”പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍” എന്ന ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം 2012ല്‍ ആണ് റിലീസ് ചെയ്തത്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.
ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷന്‍ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.
പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.
തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മുൻ മിസ് കേരള ജേതാക്കൾ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. മരിക്കുന്നതിന് മുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ഒളിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.
നവംബർ ഒന്നാം തീയതിയാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ 2019ലെ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങൾ മാറ്റി.
അതേസമയം, അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഒരു ഔഡി കാർ ഇവരെ പിന്തുടർന്നിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
അതേസമയം അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡിജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.
എന്നാൽ ഡിജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡിവിആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡിജെ പാർട്ടിക്ക് ശേഷം രണ്ട് തവണ നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡിജെ പാർട്ടി നടന്ന ഹാളിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.
സംസ്ഥാന സര്‍ക്കാറിന്റെ 12 കോടിയുടെ തിരുവോണം ബംപറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണി. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.
കണ്ണൂര്‍ ഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജയപാലന്‍ മരട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.
പോപ്പുലര്‍ ഫ്രണ്ട്, കണ്ണൂര്‍, കേരള എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. തിരുവോണം ബംപറില്‍ ലഭിച്ച പണത്തില്‍ നിന്നും 65 ലക്ഷം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കത്തില്‍ പറയുന്നു.
കത്തിന്റെ കാര്യം മൂന്നാമത് ഒരാള്‍ അറിയരുത് എന്നും ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം അതല്ലെങ്കില്‍ പണം അനുഭവിക്കാന്‍ അച്ഛനേയും മക്കളേയും അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നതായി ജയപാലന്‍ വ്യക്തമാക്കി.
അലുവാ കഷണം പോലെ ഒരു സ്ഥലം ഉണ്ടെന്നും അതില്‍ അര ഏക്കര്‍ വാങ്ങണമെന്നും അതിന്റെ വിലയാണ് 65 ലക്ഷമെന്നും കത്തിലുണ്ട്. ജീവിതം വഴിമുട്ടിയ എഴുപതുകാരനും ഭാര്യയ്ക്കും സഹായത്തിന് ആരുമില്ലെന്നും കത്തില്‍ പറയുന്നു.
കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ”മുതല്‍ ജപ്തിയിലാണ്. വീണ്ടെടുക്കാന്‍ ഓനെക്കൊണ്ടും ഓളെ കൊണ്ടും കഴിയില്ല. ഓനാണെങ്കില്‍ മാനസിക രോഗിയാണ്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഞമ്മടെ ജാതിയിലെ ഒരു നായിന്റെ മോന്‍ ചതിച്ച ചതിയാണ്. നിങ്ങള്‍ക്ക് പടച്ചോന്‍ കനിഞ്ഞതാണ്. നിങ്ങള്‍ അധ്വാനിച്ചതല്ലല്ലോ. ആ പടച്ചോനോട് നന്ദികേട് കാട്ടരുത്. ഇവര്‍ നിങ്ങള്‍ കാരണം രക്ഷപ്പെടണം. 7 കോടിയില്‍ നിന്ന് ഈ പണം നഷ്ടപ്പെടുന്നില്ലല്ലോ. നിങ്ങളുടെ പിന്നാലെ ഞങ്ങളുടെ ആള്‍ക്കാരുണ്ട്. നിങ്ങളെ ബിജെപി സംഘികളോ പോലീസോ ഒരുത്തനും സംരക്ഷിക്കില്ല. നിങ്ങളല്ലാതെ വേറൊരാളും ഇത് അറിയണ്ട”.
ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവഎഞ്ചിനീയർ നാട്ടിൽവെച്ച് മരിച്ചു. അണുബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. എലിപ്പനിയാണന്ന് സംശയിക്കുന്നു. പുനലൂർ ഇടമൺ ആനപെട്ട കോങ്കൽ അശോക ഭവനിൽ നന്ദു അശോകൻ (27) ആണ് മരണമടഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ഒമാനിലെ അൽ ഖുറൈറിലെ ആർക്ക് ഹോം എഞ്ചിനീയറിങ് കൺസൽറ്റൻസിയിലെ എഞ്ചീനിയറായിരുന്നു നന്ദു. രണ്ടാഴ്ച മുൻപ് ഒമാനിലെ ബദായി എന്ന സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കൈരളി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും നന്ദുവും പങ്കാളിയായിരുന്നു.
പിന്നീട് ഒരാഴ്ച മുൻപ് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ 7 ന് രാവിലെ നാട്ടിലെത്തി. തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ആന്തരാവയവങ്ങൾക്കെല്ലാം അണുബാധയേറ്റിരുന്നു. എലിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.
നന്ദുവിന്റെ കൂടെ അന്ന് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ സഹപ്രവർത്തകർക്കും അസ്വസ്ഥതകളുണ്ട്. 2019 ഫെബ്രുവരി 23 നാണ് ഇയാൾ ഒമാനിലേക്ക് പോയത്. ആനപെട്ടകോങ്കൽ എസ്എൻഡിപി ശാഖാ യൂത്ത് മൂവ്‌മെന്റ് യൂണിറ്റിന്റെ മുൻ പ്രസിഡന്റും താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു.
ആനപെട്ടകോങ്കൽ സി കേശവൻ മെമ്മോറിയൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയും സിപിഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി അശോകന്റെയും തെന്മല ഗ്രാമപഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ലാലി അശോകന്റെയും മകനാണ്. സഹോദരൻ സനന്തു അശോകൻ.
യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭാര്യാകാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി ഐ സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എ എസ് ഐ ആർ. വി. ബൈജു, സി പി ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കരിപ്പൂർ വീമാനത്താവളം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി എയർഹോസ്റ്റസ് അറസ്റ്റിൽ. അടിവസ്ത്രത്തിനകത്ത് സ്വർണം ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് മലപ്പുറം സ്വദേശിനി ഷഹാന (30) അറസ്റ്റിലായത്. രണ്ട് കിലോ തൂക്കം വരുന്ന സ്വർണം ഷഹാനയിൽ നിന്നും പിടിച്ചെടുത്തു.
ഷാർജയിൽ നിന്നും കോഴിക്കോടെത്തിയ എയർ ഇന്ത്യ എക്സ്‍പ്രസിലെ ക്യാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായ ഷഹാന. കോഴിക്കോട് ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് ഷഹാന അറസ്റ്റിലായത്. അടിവസ്ത്രത്തിനകത്ത് സ്വർണം മിശ്രിതമാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ ഡോ.എസ് എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മിശ്രിതം വേർതിരിച്ചതിന് ശേഷം 99 ലക്ഷം രൂപയുടെ സ്വർണം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഷഹാന നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുർജ് ഖലീഫയിൽ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖർ സൽമാൻ. ‘ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്ത ആളാണ് ഞാൻ. കൺസ്ട്രക്‌ഷൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ബുർജ് ഖലീഫയുടെ കൺസ്ട്രക്‌ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുൽഖർ പറഞ്ഞു. ‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേൽപ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ച് തന്ന ഫാർസ് ഫിലിംസിനും ബുർജ് ഖലീഫയ്ക്കും റീൽ സിനിമാസിനും നന്ദി. നവംബർ 12 മുതൽ ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിൽ കുറുപ്പ് എത്തുന്നു. തീർച്ചയായും സിനിമ കണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കണം.’–ദുൽഖർ പറഞ്ഞു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
നടന്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്.
‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നുവന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. അവിടെയൊക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണ്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’- ദിലീപ് പറഞ്ഞു.
ഷൊർണൂർ: വൻകരകൾക്കപ്പുറത്തു നിന്നു വിവാഹ സാക്ഷാത്കാരം ഓൺലൈനിൽ. നിശ്ചയിച്ചുറപ്പിച്ച സമയത്തു വരനു കോവിഡ് യാത്രാവിലക്കു മൂലം നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം. വരണമാല്യമില്ലാതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ. വൈശാഖും ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടെയും എം.ജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയും വിവാഹിതരായി. ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്കുമാർ എന്നിവരുടെ സാന്നിധ്യം വിഡിയോ കോൺഫറൻസിലുണ്ടായതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായി. വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറായ വൈശാഖ് തുടർന്നു ജോലിസ്ഥലത്തേക്കു മടങ്ങി. ഇതിനിടെ കോവിഡ് രണ്ടാം തരംഗം വന്നതോടെ വൈശാഖിനു നാട്ടിലെത്താൻ സാധിക്കാതായി. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ ലിനു കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെർച്വൽ വിവാഹത്തിന് അനുമതി ലഭിച്ചത്. ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരവുമുണ്ടാകും.
കരിപ്പൂർ : എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽനിന്നു കോഴിക്കോട്ടെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു.
2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടികൂടിയത്.