കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റ് പോലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫ്ളാറ്റിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി. ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.
ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതിഷേധവുമുണ്ടായി. സമാന സംഭവങ്ങള്‍ മുന്‍പും ഫ്ളാറ്റില്‍ നടന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായ നടപടിയെടുത്തില്ലെന്നുമാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടിയത്.
കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെഎ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ എന്‍പി വീട്ടില്‍ ഫഹദ് എന്നിവരെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി വീണ്ടും ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഓയിൽ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോള്‍ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളഞതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ പീഡന വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ആനയുടെ കൊമ്പില്‍ പിടിച്ച മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ്.
ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് പിസി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് പറയുന്നത്.
വിനായക ചതുര്‍ഥി മഹോത്സവത്തോടനുബന്ധിച്ച് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പിസി ജോര്‍ജ് ആനയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം കൊമ്പില്‍ പിടിച്ചത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആനയുടെ കൊമ്പില്‍ പിടിക്കാന്‍ ഒന്നാം പാപ്പാന് മാത്രമാണ് അവകാശമുള്ളത് എന്ന കാര്യം ചൂണ്ടിക്കാട്ടി പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേജില്‍ ആവശ്യം ഉയര്‍ന്നത്. പോസ്റ്റിന് താഴെ പിസി ആരാധകരുടെ
ആവശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ‘പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ്’ എന്ന പേജില്‍ വന്ന മറുപടി ഇങ്ങനെ. ‘മിസ്റ്റര്‍ പികെ വെങ്കിടാചലം നീ സായിപ്പിനെയും മദാമ്മയെയും പറ്റിച്ചു ജീവിക്കുന്ന പണിയുമായി പിസിടെ അടുത്തോട്ടു വരണ്ട. പത്ത് മുപ്പത് ആനയുള്ള പ്ലാത്തോട്ടത്തില്‍ തറവാട്ടില്‍ പിറന്ന ആണൊരുത്തന്‍ തന്നെയാ പിസി ജോര്‍ജ് നിന്നെക്കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്നത് ഉണ്ടാക്കെടാ മോനെ..’ ഇതായിരുന്നു മറുപടി.
വിഷയത്തെ കുറിച്ച് പി.സി ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ: ‘ആനക്കാരന്റേയും തിരുമേനിമാരുടെയും അനുവാദത്തോട് കൂടിയാണ് ആനയ്ക്ക് ഭക്ഷണം െകാടുത്തത്. എനിക്കൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അവരും തീറ്റകൊടുത്തു. ഏതോ വട്ടന്‍മാരാകും ഇതിനൊക്കെ കേസെടുക്കാന്‍ പറയുന്നത്. ഇതൊക്കെ അവന്‍മാര് പേരെടുക്കാന്‍ പറയുന്നതല്ലേ. പോകാന്‍ പറ..’ പി.സി പറയുന്നു.
കണ്ണൂര്‍ ജില്ലയെ നടുക്കി ദൃശ്യം മോഡല്‍ കൊലപാതകം. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലയത്തില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു. മറുനാടന്‍ തൊഴിലാളിയായ അഷിക്കുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്.
പരേഷ് നാഥ്, ഗണേഷ് എന്നിവരാണ് പ്രതികള്‍. പണത്തിനുവേണ്ടിയായിരുന്നു കൃത്യം നടത്തിയതെന്ന് പ്രതി പരേഷ് നാഥ് മണ്ഡല്‍ പൊലീസിനോട് പറഞ്ഞു. ഗണേഷ് ഒളിവിലാണ്. മൃതദേഹം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു.
ദൃശ്യം സിനിമ മോഡലിലായിരുന്നു കൊലപാതകം. എന്നാല്‍ ദൃശ്യം കണ്ടിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമും സംഘവും.
ജൂണ്‍ 28നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പരേഷ് നാഥും ഗണേഷ് എന്നയാളും കൂടി അഷിക്കുലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു.
അപ്പോള്‍ തന്നെ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു. കൃത്യം നടത്തിയതിന്റെ പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെ പ്രതികള്‍ ജോലിയ്‌ക്കെത്തി. അഷിക്കുലിനെ കാണാനില്ലെന്ന് അറിഞ്ഞ് സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ നാടുവിട്ടു.
ഇതോടെയാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മുംബയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാത സവാരിക്കിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. പരിക്കേറ്റ രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടറും ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ഹോമിയോ ഡോക്ടറായ സ്വപ്‌നയാണ് മരിച്ചത്. സ്വപ്‌നയും ഭര്‍ത്താവുമാണ് കാറിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെയാണ് അപകടം.
പ്രഭാതനടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. സുബൈദ(48), നസീമ(50) എന്നിവരാണ് മരിച്ചത്. രോഗിയുമായി അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇരിക്കൂര്‍(കണ്ണൂര്‍): കാണാതായ മറുനാടന്‍ തൊഴിലാളി അഷിക്കുല്‍ ഇസ്ലാമിനെ സുഹൃത്തുക്കള്‍ തന്നെ കൊന്ന് കുഴിച്ചുമൂടിയതറിഞ്ഞ് ഞെട്ടലിലായിരുന്നു പെരുവളത്ത്പറമ്പ് കുട്ടാവിലെ നാട്ടുകാര്‍. കുട്ടാവിലെ പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലയത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തപ്പോള്‍ നിരവധിപേരാണ് തടിച്ചുകൂടിയത്.
‘ദൃശ്യം’ സിനിമയെ ഓര്‍മിപ്പിക്കുംവിധം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു. ‘ദൃശ്യം’ സിനിമയുടെ മലയാള പതിപ്പോ ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ പ്രതി പരേഷ് നാഥ് മണ്ഡല്‍ പോലീസിനോട് പറഞ്ഞത്.
ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു അഷിക്കുല്‍ ഇസ്ലാമും പരേഷ്നാഥ് മണ്ഡലും ഉള്‍പ്പെട്ട സംഘം. കഴിഞ്ഞ ജൂണ്‍ 28-നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പ്രതികള്‍ അഷിക്കുല്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയത്. പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു. അന്നേദിവസംതന്നെ ഇവര്‍ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു. തൊട്ടടുത്ത ദിവസം പതിവുപോലെ രണ്ടുപേരും അവിടെ പണിക്കെത്തിയതായും പറയുന്നു. ബാത്ത്‌റൂമില്‍ കുഴിച്ചിടാമെന്ന് ഗണേഷാണ് പറഞ്ഞതെന്ന് പരേഷ് നാഥ് പോലീസിനോട് പറഞ്ഞു.
അഷിക്കുല്‍ ഇസ്ലാമിനെ കാണാതായതോടെ അന്നുതന്നെ സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ പരേഷും ഗണേഷും മുങ്ങുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരെക്കുറിച്ച് തുമ്പും ലഭിച്ചിരുന്നില്ല. സംഭവത്തിനുശേഷം സ്വിച്ചോഫ് ചെയ്ത പരേഷ്നാഥിന്റെ മൊബൈല്‍ ഇടക്കിടെ ഓണ്‍ ചെയ്തപ്പോള്‍ പിന്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ഗണേഷിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു.
സമാന കൊലപാതകം മുന്‍പും
പണത്തിനായി ഒന്നിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തിയ സംഭവം മുന്‍പും ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പ് ഊരത്തൂര്‍ പറമ്പില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ജൂലായിലാണ് അസം സ്വദേശി സാദിഖലിയെ പോലീസ് അറസ്റ്റുചെയ്തത്.പണത്തിനായി സ്വന്തം മുറിയില്‍ താമസിച്ചിരുന്ന സ്വന്തം നാട്ടുകാരനായ സയ്യിദലിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 100 മീറ്റര്‍ അകലെയുള്ള ചെങ്കല്‍പ്പണയില്‍ കുഴിച്ചിടുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം 2018 ഫെബ്രുവരി 24-ന് ഊരത്തൂര്‍ പി.എച്ച്.സിയുടെ സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതാണ് ഈ കേസില്‍ വഴിത്തിരിവായത്.
ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി, പക്ഷേ, കണക്കുക്കൂട്ടലുകള്‍ തെറ്റി
കണ്ണൂര്‍: ഇനിയൊരിക്കിലും പിടികൂടില്ലെന്ന് ഉറപ്പാക്കി കെട്ടിടനിര്‍മാണ ജോലിയില്‍ മുഴുകിയിരിക്കെയാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതി പരേഷ്‌നാഥ് മണ്ഡല്‍ പോലീസിന്റെ പിടിയിലായത്.ജൂണ്‍ 28 മുതലാണ് ഈ യുവാവിനെ കാണാതായത്. അന്നുതന്നെ പ്രതികളായ പരേഷ്‌നാഥ് മണ്ഡലിനെയും ഗണേഷിനെയും കാണാതായി. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പോയശേഷം ഇസ്ലാമിനെ കാണാനില്ലെന്ന് ഇയാളുടെ സഹോദരന്‍ മോമിനെ മണ്ഡല്‍ വിളിച്ചറിയിച്ചിരുന്നു. മട്ടന്നൂരില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായ മോമിന്‍ ഇരിക്കൂറിലെത്തി പോലീസില്‍ പരാതിയും നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍, ഇസ്ലാം മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ നല്‍കിയ ഷോപ്പിനടുത്ത നിരീക്ഷണ ക്യാമറയില്‍ അയാള്‍ നടന്നുപോകുന്ന ദൃശ്യം കണ്ടു.ഇസ്ലാമിനെ കാണാതായ ദിവസം തന്നെ ഒരുമിച്ച് താമസിക്കുന്ന മറ്റു രണ്ടുപേരും മുങ്ങിയത് ഇവരെ ചുറ്റിപ്പറ്റിയുള്ള സംശയത്തിന് ബലം നല്‍കി.ഇതിനുശേഷം രണ്ടുപേരുടെയും ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കുറേനാള്‍ കഴിഞ്ഞശേഷം മണ്ഡലിന്റെ ഫോണ്‍ ഇടയ്ക്ക് പ്രവര്‍ത്തിക്കുന്നതായി അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ടയിലുണ്ടെന്ന് വ്യക്തമായി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇരിക്കൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. റോയി ജോണ്‍, പോലീസുകാരായ ഷംഷാദ്, ശ്രീലേഷ് എന്നിവരും ആളെ തിരിച്ചറിയാന്‍ കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമിന്റെ സഹോദരന്‍ മോമിനും കഴിഞ്ഞ ശനിയാഴ്ച മുംബൈയിലേക്ക് പുറപ്പെട്ടു. മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ പാല്‍ഗര്‍ എന്ന സ്ഥലത്തെ ടവറിന്റെ പരിധിയിലാണ് മണ്ഡലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കി.
മഹാരാഷ്ട്ര പോലീസിന്റെ ഒരു കോണ്‍സ്റ്റബിളിനുപുറമെ, ഈ പ്രദേശം നന്നായി അറിയാവുന്ന മലപ്പട്ടം സ്വദേശിയും മുംബൈയിലെ ബിസിനസുകാരനുമായ നാരായണന്‍ നമ്പ്യാരുടെ സഹായവും കിട്ടിയെന്ന് മലപ്പട്ടംകാരനായ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷീജു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോലീസ് സംഘമെത്തുമ്പോള്‍ പ്രതി കെട്ടിടനിര്‍മാണ ജോലിയിലായിരുന്നു.ഇസ്ലാമിന്റെ സഹോദരന്‍ മോമിന്‍ പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് വളഞ്ഞപ്പോള്‍ രക്ഷപ്പെടാനൊന്നും ശ്രമിക്കാതെ മണ്ഡല്‍ കീഴടങ്ങി. സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തു. പ്രതിയുമായി തിങ്കളാഴ്ചയാണ് പോലീസ് സംഘം വിമാനത്തില്‍ നാട്ടിലെത്തിയത്.
സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോൾ പി ആർ എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ്.
ഗവ. മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.
ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ കേസെടുത്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.
കേരള പൊലീസിനാകെ നാണക്കേടായി മാറിയിരിക്കുകയാണ് ഹണിട്രാപ്പ്. ഒരൊറ്റ യുവതി എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെ കെണിയില്‍പെടുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തെളിവായി യുവതിയുമായി ചിലര്‍ നടത്തിയ സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
രണ്ട് വര്‍ഷമായി ഇത്തരം പ്രചാരണമുണ്ടെങ്കിലും പരാതികള്‍ ഉയര്‍ന്നിരുന്നില്ല. ഇന്നലെയാണ് കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ് ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി.
കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടും. പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം മറച്ചുവയ്ക്കുകയാണ്. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നാണ് പ്രചാരണം.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. പിന്നീട് അവർ തന്നെ പരാതി പിൻവലിച്ചു. ആ പരാതിയെത്തുടർന്ന് ശിക്ഷണ നടപടിക്ക് എസ് ഐ വിധേയനായിരുന്നു. പുറത്തുവന്ന ശബ്ദരേഖകൾ പ്രകാരം ഈ എസ് ഐ മാത്രമല്ല വേറെയും നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഇതേ യുവതിയുടെ കെണിയിൽ പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആരും തന്നെ പരാതിയുമായി രംഗത്ത് വരാൻ തയ്യാറായിരുന്നില്ല. ഒരാൾ പരാതി നൽകിയ സാഹചര്യത്തിൽ ഇനി ഇതിൽ സമഗ്രമായ അന്വേഷണം നടക്കും.
എന്നാൽ ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പരാതിക്കാരനായ എസ്ഐയാണ് തന്നെ ഹണി ട്രാപ്പിന് നിർദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
“2019 ൽ സുമേഷ് ലാൽ എന്ന എസ്ഐക്കെതിരെ ഞാൻ പീഡന പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ സസ്പെൻഷനിലായി. പിന്നീട് തുടർന്നിങ്ങോട്ട് പല രീതിയിലും പലതും അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാൾ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താൻ നോക്കിയയാളാണ്. പല ഐപിഎസ് ഉദ്യോഗസ്ഥൻമാരെയും ചാറ്റ് ചെയ്ത് കെണിയിൽപെടുത്തിയിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു,” യുവതി പറഞ്ഞു.
തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങൾ ഞാൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയതെന്നും 2019 മുതൽ ഈ പ്രശ്നങ്ങൾ ഞാൻ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം നിഷേധിച്ചു യുവതി, അറിയില്ലെന്ന മറുപടിയും നൽകി.
കളക്ടര്‍ ബ്രോ എന്ന പേരില്‍ സമൂഹ മാധ്യമത്തിലൂടെ നിരന്തരമായി ഇടപെടല്‍ നടത്തി നിരവധി ആരാധകരെ സൃഷ്ടിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനായി വാട്സാപ്പില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ അടക്കമുള്ള മറുപടി ലഭിച്ചത്. താന്‍ പത്രത്തിൻ്റെ റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു മെസ്സേജ് അയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കര്‍ അയച്ചായിരുന്നു ഇയാള്‍ ആദ്യം മറുപടി നല്കിയത്. എന്നാല്‍ എന്താണു പ്രതികരണം എന്നറിയാന്‍ വേണ്ടിയാണ് എന്ന് വിശദമാക്കിയപ്പോള്‍ നടിയുടെ മുഖമുള്ള സ്റ്റിക്കറായിരുന്നു രണ്ടാമത്തെ മറുപടി.
എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്ന് മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദിച്ചപ്പോള്‍ മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കര്‍ ആയിരുന്നു ഇയാളുടെ മറുപടി. ഇത്തരത്തിലുള്ള തരം താണ പ്രതികരണം ഒരിയ്ക്കലും ഒരു ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നു പ്രതീക്ഷിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഇത് അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് ആദ്യം പഠിക്കേണ്ടതെന്നും മറുപടി നല്കിയപ്പോഴാണ് ഒരു ടെക്സ്റ്റ് മെസേജിലൂടെ പ്രശാന്ത് മറുപടി നല്കിയത്.
‘വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്ന മെസേജ് നല്കി ഒടുവില്‍ ഇയാള്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരായി താരതമ്യപ്പെടുത്തുന്നതില്‍ അദ്ഭുതമില്ലന്നൊരു മെസേജ് കൂടി ഇയാള്‍ അയക്കുകയുണ്ടായി. പിന്നീട്, ആദ്യം അയച്ച സ്റ്റിക്കര്‍ മെസേജുകള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തു.
പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്.
സുനിലും ഭാര്യയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍.
വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പറവൂരിലെ വീട്ടിലെത്തിയ സുനിലിന്റെ ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി.
സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്.
വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
ആറന്മുള പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ നടിയും സഹായിയും അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല.
എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്. ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.