ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് എസ്ഡിപിഐ ആരോപണം. അതേസമയം, രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപിയും ആരോപിച്ചു.

എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

‘അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സംഘര്‍ഷമേഖലയില്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹര്‍ഷിത പറഞ്ഞു.

കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പരിധി വിടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകും. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് പൊലീസ് തീരുമാനം.