തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത സര്‍ക്കാരിന് നല്‍കിയത്.
ലോകായുക്തയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. 2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലായിരുന്നു ജലീലിനെതിരെ അന്വേഷണം നടന്നത്.
ബന്ധുവായ കെ.ടി അബീദിനെ പട്ടികജാതി വകുപ്പില്‍ നിയമിച്ചത് യോഗ്യതകള്‍ വെട്ടിക്കുറച്ചാണെന്നും അതില്‍ ജലീലിന്റെ ഇടപെടല്‍ വ്യക്തമാണെന്നും ലോകായുക്ത ഉത്തരവില്‍ പറഞ്ഞിരുന്നു. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് രാജി തീരുമാനം വന്നത്. അതിനു മുന്‍പ് വരെ ജലീലിനു പിന്നില്‍ ഉറച്ചുനിന്ന സി.പി.എം നേതൃത്വവും
മാര്‍ക്ക്ദാനം, സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ എല്ലാം സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ട് വന്നതോടെ മറ്റു മാര്‍ഗമില്ലാതെ രജിവയ്ക്കുകയായിരുന്നു. രാജിവച്ച് മുഖം രക്ഷിക്കുന്നതിനൊപ്പം ധാര്‍മ്മികതയും ഉയര്‍ത്തിക്കാട്ടി ജലീല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുകയും ജലീല്‍ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്താല്‍ വീണ്ടും മന്ത്രിയാകുന്നതിനുള്ള തടസ്സം ഒഴിവാക്കുന്നതിനുള്ള തന്ത്രം കൂടിയാണ് ഇപ്പോഴത്തെ രാജിയെന്നും സൂചനയുണ്ട്.
അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവെച്ചു. ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നാണ് ജലീലിന്റെ വാദം.. പരാതിയും തുടര്‍ നടപടികളും നാള്‍വഴികളുമാണ് ഉത്തരവിലുള്ളത്. വിശദമായ അന്വേഷണം നടന്നിട്ടില്ല. അത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരാതിയില്‍ വിശദമായി പരിശോധന നടന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും പരാതിക്കാരനായ പി.കെ ഫിറോസും വാദിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രെറ്റൽ പതിവായി രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു, എന്നാൽ അന്ന് പതിവിൽ നിന്നും കുറച്ചേറെ ദൂരം മുന്നോട്ട് പോയി. പട്ടിക്കാട് പഞ്ചായത്തിനടുത്തുള്ള ലൈൻ മുറികളിൽ ഒന്നിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അവിടെ നിന്നും ഒരു പുരുഷൻ വെപ്രാളപ്പെട്ട് ഓടിയിറങ്ങി അപ്പുറത്തെ മുറിയുടെ വാതിലിൽ തട്ടുന്നതും ശ്രദ്ധിച്ചു. പക്ഷെ പറഞ്ഞ വാക്കുകൾ വ്യക്തമായില്ല, അൽപ്പസമയത്തിന് ശേഷമാണ് ‘കൊച്ചു വരുന്നു ‘ എന്നു മനസ്സിലായത്. ആ വാക്കുകൾ കേട്ടതും രണ്ടാമതൊന്നു ചിന്തിക്കാൻ നിൽക്കാതെ ഓടി മുറിക്കുള്ളിൽ കയറി.
കാണുന്ന കാഴ്ച ഒരല്പം ഭയപ്പെടുത്തുന്നതായിരുന്നു, കുഞ്ഞു പുറത്തേക്ക് വന്നു തുടങ്ങുന്നു, അമ്മയാകട്ടെ വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുകയാണ്. ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഫസ്റ്റ് പ്രൊസീജിയറിനുള്ള നേരമാണ്,കയ്യിൽ മെഡിക്കൽ സാധനങ്ങൾ ഒന്നും തന്നെയില്ല.
കുഞ്ഞു മുഴുവനായി പുറത്ത് വന്നിട്ടും കരയാതെയായത് കണ്ടിട്ട് ഭയന്ന്പോയി, തലകീഴായി തൂക്കി എടുത്തു തട്ടിയിട്ടാണ് കുട്ടി കരഞ്ഞത്. പൊക്കിൾ കൊടി മുറിച്ചു മാറ്റി. പക്ഷെ ക്ലാമ്പ് ചെയ്യാൻ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല.
കുട്ടിയുടെ അച്ചൻ വേദന തുടങ്ങും മുൻപ് ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും, എത്താൻ വൈകിയതാണ് പ്രശ്നമായത്. അമ്മയ്ക്ക് അപ്പോഴേക്കും രക്തസ്രാവം മൂർച്ഛിച്ചു മോശമായ അവസ്ഥയിൽ എത്തിയിരുന്നു. കൈയിൽ കിട്ടിയ തുണിയെടുത്തു കുഞ്ഞിനെ തുടച്ചതും, അതു വഴി നടക്കാൻ എത്തിയ മറ്റൊരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ട് അമ്മയെ പരിശോധിച്ചതുമൊക്കെ സ്വപ്നം പോലെയാണ് ഗ്രെറ്റലിനു തോന്നിയത്.
പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ അസാമാന്യ ധൈര്യത്തിന്റെ ബാക്കിയെന്ന നിലയിൽ രണ്ടു ജീവനുകൾ രക്ഷിക്കാനായി.
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. ഇന്നലെ വൈകിട്ട് ഫൊറൻസിക് വിദഗ്ധരും പൊലീസും ചേർന്നു നടത്തിയ തെളിവെടുപ്പിലാണു സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ അടച്ചിട്ടിരിക്കുന്ന മറ്റൊരു ഫ്ലാറ്റിൽ നിന്നു നിർണായക തെളിവുകൾ ലഭിച്ചത്. അതീവ രഹസ്യമായായിരുന്നു പരിശോധന.
വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നുവെന്ന പൊലീസിന്റെ നിഗമനം ബലപ്പെടുത്തുന്നതാണ് ഇന്നലെ ലഭിച്ച തെളിവുകളെന്നാണു സൂചന. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു പറയാനാകില്ലെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ തെളിവെടുപ്പു നടത്തിയപ്പോൾ അടച്ചിട്ടിരുന്ന ചില ഫ്ലാറ്റുകൾ കണ്ടെത്തിയിരുന്നു. ഇവയിൽ ചിലതിന്റെ താക്കോൽ സനുവിന്റെ കൈവശമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഇവിടങ്ങളിൽ പരിശോധന നടത്തിയത്.
സ്ഥലത്തില്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്ലാറ്റിന്റെ പൂട്ടു തകർത്തായിരുന്നു പൊലീസും ഫൊറൻസിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ നിന്നു ലഭിച്ച തെളിവുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ അന്തിമ നിർണയത്തിൽ എത്തുകയുള്ളു. വൈഗയുടെ മരണവുമായി ഇക്കാര്യങ്ങളെ ബന്ധിപ്പിക്കാനുള്ള കൂടുതൽ തെളിവുകളാണു പൊലീസ് തേടുന്നത്. വാടകക്കരാറില്ലാതെ ഏതാനും പേർ ഇവിടെ സമീപകാലത്തു തമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല.
പഞ്ചാബ് ഉയർത്തിയ 222 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില് ബെന് സ്റ്റോക്ക്സ് (0), മനന് വോറ (12), ജോസ് ബട്ട്ലര് (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു.
അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോൽവിക്കുമിടയിൽ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറിൽ എട്ട് റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫിൽ ദീപക് ഹൂഡയുടെ കൈകളിൽ അവസാനിച്ചു. സഞ്ജു 63 പന്തിൽ 119 റൺസെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു.
ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി അച്ഛൻ സനു മോഹന്റെ അമ്മ സരള. സനുവിന്റെ തിരോധാനത്തില് മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില് അസ്വാഭാവികതയുണ്ടെന്നു സരള പറയുന്നു.
സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. പൂനെയില് സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്നു കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില് കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യവീട്ടുകാര്ക്ക് അറിയാമായിരുന്നു. അഞ്ചു വര്ഷമായി ബന്ധുക്കള് അവരെ തന്നില്നിന്ന് അകറ്റിനിര്ത്തിയിരിക്കുകയായിരുന്നുവെന്നും സരള കുറ്റപ്പെടുത്തി.
അതേസമയം സനു ഒളിവില് പോയി 22 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില് സനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരുസംഘം പൂനെയിലെത്തി. അവിടെ സനുവിന്റെ അടുപ്പക്കാരില്നിന്നും സുഹൃത്തുക്കളില്നിന്നുമായി പോലീസ് വിവരങ്ങള് ശേഖരിക്കും. നിലവില് കോയമ്പത്തൂരിലും ചെന്നൈയിലും രണ്ടു സംഘം സനുവിനായി തെരച്ചില്‍ നടത്തുണ്ട്.
സാന്പത്തിക ആവശ്യങ്ങള്ക്കായി സനു സുഹൃത്തുക്കളെയോ അടുത്ത ബന്ധുക്കളെയോ ബന്ധപ്പെടുമെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്. ഇത്തരത്തിലുള്ള നീക്കങ്ങള് ഉണ്ടാകാതിരുന്നത് അന്വേഷണം വൈകുന്നതിനിടയാക്കി. സനു മോഹനുമായി ബന്ധപ്പെട്ടുള്ള ഫോണ് രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ചിലരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.
ഇയാൾ കേരളത്തില്തന്നെയുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൊച്ചി ഡിസിപിയുടെ മേല്നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
വ്യവസായി എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസുകാരിയെ ആദരിച്ച് കേരള പൊലീസ്.
കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും.
യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
ഇന്ധനതകരാര്‍ മൂലമാണ് യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറക്കിയത്. ഇതിന് തൊട്ടടുത്ത് താമസിക്കുന്ന ബിജിയും ഭര്‍ത്താവ് രാജേഷുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ഇവരായിരുന്നു. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയാണ്.
യൂസഫലിയും ഭാര്യയും ഉള്‍പെടെ അഞ്ചു പേരാണ് അപകടസമയത്ത് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ഉടന്‍ തന്നെ എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് കുടുംബം തിരികെ മടങ്ങിയത്. അതസമയം, കൊച്ചി പനക്കാട്ടെ ചതുപ്പ് നിലത്തേയ്ക്ക് അടിയന്തര ലാന്റിങ് നടത്തിയ ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
പനക്കാട്ട് നിന്നും ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റര്‍ മാറ്റിയിരിക്കുന്നത്. അര്‍ധ രാത്രി 12 മണിയോടെ ആരംഭിച്ച ദൗത്യം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
യൂസഫലിയുടെ കൊച്ചിയിലെ വസതിയില്‍ നിന്നും ലേക്ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ചതുപ്പ് നിലത്തേക്ക് ഇറക്കിയത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
വിവാഹത്തില്‍ നിന്നു പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി.
പിഞ്ചു കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ അന്‍സി കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പം പോയത്.
ജനുവരി 17ന് ഇയാള്‍ക്കൊപ്പം പോയ അന്‍സിയെ ഭര്‍ത്താവും പിതാവും നല്‍കിയ പരാതിയെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
പിന്നീട് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്ത് ഒപ്പം താമസിച്ചു വരുന്നതിനിടെയാണ് അന്‍സി വീണ്ടും കാമുകനൊപ്പം പോയത്.
അക്ഷയ കേന്ദ്രത്തില്‍ പോകുകയാണ് എന്ന് വീട്ടില്‍ പറഞ്ഞ് ഇറങ്ങിയ അന്‍സി സഞ്ചുവിനൊപ്പം പോകുകയായിരുന്നു. മുനീറിനും അന്‍സിയ്ക്കും ഒരു വയസ് പ്രായമുള്ള മകളുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് അന്‍സി രണ്ടാമതും പോയത്.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് കൂട്ടായ്മയിലെ പരിചയമാണ് പ്രണയത്തിലേക്കു മാറിയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട പല പ്രതിഷേധ പരിപാടികളിലും സഞ്ചു പങ്കെടുത്തിട്ടുണ്ട്. കൂടാതെ അന്‍സിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു.
താന്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാലാണ് ഭാര്യ ഇറങ്ങിപ്പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് മുനീര്‍ അന്ന് പറഞ്ഞിരുന്നു. എല്ലാം തന്റെ തെറ്റാണെന്നും ഭാര്യ മടങ്ങിയെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറഞ്ഞിരുന്നു. ഭാര്യ ഇറങ്ങിപ്പോയ ദിവസം വൈകിട്ട് താനുമായി വഴക്ക് ഉണ്ടായിരുന്നു. വീട്ടിലെ ചില കാര്യങ്ങളെ ചൊല്ലിയാണ് വഴക്കുണ്ടായത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തതായി മുനീര്‍ പറയുന്നു. ആ ദിവസം രാത്രിയാണ് ഭാര്യ ഒളിച്ചോടിയതെന്നും ഇദ്ദേഹം വ്യക്തമാക്കി.
തന്റെ കുഞ്ഞ് ദിവസങ്ങളായി മുലപ്പാല്‍ പോലും കുടിക്കാതെയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയാല്‍ ഭാര്യയെ ഇരുകൈയുംനീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറഞ്ഞു. വഴക്കുണ്ടായപ്പോള്‍, അപ്പോഴുണ്ടായ ദേഷ്യത്തിന് വിവാഹ മോചനം വേണമെന്നും അഭിഭാഷകനെ കാണണമെന്നും താന്‍ പറഞ്ഞിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് അന്‍സി, വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോയത് എന്നായിരുന്നു മുനീര്‍ പറഞ്ഞിരുന്നത്.
ഒളിച്ചോടിയ യുവതി പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു വിവാഹം കഴിക്കാനാണ് യുവതി മുനീറിനോട് ആവശ്യപ്പെട്ടത്. പിന്നീട് റിമാന്‍ഡ് ചെയ്തശേഷം യുവതിയെ ജയിലിലേക്കു വിളിച്ചപ്പോഴും ഇക്കാര്യം തന്നെ തുടര്‍ന്നു.
എന്നാല്‍ അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ടാണെന്നും, അന്‍സിക്ക് തന്നോട് സ്‌നേഹക്കുറവില്ലെന്നുമാണ് മുനീര്‍ പറയുന്നത്. ‘ആരൊക്കെ അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള്‍ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും അവള്‍ക്ക് ഉണ്ടാകില്ല. എല്ലാം എന്നോടുള്ള ദേഷ്യംകൊണ്ട് പറയുന്നതാണ്- മുനീര്‍ പറഞ്ഞു.
സഹോദരിയുടെ ആത്മഹത്യയില്‍ നീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് അന്‍സി ഉള്‍പ്പടെ മുന്‍കൈയെടുത്ത് ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സഞ്ജു വളരെ സജീവമായ അംഗമായിരുന്നു. അന്‍സിയുമായി വ്യക്തിപരമായി സഞ്ജു ചാറ്റ് ചെയ്തിരുന്നു.
അഞ്ചു മാസം മുന്‍പാണ് അന്‍സിയും സഞ്ജുവും പ്രണയത്തിലാകുന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് പിഎസ്‌സി കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥിയാണ് സഞ്ജു. പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ ഒരുമിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
വലിച്ചെറിഞ്ഞ മാസ്‌കുകള്‍ ഉപയോഗിച്ച് മെത്ത നിര്‍മ്മാണം നടത്തി വന്ന മെത്തനിര്‍മ്മാണ ഫാക്ടറി അടച്ചു പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ജല്‍ഗാവിലെ ഒരു ഫാക്ടറിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഫാക്ടറിയില്‍ ക്രമക്കേട് കണ്ടെത്തുകയും തുടര്‍ന്ന് ഫാക്ടറി അടച്ചു പൂട്ടിച്ചത്.
പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കുന്നതിന് പകരം ഉപേക്ഷിച്ച മാസ്‌കുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ കിടക്ക നിര്‍മാണം നടത്തുന്നതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
ഫാക്ടറിക്കുള്ളില്‍ നിന്നും പരിസരത്ത് നിന്നും മാസ്‌കുകളുടെ വന്‍ശേഖരവും പോലീസ് കണ്ടെത്തി. സംഭവത്തില്‍, ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഫാക്ടറിയില്‍ കണ്ടെത്തിയ മാസ്‌ക് ശേഖരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസ് നശിപ്പിച്ചു.
വിജിലന്‍സ് റെയ്ഡില്‍ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയുംവീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.
ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിയ്ക്ക് കുരുക്ക് മുറുകും.
പൊതുപ്രവര്‍ത്തകനായ അഡ്വ. എംആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.