തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് മേയ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മേയ് 15 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരത്തും പാലക്കാട്ടും യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു.
ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്‌കിന് 22 രൂപയും സർജിക്കൽ മാസ്‌കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ.
വിലവിവര പട്ടിക:
∙ പിപിഇ കിറ്റ്– 273രൂപ
∙ എൻ95 മാസ്ക്– 22രൂപ
∙ ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ
∙ ഫേസ് ഷീൽഡ്– 21രൂപ
∙ ഏപ്രൺ– 12 രൂപ
∙ സർജിക്കൽ ഗൗൺ– 65രൂപ
∙ പരിശോധനാ ഗ്ലൗസ്– 5.75രൂപ
∙ സാനിറ്റൈസർ (500 മില്ലി)– 192രൂപ
∙ സാനിറ്റൈസർ (200 മില്ലി) – 98രൂപ
∙ സാനിറ്റൈസർ (100 മില്ലി) – 55രൂപ
∙ എൻആർബി മാസ്ക്– 80രൂപ
∙ ഓക്സിജൻ മാസ്ക്– 54രൂപ
∙ ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്ററിന് –1520രൂപ
∙ ഫിംഗർടിപ് പൾസ് ഓക്സീമീറ്റർ–1500രൂപ
തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ദുരിതമാകുന്നത്.
ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും കടലാക്രമണം ശക്തമായാണ് തുടരുന്നത്. വീടുകളും മതിലുകളും തകര്‍ന്നു.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തുടരുന്ന മഴ വലിയ ദുരിതമാണ് തീരദേശവാസികള്‍ക്കുണ്ടാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡല്‍ഹിയിൽ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഹമാസ് ഷെല്ലാക്രമണത്തിൽ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം.
ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.
മട്ടാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. മകനെ വടികൊണ്ട് അടിച്ചും തലകുത്തനെ നിര്‍ത്തി മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഇതുകൂടാതെ അടിയേറ്റ് നിലത്തുവീണ മകനെ നിലത്തിട്ടു തന്നെ ചവിട്ടി കൂട്ടുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, ക്രൂരത വീട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം തള്ളിമാറ്റിയാണ് പിതാവ് അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ പിതാവ് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടു വയസ്സുള്ള കുട്ടിക്കാണ് ക്രൂരമര്‍ദനം ഏറ്റത്. തളര്‍ന്നുവീണ് കിടക്കുന്ന കുട്ടിയെ എഴുന്നേല്‍പ്പിച്ച് വീണ്ടും സുധീര്‍ മര്‍ദ്ദിക്കുന്നുണ്ട്.
ഭിന്നശേഷിക്കാരനായ കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതാണ് മൃഗീയപീഡനത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തും.
കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു.തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
‘അതിജീവനം” കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കാൻസർ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം.തന്റെ രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചുമൊക്കെ നന്ദു സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
രോഗത്തെ ചിരിയോടെ നേരിട്ട് ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
അവസാന ദിവസങ്ങളില്‍ നന്ദുവിന്റെ ശ്വാസകോശത്തെയും ക്യാന്‍സര്‍ ബാധിച്ചിരുന്നു.
മാനന്തവാടി കമ്മന കുരിശിങ്കലിനടുത്തുവച്ച് കാൽനടയാത്രികയായ ഏഴു വയസുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കൽ സന്തോഷ്-സിജില ദന്പതികളുടെ മകൾ മഗൽസ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദേശവാസിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറാട്ടുത്തറ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും. ഇതിനായുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി മുരളിധരനെ അറിയിച്ചു.
ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍ എത്തിയ്ക്കുക. ഡല്‍ഹിയില്‍ നാളെ പുലര്‍ച്ചയോടെ എത്തുന്ന മ്യതദേഹം തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ട് വരും.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു. പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണമെന്നാണ് എംബസിയുടെ നിര്‍ദേശം.
അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.
അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്.
ധനപാലന്റെയും ജലജയുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു വീട്. ഒടുവില്‍ ആഗ്രഹം സാക്ഷാത്കരിച്ചിട്ടും കൊതിതീരുവോളം അവിടെ താമസിക്കാന്‍ ഇരുവര്‍ക്കുമായില്ല. അതിനിടെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. പുതുതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ താമസിക്കാനായി വീണ്ടും യാത്ര തിരിക്കുമ്പോള്‍ അത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് ധനപാലനും ഭാര്യയും കരുതിയിട്ടുണ്ടാകില്ല.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം വെളിയം ആരൂര്‍ക്കോണം ‘അശ്വതി’യില്‍ ധനപാലനും(59), ഭാര്യ ജലജ ധനപാലനും(48) മരിച്ചത്. നാട്ടിലെ എന്ത് ആവശ്യത്തിനും താങ്ങായും തണലായും ഉണ്ടായിരുന്ന ധനപാലന്‍ വിശാഖപട്ടണം മലയാളി അസോസിയേഷന്‍ പ്രസിഡന്റു കൂടിയായിരുന്നു.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ആന്ധ്ര പ്രസിഡന്റ് ആയിരുന്നു സ്വകാര്യ കമ്പനി ഉടമയായ ധനപാലന്‍. ലോക കേരള സഭയിലും അംഗമായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു കുടുംബസമേതമായി താമസിച്ചുവന്ന ധനപാലന്‍, നാട്ടില്‍ പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുനാള്‍ നില്‍ക്കാനായാണ് കഴിഞ്ഞ ദിവസം വന്നത്.
മകളുടെ പരീക്ഷ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം, ധനപാലനും കുടുംബവും നാട്ടിലേക്ക് തിരിച്ചത്. പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ കുറച്ചുദിവസം താമസിച്ചു മടങ്ങി പോകുകയായിരുന്നു ഉദ്ദേശം. വിശാഖപട്ടണത്തു സ്ഥിരതാമസമാക്കിയ മറ്റു രണ്ടു മലയാളി കുടുംബങ്ങള്‍ക്കൊപ്പം രണ്ടു വാഹനങ്ങളിലായാണ് ഇവര്‍ വന്നത്.
ധനപാലനും ജലജയും സഞ്ചരിച്ചിരുന്ന കാര്‍, മധുരയ്ക്ക് അടുത്തുവെച്ച് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്നിലും പിന്നിലുമായി ഒരുവശത്ത് ഇരുന്ന ധനപാലനും ഭാര്യയും തല്‍ക്ഷണം മരണപ്പെട്ടു. ഇവരുടെ മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി അശ്വതിയും പത്താം ക്ലാസ് വിദ്യാര്‍ഥി അനുഷും ഡ്രൈവറും അപകടത്തില്‍ അത്ഭുതകരമായി രക്ഷപെട്ടു.
ആന്ധ്രാ സര്‍ക്കാരിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വ്യാഴാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ ഇരുവരുടെയും മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. കഴിഞ്ഞ പ്രളയകാലത്തും, പിന്നീട് കോവിഡ് മഹാമാരി ആദ്യമായി പടര്‍ന്നു പിടിച്ചപ്പോഴും നാടിന് സഹായവുമായി ധനപാലന്‍ രംഗത്തുവന്നിരുന്നു.
അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഇളയമകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയെന്ന് കുടുംബം.
ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ വെമ്ബായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ ഒരു മാധ്യമത്തോട് പറഞ്ഞു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറഞ്ഞു.
”പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല.
എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം,’ രേഷ്മ പറഞ്ഞു.
അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി. ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.