘മോം സോറി, ഐ മിസ് യൂ’ തുടങ്ങിയ വാചകങ്ങളും അമലിന്റെ പേരും വിലാസവും ഫോൺ നമ്പറുമെല്ലാം രേഖപ്പെടുത്തിയിരുന്നു.

അമൽ കൃഷ്ണയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലേക്കാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നു സൂചന. കഴുത്തിൽ കയർ കുരുങ്ങിയതിന്റേതല്ലാതെ മറ്റു മുറിവുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം പ്രാണികളുടെ ആക്രമണമേറ്റതിന്റെ പാടുകൾ മാത്രമേ ശരീരത്തിലുള്ളൂ എന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

തളിക്കുളത്ത് അമൽ കൃഷ്ണയുടെ മൃതദേഹം കണ്ടെടുത്ത വീടിന്റെ മുൻവാതിൽ മാത്രമാണ് അടഞ്ഞുകിടന്നിരുന്നതെന്നു കണ്ടെത്തി. പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതുവഴി മറ്റാരെങ്കിലും ഉള്ളിൽ കയറിയിട്ടുണ്ടോ എന്നതു തുടരന്വേഷണത്തിലേ വ്യക്തമാകൂ. അമൽ മരിച്ചതിനു ശേഷം പിൻവാതിൽ വഴി ആരെങ്കിലും ഉള്ളിൽ കടന്നിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും.

കൊച്ചിയിൽ യുവാവ് ഫയൽ ചെയ്ത വിവാഹമോചന കേസിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ഭാര്യ വഞ്ചിച്ചു കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.

ഭാര്യ വിശ്വാസവഞ്ചന കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകിയത്.

കുടുംബ കോടതി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാർച്ച് ഒൻപതിനാണ് യുവതി കുട്ടിക്ക് ജന്മം നൽകുന്നത്. വിവാഹ സമയത്ത് ഹർജിക്കാരൻ പട്ടാളത്തിലായിരുന്നു.

വിവാഹം കഴിഞ്ഞ് 22ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയിൽ ഭാര്യ സഹകരിക്കാത്തതിനാൽ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. കുട്ടിക്ക് ഹർജിക്കാരൻ ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡിഎൻഎ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കൊല്ലത്തെ വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിസ്മമയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന് വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭീഷണിക്കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്ന് കത്തില്‍ പറയുന്നു. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി. ചടയമംഗലം പൊലീസ് തുടര്‍ നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.

ത്രിവിക്രമന്‍ നായരുടെ മൊഴിയും രേഖപ്പെടുത്തി. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 507 പേജുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം.

ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് ജീവനൊടുക്കിയത്. മകന്‍ മുഫാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവുവീട്ടിലില്ലാതിരുന്ന സമയത്താണ് റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിനല്‍കുകയായിരുന്നു. ഇതുകണ്ട മൂത്തമകള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ മുജീബ് പെണ്‍മക്കള്‍ക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പിന്നീട്, മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണു മാതാവും വിഷംകഴിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. മുജീബ് ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്മത്ത് തൂങ്ങിയനിലയിലായിരുന്നു. പരിസരവാസികളുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റഹ്മത്ത് ആത്മഹത്യാപ്രവണതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ് റഹ്മത്ത്. രണ്ടാഴ്ച മുന്‍പ് ഇവര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മൂത്തമകള്‍ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. മറ്റുമക്കള്‍: മുഹ്‌സിന, മുബീന.

മൈന്‍ഡ് ചെയ്യാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം പി. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി ഒല്ലൂര്‍ എസ്‌ഐ യെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്.

തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. നേരത്തെ കിട്ടിക്കൊണ്ടിരുന്ന സല്ല്യൂട്ട് കിട്ടാതിരുന്നതോടെയാണ് സുരേഷ് ഗോപി എസ്ഐയോട് സല്ല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.

എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. നേരത്തെ തനിക്ക് സല്യൂട്ട് ലഭിക്കുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിക്ക് പിന്നാലെ ഡ്യൂട്ടിയിലുള്ള പ്രത്യേകിച്ച് പൊതു നിരത്തിലുള്ള പൊലീസുകാര്‍ എംപി മാര്‍ക്കും എംഎല്‍എമാര്‍ക്കും സല്ല്യൂട്ട് നല്‍കാറില്ലായിരുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, പൊലീസ് റാങ്കിലുള്ള ഡിജിപി, എഡിജിപി, ഐജി ഡിഐജിമാര്‍ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. നിലവില്‍ എംപിക്കും എംഎല്‍എമാര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്ന് ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് താന്‍ മേയറല്ല, എംപിയാണ് സല്ല്യൂട്ടൊക്കെ ആകാംമെന്ന് പരാമര്‍ശവുമായി രാജ്യസഭാ എംപിയായ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

 

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച ഡിവൈഎഫ്‌ഐ നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചതിന്റെ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ. ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ്ആർ ആശ (26)യാണ് മരണപ്പെട്ടത്. കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്നു ആശ. എസ്എഫ്‌ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു. റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ ശൈലജ ദമ്പതികളുടെ മകളാണ്.

ബാലരാമപുരം പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ആശയെ ആദരിക്കുകയും ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ വേർപാട് ഇനിയും നാട്ടുകാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല.

തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

പാറശാല സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു ആശ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജേഷ്, ആർഷ എന്നിവരാണ് സഹോദരങ്ങൾ.

RECENT POSTS
Copyright © . All rights reserved