മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കടലിലെ കൊടുങ്കാറ്റും യുദ്ധവുമെല്ലാം സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. എന്നാല്‍ മരക്കാര്‍ സിനിമയില്‍ കാണുന്ന കടല്‍ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിലെ കമ്മലില്‍ മുതല്‍ കപ്പലില്‍ വരെ സാബുവിന്റെ മുദ്രയുണ്ട്. ആയുധങ്ങളെയും കപ്പലുകളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും പഠിച്ചതിനു ശേഷമാണ് സാബു കലാസംവിധാനം ഒരുക്കിയത്. സാമൂതിരിയും പോര്‍ച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്. ഇതിന് പീരങ്കിയുടെ ഒരു കുഴലിന്റെ ഭാഗത്ത് സാമൂതിരിയുടെയും മറുഭാഗത്ത് പോര്‍ച്ചുഗീസുകാരുടെയും അടയാളം കൊത്തിവെച്ചു. കുഴല്‍ മറിച്ചുവെച്ചാല്‍ രാജ്യം മാറി.

മലയാളസിനിമയ്ക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു സാബു സിറില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാഹുബലി പോലെയുള്ള ചിത്രം 200 കോടി രൂപ കലാസംവിധാനത്തിന് ചെലവഴിച്ചപ്പോള്‍ 16 കോടി രൂപയാണ് മരക്കാറിന്റെ കലാസംവിധാനത്തിന് വേണ്ടി ചെലവഴിച്ചത്.

ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളില്‍ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിള്‍ ആയിരുന്നു കലാസംവിധായകന്‍. കടല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടര്‍ടാങ്കിലെ ഓരോ ഷോട്ടിനു പിന്നില്‍ ബ്ലൂ സ്‌ക്രീനുകള്‍ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്.

അതുകൊണ്ട് തന്നെ ഇതില്‍ നിന്നും 40 അടി ഉയരത്തില്‍ സ്‌ക്രീന്‍ നിന്നാലേ ഗ്രാഫിക്‌സ് ചെയ്യാന്‍ കഴിയൂ. ഇതിനു വേണ്ടി ടാങ്കിനു ചുറ്റും റോഡ് ഉണ്ടാക്കി വലിയ ട്രക്കുകളില്‍ സാബു സിറിള്‍ സ്‌ക്രീന്‍ വെച്ചു.