അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടിയതോടെ കേരളത്തിലും സമാന തീരുമാനത്തിനു സാധ്യത. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടു ജൂണ്‍ 15 വരെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പക്ഷെ, ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയൊരു കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്‍റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്പാടും കോവിഡ് വൈറസിന്‍റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.
വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണ്.
സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഈ മാസത്തോടെ കര്‍ഷകരുടെ പക്കലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ കാലാവധി അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.
ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
“വെള്ളിയാഴ്ച രാവിലെ റിയാദിൽനിന്ന് ഷിൻസി വിളിച്ച് ഏറെ സമയം എല്ലാവരുമായി സംസാരിച്ചു. ബഹ്റൈനിലേക്കുള്ള വീസ അനുവദിച്ചുവെന്ന സന്തോഷ വാർത്തയും പങ്കുവച്ചു. ശനിയാഴ്ച പുലർച്ചെ അവളുടെ ഭർത്താവ് ബിജോയാണ് വിളിച്ച് അപകടത്തിന്റെ വിവരങ്ങൾ അറിയിച്ചത്’ രാവിലത്തെ സന്തോഷ വാർത്തയെ തളർത്തിയെത്തിയ വേർപാടിന്റെ വേദനയെ ഉള്ളിലൊതുക്കിയ വയല എടച്ചേരിതടത്തിൽ ഫിലിപ്പിന്റെ വാക്കുകൾ.
ഫിലിപ്പ് -ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളാണ് സൗദിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന ഷിൻസി. മുംബൈയിൽ നഴ്സിംഗ് പഠനം പൂർത്തീകരിച്ച ഷിൻസി രണ്ടു വർഷം മുന്‍പാണ് റിയാദിൽ ജോലിയ്ക്കായി പോയത്. നാലുമാസം മുന്‍പ് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് വീണ്ടും റിയാദിലേക്ക് മടങ്ങുകയായിരന്നു.
ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യൻ ബഹ്‌റൈനിൽ സ്റ്റാഫ് നഴ്സായതിനാൽ റിയാദിലെ ജോലി രാജിവച്ച് ബഹ്റൈനിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിൻസിയും. ബഹ്റൈനിലേക്കുള്ള വീസ കൈയിൽ കിട്ടിയില്ലെങ്കിലും വീസ അനുവദിച്ചുവെന്നറിഞ്ഞ വിവരം വെള്ളിയാഴ്ച രാവിലെ ഷിൻസി തന്നെയാണ് വയലായിലെ വീട്ടിലേക്ക് വിളിച്ചറിയിച്ചത്.
അടുത്ത ആഴ്ചയിൽ ബഹ്റൈനിലേക്കു പോകാനാകുമെന്ന പ്രതീക്ഷിയിലായിരുന്നു.ഇന്നലെ സുഹൃത്തുക്കളുമൊത്ത് യാത്രചെയ്യുന്നതിനിടയിലാണ് ഷിൻസി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിനു സമീപമുണ്ടായിരുന്ന ആശുപത്രിയിലെത്തിച്ച ഷിൻസിയെ അവിടെ സേവനം ചെയ്യുന്ന സുഹൃത്തുക്കളായ മലയാളി നഴ്‌സുമാർ തിരിച്ചറിഞ്ഞ് വിവരം ഭർത്താവ് ബിജോ കുര്യനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബിജോ നാട്ടിലേക്ക് വിവരം കൈമാറിയത്.
പ്രിയപ്പെട്ട ചേച്ചിയുടെ വിയോഗവാർത്ത അറിയുന്പോൾ സഹോദരി ഷൈമ പൂനൈയിൽനിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു. പൂനൈയിൽ ഫിസിയോ തെറാപ്പി പഠനം പൂർത്തീകരിച്ച് നാട്ടിലേക്കു വരികയായിരുന്നു ഷൈമ. നാലുമാസം മുന്‍പ് കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹം ചെയ്തയച്ച പ്രിയപ്പെട്ട മകളുടെ വിയോഗ വേദനയിൽ തകർന്നിരിക്കുകയാണ് എടച്ചേരിതടത്തിൽ കുടുംബം. സഹോദരൻ ടോണി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
ലക്ഷദ്വീപിൽ ജനതാൽപര്യത്തിന് എതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്.
ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കത്ത് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് സിറാജ് ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്തു.
കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും കേന്ദ്രസർക്കാർ നിൽക്കുക.
ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞുവെന്നും സിറാജ് റിപ്പോർട്ട് ചെയ്യുന്നു.
മെട്രോമാന്‍ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഇ ശ്രീധരന്റെയും പേര് പരിഗണിക്കുന്നത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം.
ഇതിലേക്കാണ് സുശീല്‍ കുമാര്‍ മോദിയുടേയും ഇ. ശ്രീധരന്റേയും ഉള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. നിയസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ശ്രീധരനെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയം കൈവരിക്കുകയായിരുന്നു.
കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളുടെ കുടുംബളിലേക്കും നീളുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്ക് അന്വേഷണംഎത്തിയിരിക്കുകയാണ്. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട് ചെയ്തു.
കുഴൽപ്പണ കവർച്ചാ കേസിലെ പരാതിക്കാരൻ ധർമരാജനും സുരേന്ദ്രന്റെ മകനുമായി ഫോണിൽ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെയാണ് നടപടി.. അധികം താമസിയാതെ സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ധർമരാജൻ വലിയതോതിലുള്ള കുഴൽപ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധർമരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധർമരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ മകൻ നിരന്തരം ധർമരാജനെ വിളിച്ചത് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.
കെ സുരേന്ദ്രന്റെ മകൻ ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
നാലരമാസം നീണ്ട ദാമ്പത്യത്തിൽ അവർ ഒന്നിച്ചുകഴിഞ്ഞത് 15 ദിവസം മാത്രം. വിവാഹിതരായി 15 ദിവസം കഴിഞ്ഞ് അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇരുവരും ഒരു സ്ഥലത്ത് ജോലിചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വാഹനപകടത്തിൽ ഷിൻസി ഫിലിപ്പിന്റെ ജീവൻ നഷ്ടമായത്.
സൗദി അറേബ്യയിലെ മരുഭൂമി സന്ദർശിക്കാനുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് രണ്ട് മലയാളി നഴ്‌സുമാർ മരണമടഞ്ഞത്. ഇവരിൽ വയലാ സ്വദേശിയായ ഇടശേരിതടത്തിൽ ഷിൻസി ഫിലിപ്പിന്റെ (28) വിവാഹം ജനുവരി 24-ന് ആയിരുന്നു.
ഭർത്താവ് ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോ ബഹ്‌റൈനിൽ നഴ്‌സാണ്. പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ഇരുവരും ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് ജോലിതേടി ഒന്നിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിന് വിസ ലഭിക്കുകയും ചെയ്തിരുന്നു. മേയ് 25, 29 എന്നീ തീയതികളിൽ സൗദിയിൽ എത്താൻ വിസ ലഭിച്ചു. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും ഷിൻസി ജോലി രാജിവെച്ച് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. വരുന്ന 10-ാം തീയതിക്ക് വീണ്ടും വിസ ലഭിക്കുമെന്നും അപ്പോൾ ബിജോയ്ക്ക് അടുത്തേക്ക് എത്താനാവുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഷിൻസിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ബിജോ. എന്നും വയലായിലെ വീട്ടിലേക്ക് ഷിൻസി വിളിച്ചിരുന്നു. വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകും മുമ്പും വിളിച്ചിരുന്നു.
നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്‌സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്‌റൈൻ ഗവ. സർവീസിൽ നഴ്‌സാണ്. ഷിൻസിക്കും ബഹ്‌റൈനിൽ ഗവ. സർവീസിലാണ് നഴ്‌സിങ് വിസ ലഭിച്ചത്.
ഷിൻസിയുടെ അച്ഛൻ: ഫിലിപ്പ് (സണ്ണി), അമ്മ: ലീലാമ്മ, സഹോദരങ്ങൾ: ഷൈമ, ടോണി (പ്ലസ്‌വൺ). കോട്ടയത്തിന് വേദനയായി അപകടവിവരമെത്തി
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരണവിവരം അറിയിച്ചുള്ള ഫോൺ സന്ദേശം വയലായിലെ വീട്ടിലെത്തിയത്.
യാത്രചെയ്ത വാഹനത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേരുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സഹപ്രവർത്തകയുടെ ഭർത്താവായ മലയാളിയാണ്. ഡ്രൈവർക്ക് ബോധംവന്നതോടെ കൂടെയുള്ളവർ അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണെന്ന വിവരം നൽകി. ഇതോടെ സഹപ്രവർത്തകർ എത്തിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞത്.
ഇവർ യാത്രചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മരിച്ച മറ്റൊരു നഴ്‌സ് തിരുവനന്തപുരം സ്വദേശി അശ്വതിയാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. നർജാനിലാണ് അപകടമുണ്ടായത്.
മോൻസ് ജോസഫ് എം.എൽ.എ., വയലായിലെ വീട്ടിലെത്തി. ഷിൻസി ഫിലിപ്പിന്റെയും, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനോട് എം.എൽ.എ. ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ ചെയ്ത് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും, നോർക്കാ സെല്ലിലും എം.എൽ.എ. നിവേദനം നൽകി. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് മെമ്പർ പ്രവീൺ പ്രഭാകരൻ, യു.ഡി.എഫ്. നേതാക്കളായ സി.സി. മൈക്കിൾ, ഷിബു പോതമാക്കിൽ, അഭിലാഷ് ജോസഫ്, തോമസ് അൽബർട്ട്, ജോസഫ് പുന്നന്തടം എന്നിവരും എം.എൽ.എയോടൊപ്പം എത്തി.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്‌റാനില്‍ വെച്ചാണ് അപകടമുണ്ടായത്.
മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ അവണാകുഴി താന്നിമൂട് ‘ഹരേ രാമ’ ഹൗസില്‍ അശ്വതി വിജയന്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ജിജോഷ് മിത്രയുടെ ഫോണിലേക്കായിരുന്നു അവസാനത്തെ വിളി. ഡ്യൂട്ടി കഴിഞ്ഞുവെന്നും സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്നും അറിയിച്ചു.
സൗദി അറേബ്യ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന അശ്വതി വിജയന്‍ മരിച്ചത് മിനിയാന്നു രാത്രി ഏഴരയോടെയായിരുന്നു. എന്നാല്‍ അമ്മ്ക്ക് അപകടം പറ്റിയെന്നു മാത്രമാണ് മക്കളായ ആറു വയസ്സുകാരി ദിക്ഷയോടും നാലുവയസ്സുകാരന്‍ ദയാലിനോടും പറഞ്ഞിരിക്കുന്നത്.
മൂന്നു വര്‍ഷമായി, അശ്വതി സൗദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവില്‍ അവധിക്കു നാട്ടില്‍ വന്നു മടങ്ങിയിട്ട് ഇന്നലെ 3 മാസമായി. നെട്ടയം സ്വദേശിയായ വിജയന്റെയും ജലജയുടെയും മകളാണ് അശ്വതി വിജയന്‍. അരുണ്‍ വിജയന്‍ സഹോദരനാണ്. അശ്വതിയുടെ ഭര്‍ത്താവ് ജിജോഷ് മിത്ര താന്നിമൂടില്‍ ബേക്കറി നടത്തുകയാണ്.
വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ മൂവായിരത്തോളം ജൂനിയർ താരങ്ങൾക്ക് വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ജൂനിയർ ആർടിസ്റ്റ് കോ- ഓർഡിനേറ്റർ അറസ്റ്റിലായി. സിനിമകൾക്ക് ജൂനിയർ താരങ്ങളെ എത്തിച്ച് നൽകുന്ന നൽകുന്ന ജൂനിയർ – ആർടിസ്റ്റ് കോ-ഓർഡിനേറ്റർ ആലത്തൂർ സ്വദേശി പ്രതീഷിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമാ ചിത്രീകരണത്തിനായി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകാൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പത്തു ലക്ഷത്തോളം രൂപയാണ് കോ- ഓർഡിനേറ്റർ വാങ്ങിയത്. സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മലമ്പുഴയിൽ ചിത്രീകരണം നടന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയിലേക്ക് ജൂനിയർ താരങ്ങളെ നൽകിയത് പ്രതീഷായിരുന്നു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ, പ്രതീഷ് ജൂനിയർ താരങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്താൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പത്തു ലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തു.
നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി എത്തുമ്പോൾ ആലത്തൂരിലെയും, തൃശൂരിലെയും ലാബിൽ പരിശോധന നടത്തിയെന്നാണ് പ്രതീഷ് പറഞ്ഞിരുന്നത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി പ്രൊഡക്ഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുന്നത്. ഇതോടെ സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് കൃഷ്ണമൂർത്തി പൊലീസിൽ തുടർന്ന് പരാതി നൽകുകയായിരുന്നു.
ഫെബ്രുവരി 10 മുതൽ ഏപ്രിൽ നാലുവരെയാണ് മലമ്പുഴയിൽ സിനിമയുടെ ചിത്രീകരണം നടന്നത്. മൂവായിരത്തോളം ജൂനിയർ താരങ്ങളെ കൊണ്ടുവരുന്നതിനാണ് പ്രതീഷ് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി തട്ടിപ്പ് നടത്തിയത്. പൊലീസ് പ്രതീഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും, വ്യാജ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് ചൂണ്ടിക്കാണിച്ചതിന് പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെ പ്രതീഷ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ലക്ഷദ്വീപില്‍ വീണ്ടും വിചിത്ര ഉത്തരവുകൾ പുറപ്പെടുവിച്ച് അഡ്മിനിസ്ട്രേറ്റർ. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്നാണ് പുതിയ ചട്ടം. ബോട്ടില്‍ സി.സി.ടി.വി സ്ഥാപിക്കണം. ഇന്നലെയാണ് ഉത്തരവിറങ്ങിയത്.
ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. സുരക്ഷ വർധിപ്പിക്കാനാണ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, മീൻപിടുത്തം മുഖ്യവരുമാനമായ ലക്ഷദ്വീപിലെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആരോപണമുയർന്നു. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ രംഗത്തെത്തി.
കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ശേഷം നിരവധി ജനദ്രോഹ നടപടികളാണുണ്ടായത്. ബീഫ് നിരോധനമടക്കമുള്ള നിയമങ്ങളാണ് കൊണ്ടുവന്നത്. ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍, ഗോവധം നിരോധിക്കല്‍, സ്‌കൂളുകളില്‍ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കല്‍ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്.