Kerala

വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പാക്ക് താരം അര്‍ഷാദ് നദീമിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വാസ്തവം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്.

ടോക്കിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാക്ക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും അത് തിരികെ വാങ്ങാന്‍ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വന്നുവെന്നും നീരജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടെ ജാവലിനില്‍ കൃത്രിമം കാട്ടി എന്നാരോപിച്ച് പാക്ക് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. മത്സരത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു താരം.

ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് നീരജ് രംഗത്തെത്തിയത്. നദീം കൃത്രിമം കാട്ടിയിട്ടില്ലെന്നും അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും നീരജ് വ്യക്തമാക്കി.”മത്സരങ്ങള്‍ക്ക് മുമ്പ് ഓരോ മത്സരാര്‍ഥിയും അവരുടെ ജാവലിനുകള്‍ ഒഫിഷ്യല്‍സിനെ ഏല്‍പ്പിക്കണം. ഇങ്ങനെയെത്തുന്ന ജാവലിനുകളില്‍ ഏത് മത്സരാര്‍ഥിക്കും പരിശീലിക്കാം. നദീം തയ്യാറെടുപ്പ് നടത്തിയത് അങ്ങനെയാണ്. അതത്ര വിഷയമാക്കേണ്ട കാര്യമില്ല. പോള്‍ വാള്‍ട്ടിനൊഴികെ മറ്റെല്ലാ മത്സരയിനങ്ങള്‍ക്കും ബാധകമായ നിയമമാണത്.” താരം പറഞ്ഞു.

മത്സരാര്‍ഥികള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്‌ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്.

വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. രണ്ടാഴ്‌ച മുമ്പായിരുന്നു ഭാര്യയുടെ മരണം. ഇത് നൗഷാദിനെ മാനസികമായും ശാരീരികമായും കൂടുതൽ തളർത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

 

സൗദിയില്‍ ഭാര്യയും നവജാത ശിശുവും കൊവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

അക്കൗണ്ടന്റായിരുന്ന വിഷ്ണു ഭാര്യ ഗാഥ(27)യ്‌ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ പ്രസവത്തിനു നാട്ടിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്നു കുഞ്ഞിനെ ശസ്ത്രകിയയിലൂടെ പുറത്തെടുത്തു. തൊട്ടു പിന്നാലെ ഗാഥ മരണം സംഭവിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞും ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് വിഷ്ണു നാട്ടിലെത്തിയത്.

ഉത്ര കൊലക്കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. അപൂർവമായി നടത്തിയിട്ടുള്ള ഡമ്മി പരീക്ഷണത്തിലാണ് ഉത്ര കൊലക്കേസിൽ നിർണായകമായ വിവരം ലഭിച്ചത്. പാബ് കടിയേറ്റ് മരിച്ച ഉത്തരയെ പാമ്പ് കടിക്കാനുണ്ടായ സാഹചര്യം കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സാധാരണ ഗതിയിൽ മൂർഖൻ പാമ്പ് കടിച്ചാൽ 1.7 സെന്റീമീറ്റര നീളത്തിലുള്ള മുറിവാണ് കാണപ്പെടുക. എന്നാൽ ഉത്തരയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളത്തിലാണ് മുറിവുകൾ കണ്ടെത്തിയത്.

മൂർഖൻ പാമ്പിനെ ഏറെ നേരം പ്രകോപിപ്പിച്ചതിന് ശേഷമാണ് ഉത്തരയ്ക്ക് കടിയേറ്റതെന്ന് ഡമ്മി പരീക്ഷണത്തിൽ അന്വേഷണ സംഘം കണ്ടെത്തി. പ്രകോപിപ്പിച്ചു കഴിഞ്ഞാൽ മൂർഖൻ പാമ്പിന്റെ കടിയേറ്റാലുള്ള മുറിവിൽ വ്യത്യാസമുണ്ടാകും. ഇത് തെളിയിക്കാൻ കൊല്ലത്തെ അരിപ്പ വനവകുപ്പ് ഇന്സ്ടിട്യൂട്ടിലായിരുന്നു പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.

സിനിമ നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിര്‍മ്മാതാവുമായ നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി.

ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിംഗ് സര്‍വീസും ഉണ്ട്. മലയാളത്തിൽ ഇറങ്ങിയ ഒട്ടനവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയായ നഷാദിന്റെ ഭാര്യ രണ്ടാഴ്ച മുൻപാണ് മരണപ്പെട്ടത്.

നാദിര്‍ഷയുടെ ഈശോ എന്ന സിനിമ വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. യേശുക്രിസ്തുവിനെ ചിത്രത്തിന്റെ പേരിലൂടെ അപമാനിക്കുകയാണ് എന്നായിരുന്നു ഒരു വിഭാഗം വിമര്‍ശിച്ചത്.ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും ക്രൈസ്തവസഭയ്ക്കുള്ളില്‍ നിന്ന് തന്നെ നിരവധി പ്രതികരണങ്ങള്‍ പുറത്തുവന്നു.

ഇതിനിടെ ക്രിസ്ത്യന്‍ മതമൗലികവാദത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ ഫാ. ജയിംസ് പനവേലിയുടെ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഈ പ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച സംവിധായകന്‍ ജിത്തു ജോസഫിന്റെ പോസ്റ്റിന് താഴെയും വലിയ വിദ്വേഷപ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ചിലര്‍ സംവിധായകനെ വ്യക്തിപരമായും അധിക്ഷേപിക്കുന്നുണ്ട്.

സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് വൈദികന്റെ പ്രസംഗം. നേരത്തേ ആമേന്‍, ഈ.മ.യൗ, ഹല്ലേലൂയ എന്നീ സിനിമകള്‍ ഇറങ്ങിയപ്പോഴൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇപ്പോള്‍ വാളെടുത്തിറങ്ങിയിരിക്കുകയാണ് എന്നായിരുന്നു വൈദികന്റെ വിമര്‍ശനം.

സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതി ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ അറിയിച്ചു.

‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.’-നൗഷാദ് ആലത്തൂര്‍ പറഞ്ഞു.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്

എടത്വ: കോവിഡ് ബാധിച്ച് മരണമടഞ്ഞ യുവതിയെ തലവടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ മാണത്താറ യൂണിറ്റ് പ്രവർത്തകർ സംസ്കരിച്ചു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് നവജാത ശിശുവിനെ ഒരുനോക്ക് കണ്ടശേഷം കഴിഞ്ഞ ദിവസം കോവിഡ് രോഗത്തിന് കീഴടങ്ങിയത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റു വാങ്ങി.സംസ്കാരം ആഗസ്റ്റ് 25 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലവടിയിലെ കുടുംബ വീട്ടിൽ നടത്തി.ഡി.വൈ.എഫ് .ഐ മാണത്താറ യൂണിറ്റ് സെക്രട്ടറി ധനരാജ്, അംഗങ്ങളായ സ്വാതി ഗുരുദാസ്,ബിബീഷ് പ്രിയദർശിനി, ശ്യാംലാൽ, രഞ്ജിത്ത് ലാൽ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എ.പി.ലാൽകുമാർ എന്നിവർ സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കി.

സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കിയ യുവാക്കളെ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ, വൈസ് പ്രസിഡൻറ് ജോജി ഏബ്രഹാം, എൽ.സി.സെക്രട്ടറി സജി, അച്ചമോൻ, ഡിവൈഎഫ്ഐ തലവടി സൗത്ത് മേഖല കമ്മിറ്റി പ്രസിഡൻറ് രതീഷ് സി.ആർ, സെക്രട്ടറി രജീഷ് കുമാർ പി.വി എന്നിവർ അഭിനന്ദിച്ചു.

ചൊവ്വാഴ്ച രാവിലെ 6.30-നാണ് പ്രിയങ്ക മരിച്ചത്.ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്ക പനിബാധയെ തുടര്‍ന്ന് പച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. ഗർഭിണിയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി.രോഗം മൂര്‍ശ്ശിച്ചതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തിരുന്നു. നവജാത ശിശു ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിചരണത്തിലാണ് .പ്രിയങ്കയുടെ അമ്മ ഹരിപ്പാട് കോവിഡ് ആശുപത്രിയിലാണ്.

എടത്വാ: കവിയും കഥാകൃത്തും, ഗാനരചയിതാവുമായ കവി ജേക്കബ് മനയില്‍ (87) അന്തരിച്ചു. തലവടി കളങ്ങര മനയില്‍ ഇരുപത്താറില്‍ കുടുംബ വീട്ടില്‍ (ആഗസ്റ്റ് 25) ബുധനാഴ്ച ഉച്ചയ്ക്കാണ് അന്ത്യം സംഭവിച്ചത്. പ്രവാസിയായിരുന്ന ജേക്കബ് മനയില്‍ തുള്ളല്‍ പാട്ടുകളിലൂടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. കവിത, ശ്ലോകം, നാടന്‍പാട്ട്, വള്ളപ്പാട്ട്, കഥ, സ്മരണാഞ്ജലി, നര്‍മ്മകഥ, നിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്രവാസി ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജില്ല, താലൂക്ക് ലൈബ്രറി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും, പൊതുപ്രവര്‍ത്തകനുമായ ജേക്കബ് മനയില്‍ അക്ഷരശ്ലോക സാഗരം, സുഭില സുമങ്ങള്‍, സ്വര്‍ഗ്ഗത്തിലെ പാപി, മലയാളി മാഹാത്മ്യം തുള്ളല്‍പാട്ട്, വിലാപകാവ്യം-സ്മരണാഞ്ജലി, മീനുക്കുട്ടി, ദാവീദ് വിജയം-തുള്ളല്‍പാട്ട്, ലാസര്‍-ഖണ്ഡകാവ്യം, ഞാന്‍ മരിച്ചാല്‍-നര്‍മ്മകഥകള്‍, മേടയിലെ കുഞ്ഞ്-കവിത, മധുമാംസം, പെനിയന്‍-തുള്ളല്‍പാട്ട്, മനയില്‍കുടുംബം എന്നിങ്ങളെ നിരവധി കൃതികള്‍ രചിച്ചു. പരേതയായ കോട്ടയം മറ്റത്തില്‍ ആലീസാണ് ഭാര്യ. മക്കള്‍: മേരി (അമേരിക്ക), സാറ (അമേരിക്ക), പരേതനായ ബാബു.

നിര്യാണത്തിൽ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.

പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ചക്കരക്കല്‍ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസില്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികള്‍ ഓഗസ്റ്റ് ഒമ്പതാം തീയതി പിടിയിലായിരുന്നു.

പൊതുവാച്ചേരി കരുണന്‍ പീടികക്ക് സമീപത്തെ കനാലില്‍ നിന്നാണ് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ മടക്കിക്കെട്ടിയ നിലയില്‍ കാട് നിറഞ്ഞ കനാലിന്റെ അടിഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓഗസ്റ്റ് 19-ന് കാണാതായ പ്രശാന്തിനിവാസില്‍ ഇ.പ്രജീഷിന്റെ (33) മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പോലീസിന്റെ നേതൃത്വത്തില്‍ മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന്‍ പീടികയോട് ചേര്‍ന്നുള്ള കനാലില്‍ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായും രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്‌നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.

Copyright © . All rights reserved