ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കള്‍ ബീച്ചില്‍ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവര്‍ പോലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പാക്കാരാണ് ബീച്ചിലെത്തിയത്.
ബൈക്കിലെത്തിയ പോലീസിനെ കണ്ടതോടെ ഇവര്‍ ഇടവഴികളിലൂടെ ഓടി രക്ഷപെട്ടു. ലോക്ക്ഡൗണ്‍ ലംഘിക്കപ്പെട്ടതോടെ കൂടുതല്‍ പോലീസിനെ ബീച്ച് മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുതലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്.
എറണാകുളം: ഓക്സിജൻ ടാങ്കറുകളുടെ സാരഥ്യം ഏറ്റെടുക്കാൻ സന്നദ്ധരായി കെഎസ്ആർടിസി ഡ്രൈവർമാർ. ഡ്രൈവർമാരുടെ കുറവു കാരണം ദ്രവീകൃത ഓക്സിജന്റെ വിതരണം താളം തെറ്റാതിരിക്കാനാണ് പുതിയ ക്രമീകരണം. സ്വമേധയാ തയ്യാറായ ഡ്രൈവർമാർക്ക് എറണാകുളത്ത് മോട്ടോർ വാഹനവകുപ്പ് രണ്ടു ദിവസത്തെ പരിശീലനം നൽകും. ഇതിനു ശേഷം ഇവരെ ഓക്സിജൻ ടാങ്കറുകളിൽ നിയോഗിക്കും.
പാലക്കാട് ഡിപ്പോയിൽ നിന്നും 35 ഉം എറണാകുളത്തു നിന്നും 25 ഡ്രൈവർമാർക്കുമാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഇവരെ ഓക്സിജൻ നീക്കത്തിന് ഉപയോഗിക്കാനാകും. ദ്രവീകൃത ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നത് ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് കെഎസ്ആർടിസിയുടെ സഹായം തേടിയത്.
പാലക്കാട് കഞ്ചിക്കോടാണ് പ്രധാന പ്ലാന്റുള്ളത്. ഇവിടെനിന്നും ദ്രവീകൃത ക്രയോജനിക് ടാങ്കറുകൾ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലേക്ക് എത്തിക്കേണ്ടതുണ്ട്. ടാങ്കറിൽ കൊണ്ടു വരുന്ന ഓക്സിജൻ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മർദ്ദത്തിൽ പകർത്തണം. ഇതിനാവശ്യമായ പരിശീലനവും ഡ്രൈവർമാർക്ക് നൽകും.
അടിയന്തര സാഹചര്യം വന്നതോടെ കമ്പനിയുടെ ഡ്രൈവർമാർ വിശ്രമമില്ലാതെ ടാങ്കറുകൾ ഓടിച്ചു കൊണ്ടിരിക്കുകയാണ്. ഓക്സിജൻ നിറച്ച ടാങ്കറുകൾ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടിക്കാൻ കഴിയില്ല. അതിനാൽ ലോഡ് ഇറക്കിയതിനു ശേഷം ടാങ്കറുകൾ പരമാവധി വേഗതയിൽ തിരിച്ചെത്തിക്കുകയാണ്. പ്ലാന്റിൽ നിന്നും വീണ്ടും ഓക്സിജൻ നിറച്ച് അടുത്തൊരു സ്ഥലത്തേക്ക് ഉടൻ എത്തിക്കേണ്ടി വരുന്നുണ്ട്. നിലവിലെ അവസ്ഥയിൽ പരിഭ്രാന്തിക്ക് വകയില്ലെങ്കിലും ഈ ക്രമീകരണം താളം തെറ്റിയാൽ അപകട സാധ്യതയുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ കിട്ടാത്ത അവസ്ഥയുണ്ടാകും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും കെഎസ്ആർടിസി ഡ്രൈവർമാരെ നൽകുന്നുണ്ട്. ബസുകൾ ഓടിക്കാത്തിനാൽ ഡ്രൈവർമാരെ നിയോഗിക്കാനാകും. ആംബുലൻസ് ഡ്രൈവർമാർക്ക് പകരമായും കോർപ്പറേഷൻ ഡ്രൈവർമാർ ചുമതലയേറ്റിട്ടുണ്ട്.
30 ക്രയോജനിക് ടാങ്കറുകളാണ് സംസ്ഥാനത്തുള്ളത്. ഉത്തരേന്ത്യൻ കമ്പനി ഉപയോഗിക്കാതിട്ടിരുന്ന മൂന്ന് ടാങ്കറുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇവ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.
മരണക്കിടക്കയിലും തന്റെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെന്ന് മാലാഖ രഞ്ജു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് രഞ്ചു മരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയേയും അറിയിക്കണമെന്നറിയിച്ച് അയച്ചത് നിരവധി വാട്ട്‌സാപ്പ് സന്ദേശങ്ങളായിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളെയും അറിയിക്കാനും രഞ്ചു ആവശ്യപ്പെട്ടിരുന്നു.
മരണകിടക്കയിലും നല്ല ചികിത്സക്കായി കേരളത്തില്‍ എത്തണമെന്ന ആഗ്രഹത്തിലായിരുന്നു രഞ്ചു. കേരളത്തിലെ ചികിത്സയും പരിചരണവുമൊന്നും അവിടെയില്ലെന്നും നൊമ്പരത്തോടെ വാട്‌സപ്പില്‍ അയച്ച സന്ദേശത്തില്‍ രഞ്ജു പറയുന്നു. തന്റെ പ്രശ്‌നങ്ങള്‍ മാധ്യമ സംഘത്തെ അറിയിക്കണമെന്ന് വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ രഞ്ചു സഹോദരിയോട് ആവശ്യപ്പെട്ടു.
അവിടെ ഓക്‌സിജന്റെ കുറവുണ്ടെന്നും നല്ല ചികിത്സ ലഭിക്കാത്തതിനാല്‍ ശ്വാസകോശത്തിന് അണുബാധയുണ്ടായെന്നും രഞ്ജു സഹോദരിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
അവിവാഹിതയായ രഞ്ചു കുടുംബത്തെ സംരക്ഷിക്കാനാണ് കൊല്ലം എന്‍.എസ്.നഴ്‌സിംങ് കോളേജില്‍ നിന്ന് നഴ്‌സിംങ് പഠനം പൂര്‍ത്തിയാക്കി ഉത്തര്‍ പ്രദേശില്‍ ജോലി തേടി പോയത്. വീട് വെച്ചു,തന്റെ ഇളയ സഹോദരിയുടെ വിവാഹം നടത്തി പ്രാരാബ്ദങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു ഈ മാലാഖ.
ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി ആർ. രഞ്ചുവാണ് മരിച്ചത്. 29 വയസായിരുന്നു.
കഴിഞ്ഞ മാസം 17നാണ് രഞ്ചുവിന് രോഗം സഥിരീകരിച്ചത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന് മരിക്കുന്നതിന് മുമ്പ് രഞ്ചു സഹോദരി രജിതക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലെ നഴ്സായിരുന്നു രഞ്ചു. ആശുപത്രിയിൽ ജോലിക്കുകയറി രണ്ടാഴ്ച കഴിഞ്ഞപ്പോൾ രഞ്ചുവിന് രോഗം പിടിപെടുകയായിരുന്നു. രോഗം ബാധിച്ച് 26 ദിവസത്തിന് ശേഷമാണ് രഞ്ചുവിന്‍റെ മരണം.
കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം. രഞ്ചുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെക്കുറിച്ച് മനസ്സുതുറന്ന് മലയാളത്തിന്റെ സംവിധായകന്‍ ഫാസില്‍.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മുതല്‍ ലാലിന് ഷൂട്ട് ഉണ്ടായിരുന്നില്ലെന്നും ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നെന്നുമാണ് ഫാസില്‍ പറയുന്നത്.
അത്രയും ദിവസം ലാല്‍ ഷൂട്ടിങ് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നെന്നും അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാല്‍ മതി, എന്റെയൊരു ഷോട്ട് എടുത്താല്‍ മതിയെന്ന ചിന്തയിലേക്ക് ലാല്‍ വന്നുവെന്നും ഫാസില്‍ അഭിമുഖത്തില്‍ പറയുന്നു.
ഉല്‍ക്കടമായ ആ ആഗ്രഹം ലാലിന്റെ മനസില്‍ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായാസേനയാണ് ലാല്‍ ആ കഥാപാത്രത്തെ ഡെലിവര്‍ ചെയ്തത്. വളരെ ഫ്‌ളക്‌സിബിള്‍ ആയിരുന്നു. പില്‍ക്കാലത്ത് മോഹന്‍ലാലിനെ ഏറ്റവും ഹെല്‍പ് ചെയ്തത് ആ ഈസിനെസും ഫ്‌ളക്‌സിബിലിറ്റിയുമാണ്.
ഒരുപക്ഷേ ആദ്യ ദിനങ്ങളില്‍ തന്നെ ആ രംഗങ്ങള്‍ എടുത്തിരുന്നെങ്കില്‍ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ. സഭാകമ്പമൊക്കെ വന്ന് ചിലപ്പോള്‍ വഴിമാറിപ്പോകാനും ഇടയാക്കിയേനെ. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലാല്‍ അങ്ങ് പാകപ്പെട്ടിരുന്നു. അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായമാണ്.
ലാല്‍ ചെയ്യുന്നതൊക്കെ ഓക്കെയാണല്ലോ, ഓക്കെയാണല്ലോയെന്ന് എനിക്കങ്ങ് തോന്നിത്തുടങ്ങി. ലാലിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആദ്യ ഡയലോഗ് പറയുന്നതൊക്കെ ചെയ്യിച്ചിട്ടുണ്ട്. ഹലോ മിസ്റ്റര്‍ പ്രേം കൃഷ്ണന്‍ എന്ന് തുടങ്ങുന്ന ആ ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്. അതേ ഡയലോഗാണല്ലോ പറയേണ്ടത്. ഷൂട്ടില്‍ ലാല്‍ കറക്ടായി ചെയ്യാന്‍ തുടങ്ങി. ഒരു ഷോട്ടു പോലും റീടേക്ക് വേണ്ടി വന്നില്ല. അത്ര ഭംഗിയായാണ് ചെയ്തുകൊണ്ടിരുന്നത്. അന്നും ലാല്‍ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. അത്ര പെര്‍ഫക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മള്‍ മലയാളികള്‍ സ്‌ക്രീനില്‍ കാണുന്നത്, ഫാസില്‍ പറഞ്ഞു.
കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ മൂന്നാറിലെ വൈദികസമ്മേളനം രണ്ട് വൈദികരുടെ ജീവൻ കൂടി കവർന്നു. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകൻ അമ്പൂരി കാന്താരിവിള ബിനോഭവൻ ബിനോകുമാർ(39), സിഎസ്‌ഐ ആനാക്കോട് ഡിസ്ട്രിക്ട് വെസ്റ്റ് മൗണ്ട് ചർച്ചിലെ സഭാ ശുശ്രൂഷകൻ ഇവാ: വൈ. ദേവപ്രസാദ്(59) എന്നിവരാണു മരിച്ചത്.
ബിനോകുമാർ നാലുവർഷംമുമ്പാണ് അമ്പലക്കാല പള്ളിയിൽ സഭാ ശുശ്രൂഷകനായത്. ഇതിനുമുമ്പ് കള്ളിക്കാട് സഭയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭ. മക്കൾ: അൻസ്, അസ്‌ന.
ആറയൂർ സ്വദേശിയായ ദേവപ്രസാദ് സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്‌ട്രേറ്റീവ് അംഗം കൂടിയാണ്. ഭാര്യ: ക്രിസ്തുരാജം, (റിട്ട ഗവ. നഴ്‌സ്). മക്കൾ: ഡാനിഷ്, അജീഷ്.
ഒരുമാസം മുമ്പാണ് സിഎസ്‌ഐ സഭയുടെ ധ്യാനയോഗം മൂന്നാറിൽ നടന്നത്. കോവിഡ് മാനദണ്ഡം പാലിക്കാതെയാണ് യോഗം നടന്നതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ പങ്കെടുത്ത വൈദികരിൽ നിരവധി വൈദികർക്ക് കോവിഡ് രോഗബാധയുണ്ടായി. പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
കോവിഡ് ഭേദമായാലും രോഗത്തെ തുടര്‍ന്ന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇതില്‍ പുതുതായി കണ്ടു വരുന്ന ഒന്നാണ് ഫംഗല്‍ ബാധ. മ്യൂകോര്‍മൈകോസിസ് എന്ന് അറിയപ്പെടുന്ന ഫംഗല്‍ ബാധയാണ് ഇപ്പോള്‍ കോവിഡ് മുക്തരായ രോഗികളില്‍ കാണപ്പെടുന്നത്. ബ്ലാക് ഫംഗസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
ഈ ഫംഗല്‍ ബാധ നിസാരമായ ഒന്നല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ ഈ രോഗം ബാധിച്ച 2000 ഓളം പേര്‍ ചികിത്സയില്‍ ഉണ്ടെന്നതാണ് കണക്കുകള്‍. മൂക്കില്‍ തടസമുണ്ടാകുക, കണ്ണ്, കവിള്‍ എന്നിവിടങ്ങളില്‍ വരുന്ന നീര്, തലവേദന, ശരീര വേദന, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്.
കാഴ്ച നഷ്ടം മുതല്‍ മരണം വരെ ഈ ഫംഗല്‍ ബാധ മൂലം സംഭവിച്ചേക്കാം. ഈ ഫംഗസ് തലച്ചോറിനെ ബാധിച്ചാല്‍ രോഗിയുടെ നില വളരെ ഗുരുതരമാകും. ഇത് മരണത്തിലേക്ക് നയിക്കും എന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചര്‍മം കറുത്ത നിറമായി മാറുന്നത് ഈ ഫംഗല്‍ ബാധയുടെ പ്രധാന ലക്ഷണമാണ്.
പ്രതിരോധ ശേഷി കുറന്നതോടെയാണ് ഈ ഫംഗല്‍ ബാധ പിടിപെടുന്നത്. ലക്ഷണങ്ങള്‍ ഒന്നും തള്ളിക്കളയാതെ ഉടന്‍ തന്നെ ചികിത്സ നേടുക എന്നതാണ് പ്രധാനം. ഈ ഫംഗല്‍ ബാധ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ പാരലൈസിസ്, ന്യൂമോണിയ, ചുഴലി തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ടാകാം.
കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിൻ പ്രകാരം വിവിധ ജില്ലകളിൽ വരുന്ന ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴ മുന്നിയിപ്പ് നൽകിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഓറഞ്ച് അലർട്ട്
മേയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
മേയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
യെല്ലോ അലർട്ട്
മേയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി
മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മെയ് 14 : തിരുവനന്തപുരം, മലപ്പുറം
മെയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6247, മലപ്പുറം 5185, കോഴിക്കോട് 4341, തിരുവനന്തപുരം 3964, തൃശൂര്‍ 3962, പാലക്കാട് 1428, കൊല്ലം 3336, കോട്ടയം 2744, ആലപ്പുഴ 2596, കണ്ണൂര്‍ 2151, പത്തനംതിട്ട 1285, ഇടുക്കി 1277, കാസര്‍ഗോഡ് 943, വയനാട് 674 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തൃശൂര്‍ 23, എറണാകുളം 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 10 വീതം, കൊല്ലം 8, കോട്ടയം 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2338, കൊല്ലം 2815, പത്തനംതിട്ട 1264, ആലപ്പുഴ 2518, കോട്ടയം 2171, ഇടുക്കി 1287, എറണാകുളം 4474, തൃശൂര്‍ 2319, പാലക്കാട് 3100, മലപ്പുറം 3946, കോഴിക്കോട് 5540, വയനാട് 446, കണ്ണൂര്‍ 1907, കാസര്‍ഗോഡ് 475 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,71,738 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,01,647 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,211 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,436 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3593 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 75 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ലൈംഗിക തൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. എംടിഎന്‍എല്‍ ജംഗ്ഷനിലെ ഓവുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
രാവിലെ നാട്ടുകാരാണ് യുവതിയുടെ മൃതേദഹം ഓവുചാലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി. കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.