കൊച്ചിയിൽ യുവാവ് ഫയൽ ചെയ്ത വിവാഹമോചന കേസിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ഭാര്യ വഞ്ചിച്ചു കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
ഭാര്യ വിശ്വാസവഞ്ചന കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകിയത്.
കുടുംബ കോടതി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാർച്ച് ഒൻപതിനാണ് യുവതി കുട്ടിക്ക് ജന്മം നൽകുന്നത്. വിവാഹ സമയത്ത് ഹർജിക്കാരൻ പട്ടാളത്തിലായിരുന്നു.
വിവാഹം കഴിഞ്ഞ് 22ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയിൽ ഭാര്യ സഹകരിക്കാത്തതിനാൽ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. കുട്ടിക്ക് ഹർജിക്കാരൻ ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡിഎൻഎ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
കൊല്ലത്തെ വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിസ്മമയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന് വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭീഷണിക്കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്ന് കത്തില്‍ പറയുന്നു. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി. ചടയമംഗലം പൊലീസ് തുടര്‍ നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
ത്രിവിക്രമന്‍ നായരുടെ മൊഴിയും രേഖപ്പെടുത്തി. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 507 പേജുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം.
ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് ജീവനൊടുക്കിയത്. മകന്‍ മുഫാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവുവീട്ടിലില്ലാതിരുന്ന സമയത്താണ് റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിനല്‍കുകയായിരുന്നു. ഇതുകണ്ട മൂത്തമകള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ മുജീബ് പെണ്‍മക്കള്‍ക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നീട്, മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണു മാതാവും വിഷംകഴിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. മുജീബ് ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്മത്ത് തൂങ്ങിയനിലയിലായിരുന്നു. പരിസരവാസികളുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റഹ്മത്ത് ആത്മഹത്യാപ്രവണതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ് റഹ്മത്ത്. രണ്ടാഴ്ച മുന്‍പ് ഇവര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മൂത്തമകള്‍ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. മറ്റുമക്കള്‍: മുഹ്‌സിന, മുബീന.
മൈന്‍ഡ് ചെയ്യാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം പി. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി ഒല്ലൂര്‍ എസ്‌ഐ യെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്.
തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. നേരത്തെ കിട്ടിക്കൊണ്ടിരുന്ന സല്ല്യൂട്ട് കിട്ടാതിരുന്നതോടെയാണ് സുരേഷ് ഗോപി എസ്ഐയോട് സല്ല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.
എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. നേരത്തെ തനിക്ക് സല്യൂട്ട് ലഭിക്കുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിക്ക് പിന്നാലെ ഡ്യൂട്ടിയിലുള്ള പ്രത്യേകിച്ച് പൊതു നിരത്തിലുള്ള പൊലീസുകാര്‍ എംപി മാര്‍ക്കും എംഎല്‍എമാര്‍ക്കും സല്ല്യൂട്ട് നല്‍കാറില്ലായിരുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, പൊലീസ് റാങ്കിലുള്ള ഡിജിപി, എഡിജിപി, ഐജി ഡിഐജിമാര്‍ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. നിലവില്‍ എംപിക്കും എംഎല്‍എമാര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്ന് ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് താന്‍ മേയറല്ല, എംപിയാണ് സല്ല്യൂട്ടൊക്കെ ആകാംമെന്ന് പരാമര്‍ശവുമായി രാജ്യസഭാ എംപിയായ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച ഡിവൈഎഫ്‌ഐ നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചതിന്റെ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ. ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ്ആർ ആശ (26)യാണ് മരണപ്പെട്ടത്. കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്നു ആശ. എസ്എഫ്‌ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു. റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ ശൈലജ ദമ്പതികളുടെ മകളാണ്.
ബാലരാമപുരം പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ആശയെ ആദരിക്കുകയും ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ വേർപാട് ഇനിയും നാട്ടുകാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല.
തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.
പാറശാല സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു ആശ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജേഷ്, ആർഷ എന്നിവരാണ് സഹോദരങ്ങൾ.
സിബിഐ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. ആദ്യമായി തിരക്കഥ എഴുതിയ ത്രില്ലര്‍ ചിത്രത്തെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ പറയുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ചിത്രം ഇരുപതാം നൂറ്റാണ്ടിന് തിരക്കഥ ഒരുക്കിയതിനെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. രാജാവിന്റെ മകന്‍ ഹിറ്റായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി മാറി. ഡെന്നീസ് ജോസഫിന് തിരക്കായ സമയത്താണ് കെ മധുവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയത്. മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോള്‍ ഡേറ്റ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല.
അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവര് തന്റെ അടുത്ത് വരുന്നത്. തന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചാണ് വിളിപ്പിച്ചത്. താന്‍ അവിടെ ചെന്നപ്പോള്‍ മധുവൊക്കെ ഇരിപ്പുണ്ട്. ഡെന്നീസ് തന്നോട് കാര്യം പറഞ്ഞു.തനിക്ക് കമ്മിറ്റ് മെന്റ് ഉളളതിനാല്‍ തനിക്കിപ്പോള്‍ എഴുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതി കൊടുക്കാന്‍ കഴിയില്ലെന്ന് ഡെന്നീസ് പറഞ്ഞു. സ്വാമി ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്റെ മകന്‍ ടൈപ്പ് കഥയാണ് എന്ന് ഡെന്നീസ് പറഞ്ഞു. അത് എഴുതാന്‍ നിനക്ക് അല്ലെ കഴിയൂ, തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അവര് കുറെ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു.
തന്റെ മനസ്സില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതു കൊണ്ട് ഇതിന്റെ സ്‌കോപ്പ് അറിയില്ല, അതുകൊണ്ട് ഒരു കമ്മിറ്റ്‌മെന്റും ചെയ്യില്ല. എന്നാലും സത്യസന്ധമായി ചിന്തിക്കാം. ഏഴ് ദിവസത്തെ സമയം തരണമെന്ന് അവരോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത് എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.
ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ വിരമിച്ചു.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു.തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചിത്.എല്ലാവരോടും നന്ദി അറിയിച്ച താരം യുവ താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുമെന്നും വ്യക്തമാക്കി.
ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. അസാധാരണമായ ബൗളിംഗ് ആക്ഷനും കൃത്യതയാർന്ന യോർക്കറുകളും കൊണ്ട് ശ്രദ്ധേയനായ താരം പരിമിത ഓവർ മത്സരങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവർ ബൗളർമാരിൽ ഒരാളായും താരത്തെ കണക്കാക്കുന്നു. 2014 ടി-20 ലോകകപ്പിൽ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.
2011 ഏപ്രിൽ 22ന് മലിംഗ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2019 ജൂലൈ 26ന് അദ്ദേഹം ഏകദിനങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ജനുവരിയിൽ ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും മലിംഗ പാഡഴിച്ചു.
30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളാണ് മലിംഗയ്ക്ക് ഉള്ളത്. 226 തവണ അദ്ദേഹം ഏകദിനത്തിൽ ശ്രീലങ്കക്കായി ബൂട്ടണിഞ്ഞു. 338 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെയും മലിംഗ തന്നെയാണ് ഒന്നാമൻ.
ആറു മാസം മുമ്പ് കാണാതായതാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിനെ ആള്‍താമസമില്ലാത്ത വീടിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ നാടുവിട്ടെന്നായിരുന്നു രക്ഷിതാക്കളുടെ സംശയം. ഇതിനിടെയാണ്, മരണവാര്‍ത്ത എത്തിയത്.
തൃശൂര്‍ പാവറട്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അമല്‍ കൃഷ്ണ. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച മിടുക്കന്‍. ചേറ്റുവ എം.ഇ.എസ് സെന്ററിന് സമീപം ചാണാശ്ശേരി സനോജ്-ശിൽപ്പ ദമ്പതികളുടെ മകൻ. മാർച്ച് പതിനെട്ടിന് രാവിലെ പതിനൊന്നരയോടെ വാടാനപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ മകന്റെ എ.റ്റി.എം.കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ‘അമ്മ പോയിരുന്നു. മകനെ പുറത്തുനിർത്തി ബാങ്കിൽ കയറിയ ‘അമ്മ തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. സ്‌കോളർഷിപ്പ് തുകയായ പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ അമലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ പതിനായിരം രൂപയോളം പേടിഎം മുഖേന മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തിയിരുന്നു.
ഓൺലൈൻ ഗെയിം കളിക്കാൻ ഈ തുക ഉപയോഗിച്ചതായാണ് സംശയം. അമല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു കുടുംബം. തളിക്കുളത്തെ ദേശീയപാതയോരത്ത് ആള്‍താമസമില്ലാത്ത വീടിനകത്തായിരുന്നു മൃതദേഹം. ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡ് കണ്ടെത്തി. കാശ് പിൻവലിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു. മുകളിലേക്കുള്ള ഗോവണി പടിയിൽ അമലിന്റെ പേരും ഫോൺ നമ്പറും എഴുതി വച്ചിരുന്നു. മൃതദേഹം അമലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാംപിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് വീട്ടില്‍നിന്ന് കാണാതായ യുവതിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ്. മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടത്. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.
സെപ്റ്റംബര്‍ അഞ്ചാം തീയതി മുട്ടത്തറ ദേശീയപാതയില്‍വെച്ചാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് കാറിടിച്ച് മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
സൂരജിന്റെ മരണത്തിന് പിന്നാലെ മിഥുനയുടെ മരണവും നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി സ്വദേശി വിപിൻ ലാൽ ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിതിനെ പൊലീസ് അറസ്റ്റ്ചെയ്തു. പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയത്.
സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ഏഴംഗസംഘം വിപിന്‍ലാലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.