Kerala

‘റാസ്പുടിൻ’ ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ച് സോഷ്യൽമീഡിയയിൽ വൈറലായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങളെ തള്ളി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സോഷ്യൽമീഡിയയുടെ ഹൃദയം കവർന്ന നവീൻ കെ റസാഖിനും ജാനകി ഓം കുമാറിനും എതിരെ മതം പറഞ്ഞുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനവുമായി രംഗത്തെത്തിയത്.

കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്. സംഗതി പൊരിച്ചൂ ട്ടാ… എന്നു പറഞ്ഞാണ് ബിജെപി വക്താവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:

തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീൻറെയും ഡാൻസ് വീഡിയോ… പല തവണ ആവർത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്‌സ്പ്രഷൻസ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…

അവരുടെ ഒരു ഇൻറർവ്യൂവിൽ വെറും രണ്ടു മണിക്കൂർ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീൻ റസാഖിനും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാൻ കഴിയട്ടെ ഇരുവർക്കും.
തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..

വീണ്ടും ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളർ ഏകദേശം ഏഴ് കോടി രൂപ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയർ ആന്റ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പാണ് ജോർജിനെ തുണച്ചത്.

ദുബായി വിമാനത്താവളത്തിൽ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോർജ് കോടിപതിയായത്. ജോർജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.

മൂവാറ്റുപുഴയിലെ കർഷക കുടുംബത്തിലെ അംഗമായ ജോർജ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്. നാട്ടിൽ ഏറെക്കാലം കൃഷിപ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോർജ് വിദേശത്തേക്ക് പോയത്. ഏഴ് വർഷമായി ദുബായിയിൽ താമസിച്ചു വരികയാണ് ജോർജ്.

കുടുംബത്തിന്റെയും ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പിൽ താൻ വിജയിയാകാൻ കാരണമെന്നാണ് ജോർജ് പ്രതികരിച്ചു.

സംസ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്. എസ്എസ്എൽസി, പ്ലസ് ടു, പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. വെള്ളിയാഴ്ച വിഎച്ച്എസ്ഇ പരീക്ഷയും ആരംഭിക്കുന്നതോടെ ഈ മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

എസ്എസ്എൽസി പരീക്ഷ 29നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 26നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.

4,46,471 പേരാണ് 2004 കേന്ദ്രങ്ങളിലായി ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വികെഎംഎം എച്ച്എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്.

വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്എസ്എൽസി പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40നു തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ 9.40നാണ്.

അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം പരീക്ഷകളുടെ നടത്തിപ്പ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാർത്ഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാകേന്ദ്രത്തിലൊരുക്കും. വിദ്യാർത്ഥികളെ കൂട്ടംകൂടാൻ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികൾക്കുമുന്നിലും വിദ്യാർത്ഥികൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാൻ.

ക്ലാസ് മുറികളിൽ വെച്ച് പേന, ഇൻസ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർത്ഥിയും ഇൻവിജിലേറ്ററും പിപിഇ കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ ഒരുക്കും.

പുലർച്ചയോടെ വീട്ടിൽ നവിന്നും പരീക്ഷയെഴുതുന്നതിനായി പുറപ്പെട്ട യുവതിയെ തലയ്ക്ക് വെട്ടേറ്റ് ചോര വാർന്ന നിലയിൽ വഴിയിൽ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോണിനെയാണ്(26) വെട്ടേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയ ടിന്റുവിനെ 150 മീറ്റർ അകലെയാണ് പരിക്കേറ്റ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയിൽ കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പെൺകുട്ടിയുടെ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഈ കുടുംബം ഏറ്റുമാനൂർ സ്വദേശികളാണ്. സംഭവത്തിൽ ദുരൂഹതയുെണ്ടന്ന് പോലീസ് പറഞ്ഞു. പാലാ സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.

ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഗായകന്‍ സുദീപ് കുമാര്‍. ഒമ്പതാം തവണയാണ് ഗായികക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവാന്‍ ഒരുങ്ങുകയാണ് മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം. ഇതിനു മുമ്പും ഇതു പോലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ സമം നല്‍കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.

കലാകാരന്മാര്‍ക്ക് എതിരെയുണ്ടാകുന്ന വ്യാജ പ്രചാരണങ്ങളോടും അപകീര്‍ത്തിപ്പെടുത്തലുകളോടും മൗനം പാലിക്കേണ്ട ആവശ്യമില്ല. ജാനകിയമ്മയെ കുറിച്ച് പ്രചരിക്കുന്ന ഈ വാര്‍ത്തകള്‍ക്കെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനം. ഈ പ്രചാരണം നടത്തിയവര്‍ മനഃസമാധാനത്തോടെയിരിക്കാം എന്നു വിചാരിക്കേണ്ട എന്ന് സമം പ്രസിഡന്റ് കൂടിയായ സുദീപ് കുമാര്‍ പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ കണ്ട് ഗായിക കെ.എസ് ചിത്ര സംസാരിച്ചതിനെ കുറിച്ചും സുദീപ് വ്യക്തമാക്കി. ഇന്നലെ വളരെ ഹൃദയവേദനയോടെ ചിത്ര ചേച്ചി സംസാരിച്ചു. ജാനകിയമ്മയുമായി അമ്മ-മകള്‍ ബന്ധം പുലര്‍ത്തുന്നയാളാണ് ചിത്ര ചേച്ചി. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുന്നത് ഏറെ വേദനിപ്പിക്കുന്നു. ജാനകിയമ്മയെ കുറിച്ചു ചോദിക്കാനായി മകന്‍ മുരളി കൃഷ്ണനെ വിളിക്കാന്‍ മടിയാണ്.

കാരണം, ഇതു പല തവണയായി സംഭവിക്കുന്നു. ജാനകിയമ്മയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരാളെ ചിത്ര ചേച്ചി വിളിച്ചു സംസാരിച്ചു. കഴിഞ്ഞ ദിവസം കൂടി ജാനകിയമ്മയെ വിളിച്ചു വിശേഷങ്ങള്‍ തിരക്കിയതാണെന്നും അവര്‍ പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്.

കാര്യം എന്താണെന്ന് ബന്ധുക്കളെപ്പോലും വിളിച്ചു ചോദിക്കാനുള്ള മാനസികാവസ്ഥ ആയിരിക്കില്ല. വിവാദങ്ങളിലൊന്നും ഇടപെടാത്ത ജാനകിയമ്മയോട് മലയാളികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദേഷ്യമേ വിരോധമോ ഉണ്ടാകേണ്ടതിന്റെ ആവശ്യമില്ല. വിദ്യാസമ്പന്നരെന്ന് വാദിക്കുന്ന മലയാളികള്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഏറ്റവും വലിയ വിരോധാഭാസമാണ് എന്നും സുദീപ് പറഞ്ഞു.

കണ്ണൂരിലെ പുല്ലൂക്കരയില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.

വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷമാണ് മൻസൂറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

22കാരനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വെച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന്‍ വരെ ഭൂരിപക്ഷത്തെ കുറിച്ച് എന്തും പറയാം.

പക്ഷേ ഇനി പറയുന്ന കണക്ക് തെറ്റാന്‍ പാടില്ല. ബൂത്തുകളില്‍ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പിസി ജോര്‍ജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

എസ്ഡിപിഐ എതിര്‍ത്തത് ഗുണം ആയി. ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങള്‍ തനിക്ക് അനുകൂലമായി വലിയ പിന്തുണ നല്‍കി. ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടി. ബിജെപിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല.

എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു. പൂഞ്ഞാറില്‍ രണ്ടാമത് ആര് എത്തുമെന്ന് പറയാന്‍ ആകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പാലായില്‍ മാണി സി കാപ്പന്‍ വിജയിക്കും. മാണി സി കാപ്പന്‍ ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്നു. നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറവായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയം ജില്ലയിലെ ഫലം പിസി ജോര്‍ജ് പ്രവചിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വാസവന്‍ ജയിക്കും. കടുത്തുരുത്തിയില്‍ മോന്‍സിന്റെ നില പരുങ്ങലിലാണ്.

കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ ജയരാജോ ജയിക്കും. വൈക്കത്ത് ആശയും പാലായില്‍ മാണി സി കാപ്പനും പൂഞ്ഞാറില്‍ പിസി ജോര്‍ജും ജയിക്കുമെന്നുമാണ് പ്രവചനം.

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കെന്ന് കുട്ടിയുടെ പിതാവ്. അമ്മയും രണ്ടാനച്ഛനായ കാമുകനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും പിതാവ് പറഞ്ഞു.

തന്റെയൊപ്പം രാജപാളയത്ത് താമസിച്ചിരുന്ന കുട്ടിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. രണ്ടാനച്ഛന്‍ കുട്ടിയെ മുന്‍പും പല തവണ ഉപദ്രവിച്ചിരുന്നു. കൊലപാതകത്തില്‍ ഭാര്യക്കും പങ്കുണ്ടെന്നുമാണ് ഇയാളുടെ ആരോപണം.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചതോടെ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.

അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആദ്യം തമിഴ്‌നാട്ടില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ സാമ്പത്തികാവസ്ഥ മോശമാണന്ന് അറിഞ്ഞതോടെ പോലീസും നഗരസഭ അധികൃതരും ചേര്‍ന്ന് മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു.

ഷെറിൻ പി യോഹന്നാൻ

മാക്ബത്ത് – മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും ആവിഷ്കാരമാണ് ഷേക്സ്പിയറിന്റെ ഈ ദുരന്ത നാടകം. ട്രാജഡി ഓഫ് അംബീഷൻ എന്നാണ് മാക്ബത്തിനെ വിശേഷിപ്പിക്കുന്നത്. മാക്ബത്തിനെ അടിസ്ഥാനമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്നു എന്നറിയുമ്പോഴേ പ്രതീക്ഷകൾ ഉയരും. പോത്തേട്ടനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും ഫഹദും മാക്ബത്തും ഒരുമിക്കുമ്പോൾ ഒരു മോഡേൺ മാസ്റ്റർപീസ് ആണ് മലയാളികൾക്ക് ലഭിക്കുന്നത്.

പനച്ചേൽ കുടുംബത്തിൽ അപ്പനാണ് സർവ്വശക്തൻ. മൂന്ന് ആൺമക്കളിൽ മൂത്ത രണ്ട് പേരും കച്ചവടവുമായി മുന്നോട്ട് പോകുമ്പോൾ ഇളയവനായ ജോജിക്ക് അതിലൊന്നും വലിയ താല്പര്യമില്ല. എങ്കിലും മനസിലെ ആഗ്രഹങ്ങൾക്ക് (അത്യാഗ്രഹങ്ങൾക്ക്) യാതൊരു കുറവുമില്ല. ഇതൊരു ഒടിടി ചിത്രം ആണെന്ന് ആദ്യമേ ഉറപ്പിച്ചാണ് പോത്തേട്ടൻ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകന് കയ്യടിക്കാൻ സീനുകൾ ഇട്ടുനൽകേണ്ട ആവശ്യമില്ലായിരുന്നു. ജോജി ഒരു ട്രാജഡിയാണ്. പെർഫെക്ട് ട്രാജഡി…!

പ്രകടനങ്ങളിൽ ഫഹദ് തന്നെയാണ് ഗംഭീരം. ദിലീഷ് – ഫഹദ് തുടർച്ചയായി മൂന്നാമത്തെ ചിത്രത്തിലും ഒന്നിക്കുമ്പോൾ മുൻ ചിത്രങ്ങളിലെ പ്രകടനത്തോട് സാമ്യം തോന്നാതിരിക്കുക എന്നതാണ് പ്രധാനം. വളരെ സുന്ദരമായാണ് ജോജിയിൽ അത് പരിഹരിക്കപ്പെടുന്നത്. ജോജി മുണ്ടക്കയം എന്ന നടന്റെ പ്രകടനമാണ് പിന്നീട് എടുത്തുപറയേണ്ടത്. ബാബുരാജ്, ബേസിൽ, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും ഗംഭീരപ്രകടനം. ലേഡി മാക്ബത്തിന്റെ സ്ഥാനമാണ് ഉണ്ണിമായയ്ക്ക്. കഥ നടക്കുന്ന ഇടങ്ങളെ കൃത്യമായി എസ്റ്റബിളിഷ് ചെയ്യാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്. ഷേക്സ്പിയർ ദുരന്ത നാടകങ്ങളിലെ സംഗീതത്തോട് സാമ്യം തോന്നിയ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കൃത്യമായ രാഷ്ട്രീയം ഉള്ളിലൊളിപ്പിക്കുന്ന കഥയിലെ ചില സംഭാഷണങ്ങൾ തീവ്രമാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയുടെ ശക്തി പ്രേക്ഷകൻ അനുഭവിക്കുന്നത് കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറിയിലൂടെയാണ്.

Spoiler Alert

“നീ ഒരു മാസ്ക് എടുത്ത് വച്ചിട്ട് വാ” എന്ന് ബിൻസി പറയുമ്പോഴുള്ള ഫഹദിന്റെ പ്രകടനവും ഇന്റൻസായ പശ്ചാത്തലസംഗീതവും ശ്രദ്ധിച്ചാൽ സിനിമയുടെ റേഞ്ച് മനസിലാകും. “നിനക്കൊക്കെ എന്നും സ്ലാബിന്റെ മേളിൽ ഇരുന്ന് കഴിക്കാനാ വിധി”.. ഈ സംഭാഷണത്തിലൊക്കെ സിനിമ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട്. സ്ലോ ആയ കഥപറച്ചിൽ ഒരിടത്തും പകച്ചുനിൽക്കുന്നതായി തോന്നിയില്ല. അത് ജോജിയുടെ വിടർന്നു വരുന്ന കണ്ണുകൾ വരെയും.

മൂന്നാമതും ഒരു പോത്തേട്ടൻ ബ്രില്ല്യൻസ്. ദിലീഷ് പോത്തന്റെ മറ്റു രണ്ട് ചിത്രങ്ങളെയും അധികം ഇഷ്ടപെടുന്ന ഒരാൾ ആയതിനാൽ തന്നെ ജോജിയും അതിനൊപ്പം ചേരാൻ അർഹതയുള്ള ചിത്രമാണ്. ജോജിയിൽ നിറയുന്നത് നമ്മുടെ സമൂഹമാണ്. ജോജിയിലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാൻ ആണ്.. നീയുമാണ്. ഒറ്റപെട്ട വീടും, അപ്പനും മക്കളും അവരുടെ ബന്ധവുമൊക്കെ കെ ജി ജോർജിന്റെ ഇരകളെ ഓർമിപ്പിച്ചു. 85ൽ ഇറങ്ങിയ ഇരകൾ ഒരു ക്ലാസ്സിക്‌ ആണെങ്കിൽ ഇതൊരു മോഡേൺ ക്ലാസിക് ആണ്…

മുഹമ്മദ് ഹാഷിമിനെ അടുത്ത ബന്ധുവായ ഷറഫുദീൻ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് നാടകീയമായി. മാർച്ച് 31 വൈകിട്ട് ഏഴിന് ഹാഷിമിനെ കാണാതായെങ്കിലും ഇടയ്ക്ക് വീട്ടുകാരോട് പറയാതെ ബന്ധുവീട്ടിൽ പോകുന്ന പതിവുള്ളതിനാൽ വീട്ടുകാർ പരാതി നൽകിയില്ല. ഹാഷിമിന്റെ സഹോദരിയുടെ മകൾ നിർബന്ധിച്ചതോടെയാണ് 2ന് ഭാര്യ ഷാമില പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. ആറ്റൂർകോണം പമ്പ്ഹൗസിനു സമീപം ഒറ്റപ്പെട്ട നിലയിലാണ് ഷറഫുദീന്റെ വീട്. കോവിഡ് വ്യാപന സമയത്ത് സൗദിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഷറഫുദീൻ പശുവളർത്തൽ ആരംഭിച്ചു.

ഷറഫുദിന്റെ വീട്ടിൽ ഹാഷിമും മറ്റുചിലരും ഒത്തുകൂടി മദ്യപിക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചതോടെ ഈ സംഘത്തിലെ ചിലരെയും ഷറഫുദീനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലിന് ഡോഗ് സ്ക്വാഡിനെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സംശയം ഷറഫുദീനിലേക്കു തിരിഞ്ഞത്. പൊലിസ് നായ ഷറഫുദീന്റെ വീട്ടിൽ കയറിയ ശേഷം ചാണകക്കുഴിയുടെ ഭാഗം വരെ പോയി മടങ്ങി. ഹാഷിമിന്റെ മൊബൈൽ ഫോൺ ഓഫാകും മുൻപ് ടവർ ലൊക്കേഷൻ കാണിച്ചത് ഷറഫുദീന്റെ വീടിനു സമീപമായിരുന്നു. ഇതെല്ലാം പൊലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെ ഷറഫുദീൻ കുറ്റം സമ്മതിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയെ തുടർന്നു ജോലി നഷ്ടമായ ഷറഫുദീന് നാട്ടിലേക്ക് മടങ്ങാൻ ഹാഷിമും സഹോദരൻ റഹീമും സാമ്പത്തികമായി സഹായം നൽകിയിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ഹാഷിം ഈ പണം മടക്കി ചോദിച്ച് ഷറഫുദീനുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് കൂട്ടുകാരനായ നിസാമിനെ കൂട്ടി കൊലനടത്താൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകി സൽക്കരിച്ച ശേഷം അവശനിലയിൽ കിടന്ന ഹാഷിമിനെ, കട്ടിലിനു അടിയിൽ കരുതിയിരുന്നു വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു.

മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുതൊഴുത്തിലിനു സമീപം ചാണകക്കുഴിയിൽ രണ്ടടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ നിസാമും സഹായിച്ചു. മൃതദേഹം ഇവിടെ നിന്നു മാറ്റാൻ പിന്നീട് തീരുമാനിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇന്നലെ പ്രതികളിൽ ഒരാളായ നിസാമിനെയും കൂട്ടി സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

Copyright © . All rights reserved