സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോൾ പി ആർ എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ്.
ഗവ. മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.
ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ കേസെടുത്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.
കേരള പൊലീസിനാകെ നാണക്കേടായി മാറിയിരിക്കുകയാണ് ഹണിട്രാപ്പ്. ഒരൊറ്റ യുവതി എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെ കെണിയില്‍പെടുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തെളിവായി യുവതിയുമായി ചിലര്‍ നടത്തിയ സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
രണ്ട് വര്‍ഷമായി ഇത്തരം പ്രചാരണമുണ്ടെങ്കിലും പരാതികള്‍ ഉയര്‍ന്നിരുന്നില്ല. ഇന്നലെയാണ് കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ് ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി.
കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടും. പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം മറച്ചുവയ്ക്കുകയാണ്. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നാണ് പ്രചാരണം.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. പിന്നീട് അവർ തന്നെ പരാതി പിൻവലിച്ചു. ആ പരാതിയെത്തുടർന്ന് ശിക്ഷണ നടപടിക്ക് എസ് ഐ വിധേയനായിരുന്നു. പുറത്തുവന്ന ശബ്ദരേഖകൾ പ്രകാരം ഈ എസ് ഐ മാത്രമല്ല വേറെയും നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഇതേ യുവതിയുടെ കെണിയിൽ പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആരും തന്നെ പരാതിയുമായി രംഗത്ത് വരാൻ തയ്യാറായിരുന്നില്ല. ഒരാൾ പരാതി നൽകിയ സാഹചര്യത്തിൽ ഇനി ഇതിൽ സമഗ്രമായ അന്വേഷണം നടക്കും.
എന്നാൽ ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പരാതിക്കാരനായ എസ്ഐയാണ് തന്നെ ഹണി ട്രാപ്പിന് നിർദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
“2019 ൽ സുമേഷ് ലാൽ എന്ന എസ്ഐക്കെതിരെ ഞാൻ പീഡന പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ സസ്പെൻഷനിലായി. പിന്നീട് തുടർന്നിങ്ങോട്ട് പല രീതിയിലും പലതും അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാൾ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താൻ നോക്കിയയാളാണ്. പല ഐപിഎസ് ഉദ്യോഗസ്ഥൻമാരെയും ചാറ്റ് ചെയ്ത് കെണിയിൽപെടുത്തിയിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു,” യുവതി പറഞ്ഞു.
തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങൾ ഞാൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയതെന്നും 2019 മുതൽ ഈ പ്രശ്നങ്ങൾ ഞാൻ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം നിഷേധിച്ചു യുവതി, അറിയില്ലെന്ന മറുപടിയും നൽകി.
കളക്ടര്‍ ബ്രോ എന്ന പേരില്‍ സമൂഹ മാധ്യമത്തിലൂടെ നിരന്തരമായി ഇടപെടല്‍ നടത്തി നിരവധി ആരാധകരെ സൃഷ്ടിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനായി വാട്സാപ്പില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ അടക്കമുള്ള മറുപടി ലഭിച്ചത്. താന്‍ പത്രത്തിൻ്റെ റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു മെസ്സേജ് അയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കര്‍ അയച്ചായിരുന്നു ഇയാള്‍ ആദ്യം മറുപടി നല്കിയത്. എന്നാല്‍ എന്താണു പ്രതികരണം എന്നറിയാന്‍ വേണ്ടിയാണ് എന്ന് വിശദമാക്കിയപ്പോള്‍ നടിയുടെ മുഖമുള്ള സ്റ്റിക്കറായിരുന്നു രണ്ടാമത്തെ മറുപടി.
എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്ന് മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദിച്ചപ്പോള്‍ മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കര്‍ ആയിരുന്നു ഇയാളുടെ മറുപടി. ഇത്തരത്തിലുള്ള തരം താണ പ്രതികരണം ഒരിയ്ക്കലും ഒരു ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നു പ്രതീക്ഷിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഇത് അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് ആദ്യം പഠിക്കേണ്ടതെന്നും മറുപടി നല്കിയപ്പോഴാണ് ഒരു ടെക്സ്റ്റ് മെസേജിലൂടെ പ്രശാന്ത് മറുപടി നല്കിയത്.
‘വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്ന മെസേജ് നല്കി ഒടുവില്‍ ഇയാള്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരായി താരതമ്യപ്പെടുത്തുന്നതില്‍ അദ്ഭുതമില്ലന്നൊരു മെസേജ് കൂടി ഇയാള്‍ അയക്കുകയുണ്ടായി. പിന്നീട്, ആദ്യം അയച്ച സ്റ്റിക്കര്‍ മെസേജുകള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തു.
പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്.
സുനിലും ഭാര്യയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍.
വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പറവൂരിലെ വീട്ടിലെത്തിയ സുനിലിന്റെ ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി.
സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്.
വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
ആറന്മുള പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ നടിയും സഹായിയും അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല.
എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്. ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.
വിവാദ വ്ളോഗര്‍ സഹോദരങ്ങളായ ഇബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.
ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
നേരത്തെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അമ്മയെ മകള്‍ വെട്ടിക്കൊന്നു. മകള്‍ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. രാവിലെ 8 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.
അന്നമ്മയ്ക്ക് തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പോലീസ് പറഞ്ഞു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി.
ലീല വിവാഹിതയാണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടില്‍ വരാന്‍ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസുകാരനെ കണ്ടെത്തി. മൂക്കന്നൂരിലെ ലോഡ്ജിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സിപിഒ ആയ മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്.
ലോഡ്ജിലെ മുറി ഇന്ന് ഏറെ വൈകിയും മുറി തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല
മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമരം. അടുത്തിടെ അന്തരിച്ച നിര്‍മ്മാതാവ് നൗഷാദിന് ഭ്രമരം സിനിമയുടെ നിര്‍മ്മാണത്തിലുള്ള പങ്കിനെ കുറിച്ചാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
ഭ്രമരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നൗഷാദിന് നിര്‍മ്മാണ പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ താന്‍ അതേ കുറിച്ച് നെറ്റില്‍ അടിച്ചു നോക്കുമ്പോള്‍ ഭ്രമരത്തില്‍ നൗഷാദിന്റെ പേര് കാണുന്നില്ല. വേറൊരു മുസല്‍മാന്റെ പേരാണുളളത്. രണ്ട് നിര്‍മ്മാതാക്കളാണ് അതിനുളളത്.
അമേരിക്കയില്‍ നിന്നുളള ഒരു നിര്‍മ്മാതാവ് തന്നെ വിളിച്ചിട്ട് പറഞ്ഞത് ആ പടത്തിന് വേണ്ടി ആറു കോടി രൂപ മുടക്കിയിട്ട് തന്റെ നാല് കോടി പോയി സാര്‍ എന്നാണ്. അദ്ദേഹം സെപ്റ്റംബര്‍ 15-ാം തീയതി നാട്ടിലേക്ക് വരുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നൗഷാദിന് അതില്‍ മുതല്‍ മുടക്കുണ്ടെന്ന് പറയുന്നു.
തനിക്ക് അറിയില്ല. താന്‍ ഇതൊക്കെ ബ്ലെസിയെ വിളിച്ച് ചോദിക്കുന്നത് എങ്ങനെയാ എന്ന് വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നു. 2009ല്‍ പുറത്തിറങ്ങിയ ഭ്രമരം രാജു മല്ലിയത്, എ.ആര്‍ സുള്‍ഫിക്കര്‍ എന്നിവരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം ഭൂമിക ചാവ്‌ല, സുരേഷ് മേനോന്‍, മുരളി ഗോപി എന്നിവരും വേഷമിട്ടിട്ടുണ്ട്.
കുട്ടനാട് കൈനകരിയില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. മണ്ണഞ്ചേരി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ആറ് വാഹനങ്ങള്‍ക്ക് യുവാവ് തീയിട്ടത്.
വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പുലര്‍ച്ചെയോടെ ബൈക്കില്‍ എത്തിയ സംഘമാണ് വാഹനങ്ങള്‍ കത്തിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വാഹനങ്ങള്‍ കത്തിക്കാനുള്ള കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രി ആലപ്പുഴ നഗരത്തിലൂടെ ഒറ്റയ്ക്കു സഞ്ചരിക്കുകയായിരുന്ന ചിലരെ ആക്രമിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. പൊലീസെത്തിയാണ് ഇയാളെ വിരട്ടിയോടിച്ചത്. പിന്നാലെയാണ് വാഹനങ്ങള്‍ കത്തിച്ചത്.
തുടർന്ന് മറ്റൊരു വാഹനത്തിൽ കൈനകരിയിലെത്തിയ അവിടെയും വാഹനങ്ങൾ കത്തിച്ചു. മണ്ണഞ്ചേരി സ്വദേശിയാണു പിടിയിലായത്. ഇയാൾ മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്നെന്നു പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.