തിരുവനന്തപുരം: കേരളമാകെ ബാധകമായ ഏകീകൃത ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ നിയമത്തിന് നിയമപരിഷ്കരണ കമ്മിഷൻ കരട് തയ്യാറാക്കി. സർക്കാർ ആവശ്യപ്പെട്ടപ്രകാരം ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതിയാണ് ‘കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്‌ട്രേഷൻ ബില്ലി’ന്റെ കരട് സമർപ്പിച്ചത്. ക്രിസ്ത്യൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ ഏകീകൃത നിയമമില്ലാത്തും രജിസ്‌ട്രേഷന് പ്രത്യേക സംവിധാനമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.1095-ലെ ക്രിസ്ത്യൻ സിവിൽ വിവാഹനിയമം പഴയ കൊച്ചി സംസ്ഥാനത്തും 1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം മലബാർ പ്രദേശത്തും മാത്രം ബാധകമായവയാണ്. പഴയ തിരുവിതാംകൂർ മേഖലയ്ക്ക് നിയമം നിലവിലില്ല. അതേസമയം, 1955-ലെ ഹിന്ദു വിവാഹനിയമം അനുസരിച്ച് ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റിയുണ്ട്. 1954-ലെ സ്പെഷ്യൽ വിവാഹനിയമം അനുസരിച്ചും രജിസ്‌ട്രേഷൻ അതോറിറ്റിയുണ്ട്.
നിയമപരമായ ഒരു അതോറിറ്റി നൽകുന്ന സാധുവായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തത് വിദേശങ്ങളിൽ കുടിയേറുകയും തൊഴിൽതേടുകയും ചെയ്യുമ്പോൾ തടസ്സമാകുന്നു. ക്രിസ്ത്യൻ വിവാഹങ്ങൾ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത് 2008-ലെ വിവാഹ രജിസ്‌ട്രേഷനുള്ള പൊതു ചട്ടങ്ങൾ അനുസരിച്ചാണ്. ഇതിന് നിയമത്തിന്റെ അടിസ്ഥാനമില്ല. സർക്കാരിന്റെ നയപരമായ തീരുമാനം അനുസരിച്ചുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സർട്ടിഫിക്കറ്റ് പല വിദേശരാജ്യങ്ങളും നിരസിക്കുന്നുണ്ട്. കരട് ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതത് പ്രദേശത്തെ വിവാഹ ഓഫീസർക്ക് സത്യപ്രസ്താവനകൾ ഉൾപ്പെടെ നോട്ടീസ് നൽകണം. വിവാഹ ഓഫീസർ ക്രിസ്ത്യൻ സഭകൾ നിശ്ചയിക്കുന്നവരായിരിക്കും. അതായത്, വികാരിമാരുടെ കാർമികത്വത്തിലായിരിക്കും വിവാഹം. നോട്ടീസ് വിവാഹ ഓഫീസർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. എതിർപ്പുള്ളവർ ഏഴുദിവസത്തിനകം അറിയിക്കണം. പരാതികൾ ഉയർന്നാൽ ഏഴുദിവസത്തിനകം അന്വേഷിക്കണം. മതിയായ കാരണമുണ്ടെങ്കിൽ കൂടുതൽ സമയമെടുക്കാം.
പരാതി ശരിയെങ്കിൽ വിവാഹം നടത്തിക്കൊടുക്കരുത്. ഇക്കാര്യത്തിൽ വിവാഹ ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും. ഇരുകൂട്ടരും ആവശ്യപ്പെടുന്ന വിധം സൗകര്യപ്രദമായ സ്ഥലത്തും സമയത്തും വിവാഹ ഓഫീസർ വിവാഹം നടത്തിക്കൊടുക്കണം. മറ്റൊരു വിവാഹ ഓഫീസറുടെ കീഴിലാണ് വിവാഹത്തിന് സൗകര്യമെങ്കിൽ അപേക്ഷ അങ്ങോട്ടുമാറ്റാം. ഈ നിയമപ്രകാരം നടത്തുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായി രജിസ്റ്റർ ചെയ്തിരിക്കണം. തദ്ദേശഭരണ സെക്രട്ടറിയാണ് വിവാഹ രജിസ്ട്രാർ. തദ്ദേശഭരണ സെക്രട്ടറി ക്രിസ്ത്യൻ വിവാഹങ്ങൾക്കു മാത്രമായി പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കും. രജിസ്‌ട്രേഷന്, വിവാഹ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനകം രജിസ്ട്രാർക്ക് അപേക്ഷിക്കണം.
വിവാഹ രജിസ്റ്ററിൽ വധുവും വരനും രണ്ടു സാക്ഷികളും ഒപ്പിടണം. അപേക്ഷിക്കാൻ വൈകിയാൽ മതിയായ കാരണം കാണിക്കണം. അധികാരപ്പെടുത്താത്തവർ ഈ നിയമപ്രക്രാരമുള്ള വിവാഹം നടത്തിക്കൊടുക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയാൽ മൂന്നുവർഷംവരെ തടവും പതിനായിരം രൂപയുമാണ് ശിക്ഷയായി നിർദേശിച്ചിട്ടുള്ളത്.
കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽനിന്നു നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം ആണെന്ന ആരോപണവുമായി കെ.ബാബു എംഎൽഎ. ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ പോയതെന്നും ബാബു പറഞ്ഞു. റോഡ് ഉപരോധിച്ചതിനെതിരെ രംഗത്തെത്തിയ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തകർത്ത കേസിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളിൽ ഒരാളെ അറസ്റ്റു ചെയ്തെങ്കിലും ബാക്കിയുള്ളവരുടെ അറസ്റ്റ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജോജുവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചത്. നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുതീർപ്പു ശ്രമം. എന്നാൽ തന്റെ കാർ നന്നാക്കി നൽകുകയും അവഹേളിച്ച കോൺഗ്രസ് പരസ്യമായി മാപ്പു പറയുകയും വേണമെന്നു ജോജു ആവശ്യപ്പെട്ടു.
ഇതോടെയാണ് ഒത്തുതീർപ്പു നീക്കത്തിൽനിന്നു കോൺഗ്രസ് പിന്മാറിയത്. അറസ്റ്റിലായ പ്രതിയുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ ജോജു ശ്രമിക്കുകയും ചെയ്തു. ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം നടത്തുകയായിരുന്നെന്നു കെ.ബാബു പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്നു പൊലീസ് പറയണം.
ഫാൻസി നമ്പർ പ്ലേറ്റ് കാറിൽ ഘടിപ്പിച്ചതിന് മോട്ടർ വാഹന വകുപ്പ് കേസ് എടുത്തിട്ടുണ്ട്. ജോജു മാന്യത ചമയരുത്. സിനിമാ ഷൂട്ടിങ്ങുകൾ പലതും ഗതാഗതം തടസ്സപ്പെടുത്തി ചെയ്യാറുണ്ട്. നിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം നടത്തില്ലെന്നു കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥയെന്നും ബാബു ചോദിച്ചു.
സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജം. സ്‌കൂളില്‍ പോകാനുള്ള മടികാരണം പെണ്‍കുട്ടി കെട്ടിച്ചമച്ചതാണെന്നാണ് സൂചന. ലോക്ക്ഡൗണ്‍ കാലത്ത് നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയ്മുകള്‍ക്ക് അടിമയായിരുന്നു. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നും കുട്ടി വീട്ടില്‍ പറഞ്ഞു.
എന്നാല്‍, മൊബൈല്‍ തിരികെ വാങ്ങി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും. സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍നിന്നു പോകുമെന്ന ചിന്ത കുട്ടിയെ മാനസികാഘാതത്തിലേക്ക് നയിച്ചതാണ് വ്യാജ പീഡിനകഥ ചമയ്ക്കാന്‍ പ്രേരിപ്പിച്ചത്.
സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സിസി ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തുടക്കം മുതലുള്ള പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം പോലീസ് ശ്രദ്ധിച്ചിരുന്നു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചു.
വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പാലക്കാട് നിന്നും വീണ്ടും രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. എഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളും ഇരട്ട സഹോദരിമാരുമായ ശ്രേയ, ശ്രേജ എന്നിവരെയാണ് കാണാതായത്. കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയുടെ തിരോധാനത്തിന് രണ്ടുമാസം പിന്നിടവെയാണ് 14 വയസ്സുള്ള ഇരട്ട സഹോദരിമാരെ കാണാതാകുന്നത്.
കഴിഞ്ഞ ബുധനാഴ്ച ( നവംബര് 3) മുതലാണ് ഇരുവരെയും കാണാതാകുന്നത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്‌സല്‍ മുഹമ്മദ് എന്നിവരെയും കാണാതായിട്ടുണ്ട്. ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇവര്‍ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. അതേസമയം, തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു.
എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര് സ്വകാര്യമായി മൊബൈല്‍ഫോണ് കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി സ്വപ്‌ന സുരേഷ് അട്ടകുളങ്ങര ജയിലിന് പുറത്തിറങ്ങി. സ്വപ്നയുടെ അമ്മ പ്രഭ വനിതാ ജയിലിലെത്തി രേഖകള്‍ അധികൃതര്‍ക്ക് കൈമാറി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വര്‍ഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായത്. പ്രതിചേര്‍ക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് മോചനം സാധ്യതമായത്.
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്. സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകള്‍ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല.
എന്‍ഐഎ കേസ് ഉള്‍പ്പടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും സ്വപ്നയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സ്വപ്നയ്ക്ക് ജയില്‍ നിന്നും ഇറങ്ങാനാകാഞ്ഞത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വര്‍ണക്കളളക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നെയ്യാറ്റിന്‍കര: നെയ്യാറില്‍ ഒന്നരവയസ്സുകാരി മുങ്ങിമരിച്ച സംഭവത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ പാലക്കടവ് നിവാസികള്‍. ഒപ്പം മരണത്തെക്കുറിച്ചുള്ള ദുരൂഹതയും. ഏകമകളുടെ ദാരുണമായ വേര്‍പാടില്‍ മനംനൊന്ത് കുടുംബാംഗങ്ങള്‍. വീട്ടില്‍ കുളിപ്പിക്കാനായി അമ്മ അനാമികയെ എണ്ണതേച്ച് നിര്‍ത്തിയതാണ്. ഇതിനിടയിലാണ് കുട്ടിയെ കാണാതായത്. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനിടെ അനാമികയുടെ മൃതദേഹം വീടിനു പുറകിലൂടെ ഒഴുകുന്ന നെയ്യാറില്‍നിന്നും കണ്ടെടുക്കുകയായിരുന്നു.അഗ്‌നിരക്ഷാസേന അനാമികയുടെ മൃതദേഹം നെയ്യാറിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന ചീലാന്തി മരത്തിന്റെ ശിഖരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അനാമികയുടെ ഒരുകാലില്‍ ചെരിപ്പുണ്ടായിരുന്നു. ഇവരുടെ വീടിന് പുറകില്‍ ഗ്രീന്‍ഹൗസിന്റെ ഷീറ്റുകൊണ്ട് താത്കാലികമായി മറച്ചിരുന്നു.
ഇത് പൊക്കിയാല്‍ നെയ്യാറിലേക്ക് ഇറങ്ങാം. ഈ ഷീറ്റ് കുട്ടി പൊക്കി അതിനിടയിലൂടെ നടന്നുപോയതാകാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഇവിടെ ഇക്കഴിഞ്ഞ മഴയില്‍ നെയ്യാര്‍ കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ ചെളിക്കെട്ടുണ്ടായിരുന്നു. ഇതിലൂടെ കുട്ടിനടന്നു പോയെന്നത് നാട്ടുകാരില്‍ ദുരൂഹത ഉണര്‍ത്തുകയാണ്. പാലക്കടവിലെ വീട്ടുവളപ്പില്‍ ആതിരയുടെ വീടും അച്ഛന്‍ സുധാകരന്റെ വീടുമാണുള്ളത്. കുട്ടി അടുത്തുള്ള അച്ഛന്റെ വീട്ടിലാകുമെന്നാണ് അമ്മ ആതിര കരുതിയത്. കുളിപ്പിക്കാനായി കുട്ടിയെ തിരയുമ്പോഴാണ് അച്ഛന്റെ വീട്ടിലും കുട്ടിയില്ലെന്ന് ഇവര്‍ അറിയുന്നത്.
അടുത്ത വീട്ടില്‍ അച്ഛന്‍ സുധാകരനും മകന്‍ അഖിലുമാണ് താമസിക്കുന്നത്. കുട്ടിയെ പരിസരത്ത് കാണാതായതിനു ശേഷമാണ് ഇവര്‍ പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിക്കുന്നത്. ഒന്നരവയസ്സുള്ള കുട്ടി ചതുപ്പുള്ള സ്ഥലത്തുകൂടി നടന്ന് നെയ്യാറിലെത്തിയെന്നത് എങ്ങനെയെന്നാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. കുട്ടി മുങ്ങിമരിച്ചതാകാമെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
നടി കാവേരിയുടെ കയ്യില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടിരുന്നു. പ്രിയങ്ക നിരപരാധിയാണെന്നു വിധിച്ചു. ഇപ്പോഴിതാ തനിക്ക് സംഭവിച്ചത് ചതിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി പ്രിയങ്ക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ:
ഞാനും കാവേരിയും സുഹൃത്തുക്കളായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ കാവേരിയുടെ പേര് അച്ചടിച്ചു വരുമെന്നറിഞ്ഞപ്പോള്‍ അത് അവരെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്. ശേഷം ആലപ്പുഴയില്‍ വെച്ച് നേരിട്ട് കാണാന്‍ കഴിയുമോയെന്നന്വേഷിച്ച് കാവേരി എന്നെ വിളിക്കുകയായിരുന്നു. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ നേരിട്ട് പറയാം എന്നായിരുന്നു മറുപടി.
അങ്ങനെ ഞാന്‍ ആലപ്പുഴ പോയി. അവിടെ എത്തിയപ്പോള്‍ കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് എന്റെ കാറിലേക്ക് ഇടുകയായിരുന്നു. ഞാന്‍ പണം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. പിന്നീട് പോലീസ് പുറകെ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ ഉണ്ടായത്. ഒരു ഡമ്മിപ്പൊതിയായിരുന്നു അവര്‍ എന്റെ കാറില്‍ ഇട്ടത്.
ഞാന്‍ പണം ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേനെ അവര്‍ നാടകം കളിക്കുകയായിരുന്നു. പോലീസ് അവര്‍ക്ക് കിട്ടിയ വിവരമാണ് എഫ്ഐആറില്‍ കൊടുത്തിരിക്കുന്നത്. അല്ലാതെ ഞാന്‍ ഒരു ലക്ഷം രൂപ പോയിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അറസ്റ്റിന്റെ കാരണം തിരക്കിയപ്പോള്‍ ‘നിങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി’ എന്നായിരുന്നു പൊലീസ് വിശദീകരണം. അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നിങ്ങളുടെ ഭാഗം കോടതിയില്‍ തെളിയിക്കേണ്ടി വരും എന്നും അറിയിച്ചു. അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ജാമ്യം ലഭിക്കുന്നത്.
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് ഉടന്‍ ജയില്‍ മോചിതയാകും. രാവിലെ 10.30 ഓടെ അമ്മ പ്രഭ സുരേഷ് ജാമ്യ രേഖകള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഹാജരാക്കി. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളുമാണ് ജയില്‍ സൂപ്രണ്ടിന് കൈമാറിയത്.ചട്ടപ്രകാരമുള്ള വൈദ്യ പരിശോധനയും മറ്റ നടപടികളും പൂര്‍ത്തിയാക്കി ജയില്‍ മോചന ഉത്തരവില്‍ ഒപ്പുവയ്പിച്ച ശേഷമായിരിക്കും സ്വപ്നയെ പുറത്തേക്ക് അയക്കുക. വിശദമായ പരിശോധനയ്ക്കു ശേഷം 11. 30ഓടെ സ്വപ്‌ന ജയില്‍ മോചിതയാകുമെന്നാണ് സൂചന.
രേഖകള്‍ ജയിലില്‍ സമര്‍പ്പിച്ച ശേഷം പ്രഭ സുരേഷ് വാഹനത്തിലേക്ക് മടങ്ങി. ജയിലില്‍ ഏറെ സമയം കാത്തിരിക്കുന്നതില്‍ തടസ്സമുള്ളതിനാലാണിത്. സ്വപ്‌ന ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രഭ സുരേഷ് മടങ്ങുന്ന വഴി മാധ്യമങ്ങളോട് പ്രതികരിച്ചു.അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നു മാസവും 29 ദിവസവും കഴിഞ്ഞാണ് സ്വപ്‌ന ജയില്‍ മോചിതയാകുന്നത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വപ്‌ന സുരേഷ് എന്തെങ്കിലും പ്രതികരണം നടത്തുമോ എന്നറിയേണ്ടതുണ്ട്.പല കോടതികളില്‍ നിലവിലുള്ള വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച സ്വപ്‌നയ്ക്ക് 28 ലക്ഷത്തോളം രൂപയും മറ്റ് ജാമ്യ വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങാന്‍ കഴിയുന്നത്.
കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നല്‍കിയത്.ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്.
വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതിയായ ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരണമെന്ന ജോജുവിന്റെ ഹര്‍ജിയിലും തീരുമാനം നാളെയുണ്ടാകും. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചിരുന്നു.
സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു കോണ്‍ഗ്രസ് സമരം. റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്ന് ജോജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതിഷേധത്തിന്റെ മറവില്‍ രണ്ടു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചതായും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ഗതാഗത തടസമുണ്ടായെങ്കില്‍ അക്കാര്യം പൊലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫ് അക്രമം നടത്തിയെന്നതിന് തെളിവില്ല. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവു നശിപ്പിക്കുമെന്ന് പറയുന്നതില്‍ യുക്തിയില്ല. കോണ്‍ഗ്രസിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകന്‍ മാത്രമാണ് ജോസഫ്. തെളിവു നശിപ്പിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ പുറത്ത് ധാരാളം നേതാക്കളില്ലേയെന്നും പിന്നെന്തിന് ജോസഫിനെ ജയിലിലിടണമെന്നും പ്രതിഭാഗം ചോദിച്ചു.
തിരുവനന്തപുരം ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനത്തില്‍ പ്രതിയായ ഡോക്ടര്‍ ഡാനിഷ് പൊലീസ് പിടിയിലായി. ഊട്ടിയിലെ റിസോര്‍ടില്‍ നിന്നാണ് ഡാനിഷ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഊട്ടിയില്‍ നിന്നു ഡാനിഷിനെ അറസ്റ്റ് ചെയ്തത്.
മര്‍ദനത്തിനു ശേഷം കേസിലെ ഏക പ്രതിയായ ഡോക്ടര്‍ ഡാനിഷ് ഒളിവില്‍ പോയിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് വിവാദത്തെതുടര്‍ന്നു എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഡാനിഷ് തമിഴ്നാട്ടിലാണെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.
തുടര്‍ന്നാണ് ഊട്ടിയിലാണെന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്. പട്ടികജാതി യുവാവിനെ സഹോദരി ദീപ്തി വിവാഹം കഴിച്ചതിലുള്ള വിരോധത്താല്‍ , ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. മര്‍ദനത്തില്‍ പരുക്കേറ്റ മിഥുന്‍കൃഷ്ണ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മിഥുന്‍റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.