Kerala

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ​​ഗാന്ധി കോഴിക്കോട് ഓട്ടോയിൽ യാത്ര ചെയ്തത് ഹെലികോപ്ടർ വഴിമാറി ഇറങ്ങിയത് മൂലം.

രാഹുൽ ഗാന്ധി വന്ന ഹെലികോപ്ടർ ഇറങ്ങിയത് മുൻ നിശ്ചയിച്ച സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്റർ മാറി ഹെലികോപ്ടർ ഇറങ്ങിയത് ​ഗുരുതര സുരക്ഷാ വീഴ്ചയായി.

കോഴിക്കോട് ബീച്ച് ഹെലിപാടിൽ ഇറങ്ങേണ്ടതിന് പകരം ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. തുടർന്ന് രാഹുൽ ഗാന്ധി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് ലക്ഷ്യ സ്ഥാനത്തെത്തുകയായിരുന്നു.

സ്ഥലംമാറിപ്പോയതറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും സർക്കാർ വാഹനമായതിനാൽ പോലീസ് വാഹനത്തിൽ കയറാൻ രാഹുൽ തയ്യാറായില്ല.

രാഹുൽഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സെക്യൂരിറ്റിഗാർഡും അതിൽകയറി ബീച്ച് മറൈൻ ഗ്രൗണ്ടിലെത്തി. അവിടെനിന്ന് കാറിലാണ് പുതിയകടവ് ബീച്ചിലേക്ക് എത്തിയത്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (9.98 കോടി രൂപ) കണ്ണൂർ പയ്യന്നൂർ കോതടിമുക്ക് സ്വദേശിയും ബഹ്റൈനിലെ അൽമറായ് കമ്പനി ഏരിയാ സെയിൽസ് മാനേജറുമായ രാമൻ നമ്പ്യാർ മോഹനന് ലഭിച്ചു.

രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികിത്സയ്ക്കും തുക വിനിയോഗിക്കുമെന്ന് രാമൻ നമ്പ്യാർ  പറഞ്ഞു.

26 വർഷമായി ഗൾഫിലുള്ള ഇദ്ദേഹം 11 വർഷമായി ബഹ്റൈനിലാണ്. 2014ൽ ഹൃദയാഘാതംമൂലം ഭാര്യ മരിച്ചു. മൂത്ത മകൻ ചെന്നൈയിൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ്. ഇളയ മകൻ ബഹ്റൈനിലുണ്ട്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി ദിർഹം (19.97 കോടി രൂപ) അൽഐനിൽ ഗാരേജ് നടത്തിവരുന്ന ബംഗ്ലദേശ് പൗരൻ ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചു. ബംഗ്ലദേശിലുള്ള കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരും. മക്കളുടെ ഭാവിക്കായി നല്ലൊരു തുക നിക്ഷേപിക്കും. ബാക്കിയുള്ളത് യുഎഇയിൽ നിക്ഷേപിക്കുമെന്നും ഷാഹിദ് പറഞ്ഞു.

കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 2 യുവതികൾ അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയശാല മൈലാ‌ടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ് . പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ ഇവിടെയെത്തിയ അപ്പാർട്മെന്റിന്റെ മാനേജരാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ശരീരത്തിൽ എഴുപതോളം മുറിവുകൾ കണ്ടെത്തി. സംഭവ സമയം 2 യുവതികളും 4 പുരുഷന്മാരും അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു.

ഒരു മാസം മുൻപാണ് ഇവർ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കരമന പൊലീസ് അറിയിച്ചു.

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 69 വയസായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയന്‍.’ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.

സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍.

മഞ്ചേശ്വരം മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് നീക്കുപോക്കിന് തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മഞ്ചേശ്വരത്ത് പിന്തുണയ്ക്കാമെന്ന് അറിയിച്ച എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നും പകരം എൽഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണം എന്നുമാണ് മുല്ലപ്പള്ളിയുടെ ആവശ്യം.

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ശക്തമായ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കാമെന്ന് എസ്ഡിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ട് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നുമാണ് എസ്ഡിപിഐ നേതൃത്വം അറിയിച്ചിരുന്നത്.

എന്നാൽ എസ്ഡിപിഐയുടെ പിന്തുണ തങ്ങൾക്ക് വേണ്ടെന്നും ഒരു വർഗീയ കക്ഷികളുമായും മുസ്‌ലിം ലീഗ് കൂട്ടുകൂടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവാഹാജി അറിയിക്കുകയായിരുന്നു.

വരും ദിവസങ്ങളിൽ മുസ്‌ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്ഡിപി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫും ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ തള്ളി ലീഗ് രംഗത്തെത്തിയത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

അയൽവീട്ടിലെ കുട്ടിയുടെ സൈക്കിൾ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പോലീസ് സൈക്കിൾ വാങ്ങി നൽകി. ഷോളയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷോളയൂർ പോലീസ് സ്റ്റേഷനിൽ മൂന്നാംക്ലാസുകാരനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

എന്നാൽ സൈക്കിൾ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് പ്രശ്‌നം മാതൃകാപരമായി പരിഹരിക്കുകയായിരുന്നു. പരാതിക്കാർക്ക് സൈക്കിൾ തിരികെ നൽകിയതിന് പിന്നാലെ കുട്ടിക്ക് പോലീസ് സൈക്കിൾ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കൃഷ്ണയാണ് കുട്ടിയ്ക്ക് സൈക്കിൾ വാങ്ങി നൽകാൻ തീരുമാനിച്ചു. ഗൂളിക്കടവിലെ ലത്തീഫ് എന്നയാളുടെ സൈക്കിൾ കടയിൽ എത്തി സൈക്കിൾ വാങ്ങാനൊരുങ്ങുമ്പോൾ സംഭവമറിഞ്ഞ ലത്തീഫ് സൈക്കിൾ സൗജന്യമായി നൽകുകയായിരുന്നു.

സൈക്കിൾ കടയുടമ ലത്തീഫാണ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോലീസിന്റെയും കടയുടമയുടെയും നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായെത്തിയത്.

പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയത്ത് വന്നേരി ഹൈസ്‌കൂളിന് മുന്നിലെ കടയിൽ നിന്ന് സൈക്കിൾ വാടകക്കെടുത്ത് ഓടിച്ച തന്റെ അനുഭവവും ലത്തീഫ് പോസ്റ്റിൽ പങ്കുവെച്ചു. ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ ഓഫീസർ വിനോദ് കൃഷ്ണയും തന്നോട് പറഞ്ഞുവെന്ന് ലത്തീഫിന്റെ പോസ്റ്റിൽ പറയുന്നു.

വീണ്ടും മുഖ്യമന്ത്രിയാകുമെന്ന വാദവുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. താൻ എത്തിയ ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണെന്നും ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും ശ്രീധരൻ ആവർത്തിച്ചു. താൻ എത്തുന്നതിന് മുൻപ് നടത്തിയ സർവേകളായതിനാലാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ബിജെപിയിൽ ചേർന്ന ശേഷം ബിജെപിയുടെ മുഖച്ഛായ തന്നെ മാറി. 15 ശതമാനം വരെ അധികം വോട്ട് കിട്ടും. 32 ശതമാനമൊക്കെ വോട്ട് കിട്ടിയാൽ അധികാരത്തിൽ വരാൻ ഒരു പ്രശ്‌നവുമില്ല. നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ഇനി അധികാരത്തിൽ വന്നില്ലെങ്കിൽ തന്നെ ഞാൻ കിങ് മേക്കറാകും. ബിജെപി ജയിച്ചാൽ അവരാണ് നിശ്ചയിക്കേണ്ടത് ആരാണ് മുഖ്യമന്ത്രി ആവേണ്ടതെന്ന്. ഞാൻ ആവശ്യപ്പെടില്ല. അവർ നിശ്ചയിക്കുകയാണെങ്കിൽ ഏറ്റെടുക്കാൻ ഒരു മടിയുമില്ല എനിക്ക്,’- ശ്രീധരൻ പറഞ്ഞു.

കൂടാതെ സർവേകളെല്ലാം കൃത്രിമം ആണെന്നും താൻ ബിജെപിയിൽ ചേരുന്നതിന് മുൻപാണ് സർവേകൾ പുറത്തുവന്നിട്ടുള്ളത് അതിനാൽ അതൊന്നും കണക്കിലെടുക്കേണ്ടെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. രാജ്യത്ത് പൊതുവിൽ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തെരഞ്ഞെടുപ്പിൽ സഹായകരമാകുമെന്നും, സംസ്ഥാനത്ത് ബിജെപിക്കും ഇത് സഹായകരമാകുമെന്നും ശ്രീധരൻ നേരത്തേ പറഞ്ഞിരുന്നു.

‘മാറി മാറി വന്ന ഇടത് വലത് സർക്കാരുകൾ കേരളത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. തമിഴ്‌നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. എന്നാൽ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണ്,’-ശ്രീധരൻ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡില്‍ റോസാപ്പൂവുമായി കാത്തു നിന്ന പെണ്‍കുട്ടിയെ നിരാശയാക്കാതെ രാഹുല്‍ ഗാന്ധി.

രാഹുലിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെണ്‍കുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെണ്‍കുട്ടി കൈയിലിരുന്ന പൂ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.

കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിര്‍ത്തി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി വാഹനത്തിന് മുമ്പില്‍ നിലയുറപ്പിച്ചു.

മാത്രമല്ല, പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച രാഹുല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ പൂ വാങ്ങി. അല്‍പ്പ നേരത്തിന് ശേഷം യാത്ര തുടരുകയും ചെയ്തു.

വിജയ് തോട്ടത്തില്‍ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന് തിരിച്ചടി. കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി.സി. ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

എം.എൽ.എയെ പുറത്താക്കിയെന്ന് വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ളവാർത്താസമ്മേളനത്തില് പറഞ്ഞു. ഭാസ്കരപിള്ളയാണ് പാർട്ടിയുടെ പുതിയ ചെയർമാൻ.

തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വൈസ് ചെയർമാൻ റജി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ.എ. നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പക്കണമെന്നും ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.

ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫെയ്സ്ബുക്ക്​ ​​ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.

കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും.

പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്​. തൻറെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്​. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. 10 വർഷം മണ്ഡലം ഭരിച്ചവർ വികസനകാര്യങ്ങൾ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.

Copyright © . All rights reserved