കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സെപ്റ്റംബർ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലാകും. രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഹർത്താലാചരിക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗവും തീരുമാനിച്ചു.
ബിഎംഎസ് ഒഴികെ ട്രേഡ് യൂണിയനുകളെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് കേരളത്തിൽ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിക്കുകയായിരുന്നു. എൽഡിഎഫിന് പിന്നാലെ യുഡിഎഫ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനം നിശ്ചലമാകും. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകളുടെ പിന്തുണയുമുണ്ട്.
സംസ്ഥാനത്ത് ബന്ദ് പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹർത്താലാചരിക്കണമെന്ന് ആമുഖമായി സംസാരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിന്റെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. വിവിധ ഘടകകക്ഷി നേതാക്കൾ പിന്തുണച്ചു. ഉപസംഹരിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു.
വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഭര്‍ത്താവ് കുമാര്‍ ഓടി രക്ഷപെട്ടു. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടില്‍ ആനയിറങ്കല്‍ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ 5:50നാണ് ദാരുണ സംഭവമുണ്ടായത്.
മധുരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും എസ് വളവില്‍ നിലയുറപ്പിച്ച ഒറ്റയാന്റെ മുന്നില്‍പ്പെട്ടു. കുമാര്‍ ഉടന്‍ തന്നെ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞു. മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി മരണപ്പെട്ടു.
കുമാര്‍ ഓടി മാറിയതിനാലാണ് ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപെട്ടത്. ചട്ടമൂന്നാറില്‍ തോട്ടം തൊഴിലാളികളാണ് ഇരുവരും. വിജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ കുമാറും ഇവിടെ ചികിത്സയിലാണ്. പതിവായി കാട്ടാനകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്.
മന്ത്രി വീണാ ജോര്‍ജിനെ വീണ്ടും അപമാനിച്ച് പിസി ജോര്‍ജ്. അശ്ലീല പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലായിരുന്നു പിസി ജോര്‍ജിന്റെ രൂക്ഷപ്രതികരണം.
ചാനല്‍ അവതാരകയായിരുന്ന വീണ മന്ത്രിയായ ശേഷവും പുട്ടി അടിച്ചാണ് ഇറങ്ങുന്നതെന്നും അവര്‍ക്ക് പിന്നാലെ പോകുന്നവര്‍ ഉണ്ടാകുമെന്നാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം.
”അവര്‍ ഒരു ചാനല്‍ അവതാരകയായിരുന്നു. അതുകൊണ്ട് പുട്ടി അടിച്ച് ഇറങ്ങിയിരിക്കുകയാണ്. മന്ത്രിയായ ശേഷവും പുട്ടി അടിച്ചാണ് ഇറങ്ങുന്നത്. ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല ഇതെന്നാണ് എന്റെ അഭിപ്രായം. അതിന്റെ പുറകെ നടക്കുന്നവര്‍ ഉണ്ടാകും. എനിക്ക് അതിന് നേരമില്ല. മന്ത്രി നാടിന് ബാധ്യത എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴും അതേ അഭിപ്രായമാണ്. അത് നാണക്കേടാണെങ്കില്‍ മന്ത്രി പണി നിര്‍ത്തണം. ഇത്രയും ഗതിക്കെട്ട ഒരു മന്ത്രി രാജ്യത്തില്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇനിയും അവര്‍ക്കെതിരെ പറയും. ധൈര്യമുണ്ടെങ്കില്‍ ഇനിയും കേസ് കൊടുക്ക്. നമുക്ക് കാണാം.”
കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. വീണാ ജോര്‍ജിനെ വ്യക്തിഹത്യ നടത്തിയെന്ന ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനുമെതിരെയാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അഭിമുഖത്തില്‍ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം ഇങ്ങനെ:
”സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരുകഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ?
അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കൊവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.”
ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാന്‍ മറിഞ്ഞ് ശരീരത്തിലൂടെ വീണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ്ഭവനില്‍ സുരേഷ്‌കുമാറാണ് (49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കുളക്കട ഹൈസ്‌കൂള്‍ ജംഗ്ഷനുസമീപമായിരുന്നു അപകടം നടന്നത്.
തമിഴ്‌നാട്ടില്‍നിന്ന് കച്ചികയറ്റി എത്തിയ വാനാണ് അപകടത്തില്‍പ്പെട്ടത്. കുളക്കടയില്‍ വെച്ച് വാനിന്റെ പിന്‍ഭാഗത്തെ ടയര്‍ പങ്ചറായി. റോഡിന്റെ ഓരത്ത് വാഹനം നിര്‍ത്തിയശേഷം സുരേഷ്‌കുമാര്‍ ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ സഹായത്തിനായി അതുവഴി വന്ന മറ്റൊരു ലോറിക്ക് കൈകാണിച്ചുനിര്‍ത്തി. അതിന്റെ ഡ്രൈവറും ഇറങ്ങിവന്നു.
ജോലി തുടരുന്നതിനിടെ ജാക്കി തെന്നിമാറി വാന്‍ മറിയുകയായിരുന്നു. വാന്‍ ചരിയുന്നുവെന്ന് അടുത്തുണ്ടായിരുന്ന ആള്‍ പറഞ്ഞെങ്കിലും ഒഴിഞ്ഞുമാറുംമുന്‍പ് ലോറി സുരേഷ്‌കുമാറിന്റെ മുകളിലേക്ക് ലോറി മറിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വാഹനം ഉയര്‍ത്താന്‍ സാധിച്ചില്ല.
ഒടുവില്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയര്‍ത്തിയശേഷമാണ് സുരേഷ്‌കുമാറിനെ പുറത്തെടുത്തത്. ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: മഞ്ജു. മക്കള്‍: അഭയ സുരേഷ്, ആദിത്യ സുരേഷ്.
കോട്ടയം വൈക്കം ടി വി പുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ചെമ്മീൻ കൃഷിക്കായി രമേശൻ നായർ എന്ന വ്യക്തി സ്ഥലം ലീസിന് എടുത്ത് ഇരിക്കുകയായിരുന്നു. സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ ആണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഫോറൻസിക് പരിശോധന നടത്തി ആളെ കണ്ടെത്താനുള്ള ശ്രമമാണ് ഭാഗികമായി വിജയം കാണുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് 18 നും 30 നും മധ്യേ പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോക്ടർ ജെയിംസ് കുട്ടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇയാളുടെ ശരീരഘടന സംബന്ധിച്ചുള്ള നിഗമനങ്ങളും ഫോറൻസിക് സംഘം മുന്നോട്ടുവെക്കുന്നു. 160- 167 സെന്റീമീറ്റർ വരെ ഉയരമുള്ള വ്യക്തിയാണ് ഇതെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. ഏറെ ശാരീരിക പുഷ്ടിയുള്ള ആളുടെ ശരീരാവശിഷ്ടങ്ങൾ ആണ് ഇതെന്നും ഫോറൻസിക് സംഘം കണ്ടെത്തി. ഒരു കാലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. മുട്ടിനും പാദത്തിലും ഇടയിലാണ് ഈ പൊട്ടൽ ചേർന്ന നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തന്നെ ഈ പൊട്ടൽ ഭേദമായതാകാം എന്ന് ഫോറൻസിക് സംഘം വിലയിരുത്തുന്നു.
സംഭവത്തിൽ ഏറെ നിർണായകമായ വിവരങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് പറഞ്ഞു. നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ചെമ്മനത്തുകര യിൽ നിന്ന് തന്നെ കാണാതായ രണ്ടു യുവാക്കൾക്ക് 40 വയസിൽ താഴെയാണ് പ്രായം. അതിലൊരാൾക്ക് 21 വയസ്സ് ആണ് ഉള്ളത് എന്നും പോലീസ് പറയുന്നു. ഇവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി അന്തിമ നിഗമനത്തിലെത്താൻ ആണ് പോലീസ് നീക്കം. ഇവിടെ നിന്നും കാണാതായ 40 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാളിന്റെ ബന്ധുക്കളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ വൈകാതെതന്നെ അന്തിമമായ നിഗമനത്തിലെത്താൻ ആകും എന്നാണ് പോലീസ് കരുതുന്നത്. കാണാതായ ഇരുപത്തിയൊന്നുകാരൻ മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിക്കു സമീപത്തുതന്നെയുള്ള ആളാണ്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം നടത്തി വരുന്നത്. കേവലം മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം അന്തിമ നിഗമനത്തിലെത്താൻ ആകില്ല എന്ന് പോലീസ് പറയുന്നു. മൃതദേഹാവശിഷ്ടങ്ങൾ മാത്രം ആണ് നിലവിൽ കൈയിലുള്ള തെളിവ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ അന്തിമമായ നിഗമനത്തിൽ എത്തുവെന്നും വൈക്കം പോലീസ് അറിയിച്ചു. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചാൽ തുടർന്ന് ആ വ്യക്തിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് നീക്കം. സ്വാഭാവികമരണം ആണോ കൊലപാതകമാണോ എന്ന കാര്യത്തിൽ അന്തിമമായ വ്യക്തത അപ്പോൾ മാത്രമാകും ഉണ്ടാകുക. ഏതായാലും അത്തരം അന്വേഷണങ്ങൾ നടത്തണം എന്നുണ്ടെങ്കിൽ ആദ്യം മൃതദേഹം ആരുടേതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
തിരുവനന്തപുരം നെയ്യാർ ഡാമിൽ അപകടം വിതച്ച് ബൈക്ക് റേസിങ്, ദൃശ്യങ്ങൾ.. റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങി..സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടുവാൻ ബൈക്ക് സ്റ്റണ്ടിംഗ്് നടത്തുന്നതിനിടെ എതിരെവന്ന വാഹനമിടിച്ച് യുവാവിന് പരിക്ക്.
നെയ്യാർഡാം റിസർവോയറിന് മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കൾ ബൈക്ക് സ്റ്റണ്ടിംഗ് ചെയ്യുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാർ ഡാമിലേക്ക് പോവുകയായിരുന്ന ബൈക്ക് യുവാവിന്റെ ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാലൊടിയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്ക് കുറുകെ പിടിച്ചതിൽ ആണ് അപകടം ഉണ്ടായത് ഇതാണ് ബൈക്കിൽ എത്തിയവർ ചോദ്യം ചെയ്തു മർദിക്കാൻ ഉണ്ടായ കാരണം.ഇതിനിടെ അപകടത്തിൽ കാലൊടിഞ്ഞു എന്നു കണ്ടതോടെ ബൈക്കിൽ എത്തിയവർ മർദനം അവസാനിപ്പിച്ചു.
ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു.
ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്വേത. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ശ്വേതയുടെ കഴുത്തിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പ്രതി രാമു കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശ്വേത മരിച്ചിരുന്നു. പ്രതി ചികിത്സയിലാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണോ കൊലപാതകമെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കോന്നിയിൽ അയൽവാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി ജയിലിൽ കഴിയുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലൈയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.
പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ താമസം. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്.
പുലര്‍ച്ചെ പിതാവ് ജോലിക്ക് പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കി. പിന്നീട് എട്ടു മണിയോടെ വീണ്ടും ഉറക്കമുണര്‍ന്നശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല.
ഒടുവില്‍ വീടിന്റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശ്ശി പറയുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ഷെറിൻ പി യോഹന്നാൻ
ദുബായിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കെത്തുന്ന സണ്ണിയിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. കാറിൽ വച്ചു തന്നെ പാസ്പോർട്ട് കത്തിച്ചു പുറത്തേക്കെറിയുന്ന സണ്ണി കടുത്ത മാനസിക സംഘർഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നുതന്നെ വ്യക്തം. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കുന്ന സണ്ണി തന്റെ ക്വാറന്റൈൻ ദിനങ്ങൾ അവിടെ ചിലവഴിക്കാൻ തുടങ്ങുന്നു. എന്നാൽ ആ ദിനങ്ങൾ തള്ളിനീക്കാൻ അത്ര എളുപ്പമായിരുന്നില്ല.
“ഇപ്പോൾ മാത്രം നടക്കുന്ന കഥാ
പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു
സാഹചര്യത്തിൽ പറയാൻ ഒട്ടും
ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള, കുറേയേറെ
പ്രത്യേകതയുള്ള ചിത്രമാണ് ‘സണ്ണി’.” സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വാക്കുകളാണിവ. കോവിഡും ക്വാറന്റൈനും ഏകാന്തതയും മാനസിക പിരിമുറുക്കവും ചിത്രത്തിന്റെ ഇതിവൃത്തമാവുന്നു. പ്രതിസന്ധികൾ മാത്രം ചുറ്റും നിറയുന്ന, ജീവിതത്തിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ക്വാറന്റൈൻ ദിനങ്ങളെ ഒന്നര മണിക്കൂറിൽ അവതരിപ്പിക്കുകയാണ് രഞ്ജിത്ത്.
പ്രതീക്ഷ, പ്രത്യാശ എന്നതിലേക്ക് സണ്ണിയെ നയിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ ഫോൺ സംഭാഷണങ്ങളുടെയും ശബ്ദത്തിന്റെയും രൂപത്തിൽ സിനിമയിലുണ്ട്. കഥാപരിസരം ഒറ്റയിടത്തേക്ക് ചുരുങ്ങുമ്പോൾ ഉണ്ടാവുന്ന ആവർത്തന വിരസത ഇല്ലാതാക്കാൻ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ് ഗാനം നന്നായിരുന്നു.
നമ്മളിൽ പലരും കടന്നുപോയ ഒരവസ്ഥയുടെ നേർചിത്രണം നടത്തുമ്പോൾ ഏകാന്തതയിൽ കഴിയുന്ന കേന്ദ്ര കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ ജയസൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സ്റ്റോറി ലൈൻ ശക്തമായി തോന്നിയില്ല. പതിഞ്ഞ താളത്തിൽ കഥ പറയുന്നതിനാൽ പ്രേക്ഷകനെ പൂർണമായി എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ സിനിമ പിന്നോട്ടു പോകുന്നു.
‘കഥാന്ത്യത്തിൽ എല്ലാം കലങ്ങിതെളിയണം’ എന്ന പതിവ് രീതിയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനോട് വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. റിയാലിറ്റിയാണ് പറയുന്നതെങ്കിലും ചില നാടകീയ രംഗങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്. ഒന്നര മണിക്കൂർ മാത്രമുള്ളതിനാൽ ഒരു തവണ ബോറടികൂടാതെ കണ്ടിരിക്കാവുന്ന ശരാശരി ചലച്ചിത്രാനുഭവം.
മോഹന്‍ലാല്‍ നായകനായ 12ത് മാന്‍ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ജന്മദിനം ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍. മോഹന്‍ലാല്‍ ആണ് ഉണ്ണി മുകുന്ദന് പിറന്നാള്‍ കേക്ക് എടുത്തു നല്‍കിയത് . ഏതായാലും മലയാളത്തിന്റെ മഹാനടനൊപ്പം ഉണ്ണി മുകുന്ദന്‍ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍ ്. മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് 12 ത് മാന്‍.
ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തിലും നായക വേഷം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. കൊരടാല ശിവ സംവിധാനം ചെയ്ത മോഹന്‍ലാല്‍- ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രമായ ജനത ഗാരേജില്‍ വില്ലന്‍ ആയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ എത്തിയത്.
ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ആ കമ്പനിയുടെ ആദ്യ ചിത്രമായ മേപ്പടിയാന്‍ ഇപ്പോള്‍ റിലീസിന് തയ്യാറായി ഇരിക്കുകയാണ്. ഇത് കൂടാതെ ഒരു വമ്പന്‍ തെലുങ്കു ചിത്രത്തിന്റെയും ഭാഗമായി ഉടന്‍ ഉണ്ണി മുകുന്ദന്‍ എത്തുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.