ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കുപറ്റി ചികില്‍സയില്‍ കഴിയുന്ന ഇടുക്കി മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുപ്പത്തിയെട്ടുകാരനായ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍. നല്ല ആരോഗ്യവാനായിരുന്ന ചെറുപ്പക്കാരന്. ജോലി ചെയ്യുന്നതിനിടെയാണ് അജീഷ് ക്രൂരമായ അക്രമണത്തിന് ഇരയായത്. അതുകൊണ്ട് തന്നെ നിയമം നടപ്പാക്കാന്‍ ഇറങ്ങിതിരിച്ച പൊലീസുകാരനെ കൈയോഴിയാന്‍ സര്‍ക്കാരിനോ പൊതു സമൂഹത്തിനോ കഴിയില്ല.
തിങ്കളാഴ്ച്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്ക് ധരിക്കാതെ നിന്ന സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്.
ചികില്‍സയ്ക്കായി മൂന്ന് ലക്ഷം രൂപ പൊലീസ് ആസ്ഥാനത്ത് നിന്നും അനുവദിച്ചെങ്കിലും ഈ ചെറുപ്പക്കാരനോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തിന് ചികില്‍സ സൗജന്യമാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതിനാല്‍ തുടര്‍ ചികില്‍സയും പരിശോധനകളും അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ സഹായം വേണം. അജീഷ് പഴയതിലും ഊര്‍ജസ്വലനായി പൊലീസ് സേനയിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും നല്‍കേണ്ട പിന്തുണ അത്യാവശ്യമാണ്. അജീഷിനെ പോലെ നാടിന് സംരക്ഷണം നല്കുന്ന ഒട്ടറെ പൊലീസുകാര്‍ക്ക് ആത്മവിശ്വസം നല്കുന്നതാകണം തീരുമാനം.
ഒക്ടോബറോടെ എത്തുമെന്നു വിദഗ്ധർ പറയുന്ന കോവിഡ് മൂന്നാം തരംഗം അതിജീവിക്കാൻ സംസ്ഥാനത്ത് ഓക്സിജൻ പ്ലാന്റും എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡുകളും സ്ഥാപിക്കും. കോവിഡ് മൂന്നാം തരംഗ പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടിയാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി തുകയും വകയിരുത്തി.
* സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്- ജില്ലാ- ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. പ്രതീക്ഷിക്കുന്ന ചെലവ് ഒരു കേന്ദ്രത്തിന് മൂന്നുകോടി രൂപ. മൊത്തം 636.5 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ എംഎൽഎ മാരുടെ ആസ്തിവികസന ഫണ്ടിൽനിന്നു പണം കണ്ടെത്തും.
* 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്നാണു മറ്റൊരു പ്രധാന പ്രഖ്യാപനം. 1000 മെട്രിക ടണ്‍ സംഭരണ ശേഷിയുള്ള ടാങ്കും അടിയന്തര ആവശ്യങ്ങൾക്ക് ഓക്സിജൻ എത്തിക്കാനുള്ള ടാങ്കറും അടക്കമുള്ള സംവിധാനങ്ങളുണ്ടാകും. സെപ്റ്റംബർ 15 നോടെ ഇതിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കും. വിശ്വാസ്യതയുള്ള സ്വകാര്യ കന്പനികളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾക്കു പദ്ധതി തയാറാക്കും. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 25 ലക്ഷം രൂപ വകയിരുത്തി.
* ആശുപത്രികളിൽ പുനരുപയോഗിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ അടക്കം അണുവിമുക്തമാക്കുന്ന ഓട്ടോക്ലേവ് റൂമുകൾ സെൻട്രൽ സ്റ്റെറൈൽ സപ്ലേ ഡിപ്പാർട്ട്മെന്റായി മാറ്റും. ആദ്യഘട്ടമായി 25 താലൂക്ക്-ജില്ലാ- ജനറൽ ആശുപത്രികളിലാണ് ഓട്ടോക്ലേവ് റൂമുകൾ പരിവർത്തനപ്പെടുത്തുന്നതിന് 18.75 കോടി നീക്കിവച്ചിട്ടുണ്ട്.
* പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ കോളജുകളിൽ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കലാണ് ആറിന പരിപാടിയിൽ മൂന്നാമത്തേത്. കോവിഡ്, എബോള, നിപ്പ തുടങ്ങി വായുവിലൂടെ പകരുന്നതും അതീവ അപകടകാരികളുമായ രോഗങ്ങൾ കൈകാര്യം ചെയ്യാൻ ഇത്തരം കേന്ദ്രങ്ങൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിന് 50 കോടി അനുവദിക്കും.
* സ്ഥല ലഭ്യതയുള്ള ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ശിശുരോഗ ഐസിയു വാർഡുകൾ നിർമിക്കാനും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി 25 കോടി നീക്കിവച്ചു.
* അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന്റെ മാതൃകയിൽ വൈദ്യശാസ്ത്ര ഗവേഷണത്തിനും സാംക്രമിക രോഗ നിവാരണത്തെിനുമുള്ള സ്ഥാപനം സ്ഥാപിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. മികവിന്റെ കേന്ദ്രമായി സജ്ജമാകാനാകുന്ന കേന്ദ്രത്തിന്റെ സാധ്യതാപഠനത്തിനും വിശദമായ പദ്ധതി റിപ്പോർട്ടിനുമായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടത് കാസർഗോട്ടെ ഗുണ്ടാ നേതാവ് ജിയയെന്ന് അധോലോക കുറ്റവാളി രവി പൂജാരി. ലീനയെ ഭീഷണിപ്പെടുത്തിയതിന് ശേഷവും പണം നൽകാതെ വന്നതോടെയാണ് ആക്രമണത്തിന് മുതിർന്നതെന്നും പൂജാരി പറഞ്ഞു. ഇതിനുള്ള സഹായം ചെയ്ത് നൽകിയത് ജിയയാണെന്നും പൂജാരി കൂട്ടിച്ചേർത്തു.
ലീന മരിയ പോളിന്റെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിയ നിലവിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. രമേശ് ചെന്നിത്തല, പി.സി. ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോൺ നമ്പർ നൽകിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
സൗദി അറേബ്യയിലെ നജ്റനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ(31), കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്(28) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ, റിൻസി എന്നിവരെ പരിക്കുകളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന അജിത്തിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .
ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുഴൽപ്പണം കടത്തിയെന്ന ആരോപണം കനക്കുന്നു.
തിരഞ്ഞെടുപ്പിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് മണ്ഡലങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ കുഴൽപ്പണം കടത്തിയെന്നാണ് പ്രധാന ആരോപണം.
കെ. സുരേന്ദ്രൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, പെരുനാട് മാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ് എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. ഈ രണ്ട് ഇടങ്ങളിലും സഹായികൾ ബാഗുകൾ കാറിലേക്ക് മാറ്റിയ ദൃശ്യങ്ങൾ പുറത്ത് വന്നു.
ബാഗിൽ എന്താണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ വിശദീകരണം നൽകണമെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ സോജി ആവശ്യപ്പെട്ടു.
അതേസമയം കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് തിരിയുന്ന ഘട്ടത്തിൽ കെ. സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കും.
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു.
സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു.
ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഷൂട്ടിംഗുകള്‍ നടത്തുന്നതിന് നിരോധനമുണ്ട്. നിയമങ്ങള്‍ പാലിക്കാതെ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച രാജപ്പനെത്തേടി തയ്വാനിൽ നിന്ന് ഏഴുലക്ഷം രൂപയുടെ പുരസ്കാരം. സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനലിന്റെ ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡാണു മഞ്ചാടിക്കരി നടുവിലേക്കര എൻ.എസ്. രാജപ്പനെത്തേടിയെത്തിയത്. 10,000 യുഎസ് ഡോളറാണ് (7,30,100 രൂപ) പുരസ്കാരം. വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ പ്രശംസിച്ചിരുന്നു.
പക്ഷാഘാതം മൂലം കാലുകൾ തളർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടു കായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്വാനിൽ നിന്നു ലഭിച്ച പ്രശംസാപത്രത്തിൽ പറയുന്നു. കുപ്പികൾ പെറുക്കാൻ വലിയ വള്ളവും അന്തിയുറങ്ങാൻ വീടും വേണമെന്നായിരുന്നു രാജപ്പന്റെ ആഗ്രഹം.
ബോബി ചാരിറ്റിബിൾ ട്രസ്റ്റ് പുതിയ വീടു വയ്ക്കുന്നതിനു സഹായം നൽകി. ബോബി ചെമ്മണൂർ നേരിട്ട് എത്തിയാണു സഹായം നൽകിയത്. ബിജെപി നേതാവ് പി.ആർ. ശിവശങ്കറിന്റെ പ്രവാസി സുഹൃത്ത് യന്ത്രം ഘടിപ്പിച്ച വള്ളം നൽകിയിരുന്നു. കൂടാതെ വ്യക്തികളും സംഘടനകളും രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാജപ്പൻ താമസിച്ചിരുന്നു വീട് 2018ലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പിന്നീട് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പൻ താമസിക്കുന്നത്. സഹായിച്ചവരോടെല്ലാം നന്ദിയുണ്ടെന്നു രാജപ്പൻ പറഞ്ഞു.
എറണാകുളം തിരുവാണിയൂരില്‍ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റുമോര്‍ട്ടം ഫലം. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നും അതിനാല്‍ പാറക്കുളത്തിലെറിഞ്ഞെന്നുമായിരുന്നു അമ്മ ശാലിനിയുടെ മൊഴി. മരണത്തില്‍ വ്യക്തതവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി.
എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാത ശിശുവിനെ പാറക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ അമ്മ ശാലിനിയുടെ വാദങ്ങളെല്ലാം തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം ഫലം. പ്രസവത്തോടെ മരിച്ചുവെന്ന് ശാലിനി പറഞ്ഞ കുട്ടിക്ക് ജീവനുണ്ടായിരുന്നു. പ്രകടമായ ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താനായില്ല. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. തുണിയില്‍പൊതിഞ്ഞ് പാറക്കുളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴും കുഞ്ഞിന് ജീവനുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നവജാത ശിശുവിനെ രഹസ്യമായി മറവുചെയ്തതിനാണ് നേരത്തേ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
മരണത്തില്‍ വ്യക്തവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി. ചൊവ്വ രാത്രിയിലാണ് നാല്പതുകാരിയായ ശാലിനി ആണ്‍കുട്ടിയെ പ്രസവിച്ചത്. വയറുവേദനയെന്ന് മകനോട് പറഞ്ഞശേഷം വീടിന് പുറത്തേക്കുപോയ ശാലിനി റബ്ബര്‍തോട്ടത്തില്‍ കിടന്ന് പ്രസവിച്ചു. അതിനുശേഷം കുട്ടിയെ തുണിയില്‍പൊതിഞ്ഞ് വീടിന് അടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. രക്തസ്രാവം നിലയ്ക്കാതിരുന്നതിനാല്‍ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ റിമാന്‍ഡിലുള്ള ശാലിനിയെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം. ഗര്‍ഭിണിയാണെന്ന വിവരം പുറത്തുപറഞ്ഞിരുന്നില്ല.
പ്രിയപാപ്പാനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ എത്തിയ ആന പല്ലാട്ട ബ്രഹ്മദത്തന് എത്തിയത് ഇന്ന് നോവ് കാഴ്ചയാവുകയാണ്. മൂന്ന് പതിറ്റാണ്ടായി തന്നെ സ്നേഹിച്ചും പരിപാലിച്ചും കൊണ്ടുനടന് ഓമനച്ചേട്ടനാണ് യാത്രാമൊഴി നല്കാന് ബ്രഹ്മദനത്തന്‍ എത്തിയത്. ചലമറ്റ മൃതദേഹത്തിന് മുന്നില്‍ ബ്രഹ്മദനത്തന്‍ തുമ്പികൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു.
ഇത് കണ്ട് ഓമനച്ചേട്ടന്(74കാരന് ദാമോദരന്‍നായര്‍) മക്കളായ രാജേഷും പ്രിയയും പ്രീതയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. രാജേഷ് ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് കരഞ്ഞപ്പോഴും വികാരനിര്‍ഭര നിമിഷങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണു. പത്തുമിനിറ്റോളം നീണ്ടു നാടിനെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ നിമിഷങ്ങള്‍.
അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ദാമോദരന്‍നായരുടെ അന്ത്യം. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ഓമനച്ചേട്ടന് എന്ന ദാമോദര്‍നായര്‍. ആറുപതിറ്റാണ്ടോളമായി ഓമനച്ചേട്ടന് ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകള്‍ തിരികെ സ്നേഹം നല്കുന്ന അപൂര്‍വം പാപ്പാന്മാരില് ഒരാളായിരുന്നു ഓമനച്ചേട്ടന്.
ബ്രഹ്മദത്തന് പുതുപ്പള്ളിയിലായിരുന്നപ്പോഴും ഇപ്പോള്‍ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ 30 വര്‍ഷമായി പാപ്പാന് ഓമനച്ചേട്ടന് തന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു.
ഇവരുടെ സ്നേഹപ്രകടനങ്ങള്‍ ആരെയും ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും പോയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടന് മരിച്ചതിനെത്തുടര്‍ന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും ചേര്‍ന്നാണ് മേലമ്പാറയില്‍നിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിച്ചത്.
കൊവിഡ് ബാധിച്ച് അച്ഛന് മരിച്ചതറിയാതെ പത്തുവയസുകാരി മകള്‍ കാത്തിരിക്കുകയാണ്. ഒപ്പം കളിക്കാനും കൊഞ്ചാനും. എന്നാല്‍ തന്റെ അച്ഛന് ഒരിക്കലും തിരിച്ചുവരില്ലെന്ന സത്യം പറയാന്‍ മടിച്ച് നെഞ്ചുനീറി കഴിയുകയാണ് അമ്മ ദീപ ജയന്. അച്ഛന് ജോലിയുടെ ആവശ്യത്തിന് പോയതാണെന്നും തിരിച്ചുവരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് മാതൃസഹോദരിയുടെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ് 10വയസുകാരി മകളെ.
കൊച്ചിന് ഷിപ് യാര്‍ഡില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന ജയന് രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് കഴിഞ്ഞ മാസം പത്തിന്. ശരീരം തിരുവനന്തപുരം ശാന്തികവാടത്തില്‍ ദഹിപ്പിച്ചു. ചിതാഭസ്മം മകള്‍ കാണാതെ വീട്ടില്‍ത്തന്നെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അച്ഛനുണ്ട് എന്ന സുരക്ഷിതത്വബോധം നഷ്ടപ്പെടാതെ അവള് ജീവിക്കട്ടെയെന്നാണ് ദീപ നിറകണ്ണുകളോടെ പറയുന്നത്.
മുന്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് ആദ്യം സമൂഹമാധ്യമങ്ങളില്‍ ജയന്റെ മരണ വാര്‍ത്ത പങ്കുവച്ചത്. ജയന്റെ പെട്ടെന്നുള്ള വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ദീപയ്ക്ക്. രോഗം രൂക്ഷമാകുന്നെന്നും മരണം തൊട്ടടുത്തുണ്ടെന്നും തിരിച്ചറിഞ്ഞ് കലക്ടറേറ്റ് മുതല്‍ മുകളിലേക്കുള്ള പല ഉദ്യോഗസ്ഥരോടും വിളിച്ചു കരഞ്ഞിട്ടും ജയന് മകളുടെ സുരക്ഷയെ കരുതി തന്നോടൊരു വാക്കു പോലും പറഞ്ഞില്ലെന്ന് ദീപ പറയുന്നു. അടുത്ത പ്രമോഷനില്‍ ഡയറക്ടര്‍ പദവിയിലെത്തേണ്ട ജയന്റെ മരണത്തില്‍ നിഗൂഢതകള്‍ സംശയിക്കുന്ന അവര്‍ അതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നും ദീപ പറയുന്നു.