ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ധാരളം വിവരങ്ങൾ പുറത്തുവരുമ്പോൾ 6 മാസം ഗർഭിണിയായിരുന്ന സ്വന്തം മകൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലുമറിയാതെ ആലപ്പുഴയിൽ ഒരു മത്സ്യതൊഴിലാളി കുടുംബം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ചെറിയഴിക്കലിൽ നിന്ന് കാണാതായ അനിലാ ബാബു എന്ന തൃക്കുന്നപ്പുഴ സ്വദേശിയായ പെൺകുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും നൽകാൻ പൊലീസിനോ ഭർതൃവീട്ടുകാർക്കോ കഴിഞ്ഞിട്ടില്ല.

രണ്ട് വർഷമായി സുധയുടെ കണ്ണുനീർ തോർന്നിട്ടില്ല. പീലിംഗ് ഷെഡിൽ പോയി പണിയെടുത്തും, ബാബുവള്ളത്തിൽ പോയി സംമ്പാദിച്ച തുച്ഛമായ വരുമാനവും ബാക്കി കടവും മേടിച്ചാണ് 2018 ജൂലൈ 11 ന് മകൾ അനില എന്ന സത്യയെ കരുനാഗപ്പള്ളി ചെറിയ അഴീക്കൽ അനിൽ ബാഹുലേയന് വിവാഹം ചെയ്ത് നൽകുന്നത്.25 പവൻ സ്വർണാഭരണമാണ് വിവാഹത്തിന് നൽകിയത്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം സത്യയെ അനിൽ വീട്ടിൽ കൊണ്ടാക്കി. അനിലിൻ്റെ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കായിരുന്നു കാരണം. അനിൽ മദ്യപിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും, ഉപദ്രവിക്കാറുണ്ടെന്നും സത്യ അമ്മയോട് പറഞ്ഞു.പിന്നീട് മദ്യപിക്കില്ലെന്ന് ഉറപ്പിൻമേൽ അനിൽ തന്നെ സത്യയെ കൂട്ടിക്കൊണ്ട് പോയി.

ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്. ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണു ഭർതൃവീട്ടുകാരുടെ വിശദീകരണം. അനിലയെ കാണാതായിട്ട് രണ്ടരവർഷമാകുന്നു. എന്നാൽ, പിന്നീട് ഇതുവരെ പൊലീസിനോ വീട്ടുകാർക്കോ അനിലയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നും ദുരൂഹമായി തുടരുന്ന അനില ബാബുവിന്റെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം.

മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ കോട്ടയംമുറി തൈത്തറയിൽ ബാബുവിന്റെയും സുധയുടെയും മകളാണ് അനില (27). 2018 ജൂലൈ 11ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി ബിനിൽ ബാഹുലേയനുമായി വിവാഹം കഴിഞ്ഞു. ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ്, 2019 ജൂലൈ 22ന്, അനിലയെ കാണാതായത്.

സംഭവത്തെക്കുറിച്ച് അനിലയുടെ സഹോദരൻ അഖിൽ പറയുന്നു :

‘പുലർച്ചെ 4 മണിക്കാണ് ബിനിലിന്റെ വീട്ടിൽ നിന്നു ഞങ്ങളെ ഫോൺ ചെയ്തത്. പുലർച്ചെ 2 മണിക്ക് അനില വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും എല്ലായിടത്തും അന്വേഷ‍ിക്കുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ബിനിലിന്റെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.

ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബിനിലിനെ നുണ പരിശോധനയ്ക്കു വിധേയനാക്കി. അനിലയെ കാണാതായ ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ബിനിലുമായി വഴക്കുണ്ടായെന്നും അതിനെത്തുടർന്ന് അനിലയുടെ ഫോൺ എറിഞ്ഞു തകർത്തുവെന്നും മാത്രമാണ് ആകെ ലഭിച്ച വിവരം.’അനിലയെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.

അനിലയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാനാണ് ഈ കുടുംബം കാത്തിരിക്കുന്നത്. അനില വീടു വിട്ടിറങ്ങുമ്പോൾ ആഭരണങ്ങളോ വസ്ത്രങ്ങളോ എടുത്തിരുന്നില്ലെന്നു വീട്ടുകാർ പറയുന്നു. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിൽ ബിനിലിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. ചെരിപ്പു പോലും ധരിക്കാതെയാണ് അനില വീടുവിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോട‍ു പറഞ്ഞിരുന്നു.അനിലയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്ന‍ും കിട്ടിയില്ല.

നേരത്തെ ഒരു തവണ ബിനിലുമായി വഴക്കിട്ട് അനില‍ കുറച്ചു ദിവസം ബന്ധുവ‍ീട്ടിൽ മാറിത്താമസിച്ചെങ്കിലും പ്രശ്നം ഒത്തുതീർപ്പാക്കി വീണ്ടും ബിനിലിന്റെ വീട്ടിലെത്തിയതാണ്. ഭർതൃവീട്ടിൽ നിന്ന് എന്തെങ്കിലും ബുദ്ധ‍ിമുട്ടുണ്ട‍ായതായി അനില ബന്ധുക്കളോടൊന്നും പറഞ്ഞിട്ടുമില്ല. അന‍ിലയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യം വീട്ടുകാർക്കുണ്ട്.